12 May 2024, Sunday

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പും ബിജെപിയുടെ മാംസവിരുദ്ധതയും

പ്രത്യേക ലേഖിക
September 10, 2021 4:05 am

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തർപ്രദേശിൽ രാഷ്ട്രീയ സംവാദങ്ങൾക്ക് ചൂടേറുന്നു. വലിയൊരു വിഭാഗം മാംസ വില്പനക്കാരുടെ ജീവിതം അരക്ഷിതാവസ്ഥയിലാക്കി ആദിത്യനാഥ് കൊണ്ടുവന്ന ഉത്തരവുകളാണ് ഇതിൽ ഒന്ന്. ആരാധനാലയങ്ങളുടെ നൂറ് മീറ്റർ ചുറ്റളവിൽ മദ്യമോ മാംസമോ വിൽക്കരുതെന്ന ചട്ടം മുൻനിർത്തിയുള്ള ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങൾ പക്ഷെ, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ആകെ തകർക്കുംവിധത്തിലാണ്. ഉത്തർപ്രദേശിലെ കൂടുതൽ ഇടങ്ങളിൽ ഇറച്ചിവ്യാപാരവും മദ്യ വില്പനയും നിരോധിക്കാനാണ് പുതിയ നീക്കം. മഥുരയിൽ ഓഗസ്റ്റ് മുപ്പതോടെ മദ്യവും മാംസവും പൂർണമായും നിരോധിച്ചിരുന്നു. ഹരിദ്വാർ, ഋഷികേശ്, വൃന്ദാവൻ, ബർസാന, അയോധ്യ, ചിത്രകൂട് തുടങ്ങിയ സ്ഥലങ്ങളിലും നിരോധന ഉത്തരവുകൾ നിലനിൽക്കുന്നുണ്ട്. ഇവ നടപ്പാക്കുന്നതിനുള്ള മാർഗരേഖകൾ തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ബിജെപി സർക്കാർ.

നിരവധി സാധാരണക്കാരുടെ ഉപജീവന അവകാശത്തിന്റെ ലംഘനമാണ് ഇത്തരത്തിലുള്ള നിരോധനങ്ങൾ. നിയമപരമായി 2004ൽ സുപ്രീം കോടതിയും ഈ അവകാശലംഘനത്തെ എതിര്‍ത്തിട്ടുണ്ട്. ആർട്ടിക്കിൾ 19 (1) (ജി) പ്രകാരം ജനങ്ങൾക്ക് ഏത് ജോലിയും ചെയ്ത് ജീവിക്കാനുള്ള അവകാശത്തെയാണ് ബിജെപിയുടെ നിരോധന ഉത്തരവുകൾ തടസപ്പെടുത്തുന്നത്. എന്നാൽ തീർത്ഥാടകരുടെയും മറ്റു സന്ദർശകരുടെയും താല്പര്യപ്രകാരം ഹരിദ്വാർ, ഋഷികേശ്, മുനി കി റെതി എന്നീ മൂന്ന് സ്ഥലങ്ങളിൽ മദ്യവും മാംസവും കച്ചവടം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ അനുമതിയടക്കം സർക്കാരിനുണ്ടെന്നതും വിചിത്രം. ഈ മൂന്ന് തീർത്ഥാടന കേന്ദ്രങ്ങളും വരുമാനത്തിന്റെയും തൊഴിലവസരങ്ങളുടെയും പ്രധാന ഉറവിടമായിട്ടാണ് യുപി സർക്കാർ കാണുന്നത്. മൂന്ന് സ്ഥലങ്ങളുടെയും മുനിസിപ്പൽ പരിധിക്കുപുറത്തുള്ള പ്രദേശങ്ങളിലും ഗ്രാമങ്ങളിലും സസ്യാഹാരവും മാംസാഹാരവുമായ എല്ലാത്തരം ഭക്ഷ്യവസ്തുക്കളുടെയും വ്യാപാരം തുടരുന്നുണ്ട് എന്നും അത്തരം കച്ചവടക്കാർക്ക് യാതൊരുവിധ ലംഘനങ്ങളും ഏർപ്പെടുത്തിയിട്ടില്ല എന്നുമാണ് യുപി ഭരണകൂടത്തിന്റെ വാദം. കൃഷ്ണന്റെ ജന്മസ്ഥലത്തിന്റെ മഹത്വം സംരക്ഷിക്കുവാൻവേണ്ടി മഥുരയിൽ മദ്യ‑മാംസ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് പാൽ വിൽക്കാനാണ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ നിർദ്ദേശം. ഇത് പ്രായോഗികമായി ബുദ്ധിമുട്ടുകളുണ്ടാക്കുന്നവയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പറഞ്ഞിട്ടുള്ളതും. പാൽ വില്പനയെക്കാൾ വരുമാനം ലഭിക്കുന്ന വ്യാപാരമാണ് മദ്യവും മാംസവും. ഈ കച്ചവടത്തിൽ കാലങ്ങളായി തുടർന്നുപോന്നവർക്ക് പെട്ടെന്ന് അവരുടെ ഉപജീവനമാർഗം മാറ്റുക എന്നത് അസാധ്യമാണ്.

