20 June 2024, Thursday

കവിതപോലെ പാട്ടുകൾ

വിജയ് സി എച്ച്
May 19, 2024 9:16 am

ജീവിത യാഥാർത്ഥ്യങ്ങളെ മലയാള കവിതകളിൽ പ്രതിഫലിപ്പിച്ചതിനുള്ള അംഗീകാരമായാണ് പത്മപ്രഭാ പുരസ്കാരം കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ റഫീഖ് അഹമ്മദിനെ തേടിയെത്തിയത്. കവിതപോലെയുള്ള ചലച്ചിത്ര ഗാനങ്ങളെഴുതി അഞ്ചു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടിയ റഫീഖിന്റെ വാക്കുകളിലൂടെ… 

കവിതയുടെ ജൈവവികാസം
**************************
മലയാള കവിതയെ അടിമുടി നവീകരിക്കുകയും വലിയ ഭാവുകത്വ പരിണാമം ഉണ്ടാക്കുകയുമൊക്കെ ചെയ്ത ആധുനികതാ പ്രസ്ഥാനത്തിന്റെ അവസാന ഘട്ടമായ തൊണ്ണൂറുകളിലാണ് ഞാനുൾപ്പെടെയുള്ള പല കവികളും താന്താങ്ങളുടെ സംഭാവനകളുമായെത്തിയത്. തുടർന്നു മലയാള കവിതയുടെ ഗതിവിഗതികളിലൂടെയൊക്കെ സഞ്ചരിക്കാൻ കഴിഞ്ഞതുകൊണ്ട് എനിയ്ക്കു തോന്നിയുട്ടുള്ള ഒരു കാര്യം, ആധുനികതാ പ്രസ്ഥാനം മലയാള കവിതയെ വളരെയധികം നവീകരിച്ചുവെന്നത് ഒരു യാഥാർത്ഥ്യമായിരിക്കെത്തന്നെ, വൈദേശിക സാഹിത്യത്തിലെ നമുക്ക് അന്യമായിട്ടുള്ള പല ദർശനങ്ങളോടും അമിതമായ ആവേശം പുലർത്തി എന്നതാണ്. ഇക്കാരണത്താൽ മലയാള കവിത നമ്മുടെ സാമൂഹിക യാഥാർത്ഥ്യങ്ങളുമായി അത്രയൊന്നും ചേർന്നു പോകാത്തൊരു അവസ്ഥയുണ്ടാക്കി എന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്. ജൈവികമായ വികാസമെന്നാൽ ഇടർച്ചയല്ല, മറിച്ച് തുടർന്നുപോകുന്നൊരു പ്രക്രിയയാണ്. ഒന്നിനെ മുറിച്ചു കളഞ്ഞുകൊണ്ട് മറ്റൊന്നിനെ ഉണ്ടാക്കിയെടുക്കലല്ല വികാസം. കവിതയുടെ ജൈവവികാസമാണ് മുന്നോട്ടു പോകേണ്ടത്. എഴുത്തച്ഛൻ മുതൽ അങ്ങനെയൊക്കെത്തന്നെയായിരുന്നു.
മലയാളത്തിലെ ഏറ്റവും വലിയ ആധുനിക കവി ചങ്ങമ്പുഴയാണെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ കവിതയിൽ പോലും ജൈവവികാസം ഭഞ്ജിക്കപ്പെടുന്നുണ്ട്. ജൈവപരമായ വികാസം ഭഞ്ജിക്കപ്പെടുമ്പോൾ, ചില സൃഷ്ടികൾ മലയാള കവിത തന്നെയാണോ അതോ വിവർത്തന കവിതയാണോ എന്നൊക്കെ സംശയം തോന്നിപ്പോകുന്ന ഘട്ടത്തിലാണ് ഞങ്ങളൊക്കെ എഴുതിത്തുടങ്ങിയത്! സ്വാഭാവികമായും അതിനു പ്രതിരോധം തീര്‍ക്കുന്ന ചില കാര്യങ്ങൾ എന്റെ കവിതയിലുണ്ടായിട്ടുണ്ടാവും. അത്തരം നിലപാടുകളെ പഴമയിലേയ്ക്കുള്ള തിരിച്ചുപോക്കായി ചിലർ കണ്ടു. അതല്ല, പാരമ്പര്യത്തിന്റെ തുടർന്നുപോക്കാണെന്ന് മറ്റു ചിലരും വീക്ഷിച്ചു. അതെല്ലാം അനുവാചകരുടെ ഇഷ്ടമാണ്. അതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. 

