15 November 2024, Friday
KSFE Galaxy Chits Banner 2

ജീവിതം എന്ന എഴുത്തുകാരി

കെ എ ബീന
ഓര്‍മ്മ
April 9, 2023 3:14 am

ഒരു എഴുത്തുകാരി ആയിരിക്കുന്നത് അത്ഭുതകരമാണെന്നും ഓരോ എഴുത്തുകാരിയെയും കൗതുകത്തോടെയാണ് നോക്കാറുള്ളതെന്നും അഷിത എഴുതിയിട്ടുണ്ട്. ജീവിതവും എഴുത്തും തമ്മിൽ നടത്തുന്ന വടം വലിയെ കുറിച്ച് ഓരോ എഴുത്തുകാരിയും പറഞ്ഞും പറയാതെയും ധ്വനിപ്പിക്കുന്നു. ചിലരുടെ എഴുത്ത് ജീവിതം കുട്ടിക്കാലത്ത് തന്നെ അവസാനിക്കുമ്പോൾ മറ്റ് ചിലർക്ക് പല ജീവിതസന്ധികളിൽ വച്ചാണ് ഉയിരാർക്കുന്നത്. കഴിഞ്ഞ ദിവസം വിടപറഞ്ഞു പോയ പ്രശസ്ത കഥാ കൃത്തും നോവലിസ്റ്റുമായ സാറാ തോമസ് അത് വ്യക്തമാക്കിയിട്ടുണ്ട്. “കുട്ടിക്കാലത്ത് വായിക്കാനും എഴുതാനും ഒക്കെ ഇഷ്ടമായിരുന്നു. പക്ഷെ കഥയെഴുതി എന്നറിഞ്ഞപ്പോൾ അച്ഛൻ വിലക്കി.”
“കഥയെഴുതുന്നത് കുട്ടികൾ ചെയ്യേണ്ട കാര്യമല്ല.”
അന്ന് നിർത്തിയ എഴുത്ത് സാറാ തോമസ് പുനരാരംഭിച്ചത് വിവാഹമൊക്കെ കഴിഞ്ഞു മക്കൾ വളർന്നതിനു ശേഷമാണ്. സർജൻ ആയിരുന്ന ഡോ. തോമസ് സക്കറിയയിലൂടെ കണ്ട ജീവിതം. ആശുപത്രി, രോഗികൾ, അവരുടെ ബന്ധുക്കൾ അതൊക്കെ വിഷയങ്ങൾ ആക്കി എഴുതിത്തുടങ്ങുമ്പോൾ പ്രായം 34.
“അദ്ദേഹത്തെ കാണാൻ എത്തുന്ന രോഗികളെ ഞാൻ മനസ് കൊണ്ട് ഉറ്റു നോക്കുമായിരുന്നു. എന്റെ ജീവിതനിരീക്ഷണ പാടവത്തെ, കഥാപാത്ര രൂപീകരണരീതികളെ ഒക്കെ അവർ സ്വാധീനിച്ചു. ഞാൻ എന്റെ ഏകാന്ത നേരങ്ങളിൽ അവരിലൂടെ സഞ്ചരിച്ച് എഴുതി. അങ്ങനെ എഴുതിയ ഒരു നോവൽ മേശപ്പുറത്ത് കിടക്കുന്നത് കണ്ട് ഭർത്താവിനെ കാണാൻ എത്തിയ പത്രപ്രവർത്തകനായ ഒരു രോഗി വായിക്കാൻ കൊണ്ട് പൊയ്ക്കോട്ടെ എന്ന് ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. ആറുമാസം കഴിയുമ്പോൾ ആ രോഗി വീണ്ടും ഡോക്ടറെ കാണാൻ വരുമെന്നും അപ്പോൾ നോവൽ മടക്കി കൊണ്ട് വരുമെന്നും പറയുന്നത് കേട്ട് എനിക്ക് ദേഷ്യവും സങ്കടവും വന്നു. ആ രോഗി മടങ്ങി വന്നത് എട്ട് മാസം കഴിഞ്ഞാണ്. അയാൾ എനിക്ക് നേരെ ഒരു പുസ്തകം നീട്ടി.
‘ജീവിതം എന്ന നദി’ ‑സാറാ തോമസ്. അങ്ങനെയാണ് ഞാൻ എഴുത്തുകാരിയാകുന്നത്.”

