ആസ്വാദനത്തിന്റെ അനുഭൂതിമേഖലകൾ സാന്ദ്രമാകുന്ന നേരങ്ങൾ ഒരുപാടുണ്ടായിരുന്നു പൂവച്ചൽ ഖാദറിന്റെ ഗാനങ്ങളിൽ. കാല്പനികതയുടെ ഊർജത്തിൽ ഭാവനാനിർഭരമാക്കപ്പെട്ട ഗാനലോകമായിരുന്നു അത്. അനുഭവത്തേക്കാൾ അനുഭൂതിക്കായിരുന്നു അവിടെ പ്രാമുഖ്യം. സിനിമയുടെ ആഖ്യാനഗാത്രവുമായി ഇഴപിരിയാതെ നിൽക്കുന്ന ആശയയാഥാർത്ഥ്യങ്ങളെ ഭാവനാത്മകമായി ലളിതമാക്കുകയായിരുന്നു പൂവച്ചൽ. നമ്മുടെ മനസിന്റെ ഛായകൾ ഉണ്ടായിരുന്നു ആ ഗാനങ്ങളിൽ. ഏകാന്തത തന്നെ ഗാനമായി മാറുന്ന എത്രയോ സന്ദർഭങ്ങളുണ്ട് പൂവച്ചലിന്റെ രചനകളിൽ. പാട്ടിവിടെ മൗനവുമായുള്ള ഏകാന്തഭാഷണമായിത്തീരുന്നു.
ജീവിതത്തിന്റെ ഏറ്റവും വലിയ സർഗാത്മകതകളിലൊന്നായ ഏകാന്തതയാണ് പൂവച്ചൽഗാനങ്ങളുടെ നിഗൂഢകേന്ദ്രം. ഏകാന്തത തിടംവച്ചുവളരുന്ന മനസിന്റെ ഭാവപ്രകടനമായിട്ടാണ് അദ്ദേഹത്തിന്റെ കൂടുതൽ ഗാനങ്ങളും വരുന്നത്. ഏകാകികളിൽ ആവർത്തിക്കുന്ന മാനസസഞ്ചാരങ്ങളിൽ പ്രകൃതിയും പ്രണയവും പ്രപഞ്ചവും ഒരുപോലെ പ്രത്യക്ഷമാവുന്നു. ഏകാന്തതയുടെ സാന്നിധ്യം ജീവന്റെ ഓരോ അണുവിലും സർഗാനുഭവത്തിന്റെ സാധ്യതകളായി നിലനിൽക്കുന്നു. അവനവനിൽത്തന്നെ എരിഞ്ഞുനിൽക്കുന്ന അഗ്നികണങ്ങളിൽ നിന്ന് കുതറിമാറാനാകാതെ ഏകാകി തന്റേതായ ഒരു ലോകക്രമം സ്വയം നിർമ്മിക്കുന്നു. അസാന്നിധ്യങ്ങളെയും അഭാവങ്ങളെയും നിറസാന്നിധ്യമാകുന്ന ഈ ഏകാന്തസഞ്ചാരത്തിൽ കവി സൃഷ്ടിച്ചെടുക്കുന്ന ഭാവനയുടേതായ ഒരു ലോകമുണ്ട്. ജീവിതത്തിലെ വാക്കുകളുമായും മനുഷ്യരുമായും അനുഭവങ്ങളുമായുമെല്ലാം പുതിയൊരുതരം ഗാഢബന്ധം ചമയ്ക്കുകയാകും ഏതൊരേകാകിയും. ഏകാകി ഉണ്ടാക്കുന്ന ഭാവനയുടെയും ഭാഷയുടെയും തലങ്ങൾ പാട്ടിൽ നിരന്തരമായി തെളിഞ്ഞുനിന്നത് പൂവച്ചലിന്റെ ഗാനങ്ങളിലാണ്. ഏകാന്തതയുടെ പലതരം ആവിഷ്കാരങ്ങൾ ഉണ്ടായി ആ ഗാനങ്ങളിൽ. വ്യക്തിപരമായ ഏകാന്തതയെ അവരോധിക്കാനുള്ള ഇടമായിരുന്നു പാട്ട് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം. ഏകാന്തതയുടെ ചെറിയ ആഖ്യാനങ്ങളായി മാറുകയാണ് ആ പാട്ടുകൾ. ഏകാന്തതയ്ക്കു മേൽ അത്രയ്ക്ക് നിയന്ത്രണമായിരുന്നു കവിക്ക്. ഏകാന്തതയും കാൽപനികതയും ഒരുമിച്ച് മേളിച്ചുനിന്ന ഗാനങ്ങൾ. അങ്ങനെയുള്ള ഒരാൾക്കെ ”നിനവിൽ നിഴലിട്ട് നീയെൻ ഏകാന്തവീഥിയിൽ നിന്നു” എന്നെഴുതാൻ കഴിയൂ. ഏകാന്തതീരഭൂമിയുണ്ടായിരുന്നു കവിയുടെ നിതാന്തമായ തേടലിൽ.