ഗാനരചനയിൽ എത്തിയത് യാദൃച്ഛികമായി
***************************
തൊണ്ണൂറുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ‘പുതുമൊഴിവഴികൾ’ എന്ന കവിതാസമാഹാരത്തിലൂടെ ആറ്റൂർ രവിവർമ്മ പരിചയപ്പെടുത്തിയ ആധുനികാന്തര കവികളിൽ ഒരാളായിരുന്നു ഞാൻ. ചലച്ചിത്ര ഗാനരചനാരംഗത്ത് എത്തിപ്പെട്ടത് തികച്ചും യാദൃച്ഛികമായാണ്. ചെറുപ്പകാലം മുതലേ പാട്ടുകളോടുള്ള ഇഷ്ടം എനിക്കുണ്ടായിരുന്നുവെങ്കിലും ചലച്ചിത്ര ഗാനരചന എന്ന ഒന്നിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടുപോലുമില്ലായിരുന്നു. പി ടി കുഞ്ഞുമുഹമ്മദ്, വി കെ ശ്രീരാമൻ മുതലായവരുമായുള്ള സൗഹൃദത്തിന്റെ ഭാഗമായി സംഭവിച്ചുപോയതാണത്. കുഞ്ഞിക്ക സംവിധാനം ചെയ്ത ‘ഗർഷോമി‘നു വേണ്ടി പാട്ടെഴുതിയപ്പോൾ പോലും അത് അതോടെ അവസാനിച്ചെന്നേ ഞാൻ കരുതിയിരുന്നുള്ളൂ. പക്ഷേ, അറിയാതെത്തന്നെ ഞാൻ ഗാനരചനയുടെ ഭാഗമായി മാറുകയായിരുന്നു. സിനിമ അങ്ങനെയൊരു ലോകമാണ്. അതിലൊന്ന് തല കാട്ടുവാൻ ആശിച്ചു മോഹിച്ച് ജീവിതം പാഴാക്കിയ പലരെയും എനിക്കറിയാം. എന്നാൽ ഏതോ അപ്രാപ്യമായ ലോകമെന്നു കരുതി അങ്ങനെയൊന്നിനെക്കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിട്ടുപോലുമില്ലാത്ത ഞാൻ അതിന്റെ ഭാഗമാകുകയും ചെയ്തു. ഒരു സർക്കാർ ആപ്പീസിൽ കുത്തിയിരുന്ന് ഗുമസ്തപ്പണിയെടുക്കുന്നതിനേക്കാൾ ആത്മസംഘർഷം കുറഞ്ഞതും സർഗാത്മകമായ സന്തോഷം തരുന്നതും സർവോപരി സാമ്പത്തികമായി ഗുണമുള്ളതുമായ ഒരു ഉപജീവനോപാധി കൂടിയാണിത്. 

