4 January 2025, Saturday
KSFE Galaxy Chits Banner 2

രാധേയം

ഗീതാ വിജയൻ
December 4, 2022 3:00 am

മെല്ലെയാഴ്ന്നുമയക്കത്തിൽ രാധയും
തീരാശാപത്തിൻദുരിതക്കയങ്ങളിൽ
കൂട്ടുകാരിക്ക് നിത്യതയേകുവാൻ
കണ്ണുനീരുമായ് വേണുവൂതി കൃഷ്ണൻ
തീവ്രവേദനയ്ക്കുള്ളിൽ തപിക്കവേ
തത്തിയെത്തീനിറംകെട്ടയോർമ്മകൾ
കൊഞ്ചി കൊഞ്ചിയടുത്തു കളിക്കുന്നു
കുട്ടിയായുള്ള രാധയും കണ്ണനും!
കാട്ടുപാഴ്മുളംകൊമ്പുമായന്നു നീ
കൂട്ടുകൂടികടമ്പിൻചുവട്ടിലായ്
പേർത്തുംപേർത്തുംകാണാൻ കൊതിച്ചുപോയ്
കാത്തുനിന്നുയമുനാനദിക്കരെ
കണ്ണിലിറ്റുന്നു മായാതെ നിന്നുടെ
സ്നേഹനിർഝരിയാകുംകൃപാമുന
രാവിലുംപിന്നെയോരോ പകലിലും
മായപോലത്പിന്തുടരാനെത്തി
കാരണങ്ങൾ പലതും നിനക്കായി
കാത്തിരുന്നു ഉപേക്ഷിച്ചു പോകുവാൻ
ഉൽക്കപോലെ ചിതറിയ വേദന
നീഅറിഞ്ഞില്ലഞാനേയറിഞ്ഞുള്ളൂ
തമ്മിൽ ഒന്നായ് പകർന്ന സ്വപ്നങ്ങളും
ചേർത്തുവച്ച കിനാവിലെ ഓർമ്മയും
നീറ്റി നിന്നൂ ചുടലയ്ക്കു തുല്യമായ്
എങ്കിലും ഞാൻ ശപിച്ചില്ലൊരിക്കലും
പിന്തുടർച്ചയ്ക്ക് വേണ്ടി ജനിപ്പിച്ചു
വംശവർദ്ധനയ്ക്കുള്ള കിടാങ്ങളെ
നൊന്തുനീറി കരഞ്ഞുപോയ് നെഞ്ചകം
അമ്മയാകാത്ത നോവിൻ പിടച്ചിലിൽ
കയ്പ്പുനീരു കുടിച്ചെന്റെ ഉൾത്തടം
നീറിനീറിനിനക്കായെരിഞ്ഞതും
കൊള്ളിവാക്കുകളാലെന്റെ പ്രേമത്തെ
കുത്തിനോവിച്ചൂ, കരിക്കുവാനാകാതെ
അപ്പോഴുംനീയെനിയ്ക്കുള്ളിലായ് നിന്നു
പുഞ്ചിരിച്ചു പറഞ്ഞു “ഞാനുണ്ടാവും”
ചാരേ നിന്നു ചിരിച്ചു നിൻ ഭാര്യമാർ
മതിമറന്നു നീ, അവരുടെയൊപ്പവും
കണ്ണനേക്കണ്ടുകൺനിറഞ്ഞാ നാട്ടിൽ
കണ്ടതില്ലയോ! ഈപ്രാണസങ്കടം
കഷ്ടതകൾനിറഞ്ഞുകവിഞ്ഞിട്ടും
നിത്യവും വീണു നിൻ പാദരേണുവിൽ
നെറ്റിയിൽ കുത്തും സിന്ദൂരം തന്നില്ല
ഹൃദയ നൊമ്പരം മാത്രം പകുത്തിട്ടു
രാവുകൾക്കുള്ളിൽ വന്നൂ പലകുറി
ആരും കാണാതെ ചോരനായെങ്കിലും
ദുഷ്ട മാലോകരെ ഭയന്നീടാതെ
കൂട്ടിരുന്നില്ലേ ആ നിലാ രാവിലും
മഞ്ഞു തുന്നും ശരത്കാല യാമങ്ങൾ
പൂത്തുനിന്നതുംവൃന്ദാവനികയിൽ
രാസക്രീഡകളാടിനിറഞ്ഞതും
മറന്നു പോയതോ! കാഴ്ച മറച്ചതോ?
നഷ്ടമാക്കി ഒരു ജന്മ കാലവും
വെള്ളി രോമങ്ങൾ എത്തുന്ന നാൾവരെ
മൂടി നിന്നൊരാ കണ്ണിന്നിമകളിൽ
കണ്ടതത്രയും നിന്നുടെ ഓർമ്മകൾ
കാത്തിരുന്നു മടുത്തു നിൻ കാലടി
നിസ്വനം തേടിയാ കൊടുംകാട്ടിലായ്
ദൈവമാകുവാൻ മുന്നേ നട കൊണ്ടു
ഞാൻവരിച്ചതോകണ്ണനാമുണ്ണിയേ
കാറ്റുമൂളുമാ ഇല്ലിക്കുഴൽ വിളി
വീണ്ടുംവീണ്ടുംഉരുക്കിപ്പൊള്ളിക്കവേ
പാട്ടുപാടി തണുപ്പിച്ചു പൂങ്കുയിൽ
നാളെയായൊരു നല്ല ദിനം വരും
ഇഷ്ട പ്രണയത്തിനായി മരിക്കുവാൻ
ഇനിജനിക്കണ്ടാനോവിന്റെ സന്തതി
തിന്നുതീർത്തു, നരകാഗ്നിയായത്
ചുട്ടെരിച്ചു നിൻ പ്രേമം ചുടലയായ്
പതിനാറായിരത്തെട്ടിലെയൊരു ഭാര്യ
എന്നെയാക്കുവാൻ എന്തേ മടിച്ചു നീ
ദൂരെയായ് നിന്നു കണ്ടിട്ട് പൊയ്പോയേനെ
ദൈവമായിട്ടും ഭവാൻ അറിയാത്തതതിശയം
ആരുമാരുംതുണയില്ലാതായിട്ടും
ദ്വാരകാപുരിതേടിനടന്നു ഞാൻ
നിമിഷനേരമതെങ്കിലും വേണ്ടില്ല
കണ്ണനെയൊന്നുകാണണം അന്ത്യമായ്
കണ്ടമാത്രയിൽവിറച്ചൂ, മൊഴിവറ്റി
നിന്റെ ഇഷ്ടത്തിൻ ഭൂമിക കാണവേ
നോമ്പുനോറ്റുനിനക്കായിരുന്ന ഞാൻ
ഭ്രാന്തിയായില്ല വിധാതാവിന്റെ പുണ്യത്താൽ
പടുമുളയായി കരിഞ്ഞവശേഷിക്കാൻ,
ദുരിതപർവങ്ങൾതാണ്ടിത്തളരുവാൻ
ഇനിജനിക്കേണ്ടാ, രാധയായൊരു ജന്മം
ഇവിടെ നാളെയും, ഇനിയുള്ള കാലവും
ശാന്തതയിൽ തിളങ്ങുന്ന ദേഹിയിൽ
പ്രാണൻ വേർപെട്ട് പോകും വരേയ്ക്കുമാ
മോഹനരൂപൻ വാസുദേവാന്മജൻ
മുരളികയൂതി പശ്ചാത്തപിച്ചു പോയ്…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.