22 December 2024, Sunday
KSFE Galaxy Chits Banner 2

ജീവിതത്തിനേക്കാളുണ്ടോ കേവലർ നമുക്കസുലഭ ലഹരികൾ?

മിനി വിനീത്
January 23, 2022 3:00 am

എത്ര സുന്ദരമാണ് പെണ്ണടയാളങ്ങൾ. ഒരു കണ്മഷിപ്പാട് അല്ലെങ്കിലൊരു കവിൾപ്പൊട്ട് നീണ്ടമുടിയിൽ ചേർന്നിരിക്കുന്ന പൂമണം… ആരായിരിക്കും നീയൊരു പെണ്ണാണെന്ന് ആദ്യം അവളോട് മന്ത്രിച്ചിട്ടുണ്ടാവുക. എത്ര സുന്ദരമായ അഴിച്ചുപണികളോടെയാണ് കാലം ആ ശില്പം പൂത്തിയാക്കുന്നത്. കൈവളകളണിഞ്ഞ്, ദേഹത്ത് ഒരു സാരിച്ചുറ്റി പാവയെ കുളിപ്പിച്ചൊരുക്കുന്ന പെൺചന്തത്തെ ആരാണ് ഓമനിക്കാത്തത്. പക്ഷെ നെറ്റിയിലെ പൊട്ടും കയ്യിലെ കുപ്പിവളയും ജഗദീഷിന് സമ്മാനിച്ചത് ശരീരം നിറയെ ചൂരലടയാളമാണ്. എന്തിനാണ് അച്ഛൻ എപ്പോഴും എന്നെ ഉപദ്രവിക്കുന്നത്. എന്തിനാണ് അമ്മയെന്നെ എപ്പോഴും ചീത്ത പറയുന്നത്. എല്ലാവർക്കും ഒരേയുത്തരം “നീ ഒരു ആൺകുട്ടിയാണ് ആൺകുട്ടിയെപ്പോലെ നടക്കണം…” തന്റെ ശരീരത്തിലെ ആണവയവത്തെ ഒരു കത്തികൊണ്ട് മുറിച്ച് മരണത്തോളമെത്തിയപ്പോളും ഒന്നുമാത്രമേ അവള്‍ ആഗ്രഹിച്ചുള്ളു. ജീവിക്കുന്നെങ്കിൽ ഒരു പെണ്ണായേ ഞാൻ ജീവിക്കൂ… ലോകം മുഴുവൻ അവളെ പരിഹസിച്ചു, പുച്ഛിച്ചു, എല്ലാ ഇടങ്ങളിൽനിന്നും ചവുട്ടിപ്പുറത്താക്കി. ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിൽ അവളാ തീരുമാനം എടുത്തു. തന്റെ വാക്കുകളിലൂടെ തന്റെ മഹത്വം ഈ ലോകം അറിയണം. ആ തീരുമാനം അവളുടെ ജീവിതംതന്നെ മാറ്റി. അവഗണിച്ചവരുടെയും പുച്ഛിച്ചവരുടെയും മുന്നിൽ ഒരാകാശത്തോളം അവൾ വളർന്നു.. രാജ്യം കണ്ട ഏറ്റവും ശക്തയായ സ്ത്രീകളിരൊരാൾ. ആക്ടിവിസ്റ്റ്, എഴുത്തുകാരി, മോട്ടിവേഷണൽ സ്പീക്കർ, അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് അധ്യാപിക, ഡോ. അക്കൈ പദ്മശാലിയുടെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല. “തന്റെ മുറിവുകളിലെ രക്തം കൊണ്ടുതന്നെ പാദമുദ്രകൾ പതിപ്പിച്ച ആ ജീവിതത്തെ ‘നെടുമ്പാതയിലെ ചെറുചുവട്’ എന്ന ആത്മകഥയിലൂടെ അവതരിപ്പിക്കുന്നു.