കവിതയുടെ മധുരം അനുഭവിച്ചത് പാട്ടുകളിലൂടെ
********************************************
ചലച്ചിത്ര ലോകത്തെത്തിയതിനുശേഷം ഞാനിപ്പോൾ എവിടെയാണെന്ന് വളരെ ഗാഢമായിത്തന്നെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, അക്ഷരം പോലും തിരിയാത്ത കാലത്ത് കവിതയുടെ മധുരസം ഞാൻ ആദ്യമായി അനുഭവിക്കുന്നത് പാട്ടുകളിലൂടെയാണ്. വരികളെ സ്നേഹിക്കുന്ന ഒരാൾ എന്ന നിലയിൽ, പാട്ടുകളുടെ ഈണത്തേക്കാൾ വരികളുടെ ചാരുതയാണ് എന്നെ ആകർഷിച്ചിരുന്നത്. ‘ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി… ’ എന്നു കേൾക്കുന്നൊരു കുട്ടിയുടെ ഭാവന, പുഴയെക്കുറിച്ചും അതിന്റെ ഓളങ്ങളെക്കുറിച്ചും അവ പാദസരം പോലെ കിലുങ്ങുന്നതിനെക്കുറിച്ചുമുള്ള സങ്കൽപ്പങ്ങളിലേക്ക് ചിറക് വിടർത്തുന്നു. ഒരുവിധ കാവ്യോല്പത്തിയും ഇല്ലാത്തവർക്കു പോലും കവിത എന്ന ഭൂഖണ്ഡത്തിലേയ്ക്ക് പ്രവേശിക്കാൻ അവകാശമുണ്ട്. ആ അവകാശമാണ് മലയാള ചലച്ചിത്രഗാനങ്ങൾ ഏറ്റവും സാധാരണക്കാരായവർക്ക് നൽകിയത്. അതുമാത്രമല്ല, അതിലും വലിയ സാമൂഹിക ദൗത്യങ്ങൾ കൂടി ചലച്ചിത്രഗാനങ്ങൾ നമ്മുടെ ബഹുസ്വരസമൂഹ സൃഷ്ടിക്കുവേണ്ടി നിർവഹിച്ചിട്ടുണ്ട്. അതൊന്നും ഇപ്പോൾ വിസ്തരിക്കുന്നില്ല. 

കവിതയും പാട്ടും തമ്മിൽ
*************************
പാട്ടുകൾ എനിയ്ക്ക് വല്ലാത്ത ദൗർബല്യമാണ്. അതേസമയം, വലിയൊരു ആത്മസംഘർഷം ആരംഭകാലത്ത് ഞാൻ അനുഭവിച്ചിരുന്നു. ഏതൊരു സിനിമാപാട്ടിനേക്കാളും കാൽപ്പനികമായ ഇമേജറികളുള്ള പ്രണയ കവിതകൾ എഴുതിയ പാബ്ലോ നെരുദ മഹാകവിയും, ചങ്ങമ്പുഴ മോശക്കാരനുമാകുന്നതിന്റെ സൈദ്ധാന്തികത എനിക്കൊരിക്കലും ബോധ്യമായിട്ടില്ലായിരുന്നു. നെരുദയും, ചാപ്ലിനും, വൈക്കം മുഹമ്മദ് ബഷീറുമെല്ലാം ഇന്നും ജനപ്രിയരായും വലിയ കലാകാരന്മാരായും അറിയപ്പെടുന്നതിനാൽ അരവിന്ദന്റെ ‘വലിയ ലോകവും ചെറിയ മനുഷ്യരു‘മെന്ന കാർട്ടൂൺ സീരീസിലെ ഗുരുജി പറയുന്ന തത്വബോംബു പോലെ അത്ര ലളിതമല്ല ജനപ്രിയത എന്ന സത്യം ഞാൻ മനസിലാക്കി. പി ഭാസ്കരനെപ്പോലെയുള്ള കവികൾ വെറും ഗാനങ്ങളിലൂടെ മാത്രം എങ്ങനെ മലയാളി സമൂഹത്തെ സ്വാധീനിക്കുകയും അവരുടെ ചിന്താരീതികളെ മാറ്റിപ്പണിയുകയും ചെയ്തുവെന്ന് നോക്കിക്കാണാൻ ഞാൻ ശ്രമിച്ചു. 

