22 December 2024, Sunday
KSFE Galaxy Chits Banner 2

ആണത്ത നായകസങ്കൽപ്പത്തിന്റെ കാവല്‍

ഡോ രശ്മി അനിൽ
December 19, 2021 9:53 am

തൊണ്ണൂറുകളിലെ ജനപ്രിയ താര നായകസങ്കൽപ്പനങ്ങളെ പുനർനിർണ്ണയിച്ച സുരേഷ് ഗോപിയെന്ന നടന് താരപദവി സൃഷ്ടിച്ചു കൊടുത്ത ജനപ്രിയ കഥാപാത്രങ്ങളുടെ സ്മൃതിപഥങ്ങളെ തെളിയിച്ചെടുക്കുന്ന ചിത്രമാണ് നിഥിൻ രൺജി പണിക്കർ ഒരുക്കിയ ‘കാവൽ.’ രണ്ടു വ്യക്തികളുടെ രണ്ടു കാലഘട്ടത്തിലെ ജീവിതാനുഭവങ്ങളെ ദൃശ്യവത്ക്കരിക്കുന്ന ചിത്രം ഇമോഷണൽ ലൈനിൽ ഇരയും വേട്ടക്കാരനും തമ്മിലുള്ള സംഘർഷങ്ങളിലൂടെ പ്രേക്ഷകനിലേയ്ക്കെത്തുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കൊപ്പം കാവലായി നിന്ന് നീതിയും ന്യായവും നടപ്പിലാക്കുന്ന തമ്പാനും ആന്റണിയും ഭരണകൂട അധികാര കേന്ദ്രങ്ങളെയും മുതലാളിത്ത വ്യവസ്ഥിതിയേയും വിചാരണകൾക്കു വിധേയമാക്കുന്നു. നായകസങ്കൽപ്പങ്ങളുടെ സാമ്പ്രദായിക വഴികളിൽ നിലകൊള്ളുന്ന രണ്ടു കഥാപാത്രങ്ങളാണ് ആന്റണിയും തമ്പാനും. ഭരണകൂട സംവിധാനങ്ങൾ സാധാരണ ജനങ്ങൾക്കു പ്രതിബന്ധങ്ങൾ സൃഷ്ടിക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാനുയർന്നു വരുന്ന ആണത്ത നായകസങ്കൽപ്പ പരിവേഷത്തിലാണ് തമ്പാൻ നിൽക്കുന്നത്. പ്രതിയോഗികളുമായുള്ള സംഘർഷങ്ങൾക്കൊടുവിൽ പരാജിതരാകുന്ന ആന്റണിയും തമ്പാനും വേർപെട്ട് വ്യത്യസ്ത ദേശങ്ങളിൽ ചേക്കേറി ഭൂതകാലത്തിന്റെ ബാധ്യതകളുമായി കഴിയേണ്ടി വരുന്നു. പഴയ കാലത്തേയ്ക്കൊരു മടക്കം ആഗ്രഹിക്കാത്ത തമ്പാൻ ആന്റണിയുടെ മക്കളുടെ കാവലിനായി എത്തുന്നതാണ് ചിത്രത്തെ ചടുലമാക്കുന്നത്.
സുരേഷ് ഗോപിയെന്ന താരത്തിന്റെ തിരിച്ചുവരവ് എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട കാവൽ സിനിമാ ചർച്ചകൾ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഏറെക്കുറെ സ്മരിച്ചുെവന്നത് വ്യക്തമാണ്. രണ്ടു ചിത്രങ്ങളും രണ്ടു ജനുസിൽ നിലകൊള്ളുന്നവയാണ് എങ്കിലും പഴയ ആക്ഷൻ താരത്തെ അതേ നിലയിൽ ബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാകും ഇത്തരമൊരു രീതി പ്രകടമായത്.

