23 March 2025, Sunday
KSFE Galaxy Chits Banner 2

‘അന്ത’ വിശ്വാസവും അന്ധവിശ്വാസവും

സുരേന്ദ്രന്‍ കുത്തനൂര്‍
February 18, 2025 4:30 am

തലസ്ഥാന നഗരത്തിലെ ദേശീയ പ്രാധാന്യമുള്ള ഒരു ആതുരശുശ്രൂഷാ കേന്ദ്രം. ഉത്തരകേരളത്തില്‍ നിന്നെത്തിയ ആന്തരികാവയവങ്ങളില്‍ അര്‍ബുദബാധയുള്ള രോഗിയുടെ കൂട്ടിരിപ്പുകാരോട് പ്രഗത്ഭനായ ഡോക്ടര്‍ പറഞ്ഞതിങ്ങനെ; “പൂര്‍ണമായും മാറ്റാമെന്ന് പറയാനാകില്ല. പക്ഷേ, ശസ്ത്രക്രിയ നടത്തിയാല്‍ കുറച്ചുകാലം കൂടി ജീവിച്ചിരിക്കും. ബാക്കിയെല്ലാം ദെെവത്തിന്റെ കയ്യില്‍”. കേട്ടിരുന്നയാളുടെ മനസില്‍ ആശങ്ക. ‘വെെദ്യശാസ്ത്രത്തെയും ഡോക്ടറെയും വിശ്വസിക്കണോ, ദെെവത്തെ ആശ്രയിക്കണോ’. ശാസ്ത്രത്തിന്റെ ജീവന്‍രക്ഷാ സംഭാവനയായ ‘ആധുനിക വെെദ്യശാസ്ത്രം’ എന്ന ശാഖയില്‍ ഉന്നതപഠനം നടത്തുകയും മികച്ച രീതിയില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഭിഷഗ്വരന്‍, ‘ബാക്കി ദെെവത്തിന്റെ കയ്യില്‍’ എന്ന് പറയുമ്പോള്‍ ശാസ്ത്രവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്. ശാസ്ത്രം യുക്തിയുടേതാണെന്നിരിക്കെ, അയുക്തികമായ ‘വിശ്വാസ’ത്തിലേക്ക് ശാസ്ത്രപഠിതാക്കള്‍ പോലും മാറുന്നുവെന്നതിന്റെ ഒരുദാഹരണമാണിത്. അന്ധവിശ്വാസക്കൊലകളും ആഭിചാര ക്രൂരതകളും സമ്പൂര്‍ണ സാക്ഷരരെന്ന് അഭിമാനിക്കുന്ന കേരളത്തിലും വര്‍ധിക്കുന്നതിന്റെ കാരണം തേടുന്നവര്‍ക്കുള്ള ഉത്തരവും.
ശ്വാസമുള്ള ഓരോ മനുഷ്യനും വിശ്വാസവുമുണ്ട് എന്നൊരുയുക്തി പരക്കെ പ്രയോഗത്തിലുണ്ട്. വിശ്വാസങ്ങൾ ആത്മനിഷ്ഠമോ വസ്തുനിഷ്ഠമോ വ്യക്തിനിഷ്ഠമോ ആകാം. പല രീതിയിലാണ് ഓരോരുത്തരും അതിനെ ഉൾക്കൊള്ളുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നത്. വിശ്വാസങ്ങളിലധികവും മതാത്മകമോ രാഷ്ട്രീയമോ സാമൂഹികമോ ആകാം. മിക്ക വിശ്വാസങ്ങളും വളർന്ന സാഹചര്യങ്ങളിൽ നിന്നാണ് ഉള്ളിൽക്കയറുന്നത്. പ്രത്യേകിച്ചും ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചുമുള്ള ശീലങ്ങളും ചെയ്തികളുമെല്ലാം. അവ പിന്നീട് ദൃഢതയാര്‍ന്ന് മറ്റുള്ളവയെ അംഗീകരിക്കാത്ത നിലയിലെത്തുന്നു. ഓരോരുത്തരുടെയും ഉള്ളിലെ ഓരോ തരത്തിലുള്ള വിശ്വാസങ്ങളെ വസ്തുനിഷ്ഠമായി തിട്ടപ്പെടുത്തുക പ്രയാസമാണ്. അതുകൊണ്ടുകൂടിയാണ് ഓരോരുത്തരുടെയും വിശ്വാസ സ്വാതന്ത്ര്യം മനുഷ്യാവകാശമാകുന്നത്. വിശ്വാസം അസഹിഷ്ണുതയായി സ്പർധയുണ്ടാക്കുകയും മറ്റുള്ളവരുടെ വിശ്വാസത്തെയോ ജീവിതത്തെയോ ഹിംസാത്മകമായി നേരിടുകയും ചെയ്യുന്നത്, അത് അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോഴാണ്.
