11 April 2024, Thursday

കുറുമാല്‍ക്കുന്നിലെ ‘ചക്ക പുരാണം’

ബിനോയ് ജോര്‍ജ് പി
May 15, 2022 3:00 am

വര്‍ഷത്തില്‍ 365 ദിവസവും ചക്ക ലഭിക്കുന്ന ഒരിടമായി തൃശൂരിലെ കുറുമാല്‍ കുന്നിനെ അടയാളപ്പെടുത്തിക്കഴിഞ്ഞു. മലയാളിക്ക് ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് ചക്ക ലഭിച്ചിരുന്നത്. ഈ ചക്കക്കാല കലണ്ടര്‍ വിപുലപ്പെടുത്തി, ഒരു കുന്നു മുഴുവന്‍ പ്ലാവുകള്‍ നിറച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷോണീമിത്ര അവാര്‍ഡ് ജേതാവ് കൂടിയായ വര്‍ഗ്ഗീസ് തരകന്‍. അഞ്ചേക്കര്‍ കുന്നില്‍ ചെറിയ പ്ലാവുകള്‍ നിറയെ കായ്ച്ചും പഴുത്തും നില്‍ക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും കുളിരേകും. അതുകൊണ്ടു തന്നെയാകാം ‘പ്ലാവുകളുടെ ഈ കുന്നി’ ലേക്ക് നിരവധി സന്ദര്‍ശകരെത്തുന്നത്. വരുന്നവര്‍ക്കെല്ലാം മധുരമൂറുന്ന ചക്കച്ചുള സൗജന്യമാണ്. ‘ആയുര്‍ജാക്ക്’ ഫാമെന്ന് അറിയപ്പെടുന്ന വേലൂര്‍ പഞ്ചായത്തിലെ ഈ കുന്നിനെ സവിശേഷമാക്കുന്നത് ഇവിടുത്തെ വാട്ടര്‍ മാനേജ്മെന്റ് സംവിധാനം തന്നെയാണ്.

 

 

മനോഹരമായി പരിപാലിക്കുന്ന ഈ ഫാം സന്ദര്‍ശിക്കാന്‍ മറ്റു ജില്ലകളില്‍ നിന്നും നിരവധി കൃഷി പ്രേമികള്‍ കുട്ടികളും കുടുംബവുമായാണ് എത്തുന്നത്. കൈനീട്ടി തൊടാവുന്ന തരത്തിലാണ് ചക്കകള്‍. ചെറിയ പ്ലാവുകള്‍ക്ക് താങ്ങാവുന്ന വിധത്തിലുള്ള ചക്കകള്‍. ആയിരത്തോളം പ്ലാവുകള്‍. കുഞ്ഞന്‍ പ്ലാവിലും ചക്കയുടെ സമൃദ്ധി. പ്ലാവിന്‍ ചോട്ടിലെ മണ്ണില്‍ പടര്‍ന്നു കിടക്കുന്ന ചക്കകള്‍. ചക്ക മാഹാത്മ്യം പറഞ്ഞാല്‍ തീരില്ല. ക്ഷാമകാലത്ത് ചക്കയും ചക്കയുടെ നിരവധി വിഭവങ്ങളുമായി വിശപ്പടക്കി ജീവന്‍ നിലനിര്‍ത്തിയ പഴയ തലമുറയ്ക്ക് പക്ഷേ, ചക്കയുടെ ഇപ്പോള്‍ കേള്‍ക്കുന്ന മഹത്വവും അരോഗ ഗുണങ്ങളും നിശ്ചയമില്ലായിരിക്കാം. രക്തസമ്മര്‍ദ്ദം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ചക്കയിലടങ്ങിയ ഔഷധ ഘടകങ്ങള്‍ക്ക് സാധിക്കുമെന്ന് ശാസ്ത്രലോകം മനസ്സിലാക്കിയിട്ട് ഏറെക്കാലമായി. ഇത്തരത്തിലുള്ള നിരവധി ഔഷധ ഘടകങ്ങളാണ് ചക്കയിലുള്ളത്.

