അഫ്ഗാൻ നോവലിസ്റ്റായ അതീക് റാഹിമിയുടെ Earth and Ashes എന്ന നോവലിനെ മുൻനിർത്തി അധിനിവേശത്തിൻറെ നാനാർത്ഥങ്ങളെക്കുറിച്ച് ഒരന്വേഷണം. സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ യുദ്ധങ്ങൾ വേണ്ടിവരുന്നത് മനുഷ്യവംശത്തിൻറെ പതനങ്ങളിലൊന്നാണ്. എല്ലാ യുദ്ധങ്ങളും ആദ്യം ഭീകരവും പിന്നെ ആകാംഷയും അതുകഴിഞ്ഞാൽ ആഘോഷവും പിന്നെ അവഗണനയുമായി മാറുന്ന ചരിത്രമാണ് നമുക്കുള്ളത്. യുദ്ധഭൂമികളിൽ പിടഞ്ഞൊടുങ്ങുന്ന ജീവിതത്തിൻറെ ദുരിതമുഖങ്ങൾ വല്ലപ്പോഴും കാണുന്ന ഫോട്ടോകൾക്കും ചെറുവിവരണങ്ങൾക്കുമപ്പുറം നാമൊരിക്കലും അറിഞ്ഞിട്ടില്ലല്ലോ. ഇരകളെന്ന വാക്കിൻറെതന്നെ മുനയൊടിഞ്ഞിട്ട് എത്രയോ നാളുകളായി. ചരിത്രത്തെ അതിന്റെ പുറംതോട് പൊളിച്ച് അകത്തേക്ക് കടന്ന് സൂക്ഷ്മമായി പഠിച്ചാലറിയാം അധിനിവേശങ്ങളുടെയും കീഴടക്കലുകളുടെയും യുദ്ധങ്ങളുടെയും പലായനങ്ങളുടെയും ആകെത്തുകയാണതെന്ന്. വിജയിയുടെ വീരകൃത്യങ്ങളാണ് ചരിത്രത്തിൽ നിറഞ്ഞിട്ടുള്ളത്. അല്ലെങ്കിൽ അവർ നൽകിയിട്ടുള്ള അറിവിന്റെ അംഗീകൃത രേഖകളാണ് ചരിത്രത്തിലേറെയുമുള്ളത്. രേഖപ്പെടുത്താനുള്ള അലിഖിതമായ അവകാശം ശിക്ഷിക്കപ്പെടുന്നവനായിരുന്നില്ല, ശിക്ഷകനായിരുന്നല്ലോ എക്കാലത്തും. അധികാരത്തിൻറെ തേർച്ചക്രത്തിനടിയിൽപെട്ട് അരഞ്ഞുപോകുന്ന മനുഷ്യരുടെ നിവലിളികൾക്ക് എന്നും അല്പായുസ്സായിരുന്നു. അധികാരത്തോട് ചേർത്തുവച്ച് വായിക്കേണ്ട വാക്കാണ് അധിനിവേശം. അധികാരം എപ്പോഴും അതിന്റെ വ്യാപ്തി വർദ്ധിപ്പിച്ചുകൊണ്ടിരിക്കും. അത് ഭൂപ്രദേശങ്ങളിൽകൂടി മാത്രമല്ല മസ്തിഷ്കങ്ങളിലൂടെയും അധിനിവേശങ്ങളായി കടന്നുകയറും.
