കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുമ്പോൾ നാട്ടുവഴികളിലെല്ലാം കൃഷ്ണൻ ഓടക്കുഴലൂതി നിൽക്കുന്നു. നീലകൃഷ്ണൻ, വെള്ളകൃഷ്ണൻ, കാർമേഘവർണൻ അങ്ങനെ… പല മട്ടിലുള്ള ശില്പങ്ങൾ. ഈ നാടിപ്പോൾ കണിയൊരുക്കത്തിനായി കാത്തിരിക്കുകയാണെന്നറിഞ്ഞുകൊണ്ട് മറ്റേതോ ദേശത്തുനിന്നുള്ള മനുഷ്യർ കാലേക്കൂട്ടി പലവർണ കൃഷ്ണൻമാരുമായി വഴിയോരങ്ങളിലെത്തിയിരിക്കുകയാണ്. ചൂട് 33 ഡിഗ്രി ആയെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് കണിക്കൊന്നയും അതിന്റെ ഹൃദയം തുറന്ന് മഞ്ഞയുടുപ്പിട്ടു. കൊന്ന മാത്രം പറയില്ല- ”ഹാവൂ! എന്തൊരു ചൂട്” എന്ന്!
ഈ ചൂടിൽ ‘ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച കൊമ്പിൻ മുനമ്പിൽ പോലും പൊന്നിൻ തിളക്കമായി’ അതങ്ങനെ പൂക്കാൻ തുടങ്ങും, മാർച്ചുമുതലേ ഓർമപ്പെടുത്തും-വിഷുവിന് ഒരുങ്ങൂ എന്ന്.
”സ്വർണപ്പണ്ടം കൊണ്ടുമൂടി
വീട്ടിലിന്നലെ വന്ന നീ
കഴുത്തിലൊന്നുമില്ലാത്ത
കാലം, കൊന്നേ മറന്നുവോ?”
എന്നു മഹാകവി പി കുഞ്ഞിരാമൻ നായർ ചോദിച്ചത് കൊന്ന കേട്ട മട്ടില്ല.
വിഷു പോലെ സന്തോഷം തോന്നിയിട്ടുള്ള ആഘോഷം വേറൊന്നില്ല.
വിഷുവിനെ സ്നേഹിക്കാൻ കുട്ടിക്കാലത്ത് കാരണങ്ങൾ പലതാണ്. ഒന്നാമത്തെ കാരണം മുതിർന്നവർ ചോദിക്കാതെ പണംതരുന്ന ഒരേയൊരു അവസരമാണ്.
വിഷുക്കൈനീട്ടം പോലെ മനോഹരമായ മറ്റേതു സംഗതിയുണ്ട്, കുട്ടിക്കാലത്ത്?
ഈ പണംകൊണ്ടുവേണം തുടർന്നുവരുന്ന തൃശൂർ പൂരവും കൂടൽമാണിക്യം ഉത്സവവും ആഘോഷിക്കാൻ.
മധ്യവേനലവധി ഇങ്ങനെ നീണ്ടുപരന്നു കിടക്കുകയാണ്. കശുമാവുകളെല്ലാം നിറഞ്ഞുനിൽക്കും. അതിന്റെ കായ്ഫലമാണ് അടുത്ത പ്രതീക്ഷ. പടക്കം വാങ്ങാനുള്ള വക ഉണ്ടാക്കാനുള്ള പ്രധാന സ്രോതസ്. ഒരു നിവൃത്തിയുമില്ലാത്ത സാഹസികർ കൊന്നയുടെ കൊമ്പത്തു കയറി പൂവറുക്കാൻ തുടങ്ങും. മാങ്ങയും ചക്കയും സമൃദ്ധമാണെങ്കിലും ലക്ഷണമൊത്ത മാങ്ങയും ചക്കയും തരപ്പെടുത്തിക്കൊടുത്താലും പണം കിട്ടും.
വിഷുവിനേക്കാൾ രസമാണ് അതിനായുള്ള ഒരുക്കങ്ങൾ.
കാലമാണ് വന്നുവിളിച്ചുണർത്തുന്നത്.