വാട്ടര്‍ മാനേജ്മെന്റ്
കൊടു വേനലിലും കുന്നിനെ ഹരിതാഭമാക്കാന്‍ എവിടെനിന്നാണ് ജലമെത്തുന്നത് എന്നാണ് പ്ലാവുകളുടെ കുന്നിലേക്കെത്തുന്ന ‘ടൂറിസ്റ്റുകള്‍’ അത്ഭുതത്തോടെ ചോദിക്കുന്നത്. പ്ലാവുകളുടെ നഴ്സറിയും കടുത്ത ചൂടിലും തളിര്‍ത്തു നില്‍ക്കുന്നു. എല്ലായിടത്തും ജല സമൃദ്ധിയുടെ ലക്ഷണങ്ങള്‍. അവിടെയാണ് വര്‍ഗീസ് തരകന്‍ എന്ന വാട്ടര്‍ മാനേജ്മെന്റ് ‘എഞ്ചിനീയറുടെ’ കൈമുദ്ര പതിഞ്ഞിട്ടുള്ളത്. കുന്നിന്‍ ചെരുവിലെ തട്ടു തിരിച്ചുള്ള കൃഷി പുതിയതല്ല. എന്നാല്‍ മഴവെള്ളത്തെ കുന്നിന്‍മുകളില്‍ നിന്നും ബുദ്ധിപൂര്‍വ്വം ഒഴുക്കി ട്രഞ്ച് കുഴിച്ചും തടകെട്ടിയും ഓരോ തിട്ടകളിലേക്കും സംഭരിക്കുകയാണിവിടെ. പ്രദേശത്തെ അണ്ടര്‍ ഗ്രൗണ്ട് വാട്ടര്‍ ലെവല്‍ ഉയര്‍ത്തുന്നതിലും അവിടത്തെ മുപ്പത്തഞ്ചോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിലും കുറുമാല്‍ കുന്നിലെ ആയുര്‍ജാക്ക് തോട്ടത്തിനെ നിര്‍ണായകമായ പങ്കുണ്ട്. കേരളത്തില്‍ ഒരു വര്‍ഷം ഒരു സെന്റ് ഭൂമിയില്‍ 1,20,000 ലിറ്റര്‍ മഴവെള്ളം പതിക്കുന്നുവെന്നാണ് സെന്‍ട്രല്‍ വാട്ടര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. ഇതുപ്രകാരം അഞ്ചേക്കര്‍ ഭൂമിയില്‍ പതിയുന്ന ആറ് കോടി ലിറ്ററോളം വരുന്ന മഴവെള്ളത്തെ ഭൂഗര്‍ഭ ജലമായി മാറ്റുകയാണിവിടെ. അതിനുതകുന്ന തരത്തില്‍ കുന്നിനെ രണ്ടായി പകുത്ത് ഇരുവശങ്ങളിലേക്കും മഴവെള്ളത്തെ തിരിച്ചുവിടുന്നു. വെള്ളം പാഴാകാതെ ട്രഞ്ചുകളിലേക്കിറങ്ങുന്നു. പ്ലാവുകള്‍ കൂടാതെ തെങ്ങ് ഉള്‍പ്പെടെ നിരവധി ഫലവൃക്ഷങ്ങളുടെ ആയിരക്കണക്കിന് തൈകള്‍ ഇവിടെ വളര്‍ത്തിയെടുക്കുന്നുണ്ട്.

 

 

