24 November 2024, Sunday
KSFE Galaxy Chits Banner 2

വായനക്കാരെ ആകർഷിക്കുന്ന വിദ്യ

യു കെ കുമാരൻ
February 20, 2022 4:00 am

‘‘ആരോടുമൊന്നും പറയാതെ
എന്നുള്ളിൽ വാക്കുകളുറയുന്നു
രക്ത നിറത്തിൽ
അത് പുഴയായൊഴുകി
സമുദ്രത്തെ മരുഭൂമിയാക്കും’’
കെ എം റഷീദിന്റെ ‘നിഴലിനെ ഓടിക്കുന്ന വിദ്യ’ എന്ന കവിതാ സമഹാരത്തിലെ ‘രക്തനിറമുള്ള വാക്കുകൾ’ എന്ന കവിതയിലെ വരികളാണിത്.
ഇത് വളരെ മനോഹരമായ ഒരു സങ്കൽപമാണ്. അതോടൊപ്പം വളരെ ഭീകരമായ സങ്കൽപവും. ഇത് പോലെയുള്ള ഒരുപാട് വരികൾ ഈ സമാഹാരത്തിലുണ്ട്. പത്രപ്രവർത്തകനായ എഴുത്തുകാരനാണ് റഷീദ്. ഇത്തരമൊരു ആശയതലത്തിലേക്ക് ഈ എഴുത്തുകാരൻ എങ്ങനെയാണ് തന്റെ പത്രപ്രവർത്തന തിരക്കുകൾക്കിടയിൽ എത്തപ്പെട്ടത് എന്ന് ആലാചിച്ചപ്പോൾ ഞാൻ മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യം, റഷീദിന്റെ മനസിൽ ഒരു നല്ല കവിയുണ്ട് എന്നാണ്.

കേരളത്തിലെ പത്ര മാനേജ്മെന്റുകളും ആ സ്ഥാപനത്തിലെ സർഗാത്മകയുളള എഴുത്തുകാരെ ഏറെ നിരുത്സാഹപ്പെടുത്താറുള്ളതായിട്ടാണ് എന്റെ അനുഭവം. പലപ്പോഴും ഞാനും അതിന് ഇരയായിട്ടുണ്ട്. പത്രപ്രവർത്തകരും എഴുത്തുകാരും പൊതുഭാഷയാണ് ഉപയോഗിക്കുന്നത്. ചിലർക്ക് സർഗാത്മകമായി എഴുതാനുള്ള കഴിവുണ്ടാകും. ചിലർക്കതിന് കഴിയാറില്ല. എന്നാൽ, പലപ്പോഴും സർഗാത്മകഭാഷ കൈകാര്യം ചെയ്യുന്നവരെ പല രീതിയിലും ശത്രുതയോടെ കാണുന്ന ഒരു സമീപനം മുമ്പ് സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ കുറച്ച് മാറിവരുന്നുണ്ട്. എങ്കിലും സർഗാത്മക സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പത്രപ്രവർത്തനം അത്ര ഗുണകരമല്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ഒരുപാട് പരിമിതികൾ അതിനുണ്ട്. ഒരു എഴുത്തുകാരൻ തന്റെ പത്രപ്രവർത്തന ജീവിതത്തിന് ഇടയിൽ സർഗാതമക ജീവിതത്തിലേക്ക് പോകുന്നു എന്നതിന്റെ അർഥം അയാൾ പലതരത്തിലുള്ള വെല്ലുവിളികളിലൂടെ കടന്നുപോകുന്നു എന്നാണ്. അങ്ങനെ എഴുതുന്ന ഒരാളെക്കുറിച്ച് നമുക്ക് പ്രത്യേകം അഭിമാനം തോന്നേണ്ടതാണ്.

‘നിഴലിനെ ഓടിക്കുന്ന വിദ്യ’ എന്ന ഈ പുസ്തകത്തിന്റെ പേര് അൽപമൊന്ന് പരിഷ്കരിച്ചാൽ, ‘വായനക്കാരെ ആകർഷിക്കുന്ന വിദ്യ’ എന്നാക്കിയാൽ അത് തീർച്ചയായും പുസ്തകത്തിന് ചേരും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മുടെ സർഗാത്മക സാഹിത്യം എത്രത്തോളം വായനക്കാരെ അതിലേക്ക് അടുപ്പിക്കുന്നുണ്ട് എന്നത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. കവിതയായലും നോവലായാലും കഥയായാലുമെല്ലാം. വായനക്കാരന് അന്യമാകുന്ന ഒരു സാഹിത്യ സംസ്കാരം ഉണ്ടാവുകയെന്ന് പറഞ്ഞാൽ, അതിന്റെ അർഥം സാഹിത്യം നശിച്ചു എന്ന് തന്നെയാണ്.

കവിത നമ്മുടെ മനസ്സിലേക്ക് അത് കടന്നുചെല്ലണം. അതല്ലായെങ്കിൽ വായനക്കാർ അതിനെ ഉപേക്ഷിക്കും. റഷീദ് കവിത എഴുതുേമ്പാൾ വളരെ സൂക്ഷ്മമായ അതിന്റെ എല്ലാ തലങ്ങളിലേക്കും ഇറങ്ങിപ്പോകുന്ന ഒരു രചനാ രീതി സ്വീകിക്കുന്നുണ്ട്. അത് വളരെ ആകർഷകമാണ് എന്ന് പറയാതെ വയ്യ.
ഈ സമാഹാരത്തിലെ കവിതകളെല്ലാം സമകാലികമായ അവസ്ഥകളെയും വികാരങ്ങളെയും പ്രശ്നങ്ങളെയുമെല്ലാം ആവിഷ്കരിക്കുന്നതാണ്. തന്റെ കാഴ്ചപാടുകളെ സൂക്ഷ്മമായ വാക്കുകളിലൂടെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നമുക്ക് മനസ്സിലാകാത്ത ഒരു ഇമേജും അതിൽ കൊണ്ടുവരുന്നില്ല. ഒന്നോ രണ്ടോ വാക്കുകളിലൂടെ വലിയ ഒരു ആശയത്തെ ആവിഷ്കരിക്കാൻ ഈ കവിക്ക് കഴിയുന്നുണ്ട്.

നിഴലിനെ ഓടിക്കുന്ന വിദ്യ
കെ എം റഷീദ്
നാഷനൽ ബുക്സ്റ്റാൾ
വില: 170 രൂപ

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.