പൊള്ളുന്ന മണ്ണ്
ബാംഗ്ളൂരിലെ സാധാരണ കുടുംബത്തിൽ ജനനം. ഡിഫൻസ് മിനിസ്ട്രിക്ക് കീഴിലായിരുന്നു പിതാവിന് ജോലി. അമ്മയും ചേച്ചിയും അനുജനും അടങ്ങുന്ന കുടുംബത്തിന്റെ താളം തെറ്റുന്നത് ജഗദീഷിന്റെ ബാല്യത്തിലായിരുന്നു. അതിനു കാരണമായത് ജഗദീഷ് പ്രകടിപ്പിക്കുന്ന പെണ്ണത്തവും. കഠിനമായ ശിക്ഷകളിലൂടെ കടന്നു പോയിട്ടും ആ പെണ്ണത്തം കൂടിയതോടെ ജഗദീഷ് തിരിച്ചറിഞ്ഞു, താൻ ഒരു ആൺ കുട്ടിയല്ല. പെൺകുട്ടിയാണ്. വലിയ മാനസിക സമ്മർദ്ദത്തിന്റെ നാളുകൾ. മരുന്നുകൾക്കോ മന്ത്രവാദത്തിനോ അവനിലെ പെണ്ണിനെ നശിപ്പിക്കാനായില്ല. കടുത്ത ദാരിദ്ര്യത്തിന്റെ നാളുകളിൽ ശ്മശാനങ്ങളിലെ ശവശരീരത്തോടൊപ്പം വയ്ക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും നാണയത്തുട്ടുകളുമാണ് ആ കുടുംബത്തിന്റെ വിശപ്പടക്കിയത്. പതിനൊന്നാമത്തെ വയസ്സിൽ, പരാജയപ്പെട്ടു പോയ ഒരു ആത്മഹത്യാശ്രമം. കുടുംബത്തിനപമാനം എന്നു പറഞ്ഞ് അച്ഛൻ വീട്ടിൽ നിന്നു പുറത്താക്കുന്നു. തീരെ ചെറിയ കുട്ടിക്ക് എവിടെ അഭയം കിട്ടാനാണ്? ഒരു ഫ്ലൈ ഓവറിന് കീഴിൽ ഉറക്കം. ചിലർ അവന് ഭക്ഷണം വാങ്ങി നൽകി. അവർക്കെല്ലാം പകരം വേണ്ടത് സെക്സായിരുന്നു. ജീവിതത്തിന്റെ നില തെറ്റുന്നു എന്ന തിരിച്ചറിഞ്ഞപ്പോൾ വീട്ടിലേക്ക് തന്നെ മടക്കം. ടെക്നിക്കൽ സ്കൂളിലെ കാലഘട്ടത്തിൽ ഏറ്റവും അടുപ്പമുണ്ടായിരുന്ന അഞ്ചു കൂട്ടുകാർ ചേർന്ന് ബലാത്സംഗം ചെയ്തു. ടോയ്ലറ്റ് പൈപ്പ് തന്റെ മലദ്വാരത്തിലൂടെ കയറ്റി രസിച്ച അവരെക്കുറിച്ച് പരാതി പറയാൻ ചെന്നപ്പോൾ “നീ പെണ്ണിനെപ്പോലെ നടന്നിട്ടല്ലേ ആണിനെപ്പോലെ ജീവിക്കു…” എന്നായിരുന്നു പ്രിൻസിപ്പാളിന്റെ പ്രതികരണം. താൻ എത്ര മാത്രം തിരസ്കരിക്കപ്പെട്ടവനാണെന്ന് അന്നവൻ തിരിച്ചറിഞ്ഞു.
വീട്ടിലെ ദാരിദ്ര്യം മൂലം ചെറിയ ഒരു ജോലിയിൽ ചേർന്നു. ദിവസവുമുള്ള ബസ് യാത്രയ്ക്കിടയിലാണ് ജഗദീഷ് അവരെക്കണ്ടത്. പിന്നെയെന്നും കബ്ബൺ പാർക്ക് സ്റ്റോപ്പിൽ ബസ് നിൽക്കുമ്പോൾ ജനാലയ്ക്കരികിലേക്ക് ചെന്ന് ജഗദീഷ് അവരെ നോക്കും. ഒരു പറ്റം ട്രാൻസ്ജൻഡറുകൾ. ‘മനുഷ്യ ഹൃത്താം കനകത്തെ’ കലർപ്പില്ലാത്ത തനിത്തങ്കമായി ജ്വലിപ്പിക്കാൻ കാലം കരുതിവച്ച അഗ്നിയായിരുന്നു അത്. ആ അഗ്നിയിൽ ഉയിർക്കൊണ്ട ജൻമമാണ് അക്കൈ പദ്മശാലിയുടേത്

