3 December 2024, Tuesday
KSFE Galaxy Chits Banner 2

നീ വായിക്കുന്നത് എന്റെ ജീവിതംകൂടിയാണ്

Janayugom Webdesk
June 12, 2022 2:00 am

ഒരിക്കൽ നീ എന്നോട് ചോദിക്കും, എന്റെ ജീവിതമോ നിന്റെ ജീവിതമോ പ്രധാനമെന്ന്. ഞാൻ പറയും എന്റേതെന്ന്. അപ്പോൾ എന്റെ ജീവിതം നീ തന്നെയായിരുന്നു എന്നതറിയാതെ നീ നടന്നകലും.
- ഖലീൽ ജിബ്രാൻ

കവിതയെ വഴിനടത്തുകയാണ് ഒരു കവി. മനസ്സുകളിൽനിന്നും മനസ്സുകളിലേക്ക്. ചില്ലലമാരയിൽനിന്നും പുസ്തകത്താളുകളിൽനിന്നും കവിതയെ മോചിപ്പിച്ച് അത് ആസ്വാദകരിലേക്ക് ഒരു സംഗീതംപോലെ എങ്ങനെ സന്നവേശിപ്പിക്കാമെന്നാണ് ഈ കവി ചിന്തിക്കുന്നത്. ഒരു പക്ഷേ കവിതയുമായുള്ള ഈ യാത്രതന്നെയാണ് കവിക്ക് ജീവിതവും. കവിതകൾ തേടിയുള്ള ഒരുതരം ഒഴുകൽ. പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളോരോന്നും പതിനായിരക്കണക്കിന് കോപ്പികൾ വിറ്റഴിച്ച മലയാളത്തിലെ ശ്രദ്ധേയനായ യുവകവിയാണ് പി ആർ രതീഷ്. ഇതെല്ലാം വായനക്കാരിലേക്കെത്തിയത് പുസ്തകച്ചന്തകൾ വഴിയോ പുസ്തകക്കടകൾ വഴിയോ ഒന്നുമല്ല. തന്റെ കവിതാസമാഹാരങ്ങളുമായി ഒറ്റയാനായി കവി വായനക്കാരെ തേടി നേരിട്ടെത്തുകയാണ്. ഒരുപക്ഷെ മറ്റ് മലയാള കവികളിൽനിന്നും രതീഷിനെ വേറിട്ടു നിർത്തുന്നതും ഇതു തന്നെയാണ്. കേരളത്തിലങ്ങോളമിങ്ങോളം സൗഹൃദബന്ധങ്ങളുള്ള രതീഷ് തന്റെ പുസ്തകങ്ങളുമായി എത്തിച്ചേരാത്ത പ്രദേശങ്ങൾ വിരളമാണ്. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ രതീഷ് പരിചയപ്പെട്ടത്ര മനുഷ്യരേയും കാത്തുസൂക്ഷിക്കുന്ന സൗഹൃദങ്ങളേയും മറ്റൊരു കവിയിലും കണാൻ കഴിഞ്ഞെന്നുവരില്ല.

മലയാള കവിതയിൽ തന്റേതുമാത്രമായ ഒരു വഴിയാണ് പി ആർ രതീഷ് വെട്ടിത്തെളിച്ചിരിക്കുന്നത്. കവിതയെ ജനഹൃദയങ്ങളിൽനിന്നും അകറ്റി ചില്ലുകൂടുകളിലാക്കിയവർക്കെതിരേയുള്ള കലാപമാണ് രതീഷിന്റേത്. ജനങ്ങൾക്ക് നഷ്ടപ്പെട്ട കവിതയെ അവരിലേക്ക് തിരിച്ചെത്തിക്കുക എന്ന ദൗത്യമാണ് അദ്ദേഹം നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത് മുയിപ്പോത്ത് പടിഞ്ഞാറെ രയരോത്ത് പി ആർ രതീഷിന്റെ പണി പൂർത്തിയായ വീടിന്റ പേരും ‘കവിത’ എന്നു തന്നെയാണ്.

