ഗാന്ധി വിസ്മൃതിയിലേക്ക് വീഴുകയും ഗോഡ്സെ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. വർണ‑ജാതി വ്യവസ്ഥകൾ പോലുള്ള കൊടിയ തിന്മകൾക്കിടയിൽ പോലും ഇന്ത്യാക്കാരെ ഒന്നിച്ചു നിർത്തുന്നത് ആശയക്കൈമാറ്റങ്ങളുടെയും സാംസ്കാരികമായ ആദാന‑പ്രദാനങ്ങളുടെയും പാരമ്പര്യമാണെന്ന് സച്ചിദാനന്ദൻ വിശ്വസിക്കുന്നു. കവിയുടെ വാക്കുകളിലൂടെ…
ബഹുവചനത്തിന്റെ ബലം
ദൈവം മുതൽ തത്വചിന്ത വരെ, മതം മുതൽ വംശം വരെ, ഭാഷ മുതൽ വേഷം വരെ, ഭക്ഷണം മുതൽ വീക്ഷണം വരെ, ഒന്നിനെയും ഏകവചനമായിരിയ്ക്കാൻ സമ്മതിക്കാത്ത ഒരു പാരമ്പര്യമാണ് നമ്മുടേത്. ഇന്ത്യൻ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും നിർവചിക്കുന്നത് ഈ അനേകത ആണെന്നു കാണാം. ‘ഹിന്ദു’ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന മതത്തിന്നകത്തു തന്നെ നാലു വേദങ്ങളും പതിനായിരത്തിലേറെ ദൈവങ്ങളും പതിനെട്ടു ഉപനിഷത്തുകളും പൗരാണിക ദർശനത്തിന്റെ ആറു ശാഖകളും രണ്ടു പ്രധാന ഇതിഹാസങ്ങളും കൂടാതെ ധാരാളം നാടോടി ഇതിഹാസങ്ങളുമുണ്ട്. എല്ലായിടത്തു നിന്നും മംഗളകരമായ ചിന്തകൾ നമ്മിലേയ്ക്ക് പ്രവഹിക്കട്ടെയെന്ന് (ആനോ ഭദ്രാ ക്രതവോ യന്തു വിശ്വത: ) ഋഗ്വേദവും ശതപഥബ്രാഹ്മണവും പറയുമ്പോൾ ഒരേയൊരു ചിന്ത എന്ന ആശയത്തെത്തന്നെ അവ നിരാകരിക്കുകയാണ്. ‘വസുധൈവ കുടുംബകം’ എന്ന ചൊല്ല് വസുന്ധരയുടെ എല്ലാ ജീവിതശൈലികളെയും ആശയങ്ങളെയും കൂടി ആശ്ലേഷിക്കുന്നു. പ്രയോഗത്തിൽ നാം ഇതിൽനിന്നെല്ലാം അകന്നു പോയിട്ടുണ്ടാകാം; അഥവാ, ഉണ്ട്! അല്ലെങ്കിൽ നമുക്കു വർണ‑ജാതി വ്യവസ്ഥകളൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ. എന്നാൽ നാനാത്വത്തിന്റെ ഈ തത്വം എവിടെയോ ഇന്നും പ്രവർത്തനക്ഷമമായതുകൊണ്ടാകണം നമുക്കു ഒന്നിച്ചു നിൽക്കാൻ ഇന്നും കഴിയുന്നത്.
