27 April 2024, Saturday

യു കലാനാഥൻ: പ്രതിരോധങ്ങളുടെ തീപ്പന്തം

അനില്‍ മാരാത്ത്
March 8, 2024 4:30 am

കേരളത്തിന്റെ നൈതികവും ധാർമ്മികവുമായ ഉണർവുകൾക്ക് അടിത്തറയും ആകാശവും ഒരുക്കിയ മനുഷ്യസ്നേഹികളിൽ വർഗസമരത്തിന്റെ കൊടി വാനോളം ഉയർത്തിപ്പിടിച്ച യുക്തിവാദിയും കമ്മ്യൂണിസ്റ്റുമാണ് യു കലാനാഥൻ. നവോത്ഥാനത്തിന്റെ സൂര്യൻ അന്ധവിശ്വാസങ്ങളുടെ കൂരിരുട്ടിനെ അകറ്റിനിർത്തിയാണ് ഉദിച്ചുയർന്നത്. സ്വതന്ത്രവും ശാസ്ത്രീയവും യുക്തിഭദ്രവുമായ ചിന്തയുടെ തീപ്പന്തമേന്തി ആധുനിക മലയാളി, പുരോഗമന പാതയിലൂടെ മുന്നേറി. 20ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ സമൂഹത്തെ നവീകരിച്ച പരിവർത്തനപ്പടയോട്ടങ്ങൾക്ക് സാമുദായിക പരിഷ്കരണ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകി. സംഭവബഹുലമായ പോരാട്ടത്തിന്റെയും നവോത്ഥാനത്തിന്റെയും ഈ പൂർവകാലത്തിന്റെ പ്രചോദനമുൾക്കൊണ്ടാണ് യു കലാനാഥൻ പൊതുജീവിതത്തിലേക്ക് കടന്നുവന്നത്.
ജാതി മത വിവേചനങ്ങൾക്കതീതമായ മാനവിക ദർശനം ഉയർത്തിപ്പിടിച്ച തികഞ്ഞ മതേതരവാദിയായിരുന്നു അദ്ദേഹം. വർഗീയ ഫാസിസത്തിന്റെ വിപത്തുകൾക്കെതിരെ ജാഗ്രത പുലർത്തിയ പൊതുപ്രവർത്തകൻ. നവോത്ഥാന പ്രസ്ഥാനം അവസാനിപ്പിച്ച അനാചാരങ്ങൾ കുഴിമാടം വിട്ടുണരുമ്പോൾ, ശാസ്ത്ര ചിന്തയുടെ പ്രതിരോധ ദുർഗം ചമച്ച യുക്തിവാദി, ചിന്തയുടെയും സംവാദത്തിന്റെയും തീപ്പൊരികൾ വിതറിയ സൈദ്ധാന്തികൻ, വാക്കുകൾകൊണ്ട് പുത്തനാശയങ്ങൾ പകർന്നു നൽകിയ പ്രഭാഷകൻ, മാനുഷിക മൂല്യങ്ങളെ ജീവിതത്തിൽ പകർത്തി മാതൃക കാണിച്ച സാംസ്കാരിക പ്രവർത്തകൻ, അടിസ്ഥാനതലത്തിലെ ക്രാന്തദർശിയായ ഭരണാധികാരി, നവീനാശയങ്ങളെ വായനക്കാർക്കു മുമ്പിൽ അവതരിപ്പിച്ച പത്രാധിപർഗ്രന്ഥകാരൻ, പ്രകൃതിയെ കാത്തുസൂക്ഷിച്ച പരിസ്ഥിതി പ്രവർത്തകൻ, തലമുറകളെ അറിവിന്റെ ലോകത്തേക്ക് വാർത്തെടുത്ത അധ്യാപകൻ, അഴിമതിക്കും മൂല്യച്യുതിക്കുമെതിരെ പടവെട്ടിയ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെ സമ്പന്നത കൊണ്ടും വൈവിധ്യംകൊണ്ടും അദ്ദേഹം നിറഞ്ഞു നിന്നു.