സുരേഷ് ഗോപിയുടെ വമ്പൻ സിനിമകളിൽ കണ്ടു വന്നിരുന്ന ആക്ഷൻ രംഗങ്ങളാൽ ഏറെ സമ്പന്നമായ ചിത്രമല്ല കാവൽ എങ്കിലും ചിത്രത്തിലുടനീളം ആക്ഷൻ മൂഡ് നിലനിർത്താനുള്ള ശ്രമങ്ങൾ ഏറെ പ്രകടമാണ്. ഏറെക്കുറെ ദുർബലനും ക്ഷീണിതനുമായ, ദുരന്തകാലം വേട്ടയാടുന്ന ശരീര ഭാഷയും സംഭാഷണങ്ങളുമായി പ്രത്യക്ഷപ്പെടുന്ന തമ്പാൻ, ആന്റണിയുടെ കുടുംബത്തിനു കാവലാളായി നിൽക്കുമ്പോൾ പഴയ കാലത്തെ കരുത്തനായി മാറുന്നു. സുരേഷ് ഗോപിക്ക് താരപദവി സമ്മാനിച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ച രൺജി പണിക്കർ തമ്പാനൊപ്പം നിൽക്കുന്ന ആന്റണി എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുമ്പോൾ അത് ചിത്രത്തിന്റെ ഒന്നാം പകുതിയിൽ നൽകുന്ന ഊർജ്ജം വേറെ ഒരു തലമാണ്. റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, മുത്തുമണി, സുരേഷ് കൃഷ്ണ, സാദിഖ്, ശങ്കർ രാമകൃഷ്ണൻ, കിച്ചു ടെല്ലാസ്, പോളി വൽസൻ,പത്മരാജ് രതീഷ് ഉൾപ്പെടെ അനവധി താരങ്ങൾ കാവലിനെ ആകർഷകമാക്കി മാറ്റുന്നു. ആൾക്കൂട്ടങ്ങളെ ആവേശം കൊള്ളിക്കുകയും തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റുകയും ചെയ്ത തൊണ്ണൂറുകളിലെ സുരേഷ് ഗോപിയെ വെള്ളിത്തിരയിൽ കാണാം എന്നതായിരുന്നു പ്രീ റിലീസ് അഭിമുഖങ്ങളിൽ സംവിധായകൻ നിഥിൻ രൺജി പണിക്കർ കാവലിനെക്കുറിച്ച് പറഞ്ഞത്.
“റമ്മി കളി എനിക്കിഷ്ടമാ, അത് നിന്നെ സെമിത്തേരിയിലൊടുക്കി അതിന്റെ സ്ലാബിന് മുകളിലിരുന്ന് കളിക്കാൻ.”
“ഞാൻ വന്നത് കാവലിനാണ് ആരാച്ചാർ ആക്കരുതെന്നെ…” 