യുക്തിയുക്തം
പണ്ടു മുതലേ ഇന്ത്യയിൽ താൻ എതിർക്കുന്ന അഭിപ്രായത്തെ വിശ്വസ്തമായി ക്രോഡീകരിച്ചല്ലാതെ പുതിയൊരഭിപ്രായം ഒരാൾക്കും അവതരിപ്പിക്കാൻ കഴിയുമായിരുന്നില്ല. ഉത്തര പക്ഷം പൂർവപക്ഷത്തെ ബോദ്ധ്യപ്പെടുത്തും വിധം വിഷയം ക്രോഡീകരിക്കണം. അമർത്യാ സെൻ പറയുന്ന ‘തർക്കശീലനായ ഇന്ത്യക്കാരന്റെ കഥ ഇവിടെ തുടങ്ങുന്നു. ആ പുതിയ സങ്കല്പം പിന്നീട് പൊതുവായി ചർച്ചയ്ക്കു വിധേയമാക്കാതെ ഒരു വിഷയം അംഗീകരിക്കുന്ന രീതിയെ നിരസിച്ചു. മണ്ഡനമിശ്രനും പത്നി ഉഭയഭാരതിയുമായി ശങ്കരാചാര്യർ നടത്തിയ തർക്കം പ്രസിദ്ധമാണല്ലോ. ഇത്തരം പരികല്പനാസ്പദമായ വിവാദങ്ങൾ ഹിന്ദുക്കളും ബുദ്ധമതക്കാരും തമ്മിലും ബൗദ്ധരും ജൈനരും തമ്മിലും ശൈവരും വൈഷ്ണവരും തമ്മിലും വിശ്വാസികളും അവിശ്വാസികളും തമ്മിലുമെല്ലാം നടന്നിട്ടുണ്ട്. ‘മഹാഭാരത’ത്തിൽ നിറയെ ഇത്തരം വാദ‑പ്രതിവാദങ്ങൾ കാണാം. ഇവ ഹിംസയോളം ചെന്നെത്തിയ സന്ദർഭങ്ങൾ ഇല്ലാതില്ല, പക്ഷെ അവ അപവാദങ്ങളാണ്. സംസ്കൃതനാടകങ്ങളിൽ രാജാവിനെപ്പോലും പരിഹസിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു വിദൂഷകൻ ഉണ്ടായിരുന്നു. കേരളത്തിൽ ചാക്യാർകൂത്തിലും ഓട്ടൻതുള്ളലിലും നാം അതിന്റെ തുടർച്ച കാണുന്നു. ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത വർണ‑ജാതി വ്യവസ്ഥയ്ക്കും വർഗവിഭജനത്തിനിടയിലും ജനാധിപത്യഭാവനയുടെ ഒരു സമാന്തരറിപ്പബ്ലിക് നിലനിൽക്കുക തന്നെ ചെയ്തു. ആ ഭാവനയിൽ നിന്നാണ് ഗാന്ധിയും ടാഗോറും നെഹ്രുവും അംബേദ്കറുമെല്ലാം ഊർജം സ്വീകരിച്ചത്.
ഭക്തിപ്രസ്ഥാനത്തിന്റെ പങ്ക്
ഗാന്ധിയെയും ശ്രീനാരായണ ഗുരുവിനെയും പോലുള്ളവരെ സൃഷ്ടിക്കുന്നതിൽ ഇന്ത്യയിലെ ഭക്തിപ്രസ്ഥാനം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യൻ മതങ്ങൾക്കകത്ത് ഒരു വിമോചന ദൈവശാസ്ത്രത്തിനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പുരോഹിതാധികാരം, സംസ്കൃതമേൽക്കോയ്മ, വർണ‑ജാതി വ്യവസ്ഥ, പുരുഷാധിപത്യം, സാമ്പത്തിക‑രാഷ്ട്രീയ അധികാരം ഇവയെ തിരസ്കരിക്കുകയും ഒരു ബദൽ കീഴാള ആത്മീയത സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്ത ഭക്തിപ്രസ്ഥാനത്തിന്റേതാണ്. ഒപ്പം തന്നെ സൂഫികളെക്കുറിച്ചും പറയാതെ വയ്യ. അഞ്ച്-ആറ് നൂറ്റാണ്ടുകളിലെ തിരുമൂലർ തുടങ്ങിയ തമിഴ് ശൈവസിദ്ധരുടെയും പതിനൊന്നാം നൂറ്റാണ്ടിലെ ബസവ, അക്ക മഹാദേവി തുടങ്ങിയ കന്നഡ ശൈവകവികളുടെയും കാലം മുതൽ കബീർ, സൂർദാസ്, മീരാബായി, സലബെഗാ, തുക്കാറാം, നാമദേവൻ, നരസി മേത്ത, ലാൽ ദെദ് തുടങ്ങി ഇന്ത്യയെമ്പാടും പടർന്നു പിടിച്ച, മുഖ്യമായും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർ നയിച്ച, ഒരു സാമൂഹ്യ‑സാഹിത്യ പ്രസ്ഥാനമായിരുന്നു അത്. ഇന്ത്യൻ മതങ്ങളെ ബ്രാഹ്മണാധികാരത്തിലും വർണ വ്യവസ്ഥ ഉൾപ്പെടെയുള്ള അസമത്വങ്ങളിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്. അവരിൽ പലരും മാതൃകാസമുദായങ്ങൾ തന്നെ സൃഷ്ടിച്ചു, ഒപ്പം അനേകം സാഹിത്യ‑കലാ രൂപങ്ങളും.
