21 November 2024, Thursday
KSFE Galaxy Chits Banner 2

മേരേ യേ ഗീത് യാദ് രഖ്നാ? ചടുലസംഗീതത്തിന്റെ രാജാവ് ഇനി ഓര്‍മ്മ

സുരേഷ് എടപ്പാള്‍
February 20, 2022 2:30 am

കാലത്തിന്റെ സിരകളെ ചടുലസംഗീതത്തിലൂടെ ത്രസിപ്പിച്ച മഹാനായ കലാകാരന്‍ ബപ്പിലഹരിയെ നമുക്ക് നഷ്ടമായിരിക്കുന്നു. അടിപൊളി ഗാനങ്ങളുടെ സൃഷ്ടാവ് എന്ന ലേബലില്‍ തരംഗമാകുമ്പോഴും കിഷോര്‍ദായുമായി ചേര്‍ന്ന ആ ഒരൊറ്റഗാനം ബപ്പിയുടെ സാധ്യതകളുടെ അപാരതകളിലേക്കുള്ള വാതിലായി.
ചല്‍ത്തേ ചല്‍ത്തേ, മേരെ യേ ഗീത് യാദ് രഖ്നാ, കഭി അല്‍വിദ നാ കെഹനാ, കഭി അല്‍വിദ നാ കെഹനാ…’ ഈ വരികളിലൂടെ അദ്ദേഹം സംഗീതാസ്വദാകരോടായി എന്നോ പറഞ്ഞു പറഞ്ഞുവച്ചു. യാത്രയാകുമ്പോള്‍ എന്റെ ഈ പാട്ട് ഓര്‍ത്തുവെക്കുക; ഒരിക്കലും യാത്രാമൊഴി പറയാതിരിക്കുക.…

അനശ്വരമായ ഒരു പിടിഗാനങ്ങളെ സമ്മാനിച്ചുകൊണ്ടുള്ള വിടവാങ്ങലായിരുന്നു ആ ജീവതത്തിന്റെ ബാക്കിപത്രമെന്ന വിശേഷണം ഏതൊരു കാലാകരനെ അമരനാക്കുന്നു. പക്ഷേ ബാപ്പിലാഹരി അതിനും എത്രയോ മുകളിലാണ്. ചിലഹിറ്റ്‌സിനിമാഗാനങ്ങളുടെ സംഗീതസംവിധായകന്‍ എന്നായല്ല ജനമനസ്സുകളില്‍ ബപ്പി ജീവക്കുന്നത്. അയാള്‍ ഒരുട്രന്‍ഡ്‌സെറ്ററായിരുന്നു. പരമ്പരാഗതമായ ശൈലിയെ മാറ്റി പുതിയ വഴി വെട്ടിയ വിപ്ലവകാരി. ഹിന്ദി സിനിമാ സംഗീത്തെ പൊളിച്ചെഴുതിയ പച്ച പരിഷ്‌കാരി.

തന്റെ പാട്ടുകള്‍ ജനം ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ ബപ്പിക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല. കാരണം ആ നമ്പറുകള്‍ പിറക്കുന്നത് സമൂഹത്തിലെ ഏറ്റവു സാധാരണക്കാരന്റെ ചൂണ്ടുകള്‍ക്ക് മൂളാനായിരന്നു. അവന്റെ കൈവരിലുകള്‍ക്ക് മേശയില്‍ താളം പിടിക്കാനായിരുന്നു. അവന്റെ സന്തോഷനിമിഷങ്ങളില്‍ കാലകള്‍ക്ക് ചുവടുകള്‍ നല്‍കാനായിരുന്നു. എല്ലാം മറന്ന് അവര്‍ക്ക് ആഘോഷിക്കാനായിരുന്നു. ജീവതം ബപ്പിക്ക് സംഗീത ഝഷകമായിരുന്നു. പകരുവോളം വീര്യമേറിവകരുന്ന ഒരു പ്രത്യേക മിശ്രണം അതിന്നായി ഹൃദയത്തില്‍ ഒരുക്കിവെക്കാന്‍ എന്നും അദ്ദേഹം ശ്രദ്ധിച്ചു. ആ സംഗീത സപര്യക്ക് മുന്നില്‍ ലതാമങ്കേഷ്‌കറെ പോലുള്ള ഇതാഹസങ്ങള്‍ പോലും ആരാധകരായി മാറി. ഒരിക്കല്‍ ബപ്പിയുടെ ഗാനം പാടാന്‍ അവസരം മോഹം മനസ്സില്‍ ചേര്‍ത്തുവച്ചവരെയത്രോ പേര്‍.… ദ് ഡേര്‍ട്ടി പിക്ചറിലൂടെ ഡിസ്‌കോകാലത്തെ തിരികെ വിളിച്ച ബപ്പിദാ അപ്പോഴും വേറിട്ട യാത്രികനായി.