നീണ്ട, നിമ്നോന്നതമാം വീഥികൾ
പുതിയതായി ചെല്ലുന്ന ഒരാളെയും അവർ സ്വീകരിക്കുമായിരുന്നില്ല. ജഗദീഷിനെയും ആട്ടിയകറ്റി. എങ്കിലും പതിയെ തമ്മിൽ സൗഹൃദത്തിലായി. അവർ അവന് ഭക്ഷണം നൽകി. ശാപമാണ് ഈ ജീവിതം തിരിച്ചു പോകൂ എന്ന് പലവട്ടം ഉപദേശിച്ചു. ലൈംഗിക തൊഴിൽ സ്വീകരിക്കാൻ തന്നെയായിരുന്നു ജഗദീഷിന്റെ തീരുമാനം. അവിടെയും കൊടിയ പീഡനങ്ങൾ കിട്ടുന്ന പണത്തിന്റെ പങ്കുപറ്റാനും സൗജന്യ സെക്സിനുമായി എത്തുന്ന പോലീസുകാരും ഗുണ്ടകളും. അവിടെവച്ചും കൂട്ട ലൈംഗിക പീഡനത്തിനിരയായി. പതുക്കെ പതുക്കെ അവൻ ആ ലോകവുമായി ഇഴുകിച്ചേർന്നു. പിന്നെ സെക്സ് വർക്ക് ചെയ്തുതുടങ്ങി. സമൂഹത്തിലെ പല തട്ടിലുള്ള ആൾക്കാർ, ഡോക്ടർ, വക്കീൽ, മജിസ്ട്രേട്ട് ഉൾപ്പെടെയുള്ളവരുമായി ഇന്നും തുടരുന്ന സൗഹൃദം കബ്ബൺ പാർക്ക് അക്കയ്ക്ക് നൽകി. അധികനാൾ കഴിയുമുൻപേ കബ്ബൺ പാർക്കിലെ നേതാവും ഗുണ്ടയുമായി അവർ മാറി.
നാല് വർഷം അവിടെ തുടർന്നെങ്കിലും ഈ രംഗത്ത് നിലനിൽക്കുന്ന ക്രൂരതയും വിവേചനവും വിലക്കപ്പെട്ട തൊഴിൽ എന്ന കുറ്റബോധവും കാരണം സെക്സ് വർക്ക് നിർത്താൻ തീരുമാനിച്ചു. സമൂഹത്തിന് വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു. ജഗദീഷിൽ നിന്നും അക്കെ പദ്മശാലിയിലേക്കുള്ള ആദ്യ ചുവടുവയ്പ് അതായിരുന്നു 1999 ൽ ഹിജ്റ സമുദായക്കാരിയായ ജറീനാമ്മ എന്നു പേരുള്ള സ്ത്രീയുടെ ചേലയായി ചേർന്ന് അക്കൈ എന്ന പേര് സ്വീകരിച്ചു. ഹിജ്റ സമുദായം നൽകിയ സ്നേഹത്തെയും സുരക്ഷിതത്വത്തെയും കുറിച്ച് വളരെ വൈകാരികമായാണ് അക്കൈ എഴുതിയിരിക്കുന്നത്. എല്ലായിടത്തുമുള്ളതുപോലെ ഇവിടെയും നിലനിന്നിരുന്ന വേർതിരിവുകൾ അക്കൈയ്ക്ക് വെല്ലുവിളിയായി. സമുദായാംഗങ്ങളെ ഒരുമിച്ചു നിർത്താനും സമരങ്ങളിൽ പങ്കെടുപ്പിക്കാനുമുള്ള ശ്രമങ്ങൾ വലിയ പ്രതിഷേധം സൃഷ്ടിച്ചു. എങ്കിലും അവരെ ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. പല പൊതു മീറ്റിംഗുകളിലും ചെല്ലുമ്പോൾ ആളുകൾ അവജ്ഞയോടെ പെരുമാറി. സാമൂഹിക കൂട്ടായ്മകളിൽ നിന്ന് അകന്നു നിൽക്കാൻ ഇതൊരു കാരണമായി. അക്കെയുടെ ജീവിതത്തിൽ ഒരു മാറ്റം ഉണ്ടാക്കിയത് ‘സംഗമ’ എന്ന പ്രസ്ഥാനമാണ്. ആദ്യമൊന്നും വഴങ്ങാതിരുന്ന അക്കൈയെ പതിയെ അവർ തങ്ങളിലേക്ക് കൊണ്ടുവന്നു. ചില ജോലികൾ ചെയ്യാൻ ഏൽപ്പിച്ചു. അതിലൊന്ന് എയ്ഡ്സിനെക്കുറിച്ചുള്ള ഒരു റിസർച്ച് പ്രോഗ്രാമായിരുന്നു. അതിന്റെ ഭാഗമായി കർണാടക മുഴുവൻ യാത്ര. ആ യാത്രയിൽ കണ്ടറിഞ്ഞ കാര്യങ്ങൾ തൻ്റെ പ്രവൃത്തികളെക്കുറിച്ച് കുറ്റബോധമുണ്ടാക്കിയെങ്കിലും ജീവിതം ആഹാരം എന്നീ വാക്കുകൾ വല്ലാതെ അലട്ടിയപ്പോൾ ലൈംഗികത്തൊഴിലിലേക്ക് തന്നെ മടങ്ങിപ്പോയി.
അനുജൻ അക്കൈയോടൊപ്പം സംഗമയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത് അവർക്ക് വലിയ പ്രചോദനമായി. ലൈംഗിക ന്യൂനപക്ഷങ്ങളുടെയും ട്രാൻസ്ജൻഡറുകളുടെയും കുടുംബങ്ങളെ ബോധവൽക്കരിക്കുന്ന ജോലിയാണ് ഏറ്റെടുത്തത്. 2004 ലെ വനിതാ ദിനത്തിൽ തമിഴ്‌നാട്ടിലെ സ്ത്രീ സംഘടനകൾ നടത്തുന്ന പരിപാടിയിൽ രണ്ടു മിനിട്ട് സംസാരിക്കാൻ അക്കൈയ്ക്ക് അവസരം കിട്ടി. എന്തു പറയണമെന്ന് നിശ്ചയമില്ല അവിടേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അതുവരെയുള്ള തന്റെ ജീവിതത്തെക്കുറിച്ച് അക്കൈ ഓർത്തു. മനസിൽ വാക്കുകൾ ഒഴുകിയെത്തി. പേപ്പറിലേക്ക് പകർത്തിയപ്പോൾ അതൊരു കവിതയായി. അന്നാ വേദിയിൽ രണ്ടര മിനിട്ടു കൊണ്ട് ചൊല്ലീ തീർത്ത കവിതയ്ക്കുള്ള കരഘോഷം അഞ്ചു മിനിറ്റോളം നീണ്ടു. ആ വേദിയിൽ നിന്നും അക്കൈയും ആ കവിതയും ലോകമെങ്ങും സഞ്ചരിച്ചു.