അധികാരം ആദ്യം ഒരു പ്രലോഭനമാവുകയും നേടിക്കഴിഞ്ഞാൽ നിലനിർത്താനുള്ള വ്യഗ്രതയാവുകയും പിന്നീടത് കീഴടക്കലിനുള്ള ഭ്രാന്തമായ ആവേശമായി മാറുകയും ചെയ്യും. അപ്പോഴാണ് യുദ്ധത്തിൻറെയും അധിനിവേശത്തിൻറെയും പ്രേതാവേശം അധികാരികളിൽ സംഭവിക്കുന്നത്. അധികാരത്തോടുള്ള ഉന്മാദമാണ് കീഴടക്കലിനുള്ള ഭ്രാന്തായി പരിണമിക്കുന്നത്. ഈ ഭ്രാന്താണ് റഷ്യയ്ക്കുള്ളത്, അമേരിക്കയ്ക്കുള്ളത്. ഇസ്രയേലിനുള്ളത്. അധികാരംകൊണ്ട് മത്തു പിടിച്ച ഏതെങ്കിലുമൊരു ഭ്രാന്തൻറെ ചിന്താഭ്രംശം ലക്ഷക്കണക്കിനു മനുഷ്യരെ മാത്രമല്ല നശിപ്പിക്കുന്നത്, നൂറ്റാണ്ടുകളിലൂടെ മനുഷ്യൻ ആർജ്ജിച്ചെടുത്ത സംസ്ക്കാരത്തെയാകെത്തന്നെയാണ്. ഏറ്റവും ഒടുവിലായി യുക്രെയിനിലെ റഷ്യൻ കടന്നുകയറ്റത്തിൽ നാമതാണ് കണ്ടുകൊണ്ടിക്കുന്നത്. തൻറെ തോക്കിനുമുന്നിൽ ഇരയായി നിൽക്കുന്ന മനുഷ്യൻ ഒരിക്കലും തന്റെ ശത്രുവല്ലെന്നും നിരപരാധിയാണെന്നും അറിഞ്ഞുകൊണ്ട്തന്നെ അയാൾക്ക്നേരെ കാഞ്ചിവലിക്കേണ്ടിവരുന്ന പട്ടാളക്കാനും ഒരർത്ഥത്തിൽ തനിക്ക് മുകളിലെ ഒരധികാര കേന്ദ്രത്തിനുവേണ്ടി ഇരയാക്കപ്പെടുന്നവനല്ലേ?
ഏതു യുദ്ധത്തിനു ശേഷവും നമ്മുടെ ചർച്ചകളിൽ നിറയുന്നത് വേട്ടക്കാരൻറെ നിലപാടുകളാണ്. ഇരകളെക്കുറിച്ചുള്ള വാർത്തകൾക്ക് ആയുസ് കുറവാണ്. ഒരു ബാധ്യത പോലയാണ് നാമവരെക്കുറിച്ച് ചർച്ച ചെയ്യുന്നത്. യുദ്ധങ്ങളുടെയും അധിനിവേശത്തിൻറെയും നിർദ്ദയമായ കടന്നാക്രമണങ്ങളുടെ ഇരകളെയും ജീവിക്കുന്ന രക്തസാക്ഷികളെയും കുറിച്ച്, ജീവൻ നിലനിർത്താൻ വേണ്ടി പലായനത്തിൻറെ ദുരന്തവഴികൾ തെരഞ്ഞെടുക്കാൻ വിധിക്കപ്പെട്ടവരെക്കുറിച്ച്, ഹൃദയം തകർക്കുന്ന അവരുടെ നിശ്ശബ്ദവിലാപങ്ങളെക്കുറിച്ച് അപൂർവ്വം ചില ചരിത്രാന്വേഷികളും എഴുത്തുകാരും പറയുമ്പോഴാണ് നാം ഓർമ്മിക്കുന്നത്. ഇത്തരമൊരോർമ്മപ്പെടുത്തലാണ് അഫ്ഗാൻ നോവലിസ്റ്റായ അതീക് റാഹിമിയുടെ Earth and Ashes എന്ന നോവൽ. ഒരു ഭാവഗീതംപോലെ സാന്ദ്രവും സൗമ്യവുമായി നീങ്ങുന്ന ഈ നോവൽ ഒടുവിൽ വായനക്കാരുടെ ഹൃദയത്തിൽ നിസ്സഹായതയും നിലവിളിയുംകൊണ്ട് തീർത്ത ഒരു വാൾ കുത്തിയിറക്കുന്നു.
