23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 9, 2024
June 14, 2024
May 23, 2024
April 26, 2024
March 28, 2023
January 4, 2023
December 14, 2022
September 10, 2022
August 8, 2022

തൊഴിലില്ലായ്മയും അഗ്നിപഥും കേന്ദ്രസർക്കാരിന്റെ യുവജന വിരുദ്ധതയും

Janayugom Webdesk
June 25, 2022 5:30 am

രാജ്യത്ത് അധികാരത്തിലിരിക്കുന്ന നരേന്ദ്രമോഡി സർക്കാരിന്റെ കടുത്ത യുവജനവിരുദ്ധ നയങ്ങൾക്കെതിരെ ഇന്ത്യൻ യുവത്വത്തിന്റെ അനിതരസാധാരണമായ പ്രക്ഷോഭ സമരങ്ങളുടെ ദിനങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നാം സാക്ഷ്യംവഹിച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈന്യമായ ഇന്ത്യൻ സേനയുടെ ചരിത്രം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. ഇതര രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായ സൈനികരുടെ ആത്മാഭിമാനത്തെയും ത്യാഗസന്നദ്ധതയെയും ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്റെ ആകെ ബജറ്റിന്റെ 30 ശതമാനം തുകയും മാറ്റിവയ്ക്കുന്നത് പ്രതിരോധ മേഖലയ്ക്ക് വേണ്ടിയാണ്. ഈ തുകയാണ് സൈനികരുടെ ശമ്പളത്തിനും പെൻഷനും മറ്റാനുകൂല്യങ്ങൾക്കും പ്രതിരോധ ഉപകരണങ്ങൾക്കുമായി നാം ചെലവഴിക്കുന്നത്. ഈ തുകയാണ് നമ്മുടെ രാജ്യത്തിന്റെയും ജീവന്റെയും സുരക്ഷിതത്വത്തിന്റെയും വില. സൈന്യത്തിൽ കരാർവല്ക്കരണം അടിച്ചേൽപ്പിക്കാനുള്ള നരേന്ദ്രമോഡി സർക്കാരിന്റെ തീരുമാനത്തിനെതിരെ ഇന്ത്യൻ യുവത്വം രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയും താല്ക്കാലിക സൈനികരെ റിക്രൂട്ട് ചെയ്യാൻ വിജ്ഞാപനമിറക്കി സ്ഥിതി കൂടുതൽ സ്ഫോടനാത്മകമാക്കിയിരിക്കുകയുമാണ്. കഴിഞ്ഞ രണ്ടു വർഷമായി സേനയിൽ റിക്രൂട്ട്മെന്റ് നടത്തിയിട്ടില്ല. ഏകദേശം നാല് ലക്ഷത്തോളം ഒഴിവുകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. 14 ലക്ഷത്തോളം അംഗങ്ങളുള്ള ഇന്ത്യൻ സേനയുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന പ്രവർത്തിയാണ് കപട ദേശസ്നേഹികളായ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.