ഒരു അഭിമുഖത്തിൽ രതീഷ് പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ കവിതയിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. അദ്ദേഹം എപ്പോഴും പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ‘പ്രണയം എപ്പോഴും അവസാനിക്കാത്ത കലാപത്തെക്കുറിച്ച് പറയുന്നു’.
‘ഇല്ലാത്ത ദൈവത്തിന്റെ പേരിലല്ല
വിശക്കുന്ന മനുഷ്യന്റെ വേദനയിലേക്കാണ്
ഞാൻ കവിതയുമായി കടന്നു ചെല്ലുന്നത്’ എന്നാണ് കവി വ്യക്തമാക്കുന്നത്.
കവിതയിൽ ജീവിതമുണ്ടാകണം. പദ്യമെന്നോ ഗദ്യമെന്നോ അതിന് അതിർവരമ്പിടേണ്ട കാര്യമില്ല. വരിമുറിച്ചെഴുതിയാൽ കവിതയാണന്നു ധരിക്കുന്ന യുവകവികൾ നമ്മുടെ കൂട്ടത്തിലുണ്ട്. നല്ല വായനക്കാർക്ക് കവിത മതി. കവിതയെ രാഷ്ട്രീയമായി കാണുന്ന ഒരു സമൂഹം എന്നു നിലവിൽ വരുന്നുവോ അന്ന് ഈ നാട്ടിൽ നിറയെ പൂക്കൾ വിടരും. കടലിന്റേയും കവിതയുടേയും ആഴമളന്നവർ ആരുമില്ല.
കർഷക പ്രക്ഷോഭത്തിലുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായി മാറിയ കൂത്താളി ഉൾപ്പെടുന്ന മുയിപ്പോത്ത് പ്രദേശത്തെ കമ്മ്യൂണിസ്റ്റ് കുടുംബാംഗമാണ് രതീഷ്.
വടകര തിരുവള്ളൂർ ഹൈസ്കൂളിലേയും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പഠനത്തിനു ശേഷം മധ്യപ്രദേശിൽ നിന്നും സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് പൂർത്തിയാക്കി. എന്നാൽ രതീഷ് തെരഞ്ഞെടുത്തത് കവിതയുടെ വഴിയായിരുന്നു. വീട് എന്നത് കവിയ്ക്ക്
‘വല്ലപ്പോഴും
കയറിപ്പോകുവാനും
ഇടയ്ക്ക്
ഇറങ്ങിയോടുവാനുമുള്ള ഒരിടം മാത്രം’
കനൽ പെയ്യുന്ന മേഘങ്ങൾ, നദികളുടെ വീട്, മറക്കുക വല്ലപ്പോഴും, രക്തസാക്ഷിയുടെ വീട്, വാടക വീട്, നട്ടുച്ചയുടെ വിലാസം, പ്രണയ മഹൽ എന്നിവയാണ് രതീഷിന്റ പ്രസിദ്ധീകരിച്ച കവിതാ സമാഹരങ്ങൾ. മഴയുടെ ജഢം, പി ആർ രതീഷിന്റെ കവിതകൾ എന്നിവ അച്ചടിയിലാണ്.
കഴിഞ്ഞ ഇരുപത് വർഷത്തിനിടെ സംസ്ഥാനത്തങ്ങോളമിങ്ങോളമായി കവിയരങ്ങുകൾ ഉൾപ്പെടെ അയ്യായിരത്തോളം സാംസ്കാരിക പരിപാടികളിലാണ് രതീഷ് ഇതിനകം പങ്കെടുത്തത്. പ്രസിദ്ധീകരിച്ച കവിതാ സമാഹരങ്ങളെല്ലാം പത്തും പതിനൊന്നും പതിപ്പുകളിലെത്തി നിൽക്കുന്നു. സാംസ്കാരിക പരിപാടികൾക്കെത്തുമ്പോഴെല്ലാം വലിയ പുസ്തകസഞ്ചിയും ചുമന്നായിരിക്കും രതീഷ് എത്തുക. ചടങ്ങിനിടെ പുസ്തക വില്പനക്കാരനാകും, കവിത തനിക്ക് ജീവിതം തന്നെയാണല്ലോയെന്ന ഭാഷ്യത്തോടെ.
രതീഷ് കവി മാത്രമല്ല, പുസ്തക പ്രസാധകൻ കൂടിയാണ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വെയിൽ ബുക്സ് ഇതിനകം മുപ്പതോളം കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രതീഷ് എഡിറ്ററായുള്ള ഉറവ് പബ്ലിക്കേഷൻ ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളം ഏറ്റുവാങ്ങിക്കഴിഞ്ഞവയാണ് രതീഷിന്റെ കവിതകൾ. പ്രണയിക്കുകയും കരയിക്കുകയും ഉള്ള് പൊള്ളിക്കുകയും ചെയ്യുന്നവ. പ്രണയവും വിരഹവും വിശപ്പും വിപ്ലവവുമെല്ലാം രതീഷിലൂടെ കവിതയായി പെയ്യുന്നു. വാക്കുകൾക്ക് മൂർച്ച വേണമെങ്കിൽ അക്ഷരങ്ങൾ ചെത്തിക്കളയണമെന്ന് വിശ്വസിക്കുന്ന രതീഷിന്റ കവിതകളേറെയും രണ്ടോ നാലോ വരികളിലൊതുങ്ങുന്നു.