അധിനിവേശകാലത്ത് റഷ്യൻ സൈന്യം തകർത്ത് ചാരമാക്കിയ ഒരഫ്ഗാൻ ഗ്രാമത്തിൽ ഒരച്ഛനും അയാളുടെ പേരക്കുട്ടിയും മാത്രം ബാക്കിയാകുന്നു. അകലെയെവിടെയോ ഖനിയിൽ ജോലിചെയ്യുന്ന അയാളുടെ മകൻ മുറാദിനെ ഉറ്റവരുടെ മരണമറിയിക്കാനായി ചെറുമകനോടൊപ്പം യാത്രതിരിക്കുന്ന ദസ്തഗീർ എന്ന വൃദ്ധന്റെ അനുഭവസാക്ഷ്യങ്ങളിലൂടെയും ആത്മസംഘർഷങ്ങളിലൂടെയും മുന്നോട്ടു നീങ്ങുന്ന നോവൽ അധിനിവേശാനന്തര അഫ്ഗാനിസ്ഥാൻറെ ദയനീയ ചിത്രം കൂടിയാകുന്നു. എന്നാൽ വിശാലമായ കാഴ്ചപ്പാടിൽ നിരീക്ഷിക്കുമ്പോൾ നോവലിൽനിന്ന് അഫ്ഗാൻ അപ്രത്യക്ഷമാവുകയും ഏതൊരു അധിനിവേശഭൂമിയുടെയും നേർചിത്രമായി, ബാക്കിപത്രമായി നോവൽ മാറുകയും ചെയ്യുന്നു.
ഖനിയിലെത്തിച്ചേരുന്ന ദസ്തഗീർ ആശങ്കകളുടെയും സംശയങ്ങളുടെയും നിഴൽ നാടകത്തിനാണ് സാക്ഷിയാകുന്നത്. മകൻ ജീവിച്ചിരിപ്പുണ്ടോ എന്ന് കൃത്യമായി വിശ്വസിക്കാൻ അയാൾ ബുദ്ധിമുട്ടുന്നു. പക്ഷേ അധികാരികൾ അയാളുടെ സഹായത്തിനെത്തുന്നു. മകൻ ജീവിച്ചിരിപ്പുണ്ടെന്നും മകനെ ഗ്രാമത്തിലേക്ക് മടങ്ങിവരാൻ അനുവദിക്കാതിരുന്നത് അവൻറെ ജീവനും അപകടത്തിൽ പെടുമെന്നതുകൊണ്ടാണെന്നും ഇപ്പോഴവൻ ഖനിക്കകത്താണെന്നും ഫോർമാൻ വിശദീകരിക്കുന്നു. സ്വന്തം അമ്മയും ഭാര്യയും സഹോദരനും സംഭവിച്ച അത്യാഹിതം മുറാദ് അറിഞ്ഞിരുന്നെന്ന്കൂടി ഫോർമാൻ അറിയിക്കുന്നു. അതോടെ ദസ്തഗീർ തകർന്നുപോകുന്നു. എന്തുകൊണ്ടവൻ പ്രിയപ്പെട്ട മകനെക്കാണാൻ, പിതാവിനെക്കാണാൻ ഗ്രാമത്തിലേക്ക് വന്നില്ല എന്ന ചോദ്യം അയാളുടെ സ്വാസ്ഥ്യം കെടുത്തുന്നു. മുറാദ് സുഖമായിരിക്കുന്നുവെന്നും അവൻ ഖനിയിൽ ജോലിക്ക് പോയിരിക്കുകയാണെന്നും പറയുന്ന ഫോർമാൻ ദസ്തഗീർ മുറാദിൻറെ പിതാവാണെന്നറിയുമ്പോൾ തരിച്ചിരിക്കുന്നതെന്തിനാണ്? അയാളുടെ കയ്യിൽനിന്നും പേന മേശപ്പുറത്തേക്ക് വീഴുന്നതെന്തിനാണ്? അന്തരീക്ഷത്തിൽ കനത്ത മൂകത നിറയുന്നതെന്തുകൊണ്ടാണ്?
