ഉക്രെയ്ൻ യുദ്ധത്തിൽ 15,000 റഷ്യക്കാർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) റിപ്പോർട്ട്. 45,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിരവധി ഉക്രെയ്ൻകാരും കൊല്ലപ്പെട്ടതായും സിഐഎ ഡയറക്ടർ വില്യം ബേൺസ് പറഞ്ഞു.
“യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ പ്രകാരം റഷ്യൻ സേനയിലെ 15,000 അംഗങ്ങൾ കൊല്ലപ്പെടുകയും അതിന്റെ മൂന്നിരട്ടി പരിക്കേൽക്കുകയും ചെയ്തു. കീവിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്- കൊളറാഡോയിലെ അസ്പൻ സെക്യൂരിറ്റി ഫോറത്തിൽ ബേൺസ് പറഞ്ഞു.
അതിനിടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്സി, തുർക്കിയ പ്രസിഡന്റ് തയീപ് എർദോഗൻ എന്നീ രാഷ്ട്രനേതാക്കൾ ടെഹ്റാനിൽ കൂടിക്കാഴ്ച നടത്തി. ഉക്രെയ്നിലെ പ്രത്യേക സൈനികനടപടിയെ തുടർന്ന് റഷ്യയ്ക്കുമേൽ യുഎസും യൂറോപ്പും ഉപരോധം ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് മൂന്നു പ്രാദേശിക ശക്തികളായ റഷ്യ, ഇറാൻ, തുർക്കിയ നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്.
സിറിയൻ സംഘർഷത്തെക്കുറിച്ചും ഉക്രെയ്നിലെ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്ന ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ അനുവദിക്കുന്നതിനുള്ള യുഎൻ പിന്തുണയുള്ള നിർദ്ദേശത്തെക്കുറിച്ചും ചർച്ച ചെയ്തു.
റഷ്യൻ വാതക ഭീമനായ ഗാസ്പ്രോം ടെഹ്റാനുമായി സഹകരണ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂവരും നേരിൽ കണ്ടത്. ഇരുരാജ്യങ്ങളുമായി നേരത്തെ സംഘർഷങ്ങളുണ്ടായിരുന്നെങ്കിലും മേഖലയിൽ സ്വാധീനം വർധിപ്പിക്കാനാണ് റഷ്യയുടെ ശ്രമം.
ചർച്ചകൾ ഉപയോഗ പ്രദവും കാര്യപ്രസക്തവുമാണെന്നും സിറിയയിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് നേതാക്കൾ സംയുക്ത പ്രഖ്യാപനം സ്വീകരിച്ചതായും പുടിൻ പറഞ്ഞു. ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കണമെന്നും പുടിൻ പറഞ്ഞു. ധാന്യങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ തുർക്കിയ നടത്തിയ മധ്യസ്ഥ ശ്രമങ്ങൾക്ക് പുടിൻ നന്ദി പറഞ്ഞു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ലെങ്കിലും പുരോഗതി ഉണ്ടായത് നല്ലതാണെന്നും പുടിൻ പറഞ്ഞു.
ഉക്രെയ്ൻ സൈനിക നടപടിക്ക് ശേഷം റഷ്യക്ക് പുറത്തുള്ള പുടിന്റെ രണ്ടാമത്തെ യാത്രയും നാറ്റോ അംഗ നേതാവുമായുള്ള ആദ്യ മുഖാമുഖ ചർച്ചയുമായിരുന്നു ടെഹ്റാനിൽ നടന്നത്.
English summary;US Says 15,000 Russians Killed in Ukraine War
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.