എന്നിട്ട് കാലം പറയും-
വിഷുവിനു മാത്രം സ്വന്തമായി ഒരു പൂവുണ്ട്
വിഷുവിനു മാത്രം സ്വന്തമായി ഒരു പക്ഷിയുണ്ട്
ആ പക്ഷിയും പൂവും ഈ നാടുമുഴുവൻ എത്തി വിഷു വരുന്നേ എന്ന് വിളിച്ചറിയിക്കും.
വേനലിന്റെ ഏറ്റവും ലളിതമായ ആഘോഷമാണത്. മുറ്റത്തെ മാമ്പഴം, തൊടിയിലെ ചക്കയും വെള്ളരിക്കയും, പിന്നെ പുന്നെല്ലിന്റെ ചോറും-ഒരു പൊൻ നാണയവും. തീർന്നു, ആഡംബരം!
ഇപ്പോൾ വിഷുത്തലേന്നു മുതൽ മൊബൈൽഫോൺ തുറക്കാൻ തുടങ്ങുമ്പോൾ വൈലോപ്പിള്ളി.
”ഏതു ധൂസരസങ്കല്പങ്ങളിൽ വളർന്നാലും…”
വിഷുവിനെക്കുറിച്ച് ഏറ്റവും കൂടുതൽ എഴുതിയ കവിയാണ്, വൈലോപ്പിള്ളി. ‘വിഷുക്കണി’ എന്ന പേരിൽ തന്നെ പല കവിതകൾ. പക്ഷേ മലയാളിക്ക് ഈ ‘ധൂസരസങ്കല്പ’മാണ് കൂടുതൽ ബോധിച്ചത്. അതുകൊണ്ട് എപ്പോഴുമെപ്പോഴും ആശംസകളിൽ അതുനിറയുന്നു.
ഇപ്പോൾ പിന്നെ അയ്യപ്പപ്പണിക്കരുടെ ‘പൂക്കാതിരിക്കാൻ എനിക്കാവതില്ലേ’ എന്ന കണിക്കൊന്നയുടെ ആത്മാലാപത്തിനും വിശ്രമമില്ല.
വിഷുദിനം സൂര്യൻ രാത്രിയും പകലും തുല്യമായി വീതിച്ചുനൽകും; രണ്ടുമക്കളെ ഒരുപോലെ സ്നേഹിക്കുന്ന പിതാവിനെപ്പോലെ! തുല്യതയുടെ ഉത്സവം. തുല്യതയുടെ ആഘോഷം. കർഷകന്റെ ഉത്സവമാണത്. സമൃദ്ധിയുടെ വാഗ്ദാനം. ഉമ്മറത്ത്, കതിർക്കറ്റകൾ. വാതിൽപ്പടി മുതൽ പടിപ്പുരവരെ അരിമാവുകൊണ്ട് കോലങ്ങൾ.
കണിയൊരുക്കൽ, സദ്യ, പടക്കം ഇങ്ങനെ ചില സമാനതകളിൽ കൈകോർത്തുപിടിച്ചാലും. വിഷുവിനെ ഓരോ നാടും ഓരോ രീതിയിലാക്കിയിട്ടുണ്ട്. തുളുമണം തൂവുന്ന വടക്കേയറ്റത്തെ കേരളം മുതൽ തമിഴു പേശുന്ന തെക്കേയറ്റത്തെ വിഷുവരെ ഓരോന്നിനും ഓരോ മണം. ഓരോ നിറം. ഓരോ ശബ്ദം.