ഏകാന്തതയെ പ്രണയിക്കുന്ന ഒരാളുടെ ഒറ്റയാകുന്നതിലെ സൗഖ്യവും ഉൾക്കനവും നന്നായി അറിയിക്കുന്ന പാട്ടുകളാണിവ. ഏകാന്തതയുടെ കടവിലാണ് അയാൾ പ്രേമവതിയെ കാത്തുനിൽക്കുന്നത് (ഉത്സവം എന്ന ചിത്രം). ഇതിലേ ഏകനായ് അലയുന്ന ഒരു ഗായകനുണ്ട് പൂവച്ചൽ ഖാദറിന്റെ പാട്ടിൽ. കരളിൽ അയാൾ കൊണ്ടുനടക്കുന്ന കണ്ണീരാണ് ഗാനമായി മാറുന്നതെന്നും കവി പാട്ടിൽ പറയുന്നു. ഏകാന്തതയിൽ അഭിരമിക്കുന്ന കാമുകത്വമുണ്ട് പൂവച്ചൽ ഗാനങ്ങളിൽ. ഏകാന്തതയായിരുന്നു കവിയുടെ രാജ്യം. ‘ഏകാന്തതയുടെ യാമങ്ങൾ’ പാട്ടിൽ അങ്ങനെയങ്ങനെ വന്നു നിറയുന്നു. “ഏകാന്തരജനിയിൽ പഥികരായ് ഇവിടെ വന്നണഞ്ഞവർ” ഒക്കെ ഒന്നായി മാറുന്നതാണ് ജീവിതം എന്ന് കവി തിരിച്ചറിയുന്നുണ്ട്. “ഒരേ രാഗതീരം, ഓളങ്ങൾ തീർക്കും ഏകാന്തദ്വീപിൽ ഞാനിന്നു നിൽക്കെ ഒരേ രൂപമെൻ ചിന്തയിൽ” എന്ന് പ്രണയിനിയെ ഓർക്കുകയാണ് ഒരു പാട്ടിൽ. ‘ഏകാന്തതകളെ സ്പന്ദിതമാക്കി ഓരോ പ്രദോഷവും’ കവിയുടെ മുമ്പിൽ വന്നുനിൽക്കുന്നൂ. ‘ഏകാന്തതേ നിന്റെ ദ്വീപിൽ ഏകാന്തമായൊരു ബിംബം’ എന്ന് കവി ഏകാന്തതയെ അഭിസംബോധന ചെയ്തു. വാക്കുകൾ തേടുന്ന മൗനമെന്നും സാന്ദ്രത കൂട്ടുന്ന മൗനമെന്നും മൗനവിചാരങ്ങൾ കൊണ്ടു. ‘ഏകാന്തതയുടെ വാതിൽ തുറന്നു ഇണക്കിളി നീയും വന്നു’ എന്ന് ഒരു പാട്ടിൽ എഴുതിയപ്പോൾ അതിൽ പ്രണയത്തിന്റെ വാതിലുകൾ തുറക്കുകയായിരുന്നു. ‘നിറയുന്ന മൗനം’ പൂവച്ചലിന്റെ പാട്ടിൽ അങ്ങനെതന്നെ തുളുമ്പിനിന്നു. മൗനത്തെ അടയാളപ്പെടുത്തുന്ന ഒരു പ്രകൃതിയെ പാട്ടിൽ പ്രതിഷ്ഠിക്കുന്നുണ്ടായിരുന്നു പൂവച്ചൽ. “സിന്ദൂരസന്ധ്യക്ക് മൗനം, മന്ദാരക്കാടിന് മൗനം, എന്തുപറഞ്ഞാലും എന്നരികിൽ എൻ പ്രിയനെപ്പോഴും മൗനം” എന്ന വരിയിൽ കാണാം ഇത്തരമൊരു മൗനപൂരണം.