ലോകത്താകമാനം 17–18 നൂറ്റാണ്ടുകളില്‍ വളർന്നുവന്ന വിജ്ഞാന — വിചാര — യുക്തികളും പിന്നാലെ വന്ന ആധുനിക ശാസ്ത്രബോധവും പഴയ പല വിശ്വാസവിചാരങ്ങളെയും ചോദ്യം ചെയ്തു. മനുഷ്യൻ ശാസ്ത്രം പഠിക്കുകയും യുക്തിബോധത്തിൽ ജീവിക്കുവാൻ തുടങ്ങുകയും ചെയ്യുമ്പോള്‍ ബാല്യത്തില്‍ മനസിൽ കയറിക്കൂടിയ വിശ്വാസങ്ങളെ സ്വയം ചോദ്യംചെയ്യും. അറിഞ്ഞും തിരിച്ചറിഞ്ഞ് വിവേചിച്ചും ശീലങ്ങളെയും വിശ്വാസങ്ങളെയും മാറ്റും. അങ്ങനെ മാറ്റുവാൻ കഴിവുള്ള ജീവിയായതുകൊണ്ടാണ് പലതവണ ചിന്തകളും വിശ്വാസങ്ങളും സമീപനങ്ങളും മാറുന്ന മനുഷ്യരുണ്ടാകുന്നത്.
ശാസ്ത്രചിന്തവച്ച് അളന്നാൽ മതവിശ്വാസങ്ങളും ആചാരങ്ങളും പൂര്‍ണമായും യുക്തിഹീനമാണ്. മനുഷ്യൻ യുക്തികൊണ്ടുമാത്രമല്ല ജീവിക്കുന്നത് എന്നതും പ്രസക്തമാണ്. പരസ്പരം സ്നേഹിക്കുന്നതും, സന്തോഷിക്കുന്നതും, സങ്കടപ്പെടുന്നതും കരയുന്നതുമെല്ലാം ഒരു പരിധിവരെ ശാസ്ത്രയുക്തിക്കപ്പുറമുള്ള വികാരവിചാരങ്ങളാലാണ്. എല്ലാ മനുഷ്യരും സാർവദേശീയമായി ഒരേ യുക്തിമാത്രം ഉപയോഗിച്ചാൽ വൈവിധ്യങ്ങൾ തന്നെ കാണാനാകില്ല. അപ്പോള്‍ വിശ്വാസങ്ങള്‍ വെെവിധ്യങ്ങളുടേത് കൂടിയാണെന്ന് സമ്മതിക്കേണ്ടി വരും.
അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനമാകട്ടെ ആധികാരികതത്വമാണെന്ന മിഥ്യാധാരണയാണ്. അധികാരപൂര്‍വം ഒരു ചട്ടക്കൂട്ടിലാക്കി, ചോദ്യംചെയ്യാനാകാത്ത ചിന്താശീലവും ആചാരവുമാകുമ്പോഴാണ് വിശ്വാസം അന്ധമാകുന്നത്. അതിനെ ചോദ്യം ചെയ്യാൻ മതാധികാര വ്യവസ്ഥയും സാമൂഹിക സാഹചര്യവും സമ്മതിക്കില്ല. അതിനവർ അവരുടെ മതവിശ്വാസ ‘യുക്തി‘കൾ ഉപയോഗിക്കും. തിയോളജി എന്ന മത — ദൈവ വിജ്ഞാന ശാഖ തന്നെ വളർന്നതങ്ങനെയാണ്.
ഒരു നൂറ്റാണ്ട് മുമ്പുവരെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാണിരുന്ന നാടായിരുന്നു കേരളം. യുക്തിസഹമല്ലാത്തതും ശാസ്ത്രവിരുദ്ധവുമായ അനേകം വിശ്വാസങ്ങൾ വ്യാപകമായി നിലനിന്നിരുന്നു. അവ സമൂഹത്തിൽ കടുത്ത ചൂഷണങ്ങൾക്ക് കളമൊരുക്കുകയും ചെയ്തിരുന്നു. ജാതിയായിരുന്നു അതിനുപയോഗിച്ച ഏറ്റവും വലിയ സാമൂഹികോപകരണം. ഭ്രാന്താലയം എന്ന് വിവേകാനന്ദന്‍ വിശേഷിപ്പിച്ചത് ഇങ്ങനെയുള്ള കൊടിയ ദുരാചാരങ്ങളുടെ ഭൂമികയായതുകൊണ്ടാണ്. ജാതി-മത ചിന്തകളുടെയും ആചാരങ്ങളുടെയും പശ്ചാത്തലത്തിൽ ഇതിന്റെ ആഴം വളരെ വലുതായിരുന്നു. കപടവിശ്വാസങ്ങളും അതിനുള്ള പ്രതിവിധിയുമൊക്കെ പരിപോഷിപ്പിക്കാൻ മന്ത്രവാദികൾ എന്ന വലിയ ഒരു വിഭാഗം തന്നെ നിലനിന്നു. പൂജാദികർമ്മങ്ങൾ നടത്തിയും അനുബന്ധസാധനങ്ങൾ സംഘടിപ്പിച്ചും വമ്പിച്ച സാമ്പത്തികനേട്ടമാണവർ കൈവരിച്ചിരുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഒട്ടേറെ മാറ്റങ്ങൾ കേരള സമൂഹത്തിൽ വരുത്താൻ നവോത്ഥാന പ്രവർത്തനങ്ങള്‍ക്ക് കഴിഞ്ഞു. സാമൂഹ്യ പരിഷ്കരണപ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യ സമരവും തൊഴിലാളി — കർഷക മുന്നേറ്റങ്ങളും സാംസ്കാരികരംഗത്തെ ഉണർവുമെല്ലാം മാറ്റങ്ങളുടെ വേഗതകൂട്ടി. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും സ്ഥാനത്ത് യുക്തിചിന്തയും സംഘടിത രാഷ്ട്രീയ പ്രവർത്തനങ്ങളും ജനങ്ങൾക്ക് വഴികാട്ടിയായി. അതിലൂടെ സ്വന്തം ഭാഗധേയം സ്വയം നിർണയിക്കാനാവും എന്ന ആത്മവിശ്വാസം സാധാരണജനങ്ങളിൽ വളർന്നു. ശാസ്ത്രബോധം ജനജീവിതത്തിലേക്ക് സന്നിവേശിപ്പിക്കാൻ പ്രവർത്തിക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള പ്രസ്ഥാനങ്ങൾ രൂപംകൊണ്ടു. വിദ്യാഭ്യാസം കൂടുതൽ ജനങ്ങളിലേക്ക് വ്യാപിച്ചു. ശാസ്ത്രബോധവും സാമൂഹ്യബോധവും ഭാവി വികസനത്തിന് വഴികാട്ടിയാകുമെന്ന പ്രതീക്ഷ വളര്‍ന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു വികസനപാത വെട്ടിത്തുറന്നതോടെ കേരള വികസനമാതൃക ലോകമെങ്ങും പ്രകീർത്തിക്കപ്പെട്ടു.
എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തോടെ സ്ഥിതിഗതികൾ മാറിത്തുടങ്ങി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും വളരാൻ തുടങ്ങുകയും ആൾദൈവങ്ങളും സമൂഹം ആട്ടിയകറ്റിയ അനാചാരങ്ങളും തിരിച്ചുവരികയും പ്രചാരം നേടുകയും ചെയ്തു. രോഗവിമുക്തിക്കും രോഗപ്രതിരോധത്തിനും ശത്രുസംഹാരത്തിനും ഉദ്ദിഷ്ടഫലപ്രാപ്തിക്കുമെല്ലാം മന്ത്രവാദത്തെയും ആഭിചാരക്രിയകളെയും ആശ്രയിക്കുന്നവരുടെ എണ്ണം കൂടിവന്നു. കഴുത്തിലും കൈത്തണ്ടയിലും അരയിലും ചരടുകളും ഏലസുകളും ധരിക്കുന്നത് ശീലമായിത്തുടങ്ങി. രോഗശാന്തി ശുശ്രൂഷയുടെയും മതഗ്രന്ഥവിശദീകരണങ്ങളുടെയും പോസ്റ്ററുകള്‍ സിനിമാപോസ്റ്ററുകളെ വെല്ലുന്നതരത്തില്‍ കേരളത്തിലെ പൊതുവിടങ്ങളില്‍ വ്യാപകമായി. പ്രവാചകന്റെ മുടിയും കൃപാസനവും സാക്ഷ്യപ്പെടുത്താന്‍ വിദ്യാസമ്പന്നരായ, സമൂഹത്തിലെ മധ്യവര്‍ഗ പ്രതിനിധികള്‍ മത്സരിച്ചു.
ആധുനിക വാർത്താവിനിമയ സങ്കേതങ്ങൾ പോലും ദെെവ‑മത കച്ചവടത്തിന്റെ പരസ്യവേദിയാകുന്നതാണ് 21-ാം നൂറ്റാണ്ടിന്റെ ആദ്യത്തെ കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ നാം കാണുന്നത്. 1954ൽ പാർലമെന്റ് പാസാക്കിയ ഡ്രഗ്സ് ആന്റ് മാജിക്കൽ റെമഡീസ് (ഒബ്ജക്ടബിൾ റെമഡീസ്) നിയമം നിലനില്‍ക്കുമ്പോഴാണ് മാന്ത്രിക ഏലസുകൾ, ധനാകർഷണ യന്ത്രം, ദിവ്യശക്തി പ്രാർത്ഥന, രോഗശാന്തി ശുശ്രൂഷ, കുട്ടിച്ചാത്തൻ സേവ, ഭാഗ്യനക്ഷത്ര കല്ലുകൾ, വലംപിരി ശംഖ്, രുദ്രാക്ഷം, ഇസ്മ് ചികിത്സ തുടങ്ങിയ തട്ടിപ്പുകളുടെ പരസ്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങളിൽ സ്ഥാനംപിടിക്കുന്നത്. മാന്ത്രിക ഗുണങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ചികിത്സകളുടെ പരസ്യങ്ങള്‍ നിരോധിക്കുന്നതാണ് ഈ നിയമം, ടൈഫോയ്ഡ്, ലൈംഗിക രോഗങ്ങള്‍, ക്ഷയം, തളര്‍ച്ച, ഗര്‍ഭധാരണം എന്നിവയുള്‍പ്പെടെ 54 രോഗങ്ങളുടെ പരസ്യം പോലും നിരോധിച്ചിട്ടുണ്ട്.
