1 May 2024, Wednesday

Related news

April 30, 2024
April 30, 2024
April 29, 2024
April 28, 2024
April 27, 2024
April 24, 2024
April 21, 2024
April 20, 2024
April 18, 2024
April 18, 2024

അനിയന്ത്രിത നഗരവല്‍ക്കരണം ബംഗളുരു വറചട്ടിയില്‍

ജലക്ഷാമത്തിനിടെ ചൂട് റെക്കോഡിലേക്ക് 
Janayugom Webdesk
ബംഗളൂരു
April 7, 2024 9:55 pm

കടുത്ത ജലക്ഷാമത്തിനിടെ ബംഗളൂരുവിനെ വലച്ച് അന്തരീക്ഷ താപനിലയും റെക്കോര്‍ഡില്‍. കഴിഞ്ഞ ദിവസം പകല്‍ 38 ഡിഗ്രി സെല്‍ഷ്യസാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത ചൂടേറിയ കാലാവസ്ഥയിലൂടെയാണ് ബംഗളൂരു നഗരം കടന്നു പോകുന്നത്. സാധാരണ ഈ മാസങ്ങളില്‍ ബംഗളൂരുവില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ മൂന്ന് ഡിഗ്രി വര്‍ധനവാണ് താപനിലയില്‍ ഉണ്ടായിരിക്കുന്നത്. വൈകാതെ തന്നെ 2016 ഏപ്രിലില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയായ 39.2 ഡിഗ്രി മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം വടക്ക് കിഴക്കന്‍ കാലവര്‍ഷം വളരെ ദുര്‍ബലമായിരുന്നു. എല്‍ നിനോ പ്രതിഭാസവും കാലാവസ്ഥാ വ്യതിയാനവും മൂലം പിന്നീടും മഴ ലഭിക്കാതെയായതാണ് സാഹചര്യം ഇത്രയും വഷളാക്കിയതെന്ന് കാലാവസ്ഥാ ശാസ്ത്രഞ്ജനായ ഡോ. എന്‍ പുവിയരശന്‍ പറഞ്ഞു. കൂടാതെ അമിത വേഗത്തിലുള്ള ആസൂത്രിതമല്ലാത്ത നഗരവല്‍ക്കരണവും ജനസംഖ്യാ വളർച്ചയും ജലസ്രോതസ്സുകളുടെ നാശത്തിലേക്കും ജലക്ഷാമത്തിലേക്കും കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

നഗരത്തില്‍ ആദ്യകാലത്ത് 1,452 ജലാശയങ്ങളുണ്ടായിരുന്നു. ഇന്ന് അവ 193 മാത്രമായി ചുരുങ്ങി. നഗരത്തിലെ പച്ചപ്പ് മാറി പകരം കോണ്‍ക്രീറ്റ് കാടുകളായി. കൈയേറ്റവും മലിനീകരണവും നഗരത്തിലെ തടാകങ്ങളെ സാരമായി ബാധിച്ചു. ജനസംഖ്യ വര്‍ധിച്ചതോടെ ജനങ്ങള്‍ക്കെല്ലാം ജലം ലഭിക്കാത്ത സ്ഥിതിയുണ്ടായി. ഈ പ്രതിസന്ധി മറികടക്കാന്‍ ഭൂഗര്‍ഭജലത്തെ കൂടുതലായി ആശ്രയിക്കേണ്ടിവന്നു. ഇത് ജലസ്രോതസ്സുകളുടെ ശോഷണത്തിന് ആക്കം കൂട്ടി. ഒരിക്കൽ സുപ്രധാന ജല സ്രോതസുകളായിരുന്ന ബെല്ലന്തൂർ, വർത്തൂർ തടാകങ്ങളില്‍ പോലും ഇപ്പോള്‍ വെള്ളമില്ല. കുഴല്‍ക്കിണറുകളും വറ്റിവരണ്ടു. ഒടുവില്‍ സമുദ്ര നിരപ്പില്‍നിന്ന് 3000 അടിയിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പൂന്തോട്ട നഗരമായ ബംഗളുരു ഓര്‍മ്മകളില്‍ മാത്രമായി.
കടുത്ത ചൂടും ജലക്ഷാമവും കാരണം ബംഗളൂര്‍ നിവാസികളുടെ ദൈനംദിന ജീവിതത്തില്‍ പ്രകടമായ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഐടി ജോലിക്കാര്‍ മിക്കവരും വര്‍ക്ക് ഫ്രം ഹോം സ്വീകരിച്ച് നഗരം വിട്ടു. നഗരത്തില്‍ എയര്‍കണ്ടീഷണറുകളുടെ വില്‍പ്പന വര്‍ധിച്ചു. ജലവിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജലത്തിന്റെ അത്യാവശ്യമല്ലാത്ത ഉപയോഗം കുറ്റകരമാക്കിയിട്ടുമുണ്ട്. ചൂട് മൂലമുള്ള രോഗങ്ങളും നഗരത്തില്‍ വര്‍ധിച്ചുവരികയാണ്.

സുസ്ഥിരമായ ജല പരിപാലന രീതികളുടെ അനിവാര്യതയാണ് ബംഗളുരു നേരിടുന്ന ജലപ്രശ്നം രാജ്യത്തിന് മുന്നില്‍ ഉയർത്തിക്കാട്ടുന്നത്. മൺസൂൺ മഴയെ മാത്രം ആശ്രയിച്ചുള്ള ജലസംഭരണത്തിന് പകരം മഴവെള്ള സംഭരണം, മലിനജല പുനരുപയോഗം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ജലപരിപാലനം കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. നേരിയ ആശ്വാസമായി ഈ മാസം 14 ന് വേനല്‍മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതുവരെ ജലവിതരണം സാധ്യമാകുമോ എന്ന ആശങ്കയിലാണ് അധികൃതര്‍. 

Eng­lish Sum­ma­ry: Uncon­trolled urban­iza­tion heats up in Bengaluru

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.