നിലവിളികൾക്കിടയിൽ കിട്ടാതെപോയ വാക്കുകളാണ് രതീഷിന് കവിത.
നീ തരാതെ പോയ
ജീവിതമാണെന്നു കവിത
നീ തന്നുപോയ
ചുംബനമാണെന്റെ വഴി വെളിച്ചം
നീ പങ്കിടാതെപോയ
കരച്ചിലാണെന്റെ രാവിറക്കങ്ങൾ
ഏതു വേനലിലും
നീ മഴയാവണം
പൂർത്തിയാവാത്ത നമ്മുടെ പ്രണയം
വാടാതിരിക്കുവാനായി.
(വേനലിലൊരു മഴ )
വലുതായാൽ അരാകണമെന്ന ടീച്ചറുടെ ചോദ്യത്തിന്
ഉത്തരമുണ്ടായിരുന്നില്ല
മാതൃകകളൊന്നും മനസ്സിലില്ലായിരുന്നു
വലുതായി
കൂടെ പഠിച്ച ആരും ഒന്നുമായില്ല
ടീച്ചറെ ഇന്നലെ ചന്തയിൽ കണ്ടു
ആ പഴയ ചോദ്യം ഞാൻ ഓർത്തു
ടീച്ചറേ, ഒന്നുമല്ലാതെ പോയവരുടേത് കൂടിയല്ലേ ചരിത്രം.
(തോറ്റവന്റെ ചരിത്രം)
ചരിത്രത്തിലേക്ക് കടന്നു വന്നവരുടെ ചരിത്രം മാത്രമാണ് നമ്മുടേത്. ചരിത്രത്തിലില്ലാത്തവരുടെ ചരിത്രം ആരുടെ കൈയ്യിലാണ്? ഇതാണ് കവി നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്നത്.
നാട്ടിടവഴികളും നാട്ടുകൂട്ടങ്ങളും കാവ്യാത്മകമാക്കുന്ന സഞ്ചാര പ്രിയനാണ് രതീഷ്. രതീഷിനെപ്പോലെ നിരന്തരം യാത്ര ചെയ്യുന്ന കവികൾ വിരളമാണ്. പ്രണയത്തിനെ എത്രയും ഭാവതീഷ്ണമായി അവതരിപ്പിച്ച കവിതയാണ് രതീഷിന്റെ ‘പ്രണയമഴ. ’ പ്രണയത്തേയും മഴയേയും കോർത്തിണക്കി എഴുതിയ കവിത
‘ഒരിക്കൽ പെയ്താൽ മതി
ജീവിതം മുഴുവൻ ചോർന്നൊലിക്കാൻ’
എന്ന വരികളിലൂടെ എപ്പോഴും ചോർന്നൊലിക്കാവുന്ന പ്രണയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.
വായിക്കുമ്പോൾ രണ്ടു വരിയും വായിച്ചു കൊണ്ടിരിക്കുമ്പോൾ ഇരുന്നൂറ് വരിയും വായിച്ചു കഴിഞ്ഞപ്പോൾ രണ്ടായിരം വരിയുമായാണ് പ്രണയമഴ എന്ന കവിത തനിക്ക് അനുഭവപ്പെട്ടതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് അഭിപ്രായപ്പെട്ടിരുന്നു. ഇനി വരാനിരിക്കുന്ന കാലം രതീഷിന്റെ കവിതയുടെ കാലം കൂടിയാണെന്നും ചുള്ളിക്കാട് പറഞ്ഞുവച്ചു. എല്ലാ അർത്ഥത്തിലും പുതിയ തലമുറ ഏറ്റു വാങ്ങിയിരിക്കുകയാണ് രതീഷിന്റെ കവിതകൾ.
പ്രണയത്തിന് കലാപത്തിന്റെ നിറമാണ്. കലാപത്തിന് പ്രതിരോധത്തിന്റെ ഭാഷയുണ്ട്. പ്രണയത്തിലാവട്ടെ അനസ്യൂതമായ പ്രതിരോധമാണ്. വിജയിക്കുന്നവന്റേയും പരാജയപ്പെടുന്നവന്റേയും പ്രണയം അയാൾ ഏറ്റവും ഇഷ്ടപ്പെടുന്നതിനോടുള്ള കലാപമാണ്. എന്നും കവി പറയുന്നു.
ഏത് പെൺകുട്ടിയും
കെണിയിൽ പെടുന്നതിൽ
ഒരു ഇടനിലക്കാരിയുടെ
ഇടപെടലുണ്ട്.
നഗരം
ഇത്തരത്തിലൊരിടനിലക്കാരിയാണ്
എത്രകാലമായി
അവൾ
കൊണ്ടുനടന്ന്
വമ്പൻമാർക്ക്
കാഴ്ചവെയ്ക്കുന്നു
ഗ്രാമങ്ങളെ
(കെണി)
.…
‘എത്ര തുന്നിയിട്ടും
വീണ്ടും വീണ്ടും
പിഞ്ഞിപ്പോകുന്നവുല്ലോ
ജീവിതമേ നീ.… ’
(ഉടുപ്പ് )
.….
‘ആ കുന്നിടിക്കരുത്
അതിന്റെ ഉച്ചിയിലാണ്
രക്തസാക്ഷിയുടെ വീട്
ആ വയൽ നികത്തരുത്
അതിന്റെ വയറിലാണ്
അവന്റെ അന്നം
തോറ്റവർക്കുള്ള പാട്ടിൽ നിന്നും
ഞാൻ വരച്ചുവയ്ക്കും
പിറക്കാനിരിക്കുന്നവർക്കുള്ള ഭൂപടം
(രക്തസാക്ഷിയുടെ വീട്)

