സാഹിത്യകാരനും ശാസ്ത്ര ലേഖകനും മാധ്യമ പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ സി രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയിൽ വിശിഷ്ടാംഗത്വം നൽകുമെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് മലയാളികള്‍ നെഞ്ചേറ്റുന്നത്. ഇരുപത്തിരണ്ടാം വയസിൽ അദ്ദേഹമെഴുതിയ ആദ്യ നോവൽ, ‘നിഴൽപ്പാടുകൾ’ (1962‑ലെ മികച്ച മലയാള കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു ) മുതൽ ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട ‘കാലം കാത്തുവെയ്ക്കുന്നത്’ എന്ന എഴുപത്തിയഞ്ചാമത്തെ പുസ്തകം വരെ നീണ്ടു നില്‍ക്കുന്നതാമ് സി രാധാകഷ്ണന്റെ സാഹിത്യ ജീവിതം. അംഗീകാരത്തിന്റെ നിറവില്‍ സി രാധാകൃഷ്മന്‍ സംസാരിക്കുന്നു…
എമിനന്റ് മെംബർഷിപ്പ്
കേന്ദ്ര സാഹിത്യ അക്കാദമിയിൽ എനിയ്ക്കു ലഭിച്ച എമിനന്റ് മെംബർഷിപ്പ് (Eminent Membership) എന്നതിനെ വിശിഷ്ടാംഗമെന്നാണോ, അതോ ശ്രേഷ്ഠാംഗത്വമെന്നാണോ പരിഭാഷപ്പെടുത്തേണ്ടതെന്ന് എനിയ്ക്കു നിശ്ചയമില്ല. എങ്ങനെ പരിഭാഷപ്പെടുത്തിയാലും ശരി, മറ്റു അംഗത്വത്തിൽ നിന്ന് അല്പം വ്യത്യാസമുള്ളതാണ് എമിനന്റ് മെംബർഷിപ്പ് എന്നു മനസ്സിലാക്കുന്നു. മറ്റു അംഗങ്ങൾക്ക് ഏതെങ്കിലും ഭാഷയുമായോ, അല്ലെങ്കിൽ സർക്കാരുമായോ ബന്ധമുണ്ടാകും. നോമിനേറ്റഡ് ആയാലും, ഇലക്ടെഡ് ആയാലും സാധാരണ അംഗങ്ങൾക്ക് ഇത്തരത്തിലുള്ള ബാധ്യതകൾ സ്വാഭാവികമാണ്. എന്നാൽ ഒരു വിശിഷ്ടാംഗത്തിന് ഈ വക കെട്ടുപാടുകൾ ഒന്നും തന്നെയില്ല.
എംടിയുടെ പിന്‍ഗാമി
പ്രശസ്ത ബംഗാളി സാഹിത്യകാരൻ സുനിൽ ഗംഗോപാധ്യായയും, അദ്ദേഹത്തിന്റെ എഴുത്തു മേഖലയിലെ കൂട്ടുകാരും കേന്ദ്ര സാഹിത്യ അക്കാദമിയിലെ കുറേ ജനറൽ കൗൺസിൽ അംഗങ്ങളും ചേർന്നു എംടിയോട് അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിയ്ക്കാൻ ആവശ്യപ്പെട്ടു. ജനറൽ കൗൺസിൽ അംഗങ്ങളാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. എംടി വിശിഷ്ടാംഗമായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ ആയിരുന്നു ഈ സംഭവം. ഗംഗോപാധ്യായയുടെ അഭ്യർത്ഥന മാനിക്കേണ്ടിവന്നതിനാൽ, മനമില്ലാമനസ്സോടെ എംടി മത്സരിയ്ക്കാമെന്നു സമ്മതിച്ചു.