കര്‍ശനമായ നിയമം നിലവിലുണ്ടായിട്ടും അന്ധവിശ്വാസ പ്രചരണത്തിനെതിരെ അധികാര സ്ഥാനങ്ങളിൽ നിന്നുപോലും ശക്തമായ പ്രതികരണം ഉണ്ടാകാത്തത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്; ഉത്തരം വളരെ ലളിതവും. അധികാരത്തിന്റെ താക്കോല്‍സ്ഥാനത്തിരിക്കുന്ന ഉന്നതോദ്യോഗസ്ഥരില്‍ പലരും രാഷ്ട്രീയ നേതാക്കളില്‍ ചിലരും സമ്പൂര്‍ണ മതചിഹ്നങ്ങളണിഞ്ഞ് പൊതുവേദികളില്‍ പ്ര­ത്യക്ഷപ്പെടുന്നത് അപൂര്‍വ കാഴ്ചയല്ല ആധുനിക കേരളത്തില്‍. ഇത്തരക്കാര്‍ക്കെങ്ങനെയാണ് മറ്റുവിശ്വാസങ്ങളെ അഥവാ യുക്തിചിന്തയെ ആത്മാര്‍ത്ഥമായി പ്രോത്സാഹിപ്പിക്കാന്‍ കഴിയുക? അവരുടെ പ്രബോധനങ്ങളെങ്ങനെയാണ് സത്യസന്ധമാവുക?
ബഹിരാകാശ വാഹനങ്ങള്‍ വിക്ഷേപിക്കുന്നതിനുമുമ്പ് തേങ്ങയുടയ്ക്കുകയും അവയുടെ മിനിയേച്ചറുമായി ആരാധനാലയങ്ങളിലെത്തുകയും ചെയ്യുന്ന ബഹിരാകാശ ശാസ്ത്രജ്ഞരുണ്ടാകുന്നു. മതവിശ്വാസത്തിന്റെ പേരില്‍ മക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പിന് വിസമ്മതിക്കുന്ന ആരോഗ്യപ്രവർത്തകരുണ്ടാകുന്നു. ആരാധനാമൂര്‍ത്തികളുടെ ചിത്രം പ്രൊഫെെല്‍ ചിത്രമായി സമൂഹമാധ്യമ അക്കൗണ്ടുകള്‍ കൊണ്ടുനടക്കുന്ന പുരോഗമന പ്രസ്ഥാന നേതാക്കളുണ്ടാകുന്നു.
സ്കൂൾപഠന കാലത്തുതന്നെ കുട്ടികൾക്ക് ഏതൊരു കാര്യവും തെളിവിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന മനോഭാവം ഉണ്ടാവണമെന്നും സിലബസിലുള്ളതും അല്ലാത്തതുമായ വിഷയങ്ങൾ ക്ലാസ്മുറിയിൽ ശാസ്ത്രീയവിശകലനത്തിന് വിധേയമാക്കാൻ അധ്യാപകർ ശ്രദ്ധവയ്ക്കണം എന്നുമാണ് ശാസ്ത്രീയ വിദ്യാഭാസവിചക്ഷണര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നാട്ടിലെ വിദ്യാഭ്യാസത്തിന്റെ പൊതുചിത്രമാകട്ടെ ഏറ്റവുമധികം പ്രാധാന്യം കൊടുക്കുന്നത് ശാസ്ത്രവിഷയങ്ങള്‍ക്കാണെന്നും കാണാം. ഹയര്‍സെക്കന്‍ഡറി മുതലിങ്ങോട്ട് ശാസ്ത്രവിഷയങ്ങള്‍ പഠിക്കാനാണ് കേരളത്തിലെ വിദ്യാര്‍ത്ഥികളും മുന്‍ഗണന നല്‍കുന്നത്. ഉയര്‍ന്ന മാര്‍ക്കോടെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരില്‍ ബഹുഭൂരിപക്ഷവും പഠിക്കുന്നത് ശാസ്ത്രവിഷയങ്ങള്‍ തന്നെയാണ്. എന്നിട്ടും അയുക്തികധാരണകളുടെയും അന്ധവിശ്വാസങ്ങളുടെയും കേന്ദ്രമാവുകയാണ് കേരളം എന്നതിന്റെ കാരണമാണ് കണ്ടെത്തേണ്ടത്.