ഇതുകൂടി വായിക്കൂ:  പ്രത്യാശയുടെ രൂപകമായ നടന്‍


1958ൽ ഫറോക്ക് ഗവ. ഗണപത് ഹൈസ്കൂളിലെ പഠനകാലത്ത് വിദ്യാർത്ഥി ഫെഡറേഷനിൽ അംഗമായാണ് പൊതുജീവിതമാരംഭിക്കുന്നത്. സ്കൂൾ ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. പൊതുകാര്യങ്ങൾ അറിയാനും പഠിക്കാനുമുള്ള അഭിവാഞ്ഛ കുട്ടിക്കാലത്തു തന്നെയുണ്ടായിരുന്നു. വായനയും എഴുത്തുമെല്ലാം അന്ന് കൂട്ടുചേർന്നതാണ്. 1960 മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. 1965ൽ തന്നെ കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാസെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ദീർഘകാലം സംസ്ഥാന ജനറൽ സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റായും സംഘത്തിന്റെ മുഖപത്രമായ യുക്തിരേഖ മാസികയുടെ എഡിറ്ററും ചീഫ് എഡിറ്ററുമായി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുക്തിവാദി സംഘം നടത്തിയ ഒട്ടേറെ ബോധവൽക്കരണങ്ങളിലും സമരമുഖങ്ങളിലും പവനനോടൊപ്പം നേതൃത്വപരമായ പങ്കുവഹിച്ചു. ഗുരുവായൂരിൽ കൊടിമരം സ്വർണം പൂശുന്നതിനെതിരെ 1977 ൽ നടത്തിയ സമരത്തിന് മുന്നിൽ നിന്നു. അന്ന് ഹൈന്ദവ ഫാസിസ്റ്റുകളുടെ ഭീകരമായ മർദനത്തിന് ഇരയാകേണ്ടിവന്നു.

1981ൽ ശബരിമലയിൽ മകരവിളക്ക് മനഷ്യൻ കത്തിക്കുന്നതാണെന്ന് തെളിയിക്കാനും 1989ൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കോഴിബലി അവസാനിപ്പിക്കുന്നതിനു വേണ്ടിയും നിയമ നടപടികൾ സ്വീകരിക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. സമര പരമ്പരകളെല്ലാം കേരളീയ സമൂഹത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടു. 10 വർഷക്കാലം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അഞ്ച് വർഷം പഞ്ചായത്ത് അംഗവുമായിരുന്നു. ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന മുന്നേറ്റത്തിന് മാതൃകയാവാനും അദ്ദേഹത്തിന് കഴിഞ്ഞു.


ഇതുകൂടി വായിക്കൂ: കാലം നമിക്കുന്ന കാമ്പിശേരിയും ഭാസിയും


ഫറൂഖ് കോളജിലെ പഠനകാലത്തും തുടർന്നും ധാരാളം കവിതകൾ എഴുതിയിരുന്നു. അന്നത്തെ മുഖ്യധാര സാഹിത്യ മാസികകളിലും വാരികകളിലും കവിതകൾ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 80ൽ പരം യുക്തിവാദി, മാനവിക വാദി, മത നിരപേക്ഷ വാദി, ശാസ്ത്രവാദി എന്നീ സംഘടനകളുടെ ഐക്യരൂപമായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി തുടങ്ങിയ ചുമതലകൾ നിർവഹിച്ചു. ചിത്രകല, ക്ലേ മോഡലിങ്, സാഹിത്യം തുടങ്ങിയ രംഗങ്ങളിലും അഭിരുചിയും താല്പര്യവും നിലനിർത്തി. നിറയെ ഗ്രന്ഥങ്ങളുള്ള അദ്ദേഹത്തിന്റെ വള്ളിക്കുന്നിലെ ആനങ്ങാടി റെയിൽവേ ഗേറ്റിനടുത്തുള്ള ചാർവാകം എന്ന വീട് പൊതുപ്രവർത്തകർക്കും വിജ്ഞാനദാഹികൾക്കും എപ്പോഴും ആശ്രയിക്കാവുന്ന പഠന ഗവേഷണ കേന്ദ്രം കൂടിയാണ്. എന്റെ അച്ഛൻ പി പി എ മാരാത്തിന്റെ പ്രിയ സുഹൃത്തും സഖാവുമായിരുന്നു മാഷ്. ചാലിയം ഹൈസ്കൂളിൽ എന്റെ ഗുരുനാഥനും.
മാർക്സിയൻ വൈരുധ്യാത്മിക ഭൗതികവാദത്തിന്റെ അടിത്തറയിൽ ശാസ്ത്രീയ ചിന്ത ഉയർത്തിപ്പിടിച്ച് യുക്തിവാദ ദർശന പ്രചാരണവും എഴുത്തും ഭാവനയും പ്രഭാഷണവുമായി കർമ്മനിരതനായിരുന്നു അദ്ദേഹം. ഒരു ജന്മത്തിൽ തന്നെ പല പല സർഗാത്മക ജന്മങ്ങളിലൂടെ കടന്നുപോയ അപൂർവ വ്യക്തിത്വം. നിരന്തരമായ ഇടപെടൽ കൊണ്ട് കേരള സമൂഹത്തിൽ നിറഞ്ഞുനിൽക്കുന്ന പ്രതിഭാശാലി, ഒരു നിത്യവിസ്മയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.