ലൈംഗികതയുടെ രാഷ്ട്രീയം
ഒരു വ്യക്തിയുടെ ഏറ്റവും വലിയ സ്വകാര്യത എന്തെനു ചോദിച്ചാൽ ലൈംഗികത എന്നു തന്നെയാണ് ഉത്തരം. സെക്ഷൻ 377. ബ്രിട്ടീഷ് ഭരണകാലത്ത് എഴുതിച്ചേർക്കപ്പെട്ട നിയമം. ഈ നിയമത്തിന് ഒരർത്ഥമേയുള്ളു, പൂർണരായ സ്ത്രീയും പുരുഷനും തമ്മിലുള്ള സംഗമമാണ് ലൈംഗിക വേഴ്ച. തീവ്രമായ ഇഷ്ടം, ഉല്ലാസം വിനോദം തൊഴിൽ. ലൈംഗികത എന്ന വാക്കിന്റെ വിശാല അർത്ഥങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് ഈ നിയമം. അക്കെയുൾപ്പെടെയുള്ളവരുടെ പ്രവർത്തന ഫലമായി 2009 ജൂലൈ രണ്ടിന് ഡൽഹി ഹൈക്കോടതി ഒരു വിധി പ്രസ്താവന നടത്തി — പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്നായിരുന്നു ആ വിധി. ഈ വിധിയെക്കുറിച്ച് സംസാരിക്കാൻ പല വേദികളിലേക്കും അക്കൈ ക്ഷണിക്കപ്പെട്ടു. പിന്നോക്ക വിഭാഗ കമ്മീഷനുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ വൻ മാധ്യമശ്രദ്ധ നേടി. ട്രാൻസ് ജൻഡർ വിഭാഗത്തെ പിന്നോക്ക വിഭാഗങ്ങളുടെ പട്ടികയിലുൾപ്പെടുത്തിയതിനു പിന്നിലും അക്കൈയുടെ ശ്രമങ്ങളുണ്ട്. ഈ മാറ്റങ്ങൾ കർണ്ണാടകയ്ക്ക് വെളിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളിലും സജീവമായി. ജസ്റ്റിസ് അൽതമസ് കബീർ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ രാഷ്ട്രപതിയുടെ ക്ഷണിക്കപ്പെട്ട അതിഥിയായി അക്കൈ ആ സദസ്സിലുണ്ടായിരുന്നു. അവിടെ വച്ച് അനേകം ഉന്നത വ്യക്തികളെ പരിചയപ്പെടുകയും തങ്ങളുടെ പ്രശ്നങ്ങൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

