25 May 2024, Saturday

ചട്ടമ്പിസ്വാമികളുടെ ധൈഷണിക പോരാട്ടങ്ങൾ

വി യു സുരേന്ദ്രൻ
May 12, 2024 3:51 am

നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നിരുന്നത് സനാതന ധർമ്മത്തിലും ബ്രാഹ്മണ്യാധീശത്വത്തിലും അധിഷ്ഠിതമായൊരു സാമൂഹ്യ വ്യവസ്ഥയായിരുന്നു. മഹാഭൂരിപക്ഷം വരുന്ന കീഴാള ജനതയെ കുലഹീനരും മ്ലേച്ഛരും അസ്പൃശ്യരുമാക്കി ബ്രാഹ്മണ്യവും വരേണ്യ ജാതീയതയും ജീവിതത്തിൽ നിന്നും പുറത്താക്കിയിരുന്നു. ശുദ്ധാശുദ്ധി സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിത ആണധികാര വ്യവസ്ഥ കീഴാള ജനതയെ മലിന വസ്തുക്കളാക്കി മാറ്റിയത്. ജാതി ബ്രാഹ്മണ്യത്തിന്റെ അധീശത്വത്തിനും ജാതീയ വിവേചനങ്ങൾക്കുമെതിരെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾ മുതൽ നിരവധി പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. കീഴാള ജനതയുടെ ഈ മുന്നേറ്റങ്ങളാണ് ആചാര കേരളത്തെ ആധുനിക സമൂഹമാക്കി പുനർനിർണയിച്ചത്.

സമൂഹത്തിൽ കാലങ്ങളായി വേരുറച്ചു നിന്നിരുന്ന ജാതിവ്യവസ്ഥക്കും സവർണ്ണാധികാരത്തിനുമെതിരെ ആരംഭിച്ച ജാതിവിരുദ്ധ / അവർണ നവോത്ഥാനപ്രസ്ഥാനങ്ങൾ വൻ ശക്തിയാർജ്ജിക്കുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ്. ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, ബ്രഹ്മാനന്ദസ്വാമി ശിവയോഗി, അയ്യൻകാളി, വാഗ്ഭടാനന്ദൻ, ടി കെ മാധവൻ, പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, ആനന്ദതീർത്ഥർ, കുറുമ്പൻ ദൈവത്താൻ, വേലുക്കുട്ടി അരയൻ, കെ പി കറുപ്പൻ, കാവാരികുളം കണ്ടൻകുമാരൻ തുടങ്ങിയവരുടെ കാലമായപ്പോഴേക്കും ഈ അവർണ നവോത്ഥാനപ്രസ്ഥാനം ശക്തമായൊരു ധാരയായി. സമൂഹത്തിലെ കീഴാള ജനങ്ങൾ നടത്തിയ ഇത്തരം മുന്നേറ്റങ്ങൾ തികച്ചും നൈതികവും ജാതിവിരുദ്ധവും മതനിരപേക്ഷപ രവുമായിരുന്നു. ശ്രേണീകൃതമായ ജാതിവ്യവസ്ഥക്കും സവർണജാത്യാചാരങ്ങൾക്കും ബ്രാഹ്മണ്യാധികാരത്തിനുമെതിരെ ശക്തിപ്രാപിച്ച ഈ ജനകീയ നവോത്ഥാനമുന്നേറ്റത്തിനു ധൈഷണിക ഭൂമിയൊരുക്കിയ അദ്വിതീയനായൊരു നവോത്ഥാന നായകനായിരുന്നു ചട്ടമ്പിസ്വാമികൾ. മറ്റു നവോത്ഥാന നായകന്മാരെപോലെ ജാത്യാചാരങ്ങൾക്കും മനുസ്മൃതിനിയമസംഹിതക്കും ജാതിബ്രാഹ്മണ്യത്തിനുമെതിരസ്വാമികൾ പ്രത്യക്ഷ സമരങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക പദ്ധതികൾക്കും ജ്ഞാനാധികാര വ്യവസ്ഥക്കുമെതിരെ അദ്ദേഹം ധൈഷണിക സമരങ്ങളിലേർപ്പെട്ടു.

