8 May 2024, Wednesday

പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികള്‍ രണ്ട് ശതമാനമെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
April 1, 2022 10:22 pm

ഗുരുതരമായ പോഷകാഹാരക്കുറവ് (എസ്എഎം) അനുഭവിക്കുന്ന അഞ്ചുവയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണം രണ്ട് ശതമാനത്തില്‍ താഴെമാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഈ കണക്കുകള്‍ കഴിഞ്ഞവര്‍ഷം പുറത്തുവന്ന ദേശീയ കുടുബാരോഗ്യ സര്‍വേയിലെ കണ്ടെത്തലുമായി യോജിക്കുന്നില്ല. രാജ്യത്ത് 19 ശതമാനം കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായി കുടുംബാരോഗ്യ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ശിശുരോഗവിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ വിശദമായ കണക്കെടുപ്പില്‍ ഇത് രണ്ട് ശതമാനത്തില്‍ താഴെമാത്രമാണെന്ന് കണ്ടെത്തിയതായി കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ പറഞ്ഞു.

അങ്കണവാടിയില്‍ നിന്ന് പോഷണ്‍ ട്രാക്കര്‍ വഴി ലഭിക്കുന്ന അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ ഉയരം, തൂക്കം, എന്നിവ വിശകലനം ചെയ്യുന്നതിന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിലെ മൂവായിരത്തോളം വിദഗ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ പരിശോധന നടത്തിയാണ് പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം രണ്ട് ശതമാനമാണെന്ന് തിട്ടപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. ഉയരത്തിന് അനുസരിച്ച് ഭാരക്കുറവുണ്ടാകാതിരിക്കുകയാണ് ഗുരുതരമായ പോഷകക്കുറവിന്റെ ലക്ഷണമായി കണക്കാക്കുന്നത്. ഇന്ത്യയില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും അനുഭവിക്കുന്നുണ്ട്. പോഷകാഹാരക്കുറവിനെ തുടര്‍ന്ന് വളര്‍ച്ചാമുരടിപ്പുണ്ടായ കുട്ടികളില്‍ കൂടുതലും ബിഹാറിലാണ്. ഗുജറാത്ത്, കര്‍ണാടക സംസ്ഥാനങ്ങളാണ് തൊട്ടുപിന്നാലെയുള്ളത്.

 

Eng­lish Sum­ma­ry: Accord­ing to the Cen­ter, two per cent of chil­dren are malnourished

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.