“ചാരമാണെന്നു കരുതി ചികയാൻ നിൽക്കണ്ട, കനൽ കെട്ടില്ലെങ്കിൽ പൊള്ളും…” തുടങ്ങിയ ഡയലോഗുകൾ പഴയ സൂപ്പർ താരത്തിന്റെ പ്രൗഡിയെ ഒർമ്മപ്പെടുത്താൻ പാകത്തിൽ ഉള്ളതായിരുന്നു. തൊണ്ണൂറുകളിലെ മാസ് ആക്ഷൻ ഹീറോയെ അതേ രൂപത്തിലല്ല മറിച്ച് പുതിയ കാലത്തിനു ചേരുന്നത(ല)രത്തിൽ അവതരിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് സംവിധായകൻ എന്നാണ് കാവലിന്റെ കാഴ്ചകൾ നന്മെ ബോധ്യപ്പെടുത്തുന്നത്.
ഒരു താരത്തിന്റെ രാഷ്ട്രീയ നിലപാട് അയാളുടെ ചിത്രങ്ങളുടെ ജയപരാജയങ്ങളെ നിർണയിക്കുന്ന നിർണ്ണായക ഘടകമായി മാറും എന്ന ധാരണയെ കേരളീയ പൊതുമണ്ഡലത്തിൽ ചർച്ചയ്ക്കു വയ്ക്കുന്നതിൽ കാവൽ എന്ന ചിത്രം വലിയ പങ്കുവഹിച്ചു. സമകാലിക ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ വലതുപക്ഷ ഹിന്ദുത്വത്തിന്റെ പ്രയോക്താവായി, ജനപ്രതിനിധിയായി നിൽക്കുന്ന സുരേഷ് ഗോപിയുടെ രാഷ്ട്രീയ നിലപാടുകളോട് പുരോഗമന പക്ഷത്തു നിൽക്കുന്ന ഏതൊരു വ്യക്തിക്കും രാഷ്ട്രീയമായ എതിർപ്പുകൾ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികം. അതേസമയം ആ താരത്തിന് ഒരു കൊമേർഷ്യൽ ചിത്രത്തിൽ അഭിനയിക്കുവാനും പ്രേക്ഷകരുടെ മുമ്പിലെത്തുവാനും സംവദിക്കുവാനുമുള്ള എല്ലാത്തരം ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുണ്ടെന്നിരിക്കെത്തന്നെ,തിയറ്റർ വ്യവസായത്തെ നിലനിർത്താനായി എത്തിയ കാവലിനെതിരെ നടന്ന മ്ലേച്ഛമായ ഇടപെടലുകൾ ഏറെ വിമർശനം അർഹിക്കുന്നു. ചലച്ചിത്ര മേഖലയിലെ നിക്ഷിപ്ത താൽപ്പര്യങ്ങൾ, കമ്പോള അജണ്ടകൾ, സൂപ്പർ താര ഫാൻസുകാരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ എന്നിവയെല്ലാം തന്നെ ഇതിനോടനുബന്ധമായി വിമർശിക്കപ്പെടേണ്ടതു തന്നെയാണ്.

സുരേഷ് ഗോപി എന്ന നടനെ ജനകീയവത്ക്കരിച്ച് കമ്പോള മൂല്യമുള്ള താരമായി പുന പ്രതിഷ്ഠിച്ചെടുക്കുകയെന്ന ദൗത്യത്തെ ഏറ്റെടുത്ത ചിത്രമാണ് കാവൽ എന്നിരിക്കെ തന്നെ ചിത്രമുയർത്തുന്ന അരാഷ്ട്രീയ നിലപാടുകൾ കൂടി വിമർശിക്കപ്പെടേണ്ടതുണ്ട്. തൊണ്ണൂറുകളിലെ സിനിമകളുടെ ചട്ടക്കൂടിനുള്ളിൽ തയ്യാറാക്കപ്പെട്ട കാവൽ പുതിയ കാലത്തിന്റെ ചലച്ചിത്ര സങ്കൽപ്പനങ്ങളിൽ നിന്നും ഏറെ അകന്നു നിൽക്കുന്നു. മാവോയിസം പോലെയുള്ള പ്രത്യയശാസ്ത്രത്തെ, കൊള്ളക്കാരുടെ ഇടപെടലെന്ന പോലെ അയത്നലളിതമായി, സമീപിക്കുന്ന രീതിയും ചിത്രത്തിൽ പ്രകടമാണ്. മനുഷ്യ മനസിന്റെ വികാരവിചാരങ്ങളെ ഉണർത്തി അവന്റെ ബൗദ്ധിക നിലവാരത്തെ ഉയർത്തിയെടുക്കുന്ന ഉദാത്തവും സംശുദ്ധവുമായ സിനിമയൊന്നുമല്ല കാവൽ. മറിച്ച് എന്റർടെയ്ൻമെന്റ് ആഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകരെ ആനന്ദിപ്പിക്കുകയെന്ന ലക്ഷ്യത്തോടു കൂടി തയ്യാറാക്കപ്പെട്ട കാവൽ അതിന്റെലക്ഷ്യം പൂർത്തീകരിക്കുന്നുണ്ട്. ഏറെക്കുറെ പറഞ്ഞു പഴകിയ പ്രതികാര കഥയെ പുതിയൊരു ശൈലിയിൽ അവതരിപ്പിക്കാനായി എന്നതാണ് കാവലിനെ സംബന്ധിച്ചിടത്തോളം നേട്ടമായി പറയുവാൻ കഴിയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.