എംടി തന്റെ സുഹൃത്തുക്കളോടെല്ലാം വിവരം പറയുകയും സഹകരത്താനായി അഅഭ്യര്‍ത്ഥിക്കുകയും ചെയ്തു. പക്ഷെ, അപ്രതീക്ഷിതമായാണ് ഈ സമയത്ത് ഗംഗോപാധ്യായയ്ക്ക് മനംമാറ്റമുണ്ടായത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സര രംഗത്തേയ്ക്ക് സ്വയം കടന്നു വന്ന് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എന്നാല്‍ എംടി തന്റെ നാമനിർദ്ദേശം പിൻവലിയ്ക്കാൻ തയ്യാറായില്ല. ഡൽഹിയിൽ, കേന്ദ്രസാഹിത്യ അക്കാദമിയുടെ ആസ്ഥാനമായ രബീന്ദ്ര ഭവനിൽ ആവേശമേറിയ തിരഞ്ഞെടുപ്പു നടന്നു. മത്സരത്തിൽ മൂന്നു വോട്ടുകൾക്ക് എംടിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. തുടര്‍ന്ന് വിശിഷ്ടാംഗം എന്ന നിലയിൽ അക്കാദമിയുടെ യോഗങ്ങളിലോ ചർച്ചകളിലോ എംടി പങ്കെടുത്തില്ല. എംടിക്ക് വിശിഷ്ടാംഗത്വം ലഭിയ്ക്കുന്നതിനു മുൻപും പിൻപും കേരളത്തിൽ നിന്ന് ഇങ്ങനെയൊരു പ്രതിനിധി ഇല്ലാത്ത അവസ്ഥയായിരുന്നു ഉണ്ടായത്.
പൊതു താല്പര്യം സംരക്ഷിക്കണം
വിശിഷ്ടാംഗത്വമെന്നത് വലിയ ആദരവോ, അംഗീകാരമോ, പുരസ്കാരമോ അല്ല! ഇന്ത്യയിലെ എല്ലാ ഭാഷാ സംസ്കൃതികൾക്കും പുരോഗതിയുണ്ടാകാനും രാജ്യത്തെ പൊതു സാമൂഹിക‑സാംസ്കാരിക ഉന്നമനത്തിനു വേണ്ടി ചിന്തിയ്ക്കാനും പ്രവർത്തിയ്ക്കാനും നിർദ്ദേശിക്കാനുമാണ് വിശിഷ്ടാംഗത്തെ തിരഞ്ഞെടുക്കുന്നത്. ഒരു പ്രത്യേക ഭാഷയുടേയോ സംസ്കൃതിയുടേയോ വാക്താവല്ല വിശിഷ്ടാംഗം. രാജ്യത്തിന്റെ പൊതു സാംസ്കാരിക താല്പര്യം സംരക്ഷിക്കുകയെന്നതാണ് ഒരു വിശിഷ്ടാംഗത്തിന്റെ ചുമതല. അക്കാദമിയെന്ന സ്ഥാപനം ഭാരതീയ ഭാഷകൾക്ക് എന്തു സേവനമാണോ ചെയ്യാൻ ഉദ്ദേശിച്ചത് അത് നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ഇല്ലെങ്കിൽ അത് പ്രാബല്യത്തിൽ വരുത്താനുള്ള പ്രത്യേക നിർദ്ദേശങ്ങൾ നൽകുകയും വേണം.