 


ഇതുകൂടി വായിക്കൂ;ജനസംഖ്യാ നയം പുറത്തിറക്കി യുപി സര്‍ക്കാര്‍; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍


 

ബിജെപി സർക്കാരിന്റെ നിരോധന ഉത്തരവുകൾ വ്യാപാരികളെ മാത്രമല്ല, അവ ഉപയോഗിക്കുന്ന പ്രദേശവാസികൾക്കും നഷ്ടമുണ്ടാക്കുന്ന ഒന്നാണ്. 200 രൂപ വിലയുള്ള മാംസം വാങ്ങുന്നതിന് 25 കിലോമീറ്റർ യാത്രചെയ്യേണ്ടിവരും. സ്വന്തമായി വാഹനമുള്ളവർക്ക് ഇപ്പോഴത്തെ നിലയിൽ ഉണ്ടായേക്കാവുന്ന ഇന്ധനചെലവ് നിസാരമല്ല. വാങ്ങുന്ന മാംസത്തേക്കാൾ ചെലവ് യാത്രയ്ക്കായി വരുമെന്നതാണ് വസ്തുത. മാംസവും മാംസേതര ഭക്ഷണവും കഴിക്കുന്നവരുടെ കണക്കുകൾ നിരത്തുമ്പോൾ തന്നെ, ആകെ ജനസംഖ്യയുടെ 70 ശതമാനവും മാംസഭുക്കുകളാണെന്ന് കാണാനാകും. ആളുകൾ‍ എന്ത് ഭക്ഷണം കഴിക്കണം എന്ത് ജോലി ചെയ്യണമെന്നുള്ളത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്. ഈ അവകാശത്തിലാണ് യുപി സർക്കാരിന്റെ കടന്നുകയറ്റം. രാജ്യത്തെ ജനസംഖ്യയിൽ 79.8 ശതമാനം ഹിന്ദുകളും 14.2 ശമാനം മുസ്‌ലിം, 2.3 ശതമാനം ക്രിസ്ത്യൻ, 1.7 ശതമാനം സിഖ് വിഭാഗവുമാണ്. ഇതില്‍ 70 ശതമാനം ആളുകളും മാംസാഹാരത്തെ ഇഷ്ടപ്പെടുന്നവരാണെന്ന് വിവിധ സർവേകളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് പൊതുജനങ്ങളെ വഴിതിരിച്ചുവിടാനാണ് ഉത്തർപ്രദേശ് സർക്കാർ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. മഥുരയിൽ മാംസവും മദ്യവും വിൽക്കുന്നവർക്ക് തൊഴിൽ നൽകുന്നതിന് മുൻഗണന നൽകണമെന്ന ആവശ്യവുമായി സമാജ്‌വാദി പാർട്ടി ഉള്‍പ്പെടെ പ്രതിപക്ഷം സജീവമായി രംഗത്തുണ്ട്. എന്നാൽ ഈ ആവശ്യം നിറവേറ്റപ്പെടുമോ എന്ന കാര്യമാണ് സംശയം.