ഇതുകൂടി വായിക്കൂ: അഗ്നിപഥ്; പ്രതിഷേധാഗ്നി തണുപ്പിക്കാന്‍ വാഗ്ദാന പെരുമഴ


അഗ്നിപഥ് എന്ന പേരിൽ സൈന്യത്തിൽ നടത്തുന്ന കരാർ നിയമങ്ങൾ രാജ്യസുരക്ഷയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതിനൊപ്പം തൊഴിലില്ലാത്ത ഇന്ത്യൻ സമൂഹത്തോടുള്ള വെല്ലുവിളി കൂടിയാണിത്. സായുധസേനയ്ക്ക് യുവത്വം നൽകുകയാണ് ലക്ഷ്യം എന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ഇത് അപ്രായോഗികമാണെന്ന് മുൻ സൈനികർ ഉൾപ്പെടെ പറയുന്നു. കേവലം ആറു മാസത്തെ പരിശീലനം കൊണ്ടുമാത്രം രാജ്യ സംരക്ഷണത്തിന് സൈനികരെ പ്രാപ്തരാക്കാൻ കഴിയില്ല. തുടർച്ചയായ പരിശീലനം കൊണ്ടാണ് പട്ടാളക്കാർ മാനസികമായും ശാരീരികമായും രൂപപ്പെടുന്നത്. കരാർ നിയമത്തിലൂടെ അതിർത്തിയിൽ ഉൾപ്പെടെ സേവനം അനുഷ്ഠിക്കേണ്ടിവരുമ്പോൾ എത്രകണ്ട് ആത്മാർത്ഥതയോടു കൂടി ഉത്തരവാദിത്തം നിർവഹിക്കുവാൻ കഴിയുമെന്ന് നമുക്ക് ചിന്തിക്കാവുന്നതേയുള്ളൂ. പതിനേഴര വയസുമുതൽ 21 വയസുവരെയുള്ള യുവാക്കൾക്ക് നാലു വർഷത്തേക്കാണ് നിയമനം നൽകുന്നത്.

വർഷംതോറും 46,000 യുവാക്കളെ തിരഞ്ഞെടുത്ത് പരിശീലനം നൽകി മികവ് നോക്കി 25 ശതമാനം പേർക്ക് തുടരാൻ അനുമതി നൽകുകയും ബാക്കി 75 ശതമാനം പേരെ ഒഴിവാക്കുകയും ചെയ്യും. ഇങ്ങനെ ഒഴിവാക്കപ്പെടുന്നവരുടെ ഭാവി എന്താകും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ല. ‘അഗ്നിവീറുകൾ’ എന്ന പേരിൽ പരിശീലനം ലഭിച്ച് പുറത്തിറങ്ങുന്നവർ ഭാവിയിൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ കടുത്ത ഭീഷണി ഉയർത്തും. ഒപ്പം സേനയിലെ നിയമനത്തിനായി പരീക്ഷ പാസായിരിക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴുകയും ചെയ്യും. ഒപ്പം പ്രതിരോധമേഖല പോലെ ഏറ്റവും കൂടുതൽ സുരക്ഷ ഉറപ്പുവരുത്തേണ്ട സേനകളിൽ കരാർ വ്യവസ്ഥ ഏർപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വൻ ഭീഷണി നേരിടേണ്ടി വരും.


ഇതുകൂടി വായിക്കൂ: സൈനികസേവനത്തിലും കരാര്‍ കാലം


കേവലം അഗ്നിപഥ് പദ്ധതിക്കെതിരായ ഇന്ത്യൻ യുവത്വത്തിന്റെ പ്രതിഷേധം മാത്രമല്ല കേന്ദ്രസർക്കാരിനെതിരായി ഉയർന്നുവരുന്നത്. കഴിഞ്ഞ 30 വർഷമായി നമ്മുടെ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഫലമായി രൂക്ഷമാകുന്ന തൊഴിലില്ലായ്മയ്ക്കും എതിരായ പ്രതിഷേധം കൂടിയാണ്. പ്രതിവർഷം രണ്ട് കോടി പേർക്ക് തൊഴിൽ നൽകുമെന്ന വാഗ്ദാനവുമായാണ് നരേന്ദ്ര മോഡി ഇന്ത്യയിലെ യുവാക്കളുടെ വോട്ട് വാങ്ങിയത്. പക്ഷെ രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളത്. സിഎംഐഇ (സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി)യുടെ കണക്കനുസരിച്ച് 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. 11 ലക്ഷത്തോളം ഒഴിവുകൾ നിലവിലുള്ളപ്പോഴും രാജ്യത്ത് പ്രഖ്യാപിത നിയമന നിരോധനത്തിന് സമാനമായ സാഹചര്യമാണുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ മാത്രം 30 ലക്ഷത്തോളം ഒഴിവുകളുണ്ട്. ഇവിടങ്ങളിലെല്ലാം സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കി കുറഞ്ഞ വേതനത്തിൽ കരാർ നിയമനങ്ങൾ നടത്തി യുവജനതയെ വഞ്ചിക്കുകയാണ് കേന്ദ്രസർക്കാർ.