വിഷുവിന് അടിയുത്സവം നടത്തുന്ന വടക്കുള്ള മാവിലാക്കാവ്. തെക്ക് എഴുമറ്റൂരിനു വിഷുപ്പടയണിയുടെ ചന്തം. കൃഷിയുടെ ഉത്സവമായതിനാൽ വിതയുടെയും കൊയ്ത്തിന്റെയും പാട്ടിന്റെ ഈണം. പുഞ്ചകൃഷിയ്ക്കു വിഷു കൊയ്ത്തുത്സവമാണെങ്കിൽ വിരിപ്പുകൃഷിക്കു വിതയുത്സവം. എത്ര താളങ്ങൾ… എത്ര മേളങ്ങൾ…
വിഷുവിന്റെ ഓരോ ചടങ്ങിനുമുണ്ട്, മുത്തശ്ശിച്ചിട്ട. ഉമ്മറത്തു കാലും നീട്ടിയിരുന്ന് വിഷുത്തലേന്ന് അമ്മൂമ്മ പറഞ്ഞുതുടങ്ങും. കണികാണാൻ ചില ചിട്ടകളുണ്ട്. വിഷുത്തലേന്ന് എല്ലാം ഒരുക്കി ഏഴു തിരിയിട്ട നിലവിളക്ക് എണ്ണ പകർന്നു വയ്ക്കണം. കണി ഒരുക്കിയതിന് അടുത്ത് അമ്മയോ അമ്മൂമ്മയോ കിടക്കണം. രാവിലെ കണ്ണു തുറക്കാതെ തന്നെ നിലവിളക്കിൽ തിരി തെളിച്ച് ആദ്യം കണി കാണും. സൂര്യോദയത്തിനു മുൻപ് കണി കാണേണ്ടയാളെ അമ്മയോ അമ്മൂമ്മയോ കണ്ണുപൊത്തി കണിക്കു മുന്നിലായി കൊണ്ടു വന്നിരുത്തും. കിണ്ടിയിൽനിന്ന് അൽപം വെള്ളം കണികാണാനെത്തിയ ആളുടെ കയ്യിലൊഴിച്ചു കൊടുക്കും. ഈ വെള്ളം കൊണ്ട് കണ്ണും മുഖവും കാലിന്റെ മടമ്പും നനയ്ക്കണം. കുളിക്കുന്നതിന് പകരമാണിത്. അതിനു ശേഷം അലക്കിയ മുണ്ട് പുറമേ ചുറ്റണം. ഇനി കൈനീട്ടി ഉരുളിയിൽ തൊടുക.
പിന്നെ വിഷുക്കണിയുടെ ഐശ്വര്യത്തിലേയ്ക്ക് കൺതുറക്കാം. അമ്മയോ അമ്മൂമ്മയോ മോതിരമൂരി കൈനീട്ടമായി നൽകും. സ്വർണക്കൈനീട്ടം. ഉറ്റബന്ധുക്കൾ നാണയത്തുട്ടുകൾ കൈനീട്ടം തരും. അമ്മൂമ്മ ചെവിയിൽ ഐശ്വര്യശ്ലോകം ചൊല്ലും.
ഏറ്റവും ഊർജം പ്രസരിപ്പിക്കുന്ന ഓടു കൊണ്ടുള്ള വാൽക്കണ്ണാടി കണികാണുന്നവന് ഊർജം ലഭിക്കുന്നു. ലക്ഷ്മിയുടെ പ്രതീകമാണ് സ്വർണവും നാണയങ്ങളും. എല്ലാറ്റിന്റേയും ആധാരം ജലമാണെന്നു ബോധ്യപ്പെടുത്തുന്നതാണ് വെള്ളരിക്ക. ചന്ദ്രന്റെ സാന്നിധ്യവും അതിലുണ്ട്. കണി കണ്ട് തൊഴുത ശേഷം ഓട്ടുരുളിയുടെ വക്കു പിടിച്ച് കണി പൂർണമായും കാണണം എന്നാണ് ശാസ്ത്രമെന്ന് അമ്മൂമ്മ നിർബന്ധം പിടിക്കും. ഊർജം പ്രവഹിക്കാനാണത്.
അഷ്ടമംഗലത്തിൽ ഭഗവതിയുടെ പ്രതീകമായ കുങ്കുമം നിറച്ച ചെപ്പ്, എല്ലാം ഉൾക്കൊള്ളുന്ന മായയുടെ പ്രതീകമായ കൺമഷിക്കൂട്ട്, വിദ്യാകാരിണിയായ സരസ്വതിയുടെ പ്രതീകമായ ഗ്രന്ഥം, ദേവന്മാരെപ്പോലും ആവാഹിക്കാൻ ആവശ്യമായ അക്ഷതം, എല്ലാമുണ്ട്. നീലം പിഴിഞ്ഞ വസ്ത്രം ശനി ഗ്രഹത്തിന്റെ പ്രീതിക്കു വേണ്ടിയാണ്.