 

 

ഡൽഹി ഹൈക്കോടതി വിധിക്കെതിരെ മത തീവ്രവാദികളും ഇടുങ്ങിയ ചിന്താഗതിക്കാരും സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ വിധി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചു. ഇതിനെതിരെ അക്കൈയുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നു. ഈ പ്രക്ഷോഭങ്ങൾ ലോകത്തെമ്പാടുമുള്ള മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
സെക് 377 വിധി വന്നതിനു ശേഷം നൽസ നൽകിയ ഒരു ഹർജിയിൽ ട്രാൻസ് ജൻഡർ വിഭാഗത്തിൽ പെട്ടവർക്ക് പൗരത്വവും നിയമബലവും സുപ്രീം കോടതി ഉറപ്പാക്കി. അക്കെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ട്രാൻസ് ജൻഡർ ആൻഡ് ദ ലോ പ്രോഗ്രാമിലെ ആശയങ്ങൾ ഉൾപ്പെടുത്തിയ വിധിയായിരുന്നു അത്. ഈ വിധിക്കു ശേഷം ട്രാൻസ് ജൻഡർ പോളിസി രൂപീകരിക്കാൻ കർണ്ണാടക പ്ലാനിംഗ് ബോർഡിനു കീഴിൽ രൂപീകരിക്കപ്പെട്ട കമ്മിറ്റിയിലും അക്കൈ അംഗമായിരുന്നു. 2015ൽ ഇന്ത്യയിൽ ആദ്യമായി കേരളം ട്രാൻസ് ജൻഡർ നിയമം നടപ്പാക്കിയപ്പോൾ ഗവർണർ പി സദാശിവത്തിന്റെ കയ്യിൽ നിന്നും അതേറ്റു വാങ്ങിയത് അക്കൈ ആണ്. ലൈംഗിക തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കർണ്ണാടക സർക്കാർ സമിതിയിലും അക്കൈ അംഗമാണ്. ട്രാൻസ് ജൻഡറുകളുടെ യാത്രാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന കർണ്ണാടക പോലീസ് ആക്റ്റിലെ Sec 36 (A) ഭേദഗതിക്കായി ഗൗരി ലങ്കേഷുമായി ചേർന്ന് സർക്കാറിന് നിവേദനം നൽകിയതിൻ്റെ ഫലമായി ഈ ആക്ട് ഭേദഗതി ചെയ്തു.  2017ൽ ബരാക് ഒബാമ ഇന്ത്യയിലെത്തിയപ്പോൾ അദ്ദേഹത്തോട് ചോദ്യം ചോദിക്കാൻ കിട്ടിയ അവസരം അക്കൈയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു.