പലവട്ടം സാറാതോമസ് ഈ കഥ പറഞ്ഞിട്ടുണ്ട്. എഴുത്തിന്റെ കഥ പറയാൻ എന്നും അവർക്കിഷ്ടമായിരുന്നു. 1995 ലാണ് ആദ്യമായി സാറാ തോമസിനെ കാണുന്നത്, ഗീതച്ചേച്ചി എന്ന ഗീതാനസീർ തിരുവനന്തപുരത്തെ എഴുത്തുകാരികളെ ഒരുമിച്ച് കൂട്ടി യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ വനിതാവേദി ഉണ്ടാക്കിയപ്പോൾ. പിന്നീടത് വലിയൊരു കൂട്ടായ്മ ആയി മാറി. സുഗത കുമാരി, സാറാ തോമസ്, ചന്ദ്രമതി, ലളിതലെനിൻ, അഷിത, റോസ് മേരി, സാവിത്രി രാജീവൻ, സുലോചന രാംമോഹൻ, സുധാ വാരിയർ, വിമലമേനോൻ, സി കെ ലില്ലി, ടി ഗിരിജ തുടങ്ങി നിരവധി എഴുത്തുകാരികൾ ‘Trivan­drum women writ­ers forum’ എന്ന ആ കൂട്ടായ്മയിൽ ഉണ്ടായിരുന്നു. ഓരോരുത്തരും എഴുതുന്ന പുതിയ കഥകൾ, കവിതകൾ വായിച്ചും ഒരുമിച്ച് ഭക്ഷണം കഴിച്ചും പിറന്നാളുകൾ ആഘോഷിച്ചും അവാർഡുകൾ കിട്ടുമ്പോൾ ഒരുമിച്ച് സന്തോഷിച്ചും സ്നേഹിക്കാവുന്നിടത്തോളം സ്നേഹിച്ചും ഞങ്ങൾ ജീവിച്ചൊരു കാലം. 

ഓരോ എഴുത്തുകാരിയും അവരുടെ എഴുത്തനുഭവങ്ങൾ അവിടെ പങ്ക് വയ്ക്കുമ്പോൾ സാറാതോമസ് നിറഞ്ഞ ചിരിയോടെ പറയുമായിരുന്നു.
“എഴുത്തിന്റെ പൂന്തോട്ടത്തിൽ രാജകുമാരന്മാർ ശ്രദ്ധിച്ചിരുന്ന പൂവായിരുന്നില്ല ഞാൻ. വേലിപ്പടർപ്പിൽ വളർന്നൊരു ചെടിയായിരുന്നു ഞാൻ. പക്ഷെ ഞാൻ വാടി തളർന്നില്ല. വഴി പോക്കരായ വായനക്കാരുടെ സൗഹൃദം എന്നെ തളിർത്തു നിർത്തിക്കൊണ്ടേയിരുന്നു.” എഴുത്ത് ജീവിതക്കുറിച്ച് പറയുമ്പോൾ സാറാ തോമസ് ആവേശത്തോടെ പറയുന്ന ഒരു കാര്യമുണ്ട്, അവരുടെ ‘കെടാത്ത കൈത്തിരി’ അച്ചടിച്ചു വന്നത് ജനയുഗം വാരികയിലൂടെ ആയിരുന്നു എന്നതാണ്. 1971ൽ ജനുവരിയിൽ ജനയുഗത്തിന്റെ ആദ്യനോവൽ പതിപ്പ്. “ജനയുഗം പത്രാധിപർ കാമ്പിശേരിയുമായി ഞങ്ങൾക്ക് നല്ല സൗഹൃദം ഉണ്ടായിരുന്നു. നോവൽ പ്രസിദ്ധീകരിക്കുമ്പോൾ ഓരോ ആഴ്ചയും വരുന്ന കെട്ടുകണക്കിന് കത്തുകൾ അദ്ദേഹം കൊണ്ട് തരുമായിരുന്നു. എൻ ഇ ബാലറാം, എം എൻ ഗോവിന്ദൻ നായർ ഒക്കെ ഞങ്ങളുടെ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ‘സുഗത കുമാരിയുമായുള്ള അപൂർവ സൗഹൃദം പലപ്പോഴും ഫീച്ചറുകൾക്ക് വിഷയമായിട്ടുണ്ട്. അഞ്ചാം ക്ളാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ്. രണ്ടുപേരും എഴുതുന്ന കവിതകളും കഥകളും അന്വോന്യം പങ്ക് വച്ചു വായിച്ചിരുന്നു. ഒരേ പോലെയുള്ള സാരികൾ ഉടുക്കുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ ‘അത് ഞങ്ങൾ മാറിയുടുക്കുന്നതാണ്’ എന്ന് നിറഞ്ഞ സന്തോഷത്തോടെ സാറാ തോമസ് പറയുമായിരുന്നു. സുഗതകുമാരിയുടെ മരണം അവരെ കടുത്ത സങ്കടത്തിൽ ആക്കിയിരുന്നു. അതുപോലെ തന്നെ ഭർത്താവിന്റെ മരണവും അവരെ വല്ലാതെ ഉലച്ചിരുന്നു. 

“അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും എഴുത്തുകാരി ആകുകയില്ലായിരുന്നു. എഴുത്തിനുള്ള വിഷയങ്ങൾ എനിക്ക് കിട്ടാൻ വേണ്ടി ആശുപത്രിയിലെ സംഭവങ്ങൾ രസകരമായി പറഞ്ഞു തരുമായിരുന്നു. എഴുതുവാനുള്ള കാര്യങ്ങൾ പഠിക്കാൻ വേണ്ടി ഏത് സ്ഥലത്തേക്കും യാത്ര ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു. പല എഴുത്തുകാരികളും ഭർത്താക്കന്മാർ എഴുത്തിനെ തകർക്കുന്ന കാര്യങ്ങൾ പറയുമ്പോൾ എനിക്ക് അത്ഭുതമാണ്. എന്റെ ഭർത്താവ് എത്ര മാത്രം പ്രോത്സാഹനമാണ് തന്നിരുന്നതെന്നു ഓർക്കും.” ജീവിതത്തിന്റെ നേരുകൾ ആയിരുന്നു സാറാതോമസിന്റെ കൃതികളുടെ കരുത്ത്.
അവർക്ക് മാത്രം സ്വന്തമായ ഭാഷയും പ്രമേയങ്ങളും ജീവിത പരിസരങ്ങളും കഥാപാത്രങ്ങളും സാറാ തോമസിന്റെ എഴുത്തിനെ അടയാളപ്പെടുത്തി. ഒറ്റയ്ക്ക് തെളിച്ചൊരു എഴുത്തുപാതയായിരുന്നു അത്. ‘ഞാൻ ഇവിടെ ഉണ്ട്’ എന്ന് പറഞ്ഞു സ്വന്തം എഴുത്തിനെ പ്രചരിപ്പിക്കാൻ ഒരിക്കലും അവർ തയ്യാറായില്ല. പൊതുവേദികളെയും പൊതുസമൂഹത്തെയും പരമാവധി ഒഴിവാക്കി അവർ നടന്നു. എഴുത്തുകാരിയുടെ ലേബൽ ഒട്ടിയ്ക്കാൻ മനഃപൂർവം വിസമ്മതിച്ചു. 

സാറാ തോമസിന്റെ എഴുപതാം പിറന്നാളും എൻപതാം പിറന്നാളും ഞങ്ങൾ ഒരുമിച്ചാണ് ആഘോഷിച്ചത്. അവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരംകിട്ടിയ വേളയിലും ഞങ്ങൾ ഒത്ത് കൂടി. ‘ദൈവമക്കൾ’ എഴുതിയ സാഹചര്യം അന്ന് അവർ വ്യക്തമാക്കി. എത്രയോനാൾ അതിന് വേണ്ടി പഠിക്കുകയും ദൈവമക്കളോടൊപ്പം താമസിക്കുകയും ചെയ്ത അനുഭവങ്ങൾ… “ദളിതർക്ക് വിദ്യാഭ്യാസം നൽകാൻ തയ്യാറായ നമ്മൾ അവർക്ക് മാന്യത നല്കാൻ ശ്രദ്ധിച്ചില്ല. ദരിദ്രനായ ദളിതനെക്കാൾ പ്രയാസം അനുഭവിക്കുന്നത് ജോലിയും പദവിയും ഉണ്ടായിട്ടും സമൂഹം അംഗീകരിക്കാത്തവരാണ് എന്ന് ഭർത്താവിന്റെ ഒരു വിദ്യാർത്ഥി എന്നോട് പറഞ്ഞു. ആ ചിന്തയിൽ നിന്നാണ് ദൈവമക്കൾ എഴുതിയത്.” സാറാ തോമസിന്റെ നോവലുകളിൽ ഏറ്റവും ശ്രദ്ധ നേടിയ ‘നാർമടിപ്പുടവ’ അവർക്ക് പ്രിയങ്കരമായ കൃതിയായിരുന്നു. 1979 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘നാർമടിപുടവ’ തമിഴ് ബ്രാഹ്മണരുടെ ജീവിതാവസ്ഥകൾ പ്രതിപാദിക്കുന്ന നോവലാണ്. ഇതിലെ കനകാംബാൾ എന്ന സ്ത്രീയുടെ നോവുകളും അസ്വസ്ഥതകളും വായനക്കാരെ ഏറെക്കാലം പിന്തുടരും. ത്യാഗത്തിന്റെ വഴി തെരഞ്ഞെടുക്കുന്ന കനകാംബാളിന്റെ ജീവിതം നോവലിനെ വേറിട്ട തലത്തിലേക്ക് ഉയർത്തുന്നു. 