ഉത്തരേന്ത്യൻ നവോത്ഥാന പ്രസ്ഥാനങ്ങളിൽ നിന്നും കേരളീയ നവോത്ഥാനത്തെ വ്യതിരിക്തമാക്കുന്ന ഒരു സവിശേഷ ഘടകം അതിന്റെ അവർണജാതി മുന്നേറ്റവും ഉയിർത്തെഴുന്നേല്പുമാണ്. ജാതിഘടനയും ജാത്യാചാരങ്ങളും ജാതീയ വിവേചനങ്ങളും അതിന്റെ ഏറ്റവും ക്രൂരവും പൈശാചികവുമായ രീതിയിൽ ഇവിടെ നിലനിന്നിരുന്നു. ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടേയും അധികാരബന്ധങ്ങളുടേയും അടയാളങ്ങൾ വസ്ത്രധാരണത്തിലും ആചാരഭാഷയിലും ജാത്യാചാരങ്ങളിലും ജാതിയനിയമങ്ങളിലും എല്ലാം വെളിവാക്കപ്പെട്ടിരുന്നു. ബ്രാഹ്മണ്യാധീശത്വത്തിലും ചാതുർവർണ്യവ്യവസ്ഥയിലും അധിഷ്ഠിതമായ ജാതി ‑ജന്മി ‑നാടുവാഴിത്തസമ്പ്രദായമാണ് അന്നത്തെ അയിത്ത കേരളത്തിൽ നിലനിന്നിരുന്നത്. അതുകൊണ്ടാണ് ചട്ടമ്പിസ്വാമികൾ അക്കാലത്തെ ജാതീയ ആചാരങ്ങൾക്കും സവർണജാതിനിയമങ്ങൾക്കും ബ്രാഹ്മണപുരോഹിതരുടെ ജ്ഞാനാധികാരത്തിനുമെതിരെ ധൈഷണികപോരാട്ടങ്ങൾ നടത്തിയത്.

സ്വാമികളുടെ നവോത്ഥാന ധൈഷണിക സമരത്തിന്റെ പ്രഥമല ക്ഷ്യംതന്നെ ബ്രാഹ്മണ്യത്തിന്റെ വൈജ്ഞാനിക മേഖലയിലെ അധീശത്വം തകർക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വേദാധികാരനിരൂപണം, പ്രാചീനമലയാളം, ശ്രീചക്രപൂജാകല്പം, ആദിഭാഷ തുടങ്ങിയ ഗ്രന്ഥങ്ങൾ നവോത്ഥാനമുന്നേറ്റത്തിന്റെ ശക്തമായ സമരായുധങ്ങളാണ്. വേദം പഠിക്കുവാനും പഠിപ്പിക്കുവാനും, ക്ഷേത്രങ്ങളിൽ പൂജ ചെയ്യാനും ക്ഷേത്രപ്രതിഷ്ഠ നടത്തുവാനും ശൂദ്രർക്കും മറ്റു ജാതി അടിമകൾക്കും അവകാശമുണ്ടെന്ന് സ്വാമികൾ ഈ ഗ്രന്ഥങ്ങളിലൂടെ വിളിച്ചു പറഞ്ഞു. ബ്രാഹ്മണപുരോഹിതർ പരമ്പരാഗതമായി കൈയ്യടക്കിവെച്ചിരുന്ന ഈ ക്ഷേത്രാധികാരത്തിനും ജ്ഞാനാധികാരത്തിനും നേരെയുള്ള കനത്ത പ്രഹരങ്ങളായിരുന്നു ഈ ഗ്രന്ഥങ്ങൾ. ദൈവദത്തമായ വേദേതിഹാസങ്ങൾ ബ്രാഹ്മണന്റെ മാത്രം അവകാശമാണ്. ബ്രാഹ്മണർക്കു മാത്രമേ വേദം പഠിക്കാനും പഠിപ്പിക്കാനും അവകാശമുള്ളൂ. ദേവഭാഷയായ സം സകൃതമാണ് എല്ലാ ഭാഷകളുടെയും മൂലഭാഷ. തന്ത്രസമുച്ചയ പ്രകാരം ക്ഷേത്രപ്രതിഷ്ഠ നടത്തുവാൻ ബ്രാഷ്മണർക്കു മാത്രമേ അധികാരമുള്ളൂ തുടങ്ങിയ ബ്രാഹ്മണ്യാധികാര പ്രത്യയശാസ്ത്രങ്ങൾക്ക് തീകൊളുത്തിയ ഗ്രന്ഥങ്ങൾ എന്ന നിലയിൽ ഈ ഗ്രന്ഥങ്ങളെ നാം തിരിച്ചറിയേണ്ടതാണ്. ‘ശ്രീചക്രപൂജാകല്പ’ത്തിലൂടെ ഏതൊരു ഭക്തനും