മത‑സാംസ്കാരിക പാരസ്പര്യം
രാജ്യത്തെ മതസൗഹാർദത്തിന്റെ അനേകം മാതൃകകൾ എല്ലാ വിദ്വേഷ പ്രചാരണങ്ങളെയും അതിജീവിച്ചു ഇന്നും നിലനിൽക്കുന്നു. പ്രശസ്ത ചിന്തകൻ സയീദ് നക്വി ഈ സംവാദ‑ഉദ്ഗ്രഥനങ്ങളുടെ അനേകം മാതൃകകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. കുച്ചിപ്പുടി ഗ്രാമം സ്ഥാപിച്ചത് ഇബ്രാഹിം കുത്തുബ്ഷാ ആയിരുന്നു. മൊയ്നുദീൻ ചിസ്തിയുടെ അജ്മീർ ദർഗയും ഔറംഗാബാദിലെ ഷാ ഷെരീഫ് ദർഗയും ഷിർദി സായിയുടെ മന്ദിരവും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഒരേ പോലെ പുണ്യസ്ഥലങ്ങളാണ്. ഗുജറാത്തിലെ കച്ചിലെ ജാട്ടുകൾ ദുർഗാരാധകരായ മുസ്ലീങ്ങളാണ്. ഗുജറാത്തിലെ തന്നെ പിറാനയിൽ ഇമാം ഷാ ബാബാ മസ്ജിദ് സംരക്ഷിക്കുന്നത് പട്ടേൽമാരാണ്. രാജസ്ഥാനിലെ ഗോഗാ മോർഹി ക്ഷേത്രത്തിനു മുന്നിൽ കല്ലിൽ ‘അല്ലാഹുവിനു സ്തുതി’ എന്ന് എഴുതി വെച്ചിട്ടുണ്ട്. ജെയ്സാൽമറിലെ ‘മങ്ങണിയാർമാർ’ എന്നറിയപ്പെടുന്ന പാട്ടുകാർ ഭക്തമീരയുടെ ഭജനുകളും ബുള്ളേഷായുടെ സൂഫി കവിതകളും ഒന്നിച്ച് ആലപിയ്ക്കുന്നു. അമർനാഥ് ക്ഷേത്രം കണ്ടുപിടിച്ചത് കാശ്മീരിൽ പഹല്‍ഗാമിലെ ആദം മാലിക് എന്ന മുസ്ലിം ആയിരുന്നു. കാശ്മീരിലെ സൂഫിഗുരുക്കൾ ‘ഋഷി’ എന്നാണു അറിയപ്പെടുന്നത്. ശബരിമല ഉൾപ്പെടെ കേരളത്തിലും ഇത്തരം ഉദ്ഗ്രഥനതിന്റെ ധാരാളം മാതൃകകൾ കാണാം. ഉത്തര കേരളത്തിലെ തെയ്യങ്ങളിൽ ഒരു മൗലവിത്തെയ്യവുമുണ്ട്. എന്തിനേറെ, നമുക്കൊരു ‘മാപ്പിളരാമായണം’ തന്നെയുണ്ട്. മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള റൊമീലാ ഥാപ്പർ, ഓഡ്രി ട്രുഷ്കെ തുടങ്ങിയവരുടെ ആധികാരിക പഠനങ്ങൾ കാണിക്കുന്നത് ഹിന്ദു-മുസ്ലീം മൈത്രിയുടെ വസന്തകാലമായിരുന്നു അതെന്നാണ്. അക്ബർ ഉൾപ്പെടെ പല മുഗൾചക്രവർത്തിമാരും ക്ഷേത്രനിർമാതാക്കൾ കൂടിയായിരുന്നു. മന്ത്രിമാരും സേനാനായകരും മുതൽ കലാകാരന്മാർ വരെ മുഗൾ ചക്രവർത്തിമാരുടെ പ്രോത്സാഹനം അനുഭവിച്ചു. ഒരു പാട് സംസ്കൃത ഗ്രന്ഥങ്ങൾ അക്കാലത്ത് പേഴ്സ്യൻ, അറബി ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു. അക്ബറുടെ സദസിൽ ഭിന്ന മതങ്ങളുടെ സംവാദങ്ങൾ നടന്നു. ദാരാഷികോ ഗീതയും ഉപനിഷത്തുകളും വിവർത്തനം ചെയ്ത പണ്ഡിതനായിരുന്നു. ഭർതൃഹരിയും മഹാഭാരത ഭാഗങ്ങളും മുതൽ ശങ്കരാചാര്യരുടെ കൃതികൾ വരെ അക്കാലത്ത് മുസ്ലീം പണ്ഡിതർ വിവർത്തനം ചെയ്തു പ്രചരിപ്പിച്ചു. കബീർ, റഹീം, രസ്ഖാൻ, സലബെഗാ തുടങ്ങിയവരും ഹിന്ദുദൈവങ്ങളെ ആരാധിച്ച ഭക്തകവികളായിരുന്നു. സൂഫികൾ ‘ഹിന്ദു’ ആയി അറിയപ്പെടുന്ന പല ചിന്താധാരകളെയും സ്വദർശനത്തിൽ കൂട്ടിയിണക്കി. ഗുരു നാനാക്ക് ‘ഗ്രന്ഥസാഹെബ്ബി’ൽ എല്ലാ മതഗ്രന്ഥങ്ങളുടെയും പ്രധാന മൂല്യപരാമർശങ്ങൾ സമന്വയിച്ചു. ചരിത്രസത്യങ്ങൾ അവസാനിക്കുന്നില്ല.
ഗാന്ധിയ൯ ചിന്താധാര
മതാടിസ്ഥാനത്തിലുള്ള രാഷ്ട്രത്തിലോ പൗരത്വത്തിലോ ഗാന്ധി വിശ്വസിച്ചില്ല. എല്ലാ മതങ്ങളും സത്യത്തിലേക്കുള്ള പല വഴികൾ മാത്രമാണെന്ന് അദ്ദേഹം കരുതി. ഇതാകട്ടെ അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടുത്തമായിരുന്നില്ല. വർഗീയതയെ ആത്മീയതയുടെ നേർവിപരീതമായാണ് ഗാന്ധി കണ്ടത്. തീർഥാടനകേന്ദ്രങ്ങൾക്ക് വിശുദ്ധി നഷ്ടമായി എന്നദ്ദേഹം പ്രസ്താവിച്ചു. കുംഭമേളയെയും യജ്ഞങ്ങളെയും തള്ളിപ്പറഞ്ഞു. സത്യമല്ലാതെ വേറെ ദൈവമില്ലെന്ന് അന്ത്യകാലത്ത് പ്രസ്താവിച്ചു. തന്റെ പ്രാർഥനാ യോഗങ്ങളിൽ എല്ലാ മതങ്ങളുടെയും സ്തുതികൾ ഉൾപ്പെടുത്തി. ഹിന്ദുമതം അയിത്തം ആചരിക്കുന്നുവെങ്കിൽ താൻ ആ മതം നിരാകരിക്കുമെന്നും പറഞ്ഞു. പന്തിഭോജനത്തിലൂടെ ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ചു. സ്വജാതി വിവാഹങ്ങളിൽ പോവുകയില്ലെന്നു നിശ്ചയിച്ചു. തനിയ്ക്ക് ദളിത് സമൂഹത്തിൽപെട്ട ചാമാറും ബ്രാഹ്മണനും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്ന് പ്രഖ്യാപിച്ചു. ‘പല