29 December 2024, Sunday
KSFE Galaxy Chits Banner 2

പ്രകൃതിയെ ഉപാസിക്കുന്ന ഗൗതം കുമരനല്ലൂർ

വിജയ് സി എച്ച്
ലേഖനം
March 19, 2023 3:00 am

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാടിന്റെ നാടായ കുമരനല്ലൂരിൽ നിന്ന് ഒരു കൗമാരക്കാരൻ കരുത്തുള്ള കവിതകളെഴുതി സാഹിത്യലേകത്തേക്ക് ഗൗരവത്തോടെ കടന്നു വരികയാണ്. പതിനെട്ടു വയസിന് താഴെയുള്ള എഴുത്തുകാർക്കായി ഏർപ്പെടുത്തിയിട്ടുള്ള എൻ എൻ കക്കാട് സാഹിത്യ പുരസ്കാരം നേടിയ ഗൗതം കുമരനല്ലൂർ ആണ് ആ കവിമിടുക്കന്‍. ഗൗതം സംസാരിക്കുന്നു…

ആദ്യ കവിത
‘ഇന്നലെ ഭൂമി പുസ്തകത്തിൽ കിടന്ന് ഉറങ്ങിപ്പോയി’ എന്ന എന്റെ രണ്ടാമത്തെ കവിതാസമാഹാരത്തിനാണ് എൻ എൻ കക്കാട് സാഹിത്യ പുരസ്കാരം ലഭിച്ചത്. കുമരനല്ലൂർ എൽ പി സ്കൂളിൽ പഠിയ്ക്കുമ്പോഴാണ് ആദ്യ കവിതയെഴുതിയത്. ‘താറാവ് കൊത്തി’ എന്നായിരുന്നു ആ കൊച്ചു കവിതയുടെ പേര്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ബാല മാസികയായ ‘യുറീക്ക’യിൽ അത് അച്ചടിച്ചു വന്നപ്പോൾ എന്തു സന്തോഷമായിരുന്നെന്നോ! പിന്നീട് ഇടയ്ക്കിടെ കവിതകളെഴുതി. കുമരനല്ലൂരിലെ ഗ്രാമീണാന്തരീക്ഷത്തിൽ ജീവിയ്ക്കുന്ന എന്റെ കവിതകളെല്ലാം ചുറ്റിത്തിരിഞ്ഞു പ്രകൃതിയിൽ ചെന്നു മുട്ടി നിൽക്കും! എത്ര എഴുതിയാലും പ്രകൃതിയെ പൂർണമായി മനസ്സിലാക്കാനാവില്ല എന്നതാവും ചിലപ്പോൾ അതിനു കാരണം.  പത്താം ക്ലാസു വരെയുള്ള കാലത്ത് എഴുതിയ നാൽപത്തിനാലു കവിതകളാണ് ‘കോഴിയുടെ കൂവൽ ഒരു ചെടിയാണ്’ എന്ന സമാഹാരത്തിലുള്ളത്. ഈ പുസ്തകത്തിലെ ഒരു കവിത തുടങ്ങുന്നത് ‘കോഴിയുടെ കൂവൽ ഒരു ചെടിയാണ്’ എന്നതിലാണ്. പ്രഭാതത്തിൽ നാം കോഴിയുടെ കൂവലാണല്ലൊ ആദ്യം കേൾക്കുന്നത്. അതിനാൽ കോഴിയുടെ കൂവലിനെ ഒരു ചെടിയായും പ്രഭാതത്തെ അതിൽ നിന്നു വിരിയുന്ന ഒരു പൂവായും ഞാൻ സങ്കൽപ്പിച്ചു. കവി പി പി രാമചന്ദ്രൻ അവതാരികയിൽ ‘പ്രകൃതിയുടെ പച്ചമഷി‘യെന്നാണ് എന്റെ രചനകളെ വിശേഷിപ്പിച്ചത്! പുസ്തകത്തിന്റെ കോപ്പികൾ അധ്യാപകർക്കും കൂട്ടുകാർക്കും ബന്ധുക്കൾക്കും മറ്റു പരിചയക്കാർക്കും നൽകിയത് സന്തോഷകരമായ അനുഭവമായിരുന്നു. നിരവധി കവിതാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള പിതാവ് രാമകൃഷ്ണൻ കുമരനല്ലൂർ വെട്ടിത്തെളിയിച്ച പാതയിലൂടെയാണ് എന്റെ സർഗസഞ്ചാരം. എഴുത്തിന് എനിയ്ക്ക് സമ്മാനങ്ങൾ തരാറുണ്ടായിരുന്ന സൈനബ ടീച്ചറെ എങ്ങനെ മറക്കാനാണ്?