ബംഗാള്‍ ടു ബോളിവുഡ്
1952 ല്‍ പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡുയില്‍ ബംഗാളി ബ്രാഹ്മണകുടുംബത്തില്‍ പ്രശസ്ത സംഗീതജ്ഞരായ അപരേഷ്-ബാംസൂരി ലാഹിരി ദമ്പതികമാരുടെ മകനായി ജനനം. നാലുവയസ്സുമാത്രം പ്രയമുള്ളപ്പോള്‍ തബലിയില്‍ തുടക്കം. അച്ഛന്‍ അപരേഷ് ലഹിരിയുടെ കൈവിരലില്‍ തൂങ്ങി തുടങ്ങിയ അലോകേഷ് ലാഹിരിയുടെ സംഗീതയാത്രയില്‍ പത്തൊമ്പാതം വയസ്സില്‍ ദാദൂ(1972) എന്ന ബംഗാളി സിനമയുടെ സംഗീത സംവീധാനം. അമര്‍ സംഗീ, ആശാ ഓ ദലോബാഷ. അമര്‍തുമി, അമര്‍ പ്രം, മന്ദിരം, ബദ്‌നാം തുടങ്ങി ആസ്വാദകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ഒരു പിടി ബംഗാളി ചിത്രങ്ങള്‍. അപ്പോഴും മനസ്സില്‍ നിറയോ ഹിന്ദി സിനിമാലോകം മാത്രമായിരുന്നു.
ബോളിവുഡിലേക്ക് കണ്ണും നട്ടുള്ള കാത്തിരിപ്പ് അധികമൊന്നും ദൈര്‍ഘ്യമുള്ളതായിരുന്നില്ല. നന്‍ഹാ ശിക്കാരിയിലൂടെ തുടക്കം. സാക്മി എന്ന ചിത്രത്തിലൂടെ കൂടുതല്‍ അറിയപ്പെട്ടു. ഈ ചിത്രത്തില്‍ ഗായകനായും ശ്രദ്ധനേടി. 1970 ല്‍ നടത്തിയ അമേരിക്കന്‍ യാത്ര ബപ്പിയുടെ സംഗീതജീവിതത്തില്‍ വഴിത്തിരിവായി.പിന്നെ ലോകം ഹൃദയത്തിലേറ്റിയ നമ്പറുകള്‍. ഒരൊറ്റ ഗാനംകൊണ്ട് കാലത്തെ അടയാളപ്പെടുത്തിയ സംഗീതകാരനായി അയാള്‍ മാറി. ബപ്പിലഹരിയുടെ ഫാസറ്റ് നമ്പറുകള്‍ ആബാലവൃദ്ധം ഏറ്റുവാങ്ങിയ 80 കളുടെ തുടക്കത്തില്‍ ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ മൂളാത്ത ചുണ്ടുകളുണ്ടായിരുന്നില്ല. തരംഗമായി മാറിയ ഡിസ്‌കോഡാസറിലെ(1982)ഗാനങ്ങള്‍ ഇന്ത്യന്‍ സിനിമാരംഗത്തെ അടിമുടി പരീക്ഷങ്ങളിലേക്ക് കൊണ്ടെത്തിച്ചു. ഒപ്പം ബോളിവുഡിന് അദ്ദേഹം കൂളിംഗ് ഗ്ലാസണിഞ്ഞ ബപ്പിദായായി.