നാല് ലക്ഷത്തോളം ഒഴിവുകൾ റയിൽവേയിൽ മാത്രമുണ്ട്. എൽഐസി, ബിഎസ്എൻഎൽ, എച്ച്എൻഎൽ, ഷിപ്പിങ് കോർപറേഷൻ, വിമാനത്താവളങ്ങൾ, കൽക്കരി, പെട്രോളിയം മേഖല എന്നിവയുടെ സ്വകാര്യവല്ക്കരണത്തിലൂടെ ദശലക്ഷക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. തൊഴിലില്ലായ്മയെ തുടർന്ന് വിലക്കയറ്റവും ദാരിദ്ര്യവും ഉണ്ടാക്കുന്ന കെടുതികൾ വിവരണാതീതമാണ്. യുപിഎ സർക്കാരിന്റെ അവസാനനാളുകളിൽ തൊഴിലില്ലായ്മ 5.6 ശതമാനം ആയിരുന്നുവെങ്കിൽ നരേന്ദ്രമോഡിയുടെ കാലഘട്ടത്തിൽ 8.5 തൊഴിലില്ലായ്മാ നിരക്ക് വർധിച്ചിരിക്കുകയാണ്.

2024ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോഡി സർക്കാർ നേരിടാൻ പോകുന്ന ഏറ്റവും വലിയ ചോദ്യം രാജ്യത്തെ തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ടാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ബിഎൻഇജിഎ (ഭഗത്‌സിങ് നാഷണൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട്) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് നിരന്തരമായ പ്രക്ഷോഭത്തിന്റെ പാതയിലാണ്. രാജ്യസഭാംഗം ബിനോയ് വിശ്വം, ഈ ആക്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിക്കുകയും ചെയ്തിരുന്നു.


ഇതുകൂടി വായിക്കൂ: റെജിമെന്റല്‍ സമ്പ്രദായം തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍


വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുവാക്കളുടെ രോക്ഷം തണുപ്പിക്കുന്നതിന് വേണ്ടിയുള്ള പുതിയ തട്ടിപ്പാണ് ഒന്നര വർഷംകൊണ്ട് 10 ലക്ഷം പേർക്ക് തൊഴിൽ എന്ന മോഡിയുടെ പുതിയ വാഗ്ദാനം. നോട്ട് നിരോധനം, ജിഎസ്‌ടി, കാർഷിക ബിൽ, മേക്കിങ് ഇൻ ഇന്ത്യ തുടങ്ങിയ ഓമനപ്പേരുകൾ നടപ്പിലാക്കി പരാജയപ്പെട്ട പദ്ധതികളെ പോലെയാണ് അഗ്നിപഥും. എല്ലാ മേഖലകളിലെയുമെന്ന പോലെ ഇന്ത്യൻ സൈന്യത്തെയും ആർഎസ്എസ് വല്ക്കരിക്കുകയാണ് മോഡിയുടെ ലക്ഷ്യം. ഇന്ത്യയിലാകെ വിഭാഗീയത സൃഷ്ടിക്കുന്ന സംഘ്പരിവാർ ഭരണകൂടം ഇന്ത്യയിൽ ദശലക്ഷക്കണക്കിന് വരുന്ന യുവാക്കളെ വഞ്ചിക്കുകയാണ്.

തൊഴിലിനുവേണ്ടി സമരം ചെയ്യുന്ന യുവത്വത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി കൽത്തുറുങ്കിൽ അടയ്ക്കുവാൻ ആണ് തീരുമാനമെങ്കിൽ തെരുവുകൾ കൂടുതൽ സമരമുഖരിതമാകും. ഇടത് യുവജന സംഘടനകൾ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനാണ് നേതൃത്വം നൽകിവരുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രതിപക്ഷ യുവജന സംഘടനകളെയും ഉദ്യോഗാർത്ഥികളെയും തൊഴിലില്ലാതെ ജീവിതം വഴിമുട്ടി നിൽക്കുന്ന ചെറുപ്പക്കാരെയും അണിനിരത്തി മോഡി സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.