ആദ്യം ശ്രദ്ധിക്കപ്പെട്ടത്
***********************
ഗാനരചയിതാവായി ശ്രോതാക്കൾ എന്നെ ആദ്യം ശ്രദ്ധിച്ചത്, ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ശമനതാളം’ എന്ന മെഗാസീരിയലിൽ ചിത്ര പാടിയ ‘മൺവീണയിൽ മഴ ശ്രുതിയുണർത്തി…’ എന്നു തുടങ്ങുന്ന വരികൾ എഴുതിയപ്പോഴാണ്. അക്ഷരരേഖകൾ ഉൾവഹിക്കുന്ന അർത്ഥഗാംഭീര്യം തന്നെയാണ് ഏതൊരു ഗാനത്തെയും ജനപ്രിയമാക്കുന്നത്. എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ, എല്ലാവരെയും ആകർഷിക്കുന്ന രീതിയിൽ എഴുതിയാലേ വരികൾക്കു സ്വീകാര്യത ലഭിക്കൂ. കഥയിലെ രോഗഗ്രസ്തയായ സ്ത്രീകഥാപാത്രത്തിനു വേണ്ടി ആയിരുന്നല്ലൊ ഈ ഗാനം. താളക്കേടുകളിലൂടെ സഞ്ചരിച്ചു ശമനതാളത്തിലെത്താൻ വെമ്പുന്നവരുടെ മൂഡാണ് ഈ ഗാനത്തിൽ ഞാൻ അക്ഷരങ്ങളിലൂടെ സൃഷ്ടിയ്ക്കാൻ ശ്രമിക്കുന്നത്. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ, ചിത്രയുടെ ഹൃദയസ്പർശിയായ ആലാപനം. ഈ ഗാനത്തിന്റെ മാസ്മര സംഗീതത്തിന്റെയും, തേനൂറും ശബ്ദത്തിന്റെയും കൂടെ നിൽക്കാൻ എന്റെ വരികൾക്കു സാധിച്ചുവെന്നതിൽ ഏറെ സന്തോഷമുണ്ട്. എം ടി വാസുദേവൻ നായർ അവതാരികയെഴുതിയ, കെ രാധാകൃഷ്ണന്റെ പത്തെഴുനൂറ്റമ്പതു പേജുകളുള്ള ‘ശമനതാളം‘എന്ന പുസ്തകം ഏതാനും വരികളിൽ സംക്ഷേപിച്ചു ഒരു ഗാനമെഴുതുന്നത് ഒരു വെല്ലുവിളിയായിരുന്നു. രണ്ടു പാട്ടുകളാണ് പ്രശസ്തമായ ആ നോവലിന്റെ ആകെത്തുക! ഇവ എഴുതുമ്പോൾ ഗാനരചനാരംഗത്ത് ഞാൻ ഒരു തുടക്കക്കാരനുമായിരുന്നു. പത്തു മുന്നൂറു സിനിമകളിലായി അറുനൂറിനുമേൽ ഗാനങ്ങളെഴുതിയത് ഇവയ്ക്കു ശേഷമാണ്. 

മരണമെത്തുന്ന നേരത്ത്
***********************
‘സ്പിരിറ്റ്’ എന്ന സിനിമയിലെ ‘മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ…’ എന്നു തുടങ്ങുന്ന ഗാനം, നേരത്തെ എഴുതിയ ‘മരണമെത്തുന്ന നേരത്ത്’ എന്ന കവിതയാണ്. സംവിധായകൻ രഞ്ജിത്തിന് പടത്തിലെ ഒരു പ്രത്യേക സന്ദർഭത്തിൽ ആ കവിത വളരെ അനുയോജ്യമായി തോന്നിയതുകൊണ്ട് ഉൾപ്പെടുത്തുകയാണുണ്ടായത്. ‘മരണമെത്തുന്ന നേരത്തു’ സിനിമയിൽ വന്നതിനുശേഷം കൂടുതൽ ശ്രോതാക്കൾ എന്നെ ശ്രദ്ധിയ്ക്കാൻ തുടങ്ങി. ഇപ്പോഴുമതിന്റെ ഫീഡ്ബാക്കുകൾ കിട്ടിക്കൊണ്ടിരിക്കുന്നു. 