കിഷോര്‍കുമാര്‍-ബപ്പി യുടെ ചല്‍തേ ചല്‍തേ
കിഷോര്‍കുമാര്‍-ബപ്പി കൂട്ടികെട്ട് ബോളിവുഡിലെ എക്കാലത്തേയും മെഗാഹിറ്റ് ഗാനത്തിലേക്കാണ് വഴിതുറന്നത്. ലക്ഷ്മികാന്ത്- പ്യാരേലാലിന്റെ ചെയ്യാമെന്നേറ്റ ചല്‍തേ ചല്‍തേ അവരുടെ തിരക്കമൂലം ബപ്പിയിലേക്കെത്തുകയയായിരുന്നു. 21 കാരന്‍ അമിത്ഖന്നയുടെ വരികള്‍ക്ക് 23 കാരന്‍ ബപ്പിയുടെ ഈണം. 1976 ല്‍ പുറത്തിറങ്ങിയ ചല്‍തേ ചല്‍തേ സാമ്പത്തികമായി വേണ്ടത്ര വിജയാമായില്ലെങ്കിലും ഗാനം ലോകം നെഞ്ചേറ്റിയതോടെ ബപ്പിയുടെ സാന്നിധ്യം ബോളിവുഡിന്റെ അനിവാര്യതയായി മാറി. കിഷോറുമായുള്ള സ്‌നേഹബന്ധം ബപ്പിയുടെ ജീവതത്തിലെ വഴിത്തിരിവായി. ബപ്പിയുടെ ജന്മദിനം നവംബര്‍ 27 ആയിരുന്നെങ്കിലും ചല്‍തേ ചല്‍തേ യിലെ ഗാനം റോക്കോഡ് ചെയ്ത ജൂലയ് പതിനെട്ടിന്നായിരുന്ന പിന്നീട് ബപ്പി തന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നതെന്നതും കിഷോറുമായുള്ള ആത്മബന്ധത്തിന് നിദാനമാണ്. കിഷോറിനെയും ലതാജിയെയുംപോലെ മുഹമ്മദ് റഫി, ആശാബോസലെയും ബപ്പിയുടെ പ്രിയപ്പെട്ടവരായിരുന്നു. ഈ നാലുപേരെയാണ് ഹിന്ദി സംഗീത ലോകത്തെ ലജന്‍ഡ്‌സ് ആയി അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.

മിഥുന്റെ ഡിസ്‌കോ ഡാന്‍സര്‍
മിഥുന്‍ചക്രവര്‍ത്തി എന്ന ബംഗാളി നടന്‍് ബോളിവുഡിന്റെ ഫേവറിറ്റായതിന്റെ അവിഭാജ്യഘടകം ബപ്പിയുടെ ഡിസ്‌കോ ഗാനം തന്നെയാണ്. ചടുലമായ താളം ഇളക്കിമറിച്ചത് യുവതയുടെ നെഞ്ചകങ്ങളെയായിരുന്നു. വിദൂരതയില്‍ നിന്നു പോലും ഒഴുകി എത്തിയ ആം എ ഡിസ്‌കോ ഡാസര്‍ എന്ന ആ തകര്‍പ്പന്‍ ഗാനത്തിനുവേണ്ടി ജനം റേഡിയോയെ ചെവിയിലേക്ക് ചേര്‍ത്തുവച്ചു. ഒരു സിനിയുടെ ടൈറ്റില്‍ സോം ലഹരിയായി കത്തിപ്പടര്‍ന്ന അപൂര്‍വ്വതയായി ഡിസ്‌കോഡാസര്‍. ഇതേ സിനിയിലെ ജിമ്മി ജിമ്മി ആജാ എന്ന ഗാനവും വലിയ തരംഗമായി.