പിന്നെ അരിമാവിൽ കൈ തൊട്ട് ഉമ്മറപ്പടിയിൽ പതിപ്പിക്കണം. (മാവിനു കുറുക്കം കിട്ടാൻ കാച്ചിലിന്റെ ഇലയുടെ നീര് പിഴിഞ്ഞൊഴിക്കണം. ) ചെറിയ കുഞ്ഞുങ്ങളുണ്ടെങ്കിൽ അവരുടെ കാല് മാവിൽ ചവിട്ടിച്ച് പതിപ്പിക്കണം. കണ്ണൻ വീട്ടിലേക്ക് പിച്ചവയ്ക്കുന്നെന്നാണ് ഐതിഹ്യം. കണി കണ്ടിട്ടു ചക്ക വെട്ടുക എന്നൊരു ചൊല്ലുണ്ട്.
കൂട്ടുകുടുംബകാലത്ത് എല്ലാവരും കൂടി വട്ടമിട്ടിരുന്നാണു സദ്യ ഒരുക്കുക. ആദ്യം അമ്മൂമ്മ ഇല്ലാതായി. പിന്നെ ചില ചിട്ടകളും. കാലം മാറ്റിപ്പണിത വിഷുച്ചിട്ടകളാണിപ്പോൾ. എങ്കിലും കണിക്കും കൊന്നയ്ക്കും കൈനീട്ടത്തിനും മാറ്റമില്ല. അതു മാത്രമാണ് മാറാത്തത് എന്നും പറയാം. വിഷുപ്പക്ഷിയുടെ പാട്ടു മാത്രം കേൾക്കാനില്ല. പല നാട്ടിലും ആ പാട്ടിന് പല വാക്കുകളാണ്.
ചിലയിടങ്ങളിൽ വിഷുപ്പക്ഷിയുടെ പാട്ട് ഇങ്ങനെയാണ് കരുതപ്പെടുന്നത്;
”മേടം ചാരത്ത്
കൂടാം പാടത്ത്
ചാടാറായില്ലേ…
വാടാമല്ലികളേ…”
മറ്റൊരു പാഠഭേദം ഇങ്ങനെയാണ്-
”കള്ളൻ ചക്കേട്ടു
കണ്ടാമിണ്ടണ്ട
കൊണ്ടു
പൊയ്ക്കോട്ടെ…”
കവിതയിലെ വിഷുപ്പക്ഷികൾ മാത്രം എന്നും പാടിക്കൊണ്ടിരിക്കുന്നു.
സാഹിത്യത്തറവാട്ടിലെ അമ്മ ബാലാമണിയമ്മ വിഷുവിനെക്കുറിച്ച് ‘വെള്ളിനാണ്യം’ എന്ന കവിതയിലിങ്ങനെ കുറിക്കുന്നു:
”മുറ്റത്തുനീളെ മുന്നാണ്ടിൻ നിറകുടം
പൊട്ടിപ്പടക്കങ്ങളായ് തെറിക്കെ
അച്ഛനടുത്തത്തെി നന്മനേർ-
ന്നെൻ കൈയിൽ
വച്ചുതന്നോരു വെള്ളിനാണ്യം.
കൂട്ടുകാർ പുച്ഛിച്ചു; സൂക്ഷിച്ചു
വയ്ക്കാനല്ലിഷ്ടങ്ങൾ നേടാനാണിക്കൈനീട്ടം”
പുതുതലമുറയിലെ മോഹനകൃഷ്ണൻ കാലടിയിലക്കേത്തെുമ്പോഴയ്ക്കേും ചിത്രത്തിനു തല്ലെൊരു മാറ്റം വരുന്നു. മോഹനകൃഷ്ണൻ തൊട്ടറിഞ്ഞ വിഷു മറ്റൊരു വിധം.
”ഇന്നലെ കണ്ട കണിമലരി
ഇന്നു പുലർച്ചെ കരിഞ്ഞുപോയി
ഇന്നലെ കത്തിച്ച പൂത്തിരിതൻ
കമ്പി കാലിൽ തുളഞ്ഞുകറേി”
മനസിൽ കരിഞ്ഞുപോകാത്ത കണിമലരികളും ഹൃദയത്തിൽ തുളച്ചുകയറാത്ത വേദനകളുമുള്ള സുന്ദരമായ വിഷുദിനമാണ് എന്നത്തെയും പോലെ എല്ലാവരുടെയും പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.