ഖനി ഒരു ബിംബമായി മാറുകയാണിവിടെ. അധികാരത്തിൻറെ ആഴങ്ങൾക്കുള്ളിലെ രഹസ്യങ്ങളുടെ കലവറ. അധികാരത്തിൻറെ കനത്ത വാതിൽപ്പടി കടന്ന് അകത്തേക്ക് ആർക്കും കടക്കാനാകാത്തവിധം സുരക്ഷിതമാണത്. തന്റെ മകനെക്കാണാനുള്ള ഒടുങ്ങാത്ത ദാഹവുമായെത്തുന്ന ദസ്തഗീർ അവനെക്കാണാനാകാതെ മടങ്ങുകയാണ്. താൻ ജീവിച്ചിരിക്കുന്നുവെന്നതിൻറെ അടയാളമായി തൻറെ കൈവശമുള്ള പുകയിലപൈപ്പ് മകന് നൽകാനായി ഫോർമാനെ ഏൽപ്പിച്ച് അയാൾ മടങ്ങുന്നു, കൊച്ചുമകനുമായി വീണ്ടും ഗ്രാമത്തിൽ മകനെക്കാത്തിരിക്കാൻ. വണ്ടി കാത്തുനിൽക്കാതെ, പതുക്കെ കുനിഞ്ഞ് ചാരനിറമാർന്ന ഒരുനുള്ള് മണ്ണ് നുള്ളിയെടുത്ത് നാവിനടിയിൽ വച്ച് അയാൾ നടക്കുകയാണ്.
ചരിത്രം ആവർത്തിക്കുന്നെന്ന് ഒരു ശൈലിപോലെ നാം പറയാറുണ്ട്. പക്ഷേ ചരിത്രത്തിന് ഒരിക്കലും തനിയാവർത്തനം സാദ്ധമല്ല. എന്നാൽ പുതിയ രൂപത്തിലും ഭാവത്തിലും ഒരേ ലക്ഷ്യത്തിലൂടെ ആവർത്തിച്ച് സഞ്ചരിക്കാൻ അതിനു കഴിയും. അഫിഗാനിസ്ഥാന് ശേഷം യുക്രൈൻ. അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. അപ്പോഴും നാം യുദ്ധത്തിനെതിരായും സമാധാനത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടേയിരിക്കും. വാക്കുകൾക്ക് സംസവേദനക്ഷമത ഇല്ലായിപ്പോകുന്ന സന്ദർങ്ങളിലൊന്നാണിത്. അഫ്ഗാനിസ്ഥാൻറെ സ്ഥാനത്ത് ഇറാക്കോ, പലസ്തീനോ യുക്രൈനോ ആയാലും മണ്ണിനും ചാരത്തിനും പറയാനുള്ളത് ഒരേ കഥ തന്നെയയാരിക്കും. വെട്ടിപ്പിടിക്കലിൻറെ തത്വശാസ്ത്രത്തിന് ഹൃദയവും മനസ്സുമില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ഹൃദയവും ചിന്തയും അതിനു മനസ്സിലാകില്ല. പ്രത്യയശാസ്ത്ര ശാഠ്യങ്ങളുടെയും മതവിശ്വാസങ്ങളുടെയും പിൻബലത്തിൽ ഭ്രാന്തമായ ആവേശത്തോടെ ലോകമെമ്പാടും കൊന്നൊടുക്കിയ ലക്ഷക്കണക്കിന് മനുഷ്യാത്മാക്കളോട് പിൽക്കാലത്ത് ചരിത്രത്തിന്റെ ശവക്കുഴികളിൽ വീണുപോയവർ എന്തു സമാധാനം പറയും? അതീക് റാഹിമിയുടെ കഥാപാത്രം വേട്ടക്കാരോട് പൊട്ടിത്തെറിക്കുന്നില്ല. അമർഷത്തിൻറെ തീപ്പുക പുറത്തേക്ക് തുപ്പുന്നില്ല. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു സങ്കടമാണയാൾ. ഉള്ളിലൊതുക്കിയിരിക്കുന്ന ഈ മഹാവേദനയെ മൗനത്തിൻറെ സമുദ്രസാന്നിദ്ധ്യംകൊണ്ട് അയാൾ മറികടക്കുകയാണ്. ഒരു സാധാരണ മനുഷ്യന് മറ്റെന്താണ് ചെയ്യാൻ കഴിയുന്നത്?