ഗാനരചന , കവിതാ രചന
**************************
ഒരു ഗാനരചനയുടെ തുടക്കം പടം ചെയ്യുന്നവരുടെ നിർദ്ദേശങ്ങളാണ്. പാട്ടിന്റെ സാഹചര്യം, സംജാതമാക്കേണ്ട വൈകാരികത മുതലായവയെല്ലാം മനസിലാക്കാൻ ശ്രമിക്കും. പിന്നീട് അവ വരികളായി മാറുന്നത് തികച്ചും സ്വാഭാവികമായാണ്. എന്നാൽ, കവിതയുടെ സൃഷ്ടിയിൽ ബോധപൂർവമായി ഒന്നുമില്ല. എല്ലാം യദൃച്ഛയാ സംഭവിയ്ക്കുന്നു. ആശയങ്ങൾക്ക് പൂർവകാല അനുഭവങ്ങളുടെ സ്വാധീനമുണ്ടാകാം, പക്ഷേ കവിത വളരെ ആത്മനിഷ്ഠമായിത്തന്നെയാണ് മനസിൽ ഉടലെടുക്കുന്നത്. 

മലയാളിയുടെ ഭാവുകത്വ പരിണാമം
******************************
ഫ്രഞ്ച് ആധുനികതയായിരുന്നു ഒരു കാലത്ത് നമ്മുടെ സാഹിത്യാധുനികതയെ സ്വാധീനിച്ചത്. കെട്ടിക്കിടന്നിരുന്ന മലയാള സാഹിത്യ ഭാവുകത്വത്തെ അത് ഞെട്ടിച്ചുണർത്തി, പുതുക്കി, വളർത്തി! അതേസമയത്ത്, അതിനകത്ത് പലതരം വൈരുദ്ധ്യങ്ങളും ഉണ്ടായിരുന്നു. അസ്തിത്വവാദം പോലെയുള്ള ആശയങ്ങൾ പാശ്ചാത്യലോകത്ത് പൊട്ടിമുളയ്ക്കുന്നതിന് കൃത്യമായ ചില രാഷ്ട്രീയ‑സാമൂഹിക സാഹചര്യങ്ങൾ ഉണ്ടായിരുന്നു. തൊള്ളായിരത്തി നാൽപ്പതുകളിൽ ആൽബേർ കമ്യുവും മറ്റും എഴുതിയ കൃതികൾ പത്തിരുപതു വർഷങ്ങൾക്കു ശേഷമാണ് നമ്മുടെ സാഹിത്യത്തെ സ്വാധീനിക്കുന്നത്. അക്കാലത്തെ ഇന്ത്യയിലെ, കേരളത്തിലെ, തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ ഭൗതിക പ്രതിസന്ധികളോ കർഷകത്തൊഴിലാളികളുടെ ഭൂസമരങ്ങളോ, ജാതിവിവേചനങ്ങളോ, ദാരിദ്ര്യമോ പോലെയുള്ള മറ്റു ഇന്ത്യൻ യാഥാർത്ഥ്യങ്ങളോ ആയിരുന്നില്ല നമ്മുടെ സാഹിത്യത്തിൽ പ്രതിഫലിച്ചത്. അമൂർത്തവും അവ്യക്തവുമായ അസ്തിത്വദുഖങ്ങളും മറ്റുമായിരുന്നു സൃഷ്ടികളിൽ. തദ്ദേശീയമായ ജനപ്രിയ സാഹിത്യത്തെ പരിഹാസത്തോടെ സമീപിച്ച ബൗദ്ധികലോകം യൂറോപ്യൻ പോപ്പ് മ്യൂസിക് കൾച്ചറിനെ വലിയ സംഭവമായി ആഘോഷിക്കുകയും ചെയ്തു. ചുരുക്കത്തിൽ, ആർജവമുള്ള ബൗദ്ധിക സമീപനങ്ങളേക്കാൾ എക്സോട്ടിക് ആയവയോടുള്ള ഭ്രമമാണ് മലയാളി ബുദ്ധിജീവി വർഗത്തെ അന്നും കുറെയൊക്കെ ഇന്നും ആകർഷിച്ചുകൊണ്ടിരിക്കുന്നത്. 