സ്വയം ഇഷ്ടദേവതയെ ഏതെങ്കിലുമൊരു സ്ഥാനത്ത് പ്രതിഷ്ഠിച്ച് ഇടനിലക്കാരായ പുരോഹിതരെ ഒഴിവാക്കി ശ്രീചക്രപൂജ നടത്താവുന്നതാണ്. കാലങ്ങളായി ക്ഷേത്ര പാരമ്പര്യവും ക്ഷേത്രപൂജയും തങ്ങളുടെ അവകാശാധികാരമാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പോന്ന ബ്രാഹ്മണരിൽ നിന്നും ക്ഷേത്രപൂജയെയും മതവിശ്വാസത്തേയും വിമോചിപ്പിച്ചെടുത്ത് അവർണന്റെ മാത്രമായ പുതിയൊരു പൂജാസമ്പ്രദായത്തിനും ബ്രാഹ്മണിക്കൽ വിരുദ്ധമായ ഒരു ബദൽ ഹൈന്ദവ വിമോചനശാസ്ത്രത്തിന്റെയും നവോത്ഥാന പാഠങ്ങളാണ് ശ്രീചക്രപൂജാവിധികല്പം. അതുകൊണ്ടുതന്നെ ചട്ടമ്പിസ്വാമികളുടെ ഈ മഹത്തായ ഗ്രന്ഥങ്ങളെല്ലാം ബ്രാഹ്മണപുരോഹിത പ്രത്യയശാസ്ത്രങ്ങളിൽനിന്നും വ്യതിരിക്തമായ ഹൈന്ദവവിമോചന ദൈ വശാസ്ത്രത്തിന്റെ അവർണപാഠങ്ങൾ ഉല്പാദിപ്പിക്കുന്നുണ്ടെന്നു കൂടി നാം തിരിച്ചറിയേണ്ടതാണ്.

വേദങ്ങൾ മാത്രമല്ല, ഈ പ്രപഞ്ചത്തിലെ മുഴുവൻ വിജ്ഞാനവും ആർജിക്കുവാൻ ശൂദ്രർക്കും അവർണനും അവകാശമുണ്ടെന്നു പ്രഖ്യാപി ച്ച ചട്ടമ്പിസ്വാമികൾ തന്റെ ജീവിതകാലം മുഴുവൻ സകല വൈജ്ഞാനിക ഗ്രന്ഥങ്ങളും പഠിച്ചെടുക്കുവാൻ കഠിനപ്രയത്നം തന്നെ ചെയ്യുകയുണ്ടായി. സംസ്കൃതം, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലെ അപൂർവങ്ങളായ ഗ്രന്ഥങ്ങൾ, താളിയോലകളിലും മറ്റും പൂർവസൂരികൾ എഴുതി സൂക്ഷിച്ചിരുന്ന ഗൂഢഭാഷകൾ, മന്ത്രതന്ത്രവിധികൾ, ആയുർവേദ ഔഷധങ്ങളെക്കുറിച്ചുള്ള അറിവുകൾ എല്ലാം സ്വാമികൾ സ്വായത്തമാക്കി. സംഗീതം, മർമ്മശാസ്ത്രം, യോഗാഭ്യാസം, വേദാന്തം, ഗുസ്തിമുറകൾ, സംഗീതോപ കരണങ്ങൾ, കഥകളി,പാചകവിധികൾ, തുടങ്ങിയവയിലെല്ലാം അസാമാന്യപ്രാവീണ്യം നേടി. മറ്റു നവോത്ഥാന നായകന്മാരിൽ നിന്നും വ്യത്യസ്തമായി ഇസ്ലാം, ക്രൈസ്തവ മതദർശനങ്ങളിലും സ്വാമികൾ അഗാധ പാണ്ഡിത്യം നേടി. രാമൻപിള്ള ആശാൻ, തൈക്കാട് അയ്യാ ഗുര, സ്വാമിനാഥ ദേശികൻ, സുബ്ബയ്യ ജടാപാഠികൾ തുടങ്ങിയ മഹാപണ്ഡിതന്മാരുമായുള്ള ബന്ധവും സ്വാമി കളുടെ പാണ്ഡിത്യത്തെ രൂപപ്പെടുത്തിയ ഘടകങ്ങളാണ്. അതുകൊണ്ട് സ്വാമികൾ വിദ്യാധിരാജനായി. സകലവിജ്ഞാനവും ബ്രാഹ്മണന്റെ കുത്തകയായിരുന്ന കാലത്താണ് സ്വാമികൾ ജ്ഞാനാന്വേഷണത്തെയും പഠനത്തെയും ബ്രാഹ്മണിക്കൽ ജ്ഞാനാധികാര ത്തിനെതിരായ മറ്റൊരു സമരങ്ങളായി വികസിപ്പിച്ചെടുത്തത്.