ഓരോ ഭാഷയും അതിന്റെ തനതു സംസ്കൃതി കണ്ടെടുക്കുകയും അതിൽ അടിയുറച്ചു നിന്നുകൊണ്ട് ആധുനിക ലോകത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുകയും അതിന് ആവശ്യമായ രീതിയിൽ സ്വന്തം നാട്ടുകാരോട് കൃത്യമായി പ്രതികരിക്കുകയും ചെയ്യുകയെന്നതാണ് എഴുത്തിന്റെ ഉദ്ദേശ്യമായി കണക്കാക്കപ്പെടുന്നത്. സ്വന്തം ഭാഷയുടെ സാംസ്കാരിക തനിമ തിരിച്ചറിയണം. ഒപ്പം ലോകസാഹിത്യ മൂല്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാതെ പോകുകയുമരുത്. ഈ രണ്ടിടങ്ങളിലും അക്കാദമി ഇടപെടണം. ഇന്ത്യന്‍ ഭാഷകൾ തമ്മിൽ ഒരു തരത്തിലുള്ള അസ്വാരസ്യവും അനുവദിച്ചുകൂടാ. കക്ഷിരാഷ്ട്രീയത്തിന്റെ വോട്ടുപിടുത്തത്തിന് ഭാഷകളെ ഉപാധിയാക്കരുത്. എല്ലാ ഭാഷകളും പരസ്പര പൂരകങ്ങളാണ്. വാക്കുകളും ആശയങ്ങളും കൈമാറണം. ഇന്ത്യൻ സാഹിത്യം എഴുതപ്പെടുന്നത് പല ഭാഷകളിലാണെങ്കിലും, അത് ആകെത്തുകയിൽ ഒന്നാണെന്ന് ഡോ. എസ് രാധാകൃഷ്ണൻ ഒരിയ്ക്കൽ പറയുകയുണ്ടായി. ഈ തനിമയാണ് ഇന്ത്യൻ സാഹിത്യത്തിന്റെ മുഖമുദ്ര. ഇത് നമ്മുടെ സംസ്കാരത്തിന്റെ തുടർച്ചയാണ്. ഇവിടെ ആചാരങ്ങൾക്കോ ജാതി-മതവിഭാഗീയതകൾക്കോ ഒരു സ്ഥാനവുമില്ല. ഇതിനെ പരിപാലിക്കുകയും ഈ മൂല്യങ്ങളെ എഴുത്തിലൂടെ ലോകത്തിനു നൽകാനും സാധിക്കും. നാളെ ഈ സംസ്കാരം ലോകത്തിന് ആവശ്യമുണ്ടെന്ന് ഇപ്പോൾ തീർച്ചയായിട്ടുണ്ട്. നിലവിലുള്ള സാംസ്കാരിക സമീപനങ്ങൾ ലോക നന്മയ്ക്ക് വഴിയൊരുക്കുന്നില്ലെന്ന് ബോധ്യമായിട്ടുമുണ്ട്. അതിനാൽ നമ്മുടെ ഈ പൈതൃകം ശുദ്ധീകരിച്ചു സൂക്ഷിക്കാനും അത് ലോകത്തിനു പകർന്നുകൊടുക്കുവാനുമുള്ള പ്രവർത്തനങ്ങൾ വിവിധ ഭാഷകളിലെ എഴുത്തുകളിലൂടെ നടക്കുന്നുവെന്ന് ഉറപ്പു വരുത്താനുമുള്ള ബാധ്യതയും അക്കാദമിക്കുണ്ട്.
അധികാരം സംസ്കാരത്തിന്റെ ശത്രു
കേന്ദ്ര സാഹിത്യ അക്കാദമി ഒരു നിർണായക ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. സ്വയംഭരണാവകാശം നിലവിൽ സാഹിത്യ അക്കാദമിക്കു മാത്രമേയുള്ളൂ. നമ്മുടെ മൂന്നു കേന്ദ്ര അക്കാദമികളിൽ, സംഗീതനാടക അക്കാദമിക്കും, ലളിതകലാ അക്കാദമിക്കും സ്വയംഭരണാവകാശം നഷ്ടപ്പെട്ടു കഴിഞ്ഞു. അഡ്ഹോക് കമ്മിറ്റികൾ മുഖേന കേന്ദ്ര സർക്കാരാണ് അവയുടെ ഭരണം നേരിട്ടു നടത്തുന്നത്. സൂക്ഷിച്ചില്ലെങ്കിൽ സാഹിത്യ അക്കാദമിയുടെ സ്വയംഭരണാവകാശവും ഭാവിയിൽ നഷ്ടപ്പെട്ടെന്നു വരാം. സ്വയംഭരണാവകാശം ഇല്ലാതെ പോയാൽ, സാഹിത്യകാരന്മാർക്ക് സാഹിത്യ അക്കാദമിയുടെ മാർഗലക്ഷ്യങ്ങൾ നടപ്പാക്കാൻ കഴിയില്ലെന്ന കാര്യം ഉറപ്പാണ്. ഭരിയ്ക്കുന്ന കക്ഷിയുടെ രാഷ്ട്രീയം നടത്തിപ്പിൽ വരുത്തുകയെന്നത് അക്കാദമിക സ്വാതന്ത്ര്യത്തിന്റെ കഴുത്തിൽ കത്തി വയ്ക്കുന്ന ഏർപ്പാടാകും. അതിനാൽ, മറ്റഗംങ്ങളോടൊപ്പം വിശിഷ്ടാംഗങ്ങളുടെയും പ്രാഥമികമായ ചുമതല സാഹിത്യ അക്കാദമിയുടെ സ്വാതന്ത്ര്യം നിലനിർത്തി കൊണ്ടുപോകുവാൻ ജാഗരൂഗരായിരിക്കുക എന്നതാണ്.