വിവേചനങ്ങളുടെ ഭൂമിക
സമൂഹത്തിന്റെ എതു മേഖലയിലെയും പോലെ ഫെമിനിസത്തിലും ആക്ടിവിസത്തിലും വിവേചനങ്ങൾ ശക്തമാണ്. നിർഭയ സംഭവത്തിനു ശേഷം ജസ്റ്റിസ് വർമ്മ കമ്മിറ്റിയുടെ ഒരു പാനൽ ചർച്ചയിലാണ് സ്ത്രീ വാദികളുടെ വിചിത്ര വാദങ്ങളും വിവേചനത്തിന്റെ ആഴവും തനിക്ക് ബോധ്യപ്പെട്ടതെന്ന് അക്കൈ പറയുന്നു. അവിടെ ഉപരിവർഗക്കാരായ, ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന സ്ത്രീപക്ഷവാദികൾ ക്രിമിനൽ നിയമത്തിൽ ട്രാൻസ് ജൻഡുകൾ ഒരു പ്രത്യേക വകുപ്പിനു കീഴിൽ വരണമെന്ന് ആവശ്യപ്പെട്ടു. എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും ഒരു നിയമം മതി എന്ന അക്കൈയുടെ വാദത്തെ അവർ എതിർത്തു. സ്ത്രീ എന്നാൽ മാറിടവും യോനിയും ആർത്തവവും ഗർഭപാത്രവുമുള്ളവൾ എന്ന പരമ്പരാഗത സങ്കല്പം ആദ്യം മാറ്റാനാണ് അക്കൈ ആ വേദിയിൽ ആവശ്യപ്പെട്ടത്. അക്കൈയുടെ നിർദ്ദേശങ്ങൾ ഒന്നാമതായി പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് വർമ്മ കമ്മറ്റി ആ റിപ്പോർട്ട് സമർപ്പിച്ചത്.

നെടുമ്പാതയിലെ ചില ചുവടുകൾ
സംസ്ഥാന പുരോഗതിക്കായി ജീവിതം നീക്കിവച്ച വ്യക്തികൾക്ക് കർണ്ണാടക സർക്കാർ നൽകുന്ന രണ്ടാമത് സിവിലിയൻ ബഹുമതി ‘കന്നഡ രാജ്യോത്സവ ഹബ്ബ്’ 2016 ൽ അക്കൈ പദ്മശാലിക്ക് ലഭിച്ചു. ഹിന്ദു പത്രം ഏർപ്പെടുത്തിയ ബിസിനസ് ലൈൻ ചേഞ്ച് മേക്കേഴ്സ് പുരസ്കാരം, സ്വിറ്റ്സർലൻ്റിലെ ഇന്ത്യൻ വെർച്വൽ യൂണിവേഴ്സിറ്റി ഫോർ പീസ് ആന്റ് എഡ്യുക്കേഷൻ നൽകിയ ഓണററി ഡോക്ടറേറ്റ്, അശോക ഗ്ലോബൽ ഫെലോഷിപ്പ്, വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പുരസ്ക്കാരങ്ങൾ ഇവയെല്ലാം അക്കൈ പദ്മശാലിയുടെ യാത്രയിലെ വഴി വെളിച്ചങ്ങളാണ്. പോരാട്ടങ്ങൾ തുടരുക എന്നുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ പുരസ്കാരവുമെന്ന് അക്കൈ സ്വയം ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.