ജാതി ബ്രാഹ്മണിക്കൽ ജ്ഞാനാധികാരത്തിനെതിരായ ധൈഷണിക യുദ്ധത്തിൽ സ്വാമികൾ പ്രധാന ആയുധമാക്കിയത് വേദേതിഹാസങ്ങളെയാന്ന്. വേദം പഠിക്കുവാനും പഠിപ്പിക്കുവാനും ബ്രാഹ്മണനു മാത്രമെ അധികാരമുള്ളൂ എന്ന വൈദികനിയമത്തെ സ്വാമികൾ ചോദ്യം ചെയ്തു. ഛാന്ദോഗ്യോപനിഷത്തിലെ വേദം പഠിച്ച ശൂദ്രനായ ജാനശ്രുതിയുടെയും ഐതരേയ ബ്രാഹ്മണത്തിലെ വേടനായ കവഷന്റെയും കഥകൾ ഉദ്ധരിച്ച് അദ്ദേഹം ബ്രാഹ്മണന്റെ വേദാധികാരത്തെ വെല്ലുവിളിച്ചു.
ശൂദ്രർക്കും കീഴാളർക്കും വേദാധികാരവും വേദകർതൃത്വവും മാത്രമല്ല, അവർക്ക് ക്ഷേത്ര പ്രതിഷ്ഠ നടത്തുവാനും ക്ഷേത്ര പൂജ ചെയ്യാനും അവകാശമുണ്ടെന്ന് സ്വാമികൾ സമർത്ഥിച്ചു. ബ്രാഹ്മണന്റെ തന്ത്രസമുച്ചയാധികാരത്തെ ഇടിവെട്ടേല്പിച്ച അരുവിപ്പുറം പ്രതിഷ്ഠ ക്ഷേത്രപാരമ്പര്യം അവർണരുടേതാണെന്ന അവകാശവാദത്തിന്റെ പ്രായോഗിക രൂപമാണ്. അവർണരുടെ ക്ഷേത്രാധികാരവകാശം സ്ഥാപിച്ചെടുത്ത ശ്രീചക്രപൂജാ കല്പം എന്ന ഗ്രന്ഥം ക്ഷേത്രപാരമ്പര്യവുമായി ബന്ധപ്പെട്ട ബ്രാഹ്മണിക്കൽ ജ്ഞാനാധികാരത്തിനെതിരെയുള്ള ഉഗ്രസ്ഫോടനമാണ്. ബ്രാഹ്മണിക്കൽ ആചാര / വരേണ്യഹിന്ദു മതത്തെ അപഹിന്ദുവൽക്കരണം നടത്തി ഒരു ബദൽ ഹിന്ദു മതദർശനങ്ങളെയും ആരാധനാരീതികളെയും വികസിപ്പിച്ചെടുക്കുന്ന ഹൈന്ദവ വിമോചന ദൈവശാസ്ത്രത്തിന്റെ
അടിത്തറയൊരുക്കിയ മഹത്തായൊരു കൃതിയാണ് ശീചക്രപൂജാകല്പം. ഹിന്ദുമതത്തെ ബ്രാഹ്മണ്യാധിപത്യത്തിൽ നിന്നും വിമോചിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രാചീന മലയാളം, ആദിഭാഷ എന്നീ ഗ്രന്ഥങ്ങൾ ചരിത്രവിചാരത്തിലും ഭാഷാ സങ്കല്പത്തിലും നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രങ്ങളെ വേരോടെ പിഴുതെറിയാൻ തക്കശേഷിയുള്ളവയായിരുന്നു. .