ഗുരുദക്ഷിണ
അഞ്ചാം ക്ലാസ് മുതൽ പ്ലസ്-ടു വരെ എ വി ഹൈസ്കൂളിലാണ് പഠിച്ചത്. പൊന്നാനിയിലെ പഠിപ്പിനൊടുവിൽ ഞാനിപ്പോൾ പട്ടാമ്പി സംസ്കൃത കോളേജിൽ ബി എ മലയാളം ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ഇപ്പോള്‍ എഴുതുന്ന കവിതകൾക്ക് ദൈർഘ്യം കൂടുതലാണ്. മഹാകവി അക്കിത്തത്തിനോടുള്ള ആദരവായി കുറിച്ച ‘വെളിച്ചം,’ മുല്ലനേഴിയെ സ്മരിച്ചു കൊണ്ടെഴുതിയ ‘ഒരു മുല്ലച്ചെടി,’ സുഗതകുമാരി ടീച്ചറെ ഓർക്കുന്ന ‘മുഴക്കം’ എന്നിവയെല്ലാം ‘ഇന്നലെ ഭൂമി പുസ്തകത്തിൽ കിടന്ന് ഉറങ്ങിപ്പോയി’ എന്ന സമാഹാരത്തിലുണ്ട്.

സാർവലൗകിക സ്നേഹം
അക്കിത്തവും എം ടി വാസുദേവൻ നായരും പഠിച്ച വിദ്യാലയം സ്ഥിതിചെയ്യുന്ന നാടായ കുമരനല്ലൂരിൽ ജനിക്കന്‍ കഴിഞ്ഞത് എന്റെ മഹാഭാഗ്യം. ജ്ഞാനപീഠം നേടിയപ്പോൾ അക്കിത്തത്തിന് അദ്ദേഹം പഠിച്ച കുമരനല്ലൂർ ഹൈസ്കൂളിൽ ‘അക്കിത്തം അച്യുതം’ എന്ന പേരിൽ നൽകിയ സ്വീകരണം അവിസ്മരണീയമായിരുന്നു. ജ്ഞാനപീഠം നേടിയ സ്കൂളിലെ പൂർവവിദ്യാർത്ഥി എം ടി-യും പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധേയമായി. രണ്ടു ജ്ഞാനപീഠജേതാക്കൾ ഒരേ വേദിയിൽ! മഹത്തായ ആ ചടങ്ങിൽ എന്റെ കവിതകൾ അവതരിപ്പിയ്ക്കാൻ ഭാഗ്യം ലഭിച്ചു. മഹാപുരുഷന്മാരായ അക്കിത്തവും എംടിയും ഒപ്പം ഇരിക്കുന്നത് കണ്ടപ്പോൾ, ഒരു മലയാളിയായി ജനിച്ചതിൽ ഏറെ അഭിമാനം തോന്നി. വേദിയിൽ നിന്ന് തിരിച്ചു പോകുമ്പോൾ കൈകൾ കൂപ്പി അക്കിത്തം എല്ലാവർക്കും ആദരവും സ്നേഹവും അറിയിച്ചു. ‘നിരുപാധികമാം സ്നേഹം ബലമായ് വരും ക്രമാൽ, അതാണഴകതേ സത്യം, അതു ശീലിക്കൽ ധർമവും…’ മഹാകവിയുടെ കവിതകളിൽ സാർവലൗകിക സ്നേഹ വസന്തം എന്നും പൂത്തുലഞ്ഞു നിൽക്കുന്നു!

ഇഷ്ടങ്ങൾ
എഴുതാൻ കവിതകളാണ് ഇഷ്ടമെങ്കിലും, വായിക്കാൻ താൽപര്യം കഥകളാണ്. എന്താണിങ്ങനെയെന്ന് എനിക്കറിയില്ല. പൗലോ കൊയ് ലോയുടെ ‘ദി ആൽകെമിസ്റ്റ്’, പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എംടി-യുടെ ‘രണ്ടാമൂഴം’, ബഷീറിന്റെ ‘പ്രേമലേഖനം’ മുതലായവയെല്ലാം എനിയ്ക്ക് പ്രിയപ്പെട്ട കൃതികളാണ്. ജീവിതത്തോട് പ്രസാദാത്മകമായ ആഭിമുഖ്യം പുലർത്തുന്ന രചനകളെല്ലാം ഇഷ്ടം. പൂർണമായ ഒരു കവിത എന്നതിലുപരി അതിലെ ചില പ്രത്യേക വരികളോടാണ് എനിയ്ക്കു താല്പര്യം. അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കാവ്യത്തിലെ ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസല്ലോ സുഖപ്രദം’, കുമാരനാശാന്റെ ‘സ്നേഹമാണഖിലസാരമൂഴിയിൽ’ എന്നിങ്ങനെയുള്ള നിത്യഹരിത വരികളാണ് ഉള്ളുനിറയെ.

അമ്മ (സിന്ധു) ചുട്ടു തരാറുള്ള അരിദോശയാണ് അത്യന്താധുനിക കവിതകളേക്കാൾ എനിക്കിഷ്ടം! അച്ഛമ്മയുടെയും (പത്മാവതി), അമ്മമ്മയുടെയും (നാരായണിക്കുട്ടി അമ്മ) നാട്ടറിവുകൾ കാവൂട്ടു കാവ്യങ്ങളാണ്. ‘മുന്തിരി മുത്തശ്ശി‘യുടെ (പത്മിനി) പരിണാമ സിദ്ധാന്തം പതിവായി പങ്കിട്ടതിൽ നിന്നാണ് വള്ളുവനാടിന്റെയും, മലപ്പുറം-പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമമായ കുമരനല്ലൂരിന്റെയും ഇന്നലെകളിലെ ഭൂമിശാസ്ത്രം അറിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.