March 31, 2023 Friday

Related news

February 22, 2023
February 12, 2023
February 11, 2023
January 28, 2023
January 28, 2023
January 13, 2023
January 10, 2023
January 1, 2023
December 31, 2022
December 3, 2022

കര്‍ഷകരുടെ വരുമാന വര്‍ധനയ്ക്ക് വഴിയൊരുക്കി ‘വാം’

പി എസ് രശ്‌മി
തിരുവനന്തപുരം
January 28, 2023 10:17 pm

സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ വഴിയൊരുക്കി മൂല്യവര്‍ധിത കൃഷിമിഷന്‍( വാല്യു ആഡഡ് അഗ്രികള്‍ച്ചറല്‍ മിഷന്‍— വാം). കൃഷിവകുപ്പ് “വാം” രൂപീകരിച്ചതോടെ കാര്‍ഷികോല്പന്നങ്ങളെ മൂല്യവര്‍ധിത ഉല്പന്നമാക്കി മാറ്റുന്നതിനും ഇത് വഴി കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനുമുള്ള മാര്‍ഗമാണ് ഒരുങ്ങുന്നത്. കേരളത്തിന്റെ കാർഷിക പരിസ്ഥിതിക്ക് അനുയോജ്യമായ കൃഷി മാതൃകകൾ അവലംബിക്കുന്നതിനും മിഷന്‍ പദ്ധതി തയ്യാറാക്കും.
കാര്‍ഷികോല്പാദനക്ഷമത വര്‍ധിപ്പിക്കുക, ഉല്പന്നസംഭരണം, ഉല്പന്നങ്ങളുടെ വില, മൂല്യവര്‍ധിത പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, മറ്റ് അനുബന്ധ വരുമാനങ്ങള്‍ എന്നിവയില്‍ വര്‍ധനവുണ്ടാക്കുന്നതിന് വാം വഴികാട്ടിയാകും. ഉല്പന്നങ്ങള്‍ക്ക് ഉറപ്പായ വിപണിയാണ് വാമിന്റെ പ്രധാന ലക്ഷ്യം. മൂല്യവര്‍ധിത ഉല്പന്നങ്ങളെ ബ്രാന്‍ഡ് ആയി വികസിപ്പിക്കുന്നതിനും പ്രസക്തമായ സര്‍ട്ടിഫിക്കേഷനുകള്‍ നേടുന്നതിനും വാം സഹായിക്കും. ആഭ്യന്തര, അന്തര്‍ദേശീയ വ്യാപാരവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാനും ഈ മിഷനിലൂടെ സാധിക്കും. 

കാര്‍ഷികമേഖലയില്‍ ഉണ്ടായിട്ടുള്ള പ്രധാനനേട്ടങ്ങള്‍, നിലവിലുള്ള അവസരങ്ങള്‍, വിടവുകള്‍, നയം, വിപണി, സാങ്കേതിക വശങ്ങള്‍ എന്നിവ പരിഗണിച്ച് പ്രധാനമായും ഇടപെടേണ്ട മേഖലകള്‍ കണ്ടെത്തുവാനും സാധിക്കും. അത് വഴി മൂല്യവര്‍ധിതകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആവിഷ്ക്കരിക്കുന്നതിനും കേന്ദ്രീകൃത സമീപനം രൂപീകരിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍, ശുപാര്‍ശകള്‍ എന്നിവയടങ്ങിയ വര്‍ക്കിങ് പേപ്പറും വാം നടത്തിപ്പിനായി അംഗീകരിച്ചു കഴിഞ്ഞു.
ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ കാര്‍ഷിക വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സബ് ആക്ഷന്‍ പ്ലാനുകള്‍ സമര്‍പ്പിക്കുന്നതിനായി സബ് വര്‍ക്കിങ് ഗ്രൂപ്പുകളും റിസോഴ്സ് സപ്പോര്‍ട്ട് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിതമായ ഇടപെടലുകൾ മിഷന്റെ പ്രവർത്തനത്തിൽ ഉണ്ടാകും. 

ഒരു ജില്ല‑ഒരു ഉല്പന്നം, ഒരു ജില്ല- ഒരു ആശയം, ഒരു കൃഷിഭവൻ- ഒരു ഉല്പന്നം എന്നിവയ്ക്കാണ് വാം പ്രാധാന്യം നല്‍കുന്നത്. ഇതിന്റെ വ്യക്തമായ പദ്ധതി രൂപരേഖ ഉടന്‍ തയ്യാറാക്കും. ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ വിതരണത്തിനായി നഴ്സറി ആക്ട് തുടങ്ങിയ നയപരമായ തീരുമാനങ്ങളിലും മിഷൻ ഇടപെടൽ ഉണ്ടാകും.
ഒപ്പം തന്നെ അടിസ്ഥാനസൗകര്യ വികസനം, സ്മാർട്ട് കൃഷിഭവൻ ആശയം, പഞ്ചായത്ത് തലത്തിലുള്ള കൃഷിക്കൂട്ടങ്ങളുടെ ശാക്തീകരണം, ഗ്രീൻ ലേബൽ ഫെസിലിറ്റേഷൻ സെന്ററുകൾ എന്നിവയും മിഷൻ ദൗത്യത്തിന്റെ ഭാഗമാവും. മുഖ്യമന്ത്രി ചെയർപേഴ്സണായും കൃഷി മന്ത്രി, വ്യവസായ മന്ത്രി എന്നിവർ വൈസ് ചെയർ പേഴ്സൺമാരായും കാർഷികോല്പാദന കമ്മിഷണർ കൺവീനറുമായാണ് മിഷൻ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്.

Eng­lish Sum­ma­ry: val­ue added agri­cul­tur­al mis­sion by Ker­ala Government

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.