ഖനിയിലേക്കുള്ള വണ്ടിയും കാത്തിരിക്കുന്ന വേളയിൽ അയാളിലേക്ക് കാരുണ്യത്തിൻറെ ജലകണമിറ്റുന്ന മിർസാഖാദിറിൻറെ കടയിലെ ചുവരിൽ ഒരു പെയിന്റിംഗ് കാണാം. വലിയൊരു പാറയ്ക്കുപിന്നിൽ ഒരു പിശാചിനെ ബലമായി പിടിക്കുന്ന ഒരാൾ. അവർ ഇരുവരും അഗാധമായ ഒരു കുഴിയിൽ വീണുകിടക്കുന്ന ഒരു വൃദ്ധനെ നോക്കുകയാണ്. ഈ ചിത്രം ദസ്തഗീറിൻറെ ജീവിതത്തിലേക്കുള്ള ഒരു സൂചകമാണ്. കുഴിയിൽ വീണുകിടക്കുന്ന വൃദ്ധൻ ദസ്ദഗീറിനെതന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. കുഴിയിലേക്ക് നോക്കുന്ന ഒരാൾ വേട്ടക്കാരൻറെയും മറ്റെയാൾ രക്ഷകൻറെയും പ്രതിരൂപങ്ങളാകുന്നു. കുഴിയിൽനിന്ന് രക്ഷപെട്ടാലും വൃദ്ധന് പിശാചിൽനിന്ന് രക്ഷപ്പെടുക ദുഷ്കരം. ഇത്തരമൊരു വിഷമസന്ധിയുടെ അഗാധതയിലാണ് ദസ്തഗീർ. പരമമായ നിസ്സഹായതയുടെ ആൾരൂപമായ അയാൾ അധിനിവേശത്തിൻറെ അധികാരഭ്രാന്തിനോട് നിസ്സഹായതകൊണ്ട് പ്രതിരോധം തീർക്കുന്നു. നിസ്സഹായന്റെ ആയുധമാണല്ലോ മൗനം.
ബോംബാഗ്രമണത്തിൽ കേഴ്വിശക്തി നഷ്ടപ്പെട്ടുപോയ കുട്ടിയായ യാസീൻ നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നു. അവന് യാതൊന്നും കേൾക്കാനാകുന്നില്ല. പക്ഷേ അതവനറിയുന്നില്ല. തനിക്ക് കേൾക്കാനാകാത്തത് മറ്റുള്ളവർക്ക് സംസാരശേഷി നഷ്ടപ്പെട്ടതുകൊണ്ടാണെന്നാണ് കുട്ടിയുടെ വിചാരം. റഷ്യക്കാർ തങ്ങളുടെ ശബ്ദം അപഹരിച്ചുകൊണ്ട്പോയതെന്തിനാണെന്ന് അവന് മനസ്സിലാകുന്നില്ല. സംസാരം പ്രതിഷേധത്തിൻറെയും പ്രതിരോധത്തിന്റെയും പ്രകടനോപാധിയാണ്. ഏത് അധിനിവേശവും ആദ്യം ഭാഷയുടെ സംവേദനതലങ്ങളെ മരവിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. യുദ്ധം എല്ലാവരുടെയും ശബ്ദത്തെ അപഹരിച്ചുകൊണ്ടുപോയി എന്ന കുഞ്ഞുയാസീൻറെ നിഷ്ക്കളങ്കമായ ചിന്തയിലൂടെ അതീക്റാഹിമി ഈ യാഥാർത്ഥ്യത്തെ തീവ്രമായ അനുഭവമാക്കുന്നു.