മാനവികതയിലും അദ്വൈത ചിന്താപദ്ധതികളിലും അധിഷ്ഠിതമായ പുതിയൊരു (കീഴാള)ഹൈന്ദവ വിമോചന ദൈവശാസ്ത്രത്തിന്റെ പ്രത്യധീശത്വ പ്രത്യയശാസ്ത്രങ്ങൾ നാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും വാഗ്ഭടാനന്ദന്റെയും ചിന്താപദ്ധതികളിൽ നീറിക്കത്തിനിൽക്കുന്നുണ്ട്. അദ്വൈത ദർശനം, ജാതി വിരുദ്ധത, മതേതര ആത്മീയത, ബ്രാഹ്മണ്യ വിരുദ്ധത, സമദർശനം, ജീവകാരുണ്യ പരിസ്ഥിതി ദർശനം, എന്നിവയിൽ അധിഷ്ഠിതമായ ഹൈന്ദവ വിമോചന ദൈവശാസ്ത്രമായിരുന്നു സ്വാമികളുടെ മത സങ്കല്പം. ഇന്നു നാം പൊരുതി നേടിയെടുത്ത ജനാധിപത്യ മത നിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും നവോത്ഥാന മൂല്യങ്ങളുമെല്ലാം വെല്ലുവിളിക്കപ്പെടുകയാണ്. ബ്രാഹ്മണ്യ ഹിന്ദുത്വം കോർപ്പറേറ്റ് രാഷ്ട്രീയ ഹിന്ദുത്വമായി രൂപാന്തരപ്പെട്ടിരിക്കുന്നു. സമസ്ത ജീവിതമേഖലകളിലും ക്രൂര ദംഷ്ട്രങ്ങളാഴ്ത്തി ഹിന്ദുത്വം ഫാസിസത്തിന്റെ അവതാര രൂപം കൈവരിച്ചു കഴിഞ്ഞു. പാഠ്യപദ്ധതികളുടെയും സൈനിക സ്കൂളുകളുടെയും അധികാര കേന്ദ്രങ്ങളുടെയും കാവി വൽക്കരണം, തുടങ്ങിയവ ഉദാഹരണം. ഹിന്ദുത്വ രാഷ്ട്ര നിർമ്മാണ ലക്ഷ്യം വെച്ച് അപര വിദ്വേഷവും പകയും പുലർത്തി ദലിത് / ന്യൂനപക്ഷങ്ങളെ കൂട്ടക്കൊലകൾ നടത്തി ജാതി ബ്രാഹ്മണ്യം ആർത്തട്ടഹസിക്കുകയാണ്. നവോത്ഥാന ചിന്താപദ്ധതികളെയും ഭരണഘടനാ മൂല്യങ്ങളെയും നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് മാത്രമേ നമുക്ക് ഹിന്ദുത്വ രാഷ്ടീയത്തെയും അതിന്റെ മതരാഷ്ട്ര സങ്കല്പത്തെയുംസാംസ്കാരിക ബ്രാഹ്മണ്യത്തെയും ചെറുക്കാനാവൂ. അതിനു വേണ്ടി ഒരു കീഴാള ജനകീയ ജനാധിപത്യ രാഷ്ട്രീയത്തിൻ്റെ രൂപീകരണം ഇന്ത്യയും കാലവും ആവശ്യപ്പെടുന്നു. അത്തരമൊരു ബദൽരാഷ്ട്രീയ വ്യവഹാരത്തിനു വേണ്ടിയുള്ള സമരായുധങ്ങളാക്കി ചട്ടമ്പിസ്വാമികളുടെ ധൈഷണിക പോരാട്ടങ്ങളെ നാം വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.