കുറുമാല്‍ കുന്നില്‍ ജലം ലഭിക്കാതായപ്പോഴാണ് ഉടമകള്‍ ഈ ഭൂമി വില്‍ക്കാന്‍ തയ്യാറാകുന്നത്. കുഴല്‍ കിണര്‍ ഉള്‍പ്പടെ നാല് കിണറുകള്‍ കുഴിച്ചിട്ടും വെള്ളം ഇല്ലായിരുന്നു. അങ്ങനെയാണ് 2003ല്‍ ഭൂമി വര്‍ഗീസ് തരകന്റെ കയ്യിലെത്തുന്നത്. കുന്നിനു താഴെയുള്ള വീടുകളിലും ജലക്ഷാമം രൂക്ഷമായിരുന്നു. 1995ല്‍ സംസ്ഥാന സര്‍ക്കാര്‍ നെതര്‍ലണ്ട് സര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കിയ കേരള സാമൂഹ്യ ജലക്ഷേമ സമിതിയിലൂടെ (KSJS) ഈ പ്രദേശത്ത് കുഴല്‍ കിണര്‍ കുഴിച്ച് വെള്ളം ലഭ്യമാക്കിയെങ്കിലും 2012 ഓടെ അതും വറ്റിപ്പോയി. ഇതോടെ പ്രദേശത്ത് വരള്‍ച്ച രൂക്ഷമായി. ആ സമയത്താണ് കുറുമാല്‍ കുന്നില്‍ തട്ട്തിരിച്ചുള്ള കൃഷി വര്‍ഗീസ് തരകന്‍ ആരംഭിക്കുന്നത്. പെയ്ത് ഒഴുകുിപ്പോകുന്ന കോടിക്കണക്കിന് ലിറ്റര്‍ മഴവെള്ളത്തെ സംഭരിച്ച് ഉപയോഗപ്പെടുത്തിയാല്‍ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താം. അതിനായി വ്യത്യസ്തമായ രീതികള്‍ അവലംബിക്കുകയായിരുന്നു ഇദ്ദേഹം. ട്രഞ്ചുകളും അതിനപ്പുറത്ത് തടകെട്ടി തിരിച്ചും മഴവെള്ളത്തിന്റെ താഴേക്കുള്ള ഒഴുക്കിനെ ഗതിതിരിച്ച് വിട്ട് പെയ്യുന്ന മഴയെ പരമാവധി കുന്നില്‍ തന്നെ ഇറക്കി സംഭരിച്ചു. ഈ പ്രവര്‍ത്തനമാണ് വിജയകരമായത്. ഇപ്പോള്‍ കുന്നിന്‍മുകളിലെ കിണറില്‍ സമൃദ്ധമായി ജലമുണ്ട്. അഞ്ചേക്കര്‍ തോട്ടത്തിലെ പ്ലാവുകള്‍ ഉള്‍പ്പെടെ എല്ലാ ഫലവൃക്ഷങ്ങളും മറ്റു തൈകളും നനയ്ക്കുന്നു. മികച്ച രീതിയില്‍ ജല വിനിയോഗവും സംരക്ഷണവും നടത്തിയതിനാല്‍ കുന്നിനു സമീപമുള്ള വീടുകളിലെ കിണറുകളും ഇപ്പോള്‍ വറ്റാറില്ല. കുടിവെള്ള ക്ഷാമം ഇവിടെ പഴങ്കഥയായിരിക്കുന്നു. 420 അടി താഴ്ത്തിയാല്‍ മാത്രം വെള്ളം കിട്ടിയിരുന്ന കുഴല്‍ കിണറുകളുടെ സ്ഥാനത്തിന്ന് 74 അടി കുഴിച്ചപ്പോള്‍ സുലഭമായി വെള്ളമുണ്ട്. താഴെയുള്ള 50 ഏക്കര്‍ വരുന്ന കൃഷിഭൂമിയും ജലസമൃദ്ധമാണിപ്പോള്‍.

അവാര്‍ഡും വിദേശ സന്ദര്‍ശകരും
വര്‍ഗീസ് തരകന്റെ ഈ ജലസംരക്ഷണ വിനിയോഗ മാതൃകയ്ക്ക് വലിയ അംഗീകാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ‘ദി എനര്‍ജി ആന്റ് റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (TERI)’, ഇന്റര്‍നാഷണല്‍ വാട്ടര്‍ അസോസിയേഷന്‍ (IWA)’ എന്നിവയുടെ സഹകരണത്തോടെ യുണൈറ്റഡ് നേഷന്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം, ഇന്ത്യ (UNDP) 2021 ലെ Water Sus­tain­abil­i­ty Award’ കഴിഞ്ഞ മാര്‍ച്ച് 22ന് ജലദിനത്തില്‍ ഡല്‍ഹിയില്‍ വച്ച് വര്‍ഗീസ് തരകന് സമ്മാനിച്ചു. കാര്‍ഷിക മേഖലയിലെ ജലസംരക്ഷണത്തിനായിരുന്നു പുരസ്കാരം. ജപ്പാന്‍കാരിയായ യു എന്‍ പ്രതിനിധി ഷോക്കോ നോഡയാണ് അവാര്‍ഡ് സമ്മാനിച്ചത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഊര്‍ജ ഭക്ഷ്യ രംഗങ്ങള്‍ക്കുള്ളതിലേറെ പ്രാധാന്യം ജലസംരക്ഷണത്തിനുണ്ടെന്ന് യുഎന്‍ഡിപി പറയുന്നു.