“നിദ്രയില്ലാതെ അവളുടെ നിനവിൽ, പുളകിതനായ് ഞാൻ, തരളിതനായ് ഞാൻ ഏകാന്തതയെ പുണരുമ്പോൾ” എന്ന് ദേവരാജൻ മാഷ് ചിട്ടപ്പെടുത്തിയ വരികളിൽ ഏകാന്തതയുടെ ആതിഥ്യം സ്വീകരിക്കുന്ന ഒരാളുടെ ആനന്ദം അറിയാനാകും. ഏകാന്തതയുടെ ആഴങ്ങൾ പാട്ടിൽ പകർത്തുന്നത് ഇങ്ങനെയാണ്. “നീയില്ലയെങ്കിൽ ഞാനേകയായ്” എന്ന ഉൾത്താപം പാട്ടിലങ്ങനെ ഉറഞ്ഞുകൂടുന്നുണ്ട്. “കായൽക്കരയിൽ തനിച്ചുവന്നത് കാണാൻ” എന്ന വരിയിലെ ‘തനിച്ച്’ എന്ന വാക്കിൽ ഇത്തരമൊരു ഒറ്റയാവലിന്റെ ആനന്ദമുണ്ടല്ലോ. “ഏകാന്തയാമം ഞൊറിഞ്ഞു ചാർത്തിയ വാതിൽ വിരിയും മാറ്റി അണയുന്ന പ്രണയിനിയുണ്ട് പൂവച്ചലിന്റെ മറ്റൊരു പാട്ടിൽ. ഇങ്ങനെ ഏകാന്തതയുടെ ഗീതമായി ഒട്ടനവധിയുണ്ട് പൂവച്ചലിന്റേതായി. ഏകാന്തതയെ പാട്ടിൽ അടയാളപ്പെടുത്തുന്നത് ഓർമ്മയിലൂടെയും ഗൃഹാതുരത്വത്തിലൂടെയും ഭാവനയിലൂടെയുമാണ്. ഏകാന്തതയുടെ അടരുകളിൽ തീർക്കുന്ന ആഖ്യാന നിർമ്മിതികളായി മാറുന്നു പൂവച്ചലിന്റെ ഗാനങ്ങൾ. ഒരുപക്ഷെ, ഏകാന്തതയുടെ ധ്വനികളുണർത്തുന്ന തീക്ഷ്ണമായ പ്രണയാനുഭൂതികൾ. “ഏകാന്തതേ ഒഴിയാത്തതെന്തേ നീ വാഴുന്നൊരീ ചേതന” എന്ന് കവി എഴുതിയതും വെറുതെയല്ല. ‘ഏകാന്ത സൗമ്യത’ എന്ന വാക്കുപോലും പാട്ടിൽ അദ്ദേഹം ഉപയോഗിച്ചു. ഇങ്ങനെ ഏകാന്തതയുടെ ചുഴലിപോലുള്ള ഒരനുഭവവും അനുഭൂതിയും പാട്ടുകളിൽ സംക്ഷേപിക്കുക എന്ന ഈ നിത്യകാമുകത്വം ജീവിതത്തിലും നിലനിർത്താൻ കഴിഞ്ഞുവെന്നതായിരുന്നു പൂവച്ചൽ ഖാദർ എന്ന എഴുത്തുകാരന്റെ സർഗാത്മക ജീവിതത്തിന്റെ മുഴുവൻ സാക്ഷാത്കാര ധന്യതയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.