നമ്മുടെ കാമ്പസുകളില്‍ ശാസ്ത്രം പഠിപ്പിക്കുന്നവര്‍ ഉയര്‍ന്ന ബിരുദധാരികളാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ അതോടൊപ്പം കെെത്തണ്ടയില്‍ ജപിച്ച ചരടുകളും, കഴുത്തില്‍ കൊ­­ന്തയും, നെറ്റിയില്‍ നിസ്കാരത്തഴമ്പുമായി ശാസ്ത്രം പഠിപ്പിക്കാനെത്തുന്ന അധ്യാപകരും വ്യാപകമാണ് എന്നതും കാണാതെ പോകരുത്. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമല്ലേ, ഭംഗിയായി വിഷയം പഠിപ്പിക്കുന്നുണ്ടല്ലോ എന്ന് പൊതുസമൂഹവും അധികാരികളും അതിനെ നിസാരവല്‍ക്കരിക്കുന്നു. അവരവരുടെ വിശ്വാസം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം അധ്യാപകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും ഒരുപോലെ ബാധകമാണല്ലോ.
പക്ഷേ ഒരു ചോദ്യത്തിന് ഇക്കൂട്ടര്‍ വ്യക്തമായ ഉത്തരം നല്‍കേണ്ടതുണ്ട്. തങ്ങളുടെ ‘വ്യക്തി വിശ്വാസ’ങ്ങള്‍ക്ക് വിരുദ്ധമായ പരിണാമസിദ്ധാന്തവും പ്രപഞ്ചോല്പത്തിയുമെല്ലാം ഇവര്‍ പഠിപ്പിക്കുന്നത് എത്രമാത്രം ആത്മാര്‍ത്ഥതയോടെയായിരിക്കും? ‘പരീക്ഷയ്ക്കു പോകുമ്പോള്‍ നന്നായി പ്രാര്‍ത്ഥിച്ചിട്ടു പോണേ’ എന്ന് പറയുന്ന അധ്യാപകരും രക്ഷിതാക്കളും കുട്ടികളില്‍ വളര്‍ത്തുന്ന യുക്തിചിന്ത എങ്ങനെയുള്ളതായിരിക്കും? വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാകുന്നതിന്റെ പ്രധാനകാരണം ശാസ്ത്രം പഠി‌ക്കുന്നതും പഠിപ്പിക്കുന്നതും കേവലം ഉപരിപ്ലവമായ പ്രക്രിയയായതല്ലേ?
അന്ധവിശ്വാസ നിരോധന നിയമം വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പുരോഗമന കാഴ്ചപ്പാടുള്ള ഇടതുപക്ഷ സര്‍ക്കാര്‍ പോലും അത് വെെകിക്കുന്നതിന് ന്യായീകരണവുമില്ല. പക്ഷേ നിയമത്തെക്കാള്‍ ആവശ്യം അടിസ്ഥാനപരമായി പുരോഗമന ചിന്ത വളര്‍ത്താനുള്ള സമൂലമാറ്റം കേരളസമൂഹത്തിലുണ്ടാകണമെന്നതാണ് സത്യം. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാക്കുകള്‍ ഏറ്റവും പ്രസക്തമാകുന്നു; “വിദ്യാവിഹീനരായ അന്ധവിശ്വാസികളെക്കാൾ വിദ്യാസമ്പന്നരായ അന്ധവിശ്വാസികളാണ് നാടിനാപത്ത്”.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.