ദാഹിച്ചപ്പോൾ കുടിനീർ തന്നില്ല
വിശന്നപ്പോൾ അന്നവും
ജീവിതമേ,
പറഞ്ഞില്ലെന്നു വേണ്ട
നിന്നെ തല്ലിക്കൊന്ന് ആത്മഹത്യ ചെയ്യാനും
മടിക്കില്ല ഞാൻ…
(പോരാട്ടം)
.…
നീ മഴയാവണം
ഞാൻ ആകാശവും
മറ്റൊന്നും കൊണ്ടല്ല
നീയെപ്പോഴും
എന്റെ അടിമയായിരിക്കണം
(അടിമ )
‘കവിതയെ നെറ്റിയിലെ വിയർപ്പാക്കിയ ഒരേയൊരു കവിയേ ഈ വർത്തമാനത്തിൽ നമുക്കുള്ളൂ. അത് പി ആർ രതീഷാണ്’ എന്ന ബാബു ഭരദ്വാജിന്റെ സാക്ഷ്യപത്രം രതീഷിന്റെ കവിതക്ക് സമകാലിക കവിതാചരിത്രത്തിലുള്ള അടയാളപ്പെടുത്തലാണ്. രതീഷ് എഴുതിക്കൊണ്ടേയിരിക്കുന്നു, ഉള്ളില്‍ കവിതയുടെ കനലുംപേറി അയാള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു… വായനക്കാര്‍ ആ കവിതയിലെ താപം ഒട്ടും ചോരാതെ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.