പ്രതീക്ഷകളോടെ
ഇനിയുമെത്രയോ ഗോപുരങ്ങൾ നമുക്ക് പടുത്തുയർത്താനുണ്ട്. പ്രായമായെങ്കിലും അക്കാദമിയ്ക്കു വേണ്ടി കഴിയുന്നതൊക്കെ ചെയ്യണമെന്നാണ് എന്റെ മോഹം. ചിന്തയ്ക്കും, ചർച്ചകൾക്കുമൊക്കെ ശാരീരികമായ ശേഷി ഇനിയും ബാക്കിയുണ്ടല്ലൊ. മനസു നിറയെ പ്രതീക്ഷകളാണ്. എല്ലാവരുടെയും എല്ലാ നിലയിലുള്ള സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു!
പുരസ്കാരങ്ങൾ/സിനിമകൾ
അറുപതിലേറെ പുസ്തകങ്ങൾ എഴുതി. ഇരുപത്തിരണ്ടാം വയസിലാണ് ആദ്യ നോവൽ എഴുതിയത്. ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജീവിത കഥ പറയുന്ന ‘തീക്കടൽ കടഞ്ഞ് തിരുമധുരം’, 2013‑ൽ, ഭാരതീയ ജ്ഞാനപീഠ സമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരത്തിന് അർഹമായി. സമഗ്ര സംഭാവന പരിഗണിച്ച്, എഴുത്തുകാരെ ആദരിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യ സമ്മാനമായ എഴുത്തച്ഛൻ പുരസ്കാരം 2016‑ൽ നേടി. ‘സ്പന്ദമാപിനികളേ നന്ദി’ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1989) നേടിയപ്പോൾ, ‘മുൻപേ പറക്കുന്ന പക്ഷികൾ’ വയലാർ പുരസ്കാരവുമായെത്തി (1990). മഹാകവി ജി പുരസ്കരം നേടിയ (1993) കൃതിയാണ് ‘വേർപാടുകളുടെ വിരൽപ്പാടുകൾ’. അഗ്നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകൾ, പ്രിയ, തുലാവർഷം, പാൽക്കടൽ, പിൻനിലാവ് മുതലായവ സംവിധാനം ചെയ്തതോ, തിരക്കഥ എഴുതിയതോ ആയ ചലച്ചിത്രങ്ങളാണ്.
ഫലമില്ലായ്മയുടെ ഫലങ്ങൾ
ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ എഴുതിയതിനു ശേഷം, രണ്ടു കൈകളും തലയിൽവച്ച് വേദവ്യാസന്‍ നിലവിളിച്ച ഒരു കഥയുണ്ട്. ഇത്രയുമൊക്കെ എഴുതിയിട്ടും ഇതല്ലേ ലോകത്തിന്റെ അവസ്ഥയെന്ന് അദ്ദേഹം വിലപിച്ചു. എല്ലാ എഴുത്തുകാരും അവരുടെ ജീവിതാന്ത്യത്തിൽ അങ്ങനെയൊരു നിലവിളിയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.