സ്വര്‍ണ്ണം ഭാഗ്യമാണെന്ന വിശ്വാസം
സ്വര്‍ണ്ണം ഭാഗ്യമാണെന്ന വിശ്വാസക്കാരനായ ബപ്പി കഴുത്തില്‍ നിറെ ആഭരണവുമായാണ് പൊതുയിടങ്ങളിലും പരിപാടികളിലും പ്രത്യക്ഷപ്പെടാറ്. ഹരേ രാമ ഹരേ കൃഷ്ണയുടെ ചിത്രമുള്ള സ്വര്‍ണ്ണമാല മാതാവ് സമ്മാനിച്ചതിന് ശേഷമാണ് തനിക്ക് ഹിറ്റുകള്‍ ലഭിച്ചു തുടങ്ങിയതെന്ന വിശ്വാസം മുറകെ പിടിച്ചാണ് മരണം വരെയും അദ്ദേഹം ജിവിച്ചത്.
ആഭരണപ്രിയനായിരുന്നെങ്കിലും വീട്ടില്‍ ആഭരണങ്ങള്‍ അണിയുന്നത് ഇഷ്ടമല്ലായിരുന്നു. ഒരിക്കല്‍ കൊല്‍ക്കയിലെ മദര്‍തെരേസെയെ അനാഥാശ്രമത്തില്‍ സന്ദര്‍ശിച്ചു മടങ്ങുമ്പോല്‍ മദര്‍തമാശയായി ബപ്പിയോട് ചോദിച്ചു എന്തിനാണ് ഇത്രയധികം സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു നടക്കുന്നതെന്ന്.…?
ഉടന്‍ ഒരു മാല ഊരി അദ്ദേഹം മദറിനു സമ്മാനിച്ചു. എന്നിട്ട് സ്വതസിദ്ധമായ ആ ചെറു ചിരിയോടെ പറഞ്ഞു, ആവശ്യക്കാര്‍ക്ക് ഇതുപോലെ അഴിച്ചുകൊടുക്കാന്‍.…
മലയാളത്തില്‍ ഒരു സിനിമയില്‍ മാത്രമേ ബപ്പി സാന്നിധ്യമായതുളളൂ. 1997 ല്‍ മഞ്ഞളാംകുഴി അലി നിര്‍മ്മിച്ച ഗുഡ്‌ബോയ്‌സ് . പക്ഷേ മലയാളികളുടെ സവിശേഷമായ ഫുട്‌ബോളിനോടുള്ള കടുത്ത ആരാധന അദ്ദേഹത്തിനുണ്ടായിരുന്നു. താനൊരു ഫുട്‌ബോള്‍ ഭ്രാന്തനാണെന്ന് തുറന്ന പറയുകയും ചെയ്തു ബപ്പി.

ബപ്പി ലാഹിരി യുടെ അവസാനത്തെ ബോളിവുഡ് ഗാനം 2020 ല്‍ പുറത്തിറങ്ങിയ ബാഗി 3 യിലേതായിരുന്നു. വര്‍ദത്, ഡിസ്‌കോ ഡാന്‍സര്‍, നമക് ഹലാല്‍, ഷറാബി ഡാന്‍സ് തുടങ്ങിയവ ജനപ്രിയ ഹിറ്റുകളായി തുടരുന്നു.സല്‍മാന്‍ഖാന്‍ അവതാരകനായ ബിഗ് ബോസ് 15‑ല്‍ ആയിരുന്നു ബപ്പി ലാഹിരി അവസാനായി സ്‌ക്രീനിലെത്തിയത്. കൊച്ചുമകനായ സ്വാസ്തികിന്റെ ബച്ചാ പാര്‍ട്ടി എന്ന ഗാനത്തിന്റെ പ്രൊമോഷന്‍ പരിപാടുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അന്ന് ബിഗ് ബോസ് ഷോയിലെത്തിയത്’

ബപ്പി നമ്മോടെല്ലാമായി എന്നോ പറഞ്ഞുവച്ചു
ചല്‍ത്തേ ചല്‍ത്തേ, മേരെ യേ ഗീത് യാദ് രഖ്നാ, കഭി അല്‍വിദ നാ കെഹനാ, കഭി അല്‍വിദ നാ കെഹനാ…’
യാത്രയാകുമ്പോള്‍ എന്റെ ഈ പാട്ട് ഓര്‍ത്തുവെക്കുക; ഒരിക്കലും യാത്രാമൊഴി പറയാതിരിക്കുക.…
കേട്ടാലുംകേട്ടാലും കൊതി തീരാത്ത ഹൃദയഗീതികള്‍ ഒരുക്കിയ മഹനായ കലാകാരന് മരണമില്ല…
ഇന്ത്യയുടെ ഡിസ്‌കോ ചക്രവര്‍ത്തിയായി എന്നുമുണ്ടാകും ബപ്പി ലാഹിരി എന്ന നാമം. മരണില്ലാതെ.…

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.