മനുഷ്യദുരന്തങ്ങൾ ഏത് കാലത്തും എവിടെയും ഒന്ന് തന്നെയാണെന്നും ജീവിത ദുരന്തങ്ങൾക്ക് ഒരു ഭാവം തന്നെയാണ് ഉള്ളതെന്നും അവരുടെ കൃതികൾ പറഞ്ഞുവച്ചു.‘വലക്കാർ’ എന്ന നോവലിൽ മുക്കുവരുടെ ജീവിതം അവതരിപ്പിച്ചു. നമ്പൂതിരിമാരുടെ ജീവിതം ആയിരുന്നു ‘ഉണ്ണിമായയുടെ കഥ’യുടെ പ്രമേയം. നിരവധി കഥകളും നോവലുകളും യാത്രാവിവരണവും അവർ എഴുതി. ‘മുറിപ്പാടുകൾ’ എന്ന നോവൽ പി എ ബക്കർ ‘മണിമുഴക്കം’ എന്ന പേരിൽ സിനിമയാക്കി. സംസ്ഥാന ദേശീയ തലങ്ങളിൽ ആ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘പവിഴമുത്ത്’, ‘അസ്തമയം’, ‘അർച്ചന’ തുടങ്ങിയ നോവലുകളും ചലച്ചിത്രങ്ങങ്ങായി. 

1996 ലെ കുതിരമാളികയിലെ മലയാളത്തിലെ എഴുത്തുകാരികളുടെ ആദ്യ സംഗമത്തിൽ തുടങ്ങി സുഗതകുമാരിയുടെ എൻപത്തിരണ്ടാം പിറന്നാളിന് സംഘടിപ്പിച്ച പവിഴമല്ലി വരെ എത്ര എത്ര പരിപാടികൾ. എല്ലാത്തിലും നിറസാന്നിധ്യമായി സാറാ തോമസ് ഉണ്ടായിരുന്നു, ആവേശം പകർന്നും നിർദ്ദേശങ്ങൾ നൽകിയും ഒരിക്കലും വറ്റാത്ത ഊർജ്ജമായി. ഹൃദയനൈർമ്മല്യവും തിളങ്ങുന്ന ചിരിയും അഹങ്കാരം ഒട്ടുമേ ഇല്ലാത്ത സ്വഭാവവും. നന്ദാവനത്തിലെ അവരുടെ വീട്ടിലേക്ക് ചെല്ലുന്നത് ആനന്ദപ്രദമാക്കിയിരുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ‘പെരുമഴയത്ത്’ എന്ന എന്റെ സൗഹൃദത്തിന്റെ ഓർമ്മപുസ്തകം പ്രകാശനം ചെയ്തത് സാറാതോമസ് ആയിരുന്നു. എന്റെ അമ്മ അംബികാ നായർ ആണ് അത് ഏറ്റു വാങ്ങിയത്. എന്റെ അമ്മ കഴിഞ്ഞ വർഷം ഈ ലോകം വിട്ടു പോയി. ഇപ്പോൾ സാറാ ചേച്ചിയും. 

തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ ഞങ്ങൾ നട്ട നീർമാതളത്തിന് വീട്ടിൽ നിന്ന് കുപ്പിയിൽ വെള്ളവുമായി മുടങ്ങാതെ എത്തിയിരുന്ന സാറ ചേച്ചി. ആ മനോഹരമായ ചിരിയിൽ മയങ്ങി അവർ പകർന്ന വെള്ളം കുടിച്ചു വളർന്ന നീർമാതളം. അതിന്റെ ചുവട്ടിലെ സായാഹ്നങ്ങൾ. ആദ്യമായി നീര്‍മാതളം പൂത്തപ്പോൾ കാണാൻ ഓടി വന്നത്, അന്നവർ പങ്ക് വച്ച സന്തോഷം. ഒരുപാട് ഓർമ്മകൾ ബാക്കിയുണ്ട്. അതി തീക്ഷ്ണമായ സാമൂഹിക യാഥാർഥ്യങ്ങളെ വളരെ ലളിതമായി ആവിഷ്കരിക്കാനുള്ള വൈദഗ്ധ്യം അവരുടെ കൃതികൾക്ക് നിത്യത ഏകും എന്ന പ്രതീക്ഷയുണ്ട്. അരികുവൽക്കരിക്കപ്പെട്ട ജീവിതങ്ങളെക്കുറിച്ചുള്ള ചിന്തകൾ പ്രബലമാകുന്നതിനും എത്രയോ മുൻപാണ് ആ വിഷയങ്ങളെ കുറിച്ച് സാറാതോമസ് എഴുതിയത്. കാലത്തെ അതിജീവിക്കുന്ന എഴുത്ത് എന്ന് ഉറപ്പായും അവരുടെ സാഹിത്യത്തെ രേഖപ്പെടുത്തുവാനാവുന്നതും അത് കൊണ്ടാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.