കവിതയുടെ ഭാവി
*****************
പുതിയ കാലം സങ്കീർണമാണ്. അതിനാൽ കവിതയുടെ ഭാവി പ്രവചനീയമല്ല. നിർമ്മിത ബുദ്ധിയുടെയും സൈബോർഗുകളുടെയും യുഗമാണ് വരാനിരിക്കുന്നത്. അതിനകത്ത് കലയും സാഹിത്യവുമൊക്കെ എന്തായിരിക്കുമെന്ന് പ്രവചിക്കാനാവില്ല. ഇന്ന് എല്ലാം പരന്നുകൊണ്ടിരിക്കുന്നു. ആഴങ്ങൾ നികന്ന ഒരു ലോകമാണ് നമ്മുടെ മുന്നിലുള്ളത്. ആദ്യം മുതൽ അക്ഷരമാല പഠിപ്പിക്കേണ്ടിവരുന്ന ഒരു കാലം. നവോത്ഥാന പ്രസ്ഥാനങ്ങളും, ശാസ്ത്രദർശനങ്ങളും, ശ്രീനാരായണഗുരുവുമൊക്കെ ഉഴുതുമറിച്ച ഒരു മണ്ണിൽനിന്നുകൊണ്ട് ഗോളാന്തര യാത്രക്കുവേണ്ടി പേടകങ്ങൾ തയ്യാറാക്കിക്കഴിഞ്ഞ, ചൊവ്വയിൽ ഭൂമി വാങ്ങിയതിന്റെ കരം വില്ലേജാപ്പീസിൽ ഓൺലൈനായി അടയ്ക്കാൻ വരെ വളർന്നുകഴിഞ്ഞ ഒരു ലോകത്തിരുന്നുകൊണ്ട് ആർത്തവം അശുദ്ധമോ എന്നാണ് നമ്മൾ ചർച്ച ചെയ്യുന്നത്! ജാതി ചോദിച്ചാൽ എന്താ എന്നാണ് ചോദിക്കുന്നത്! ഉളുപ്പില്ലാത്ത ഒരു സമൂഹമായി നമ്മൾ മാറിക്കഴിഞ്ഞിരിക്കുന്നു.
അതിരിയ്ക്കട്ടെ, കവിതയിലേക്കു തന്നെ വരാം. ഭാഷകൊണ്ടുള്ള ആവിഷ്കാരത്തിന്റെ സാധ്യമായ പരമോന്നത രൂപം എന്ന നിലയിലാണ് കവിതയെ ഞാൻ കാണുന്നത്. സൈബർയുഗം വലിയ സാംസ്കാരിക കുതിച്ചുചാട്ടങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും, കവിത എന്ന ആവിഷ്കാര രൂപത്തിന്റെ അടിസ്ഥാന സ്വത്വത്തെ അത് ലാഘവപ്പെടുത്തി എന്നാണെന്റെ നിരീക്ഷണം. നിങ്ങളുടെ കണ്ണുകളെ പെട്ടെന്ന് ആകർഷിക്കാനുള്ള യുക്തികളെയാണ് അതിപ്പോൾ തേടുന്നത്. നിങ്ങളുടെ മനസിലേയ്ക്ക് കയറി അവിടെ പറ്റിപ്പിടിച്ചിരിക്കാൻ പുരോഗാമികളായി അവതരിച്ചിരിയ്ക്കുന്ന അക്കാദമിക്കുകളും അതിനുമേൽ അനവധി ചരടുകൾ ബന്ധിച്ചു കഴിഞ്ഞിരിക്കുന്നു. പൊളിറ്റിക്കൽ കറക്ട്നസിനെക്കുറിച്ചുള്ള ശുദ്ധിവാദം അതിലൊന്നാണ്. ലാവണ്യാംശത്തെയും എഴുത്തിന്റെ അബോധതലങ്ങളെയും പാടെ നിരാകരിക്കുന്ന സാംസ്കാരിക വിമർശന പദ്ധതിയും സർഗാത്മകതയുടെ സ്വാഛന്ദ്യത്തെ കെടുത്തിക്കളയുന്നു. എങ്കിലും പ്രതീക്ഷിക്കുന്നു, തെളിമയും നേരുമുള്ള ഒരു നാളെയെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.