അധികാരത്തിൻറെ കടന്നാക്രമണങ്ങൾക്ക് യുക്തിഭദ്രമായ വിശദീകരണം അസാദ്ധ്യമാണ്. ഏതു വേട്ടക്കാരനും അവന്റേതായ ശരികളുണ്ട്. അഫ്ഗാനിസ്ഥാൻറെ മണ്ണിലേക്ക് ഇരച്ചുകയറിയ റഷ്യൻ ടാങ്കുകൾക്കുള്ളിലെ സൈനികർക്കും തങ്ങളുടെ ഇരകളാകുന്ന മനുഷ്യർ ചെയ്ത കുറ്റമെന്തെന്ന് അറിയില്ല. അവർ ബലിയുടെ നിയമം നടപ്പാക്കുന്നു. ബലിയർപ്പിക്കുമ്പോൾ തൊണ്ടയിൽ ചോര കാണും. അല്ലെങ്കിൽ കൈകളിൽ. അതിനെക്കുറിച്ചവർ ആശങ്കപ്പെടുന്നേയില്ല. റഷ്യക്കാർ നിങ്ങളെ ആക്രമിച്ചതെന്തിനെന്ന മിർസാഖാദിറിൻറെ ചോദ്യത്തോട് ദസ്തഗീർ പ്രതികരിക്കുന്നതിങ്ങനെയാണ്: ”എൻറെ സഹോദരാ, എന്തുകൊണ്ടാണ് എന്തെങ്കിലും സംഭവിക്കുന്നതെന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടെങ്കിൽ, അതറിയാനായി പരേതാത്മാക്കളെ സംസാരിപ്പിച്ചുതുടങ്ങേണ്ടിവരും. ” ഏതു യുദ്ധത്തിലെയും ഇരകളുടെ സാക്ഷ്യമാണിത്. നിപരാധികളായ ഞങ്ങളുടെ ശിരസിലേക്ക് എന്തിനാണ് തീബോംബ് വർഷിക്കുന്നതെന്ന ചോദ്യത്തിന് ഇന്നുവരെ ഒരധികാരകേന്ദ്രത്തിനും മറുപടി നൽകാനായിട്ടില്ല. നിങ്ങളുടെ വാക്കുകൾ കേൾക്കപ്പെടുന്നില്ലെങ്കിൽ പീന്നീടത് കണ്ണീരായി മാറുന്നു എന്ന ദസ്തഗീറിൻറെ വാക്കുകൾക്ക് പിന്നിൽ ഇരമ്പിമറിയുന്ന എത്രയോ കണ്ണീരിൻറെ സമുദ്രസാന്നിദ്ധ്യങ്ങളുണ്ട്?