കുറുമാല്‍ കുന്നിലെ പ്ലാവിന്‍ തോട്ടത്തിലേക്ക് നിരവധി പ്രമുഖര്‍ രാജ്യത്തുനിന്നും, പുറം നാടുകളില്‍ നിന്നും എത്തുന്നുണ്ട്. പല ജില്ലകളില്‍ നിന്നും ഇവിടെ സന്ദര്‍ശനത്തിനായും പ്ലാവിന്‍ തൈകള്‍ക്കായും നിരവധി പേരെത്തുന്നു. ചക്കപ്പഴത്തിനും തോട്ടത്തിന്റെ ജല സംരക്ഷണ മാര്‍ഗ്ഗങ്ങളെപ്പറ്റി അറിയാനുമായി 28 രാജ്യങ്ങളില്‍ നിന്നും അന്വേഷണങ്ങളുണ്ടെന്ന് തരകന്‍ പറയുന്നു. യൂറോപ്പിലെ റിഗ യൂണിവേഴ്സിറ്റിയില്‍ നിന്നും അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്സിറ്റിയില്‍ നിന്നും തോട്ടത്തെക്കുറിച്ചുള്ള പഠനത്തിന് അനുവാദം ചോദിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് യൂണിവേഴ്സിറ്റിയിലെ ഡോ. ജോര്‍ജിന ഡ്യൂ ആയുര്‍ജാക്ക് ഫാം സന്ദര്‍ശിച്ചിരുന്നു. ബിബിസിയുടെ പ്രതിനിധി ഹെലന്‍ പാമറും ഇവിടെയെത്തിയിരുന്നു.

ചക്ക ബ്രസീല്‍ എംബസിയിലേക്ക്
നാലു വര്‍ഷമായി ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയിലേക്ക് ചക്ക നല്‍കുന്നത് വര്‍ഗീസ തരകന്റെ ആയൂര്‍ജാക്ക് ഫാമില്‍ നിന്നാണ്. ബ്രസീലിന്റെ റിപ്പബ്ലിക് ദിനമായ നവംബര്‍ 19ന് ഡല്‍ഹിയിലെ എംബസിയില്‍ നടത്തുന്ന വിരുന്നു സല്‍ക്കാരത്തിനാണ് അവര്‍ ചക്ക കൊണ്ടുപോകുന്നത്. മറ്റ് രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കും കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കുമാണ് വിരുന്ന്. വിരുന്നില്‍ ചക്ക ഉപയോഗിച്ചുള്ള സവിശേഷ വിഭവമാണ് വിളമ്പുക. നവംബറില്‍ ചക്ക ലഭിക്കുക വിരളമാണെങ്കിലും വര്‍ഗീസ് തരകന്റെ ഫാമില്‍ എല്ലാകാലത്തും ചക്കയുണ്ടാകും. ഭക്ഷണത്തില്‍ ചക്ക വിഭവങ്ങള്‍ നന്നായി ഉപയോഗിക്കുന്ന ബ്രസീലുക്കാരുടെ പ്രധാന പാരമ്പര്യ വിഭവങ്ങളില്‍ ഒന്നാണ് ചക്കയുപയോഗിച്ചുള്ള ഡെസേര്‍ട്ട്. സൗജന്യമായി ചക്ക നല്‍കുന്നതിലുള്ള നന്ദി സൂചകമായി കഴിഞ്ഞ മാസം വര്‍ഗീസ് തരകനെ ബ്രസീല്‍ അംബാസഡര്‍ ആന്‍ഡ്രി അര്‍ണാ ഡല്‍ഹിയിലെ എംബസിയിലേക്ക് ക്ഷണിച്ച് വിരുന്ന് നല്‍കിയിരുന്നു.
2017ലാണ് കുന്നിന്‍മുകളിലെ പ്ലാവിന്‍ തോട്ടം പൂര്‍ണ്ണ സജ്ജമായതും പ്രവര്‍ത്തനങ്ങള്‍ സജീവമായതും.