മതങ്ങളുണ്ട്, പക്ഷെ മതം ഒന്നേയുള്ളൂ’ എന്ന് പ്രസ്താവിച്ചു. ദൈവത്തെ റാം, അള്ളാ, ഖുദാ, ആഹുരാ മസ്ദാ മുതലായ എന്തും വിളിക്കാമെന്നു പറഞ്ഞു. ആദ്യം അദ്ദേഹം അയിത്തത്തെ മാത്രമേ എതിർത്തിരുന്നുള്ളൂ. എന്നാൽ പിന്നീട് അദ്ദേഹം വർണാശ്രമധർമത്തെയും തള്ളിപ്പറഞ്ഞു. വർണങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം തൊഴിലും വർണവും ബന്ധപ്പെട്ടു കിടക്കുമെന്നും അപ്പോൾ ജാതിയും നിലനിൽക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മനുവാദത്തെ അദ്ദേഹം തീർത്തും നിരാകരിച്ചു. ഇന്ത്യയിൽ ജാതി, വർണം, മതം, പുരുഷമേധാവിത്തം എന്നിവ കെട്ടുപിണഞ്ഞു കിടക്കുന്നത് അദ്ദേഹം കണ്ടു.
ഗാന്ധിയെ അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പ്രസ്താവമോ, ഒരു കാലത്ത് പുലർത്തിയിരുന്ന നിലപാടുകളോ വച്ച് വിമർശിക്കുന്നത് അദ്ദേഹത്തിന്റെ നിരന്തര പരിണാമത്തെക്കുറിച്ചു ധാരണയില്ലാത്തവരാണ്. ഭൂരിപക്ഷമതദേശീയത ജനങ്ങളുടെ തുല്യത എന്ന ആശയത്തിന്നെതിരാണെന്ന് ആദ്യമേ തിരിച്ചറിഞ്ഞതു കൊണ്ടാണ് ഹിന്ദുമഹാസഭയുടെ രൂപീകരണകാലം മുതൽ അതിനെ അദ്ദേഹം എതിർത്തത്. അതിന്റെ വില രക്തമായി ഒടുക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് വർണ വിവേചനത്തിന്റെ അപകടങ്ങൾ തിരിച്ചറിഞ്ഞ ഗാന്ധി, ഇന്ത്യയിൽ വന്നപ്പോൾ ജാതി അതിനേക്കാൾ അപകടം പിടിച്ചതാണെന്ന് മനസിലാക്കി. അതിൽ തൊഴിൽ വിഭജനവും സാമ്പത്തിക അസമത്വവും സാമൂഹ്യ ശ്രേണീകരണവും തൊട്ടുകൂടായ്മയും കെട്ടുപിണഞ്ഞു കിടക്കുന്നത് ഗാന്ധി കണ്ടു. ഇതെല്ലാം ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്നുവെന്ന് ദളിതപീഡനങ്ങളും ആദിവാസികളുടെ ആവാസനഷ്ടവും അപരവത്കരണവും ദുരഭിമാനക്കൊലകളും പൗരസമൂഹം മുതൽ ഉദ്യോഗസ്ഥശ്രേണി വരെയുള്ള ബ്രാഹ്മണ മേധാവിത്തവും തെളിയിക്കുന്നു.