മുഖ്യമന്ത്രി അടക്കമുള്ളവർ സ്വീകരിക്കുന്ന നിലപാട് പൊതുജനങ്ങൾക്കാകെ അനുയോജ്യമാകുമെന്ന പ്രതീക്ഷ ഉത്തർപ്രദേശിൽ ഇല്ല. പലപ്പോഴും ആദിത്യനാഥിന്റെ പ്രഖ്യാപനവും സർക്കാരിന്റെ ഉത്തരവുകളും ന്യൂനപക്ഷങ്ങൾക്കുനേരെ ആൾക്കൂട്ട ആക്രമണങ്ങൾക്കുള്ള ആഹ്വാനമായി മാറുകയാണ് പതിവ്. മാംസ നിരോധനവും അതിന്റെ പേരിൽ ഇപ്പോഴും തുടരുന്ന അക്രമങ്ങളും ഉദാഹരണമാണ്. മദ്യവും മാംസവും നിരോധിക്കുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശിൽ മാത്രം നൂറുകണക്കിന് വ്യാപാരികൾക്ക് സംഘപരിവാർ സംഘടനക്കാരിൽ നിന്ന് ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് കൂടുതലും ഇരയായവർ മുസ്‌ലിം വിഭാഗക്കാരാണെന്നതാണ് വസ്തുത. മുസ്‌ലിങ്ങളെ സാമൂഹികമായി തന്നെ ഒഴിവാക്കൽ, സാമ്പത്തികമായി അവരെ ബഹിഷ്ക്കരിക്കൽ എന്നിങ്ങനെ ആസൂത്രിതമായ അജണ്ടയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് യുപിയിൽ നടപ്പാക്കുന്നത്. മുസ്‌ലിങ്ങളെ ആസൂത്രിതമായും ജാഗ്രതയോടെയുമാണ് ‘ആൾക്കൂട്ടം’ ആക്രമിക്കുന്നത്. മുസ്‌ലിം വിദ്വേഷം യുപിയിൽ ഭീതിപ്പെടുത്തും വിധം മുഖ്യധാരയിലെത്തിയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. മുസ്‌ലിം വിദ്വേഷ പ്രചാരകർക്ക് ചില കേന്ദ്രങ്ങളിൽ നിന്ന് പ്രതിഫലം തന്നെ നൽകുന്നുണ്ട്. നിരോധനം നിലനിൽ‍ക്കുന്ന പ്രദേശത്തെ ഒരു വ്യക്തി നഗരത്തിൽനിന്നോ മറ്റേതെങ്കിലും സ്ഥലങ്ങളിൽനിന്നോ വീട്ടാവശ്യത്തിനുള്ള മാംസം വാങ്ങിവരുന്നതിനിടെ പരിശോധിച്ച് കൂടുതൽ തൂക്കം ഉണ്ടെന്ന് കാണിച്ച് വിജിലൻസ് മുഖേന കുറ്റംചുമത്തപ്പെടുകയോ അല്ലെങ്കിൽ ക്രൂരമർദ്ദനത്തിന് ഇരയാക്കുകയോ ചെയ്യുകയാണ്. ചിലപ്പോൾ കേടുവന്ന മാംസം കൈവശം വച്ചെന്നായിരിക്കും അക്രമികളുടെ ആരോപണം. വിചിത്രമാണ് സംഘപരിവാറിന്റെയും യുപിയിലെ ഭരണാനുകൂലികളുടെയും ചെയ്തികളെല്ലാം.

മുസ്‌ലിം ജനത തിങ്ങിപ്പാർക്കുന്ന മഥുരയിൽ മാംസവില്പന ഹിന്ദുവിശ്വാസികളെ വേദനിപ്പിക്കുന്നുവെന്ന് പറയുന്ന യുപി സർക്കാർ, തീർത്ഥാടകരും വിനോദസഞ്ചാരികളും വന്നുകൂടുന്ന വരാണസിയിൽ പലഭാഗത്തും മാംസവും മദ്യവും യഥേഷ്ടം വില്പന നടത്താൻ അനുമതിയും നൽകുന്നു. വരാണസിയിലെ ജനസംഖ്യയിൽ 70. 11 ശതമാനവും ഹിന്ദുക്കളാണ്. 28.82 ശതമാനമാണ് മുസ്‌ലിങ്ങൾ. മഥുരയിലെ ആകെ വരുന്ന 3,49,909 ജനങ്ങളിൽ, 2.3 ശതമാനവും മാംസാഹാരം കഴിക്കുന്നവരാണെന്നാണ് 2011ൽ നടന്ന സർവേയുടെ ഫലം. സർക്കാരിന്റെ ഹിന്ദു അനുകൂല പ്രതിച്ഛായ ശക്തിപ്പെടുത്തുകയും 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദു വോട്ടുകൾ കൂടുതൽ ഏകീകരിക്കുകയും ചെയ്യുക എന്നതാണ് ഇവിടെയെല്ലാം ബിജെപിയുടെ ലക്ഷ്യം. പരീക്ഷണങ്ങളൊക്കെ വിജയകരമാണെങ്കിൽ, രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയാകാനുള്ള ആദിത്യനാഥിന്റെ സാധ്യതകളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.