തോട്ടത്തിലെ വാട്ടര്‍ മാനേജ്മെന്റ്
എഞ്ചിനീയറിങ്ങിനെക്കുറിച്ച് ചെന്നൈയിലെ റൂര്‍ക്കി ഐഐടിയില്‍ പഠിപ്പിക്കുന്നുണ്ടെന്നും ഈ വിഷയം പഠിപ്പിക്കുന്ന ഇന്ത്യയിലെ മിക്ക ഐഐടികളിലും ഈ രീതി പാഠ്യവിഷയത്തിന്റെ ഭാഗമാണെന്നും വര്‍ഗീസ് തരകന്‍ പറയുന്നു. ജര്‍മ്മനിയിലെ ഒരു ഐസ്ക്രീം ഫാക്ടറിക്കായി 10 ടണ്‍ ചക്കച്ചുള എല്ലാ മാസവും നല്‍കാന്‍ സാധിക്കുമോയെന്ന് ചോദിച്ചെങ്കിലും അത്രയും വലിയ അളവില്‍ എല്ലാ മാസവും നല്‍കാന്‍ കഴിയാത്തതിനാല്‍ ഏറ്റെടുത്തില്ല. നൂറു ശതമാനം ജൈവ രീതിയിലാണ് കൃഷി. പ്രധാനവളമായി ഉപയോഗിക്കുന്നത് ആട്ടിന്‍കാഷ്ഠം, ചാണകപ്പൊടി, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് മുതലായവയാണ്. എല്ല് പൊടിയും ഉപയോഗിക്കുന്നുണ്ട്. ഇതാണ് മണ്ണിന്റെയും ചക്കയുടെയും ആരോഗ്യത്തിനും ഗുണത്തിനും കാരണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. വ്യത്യസ്തതയേറിയ 56 ഇനം പ്ലാവുകള്‍ നട്ടുവളര്‍ത്തുന്നുണ്ടിവിടെ. ഇലകളിലും തണ്ടിലും ചക്കയിലുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. ചക്കക്കുരു പാകി വളര്‍ത്തി ബഡ് ചെയ്താണ് തൈകള്‍ വളര്‍ത്തിയെടുക്കുന്നത്. ചക്ക തോട്ടത്തിലും ഫാമിലുമായുള്ള മുപ്പതോളം തൊഴിലാളികളുടെ പരിശ്രമം ആയൂര്‍ജാക്ക് ഫാമിനെ മനോഹരമാക്കി നിലനിര്‍ത്തുന്നു.

ഫാം സന്ദര്‍ശിക്കാന്‍ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പ്രതിനിധികളെത്തിയിരുന്നു. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സിനിമ നടന്മാരും ഉള്‍പ്പെടെ നിരവധി സെലിബ്രറ്റികള്‍ വന്നുകൊണ്ടിരിക്കുന്നു. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, മുന്‍ മന്ത്രി ടി എം തോമസ് ഐസക്, എം എ ബേബി, ആന്റണി രാജു, പി ജെ ജോസഫ്, മുരളി തുമ്മാരകുടി, ഗിന്നസ് പക്രു തുടങ്ങിയവരെല്ലാം ഇവിടെ സന്ദര്‍ശനം നടത്തിയവരാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭാര്യയും കഴിഞ്ഞ ദിവസം ഫാം സന്ദര്‍ശിച്ചിരുന്നു. മണ്ണിനെയും കൃഷിയെയും കുട്ടിക്കാലം മുതല്‍ സ്നേഹിച്ചിരുന്ന വര്‍ഗീസ് തരകന് 2005ല്‍ സര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും അതവഗണിച്ചാണ് മുഴുവന്‍ സമയ കര്‍ഷകനായി തീര്‍ന്നത്. കുറച്ച് കാലം പൊതുപ്രവര്‍ത്തനത്തിലും സജീവമായിരുന്നെങ്കിലും കൃഷിയിലേക്കുള്ള ‘ഉള്‍വിളി’ ശക്തമായപ്പോള്‍ വര്‍ഗീസ് തരകന്‍ ‘കുന്നേറു‘കയായിരുന്നു. നെല്ലുവായ്, ചിറ്റണ്ട എന്നീ പ്രദേശങ്ങളിലെ ഏഴര ഏക്കര്‍ സ്ഥലത്തും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.