ഗാന്ധി ജീവിച്ചിരുന്നെങ്കിൽ
അധിനിവേശത്തിൽനിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രാഥമികലക്ഷ്യം നേടിയ ശേഷം ഗാന്ധി കുറച്ചു കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ തന്റെ ശിഷ്ട ജീവിതം ജാതിവിരുദ്ധ സമരത്തിനും, ഹിന്ദുത്വ വാദികളുടെ മൗലികവാദപരവും ഏകശിലാരൂപവുമായ സങ്കല്പത്തിൽ നിന്നും മനുവാദത്തിൽ നിന്നും ഹിന്ദുമതത്തെ മോചിപ്പിക്കുന്നതിനും ഉഴിഞ്ഞു വയ്ക്കുമായിരുന്നു. ശ്രീനാരായണ ഗുരുവിനെപ്പോലെ തനിയ്ക്കു ജാതിയും മതവുമില്ലായെന്ന് പ്രസ്താവിക്കുക തന്നെ ചെയ്യുമായിരുന്നു. പൗരത്വഭേദഗതി നിയമം കൊണ്ടുവരുന്ന ഒരു ഭരണകൂടത്തിനെതിരെ അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനം നയിക്കുമായിരുന്നു. മാത്രമല്ല, ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടി ഒരിക്കൽ കൂടി ആത്മത്യാഗം ചെയ്യാൻ അദ്ദേഹം മടിയ്ക്കുമായിരുന്നില്ല. കാരണം, അദ്ദേഹത്തിന്റെ അടിസ്ഥാന പ്രമാണം സർവ ധർമസഹഭാവമായിരുന്നു. മതങ്ങളുടെയെല്ലാം കാതലായ സ്നേഹസങ്കല്പത്തെ സാമൂഹ്യസംഘാടനത്തിന്നായി പ്രയോജനപ്പെടുത്തുകയാണ് സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധി ചെയ്തത്. ജനങ്ങൾക്ക് ഒരു മതം ആവശ്യമുണ്ട് എന്ന ഉറച്ച കാഴ്ചപ്പാടാണ് അംബേദ്കറും മുന്നോട്ടു വെച്ചത്. വർണ‑ജാതി വിവേചനങ്ങളില്ലാത്ത ബുദ്ധ ധർമത്തെ അംബേദ്കർ ദളിത ജനതയ്ക്കായി ശുപാർശ ചെയ്യുകയും അതിൽ സ്വയം ചേരുകയും അതേക്കുറിച്ച് ലഘുഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്തു. മതരഹിത സമൂഹം ഒരു ആദർശസങ്കൽപം എന്ന നിലയിൽ ആകർഷകമായിരിക്കെത്തന്നെ, മതങ്ങൾ നിലനിൽക്കുന്നു എന്നതുകൊണ്ട്, ഇന്ത്യയിലെ മഹാഭൂരിപക്ഷവും വിശ്വാസികളാണ് എന്നതുകൊണ്ട്, ഗാന്ധി പഠിപ്പിച്ച, മതങ്ങൾ തമ്മിലും വിശ്വാസികളും അവിശ്വാസികളും തമ്മിലുമുള്ള വിദ്വേഷരഹിതമായ സംവാദത്തിന്റെയും സഹജീവനത്തിന്റെയും പാഠമാണ് നമ്മെ സംബന്ധിച്ച് ഇന്ന് പ്രായോഗികം.
സമഗ്രാധിപത്യത്തിലേയ്ക്കു നയിക്കുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ള മതരാഷ്ട്രസങ്കൽപങ്ങൾക്കെതിരായ സമരത്തിൽ നമ്മുടെ പ്രധാന ആയുധവും മറ്റൊന്നാവില്ല. നിയമം മതങ്ങൾക്ക് അതീതമാവുകയെന്ന പാശ്ചാത്യ ആശയത്തിന് ഇന്ത്യയിലും പ്രസക്തിയുണ്ട്. എന്നാൽ, ഏകമതരാഷ്ട്രങ്ങളിൽ നിന്ന് നമ്മുടെ ബഹുമത പൗരസമൂഹത്തിലെ മതേതരത്വത്തിന് സമാധാനം കിട്ടിയെന്നു വരില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.