മകൻറെ ഭാര്യ കുളിച്ചുകൊണ്ടുനിൽക്കുമ്പോഴാണ് തൊട്ടടുത്ത് ബോംബ് സംഹാരസാന്നിദ്ധ്യമറിയിക്കുന്നത്. കുളിമുറിയിൽനിന്ന് നഗ്നയായി ഇറങ്ങിയോടുന്ന അവൾ അഗ്നിക്കിരയാകുന്നത് നിസ്സഹായതയോടെ കണ്ടുനിൽക്കുന്ന ദസ്തൻറെ ഉറക്കത്തിൽ പിന്നീട് തീയും ചാരവും അട്ടഹാസങ്ങളുമാണ്. കണ്ണുകൾക്ക് മറ്റൊന്നും കാണാനാകുന്നില്ല. ഇടയ്ക്കയാൾ ചിന്തിച്ചുപോകുന്നു, ഒരു കുഞ്ഞിനെപ്പോലെ കിടന്നുറങ്ങാൻ കഴിഞ്ഞെങ്കിൽ എന്ന്. ഒരു ദിവസം, ഒരു മണിക്കൂർ, ഒരു മിനിറ്റ് അല്ലെങ്കിൽ ഒരു സെക്കൻറെ ജീവിതം തളിരണിഞ്ഞെങ്കിലെന്ന്. ഇരമ്പിപ്പായുന്ന ബോംബർ വിമാനങ്ങളുടെയും പൊട്ടിച്ചിതറുന്ന ഷെല്ലുകളുടെയും മധ്യത്തിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ പേടിച്ചുപേടിച്ചു നീങ്ങുന്നവൻറെ ഏറ്റവും വലിയ ആഗ്രഹമാണത്. പക്ഷേ അയാളുടെ സ്വപ്നങ്ങൾക്ക്മേൽ അധികാരത്തിൻറെ തണൽമരമില്ലാത്തതിനാൽ എല്ലാ ആഗ്രഹങ്ങളും അസ്ഥാനത്താണെന്ന് അയാൾ തിരിച്ചറിയുന്നു. ഈ തിരിച്ചറിവാണ് അയാളെ സഹനത്തിന്റെ ആൾരൂപമാക്കുന്നത്. അധിനിവേശത്തിനെതിരായ മുദ്രാവാക്യങ്ങൾ അതീക് റാഹിമിയുടെ നോവലില്ല. പ്രതിഷേധത്തിന്റെ അഗ്നിയില്ല. കെടുതികളുടെ നീണ്ട സ്ഥിതിവിരക്കണക്കുകളില്ല. ബൗദ്ധികചർച്ചകളുടെ പ്രദർശനശാലയില്ല. പകയുടെയും പകരംവീട്ടലിന്റെയും ദൃഢനിശ്ചയങ്ങളില്ല. മറിച്ച് അധിനിവേശത്തിൻറെ കൂറ്റൻ ടാങ്കുകൾക്കു കീഴിൽ ചതഞ്ഞരഞ്ഞുപോയ മനുഷ്യരുടെ, ഇനിയും ബാക്കിനിൽക്കുന്നവരുടെ നിസ്സഹായതയും ശബ്ദമില്ലാത്ത നിലവിളിയും ഉറവറ്റാത്ത കണ്ണീരിന്റെ നനുത്ത സ്പർശവും മാത്രമാണുള്ളത്. പക്ഷേ അവ സൃഷ്ടിക്കുന്ന അദൃശ്യമായ ഒരു വൈകാരികലോകമുണ്ട്. അത് അധിനിവേശത്തിൻറെ രാഷ്ട്രീയബോധ്യങ്ങൾക്കെതിരായ മാനവികതയുടെ നൈതികബോധമാണ്. ബലിയാടാക്കപ്പെടുന്നവൻറെ ജീവിതത്തിന് പാഠഭേദങ്ങളില്ലെന്നും അവരുടെ നിലവിളിക്ക് ഒരേ ശബ്ദമാണെന്നും അവരുടെ സ്വപ്നങ്ങൾക്ക് ഒരേ നിറമാണെന്നും അവരുടെ മൗനത്തിന് ഒരേ ഭാഷയാണെന്നും ‘എർത്ത് ആന്റ് ആഷസ്’ നമുക്ക് പറഞ്ഞുതരുന്നു. പൊട്ടിത്തെറിക്ക് മുമ്പുള്ള മൗനത്തിന്റെ തീവ്രതയെന്തെന്ന് ഈ പുസ്തകം വായിക്കുമ്പോൾ നാമറിയുന്നു. പുറത്തേക്ക് കുതിക്കാൻ വെമ്പിനിൽക്കുന്ന ഒരാന്തരികയുദ്ധം മൗനത്തിൻറെ ആഴങ്ങളിൽ രൂപം കൊള്ളുന്നുണ്ട്. അതുകൊണ്ട്തന്നെ എല്ലാ മൗനവും നിഷ്ക്രിയതയാണെന്ന് നാം തെറ്റിദ്ധരിക്കരുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.