March 31, 2023 Friday

Related news

March 29, 2023
March 29, 2023
March 28, 2023
March 26, 2023
March 25, 2023
March 25, 2023
March 25, 2023
March 25, 2023
March 24, 2023
March 24, 2023

ആര്‍എസ്എസ് അനുകൂല നിലപാട്: സുധാകരനും സതീശനും വിമർശനമുനയില്‍

Janayugom Webdesk
കൊച്ചി
December 11, 2022 10:56 pm

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരനുമെതിരെ രൂക്ഷ വിമർശനം. ഇരുവരുടെയും ആര്‍എസ്എസ് അനുകൂല നിലപാടിനെയായിരുന്നു അംഗങ്ങള്‍ കടുത്തഭാഷയില്‍ വിമര്‍ശിച്ചത്. തരൂര്‍ വിഷയം കെെകാര്യം ചെയ്തു വഷളാക്കിയെന്നും അഭിപ്രായമുയര്‍ന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെ വി ഡി സതീശൻ പിന്തുണച്ചത് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയകാര്യ സമിതിയിൽ നേതാക്കൾ വിമർശനം കടുപ്പിച്ചത്. ഗവർണറെ പിന്തുണച്ച നടപടി അനവസരത്തിലായി. ഈ നിലപാട് പാർട്ടി അണികളിൽ തെറ്റിദ്ധാരണയുണ്ടാക്കി. ഗവർണർ വിഷയത്തിൽ പല അവസരങ്ങളിലും പ്രതിപക്ഷ നേതാവ് പങ്കുവച്ച അഭിപ്രായങ്ങളിൽ വ്യക്തതയില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെ മാത്രം എതിർക്കാതെ ഗവർണറുടെ നിലപാടുകളും ചോദ്യം ചെയ്യണമെന്ന് സതീശന് നിർദ്ദേശം നൽകി.

കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശം കെപിസിസി അധ്യക്ഷന് യോജിച്ചതല്ല എന്നായിരുന്നു മറ്റൊരു വിമർശനം. പ്രസ്താവനയിൽ ലീഗിന് ഉൾപ്പെടെ അതൃപ്തിയുണ്ടായത് ചൂണ്ടിക്കാട്ടി എം എം ഹസൻ അടക്കമുള്ള നേതാക്കളാണ് വിഷയമുന്നയിച്ചത്. ഇരിക്കുന്ന സ്ഥാനത്തെപ്പറ്റി ഓരോരുത്തർക്കും ബോധ്യം വേണം. നിലമറന്ന് പ്രവർത്തിക്കുന്നത് ദോഷം ചെയ്യുമെന്ന് ഓർമ്മിക്കണമെന്നുമായിരുന്നു വിമർശനം.

അതേസമയം സിപിഐ(എം)ന്റെ ലീഗ് അനുകൂല പ്രസ്താവനകളിൽ ലീഗ് നടത്തിയത് പക്വമായ പ്രതികരണമാണെന്നും നേതാക്കൾ പറഞ്ഞു. ശശി തരൂരിനെ വിമർശിച്ച് നേതൃത്വം സ്വയം വഷളായി, വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്നും അഭിപ്രായമുയര്‍ന്നു. തരൂരിന് വിലക്ക് ഏർപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തെ കൂടി ഉൾക്കൊണ്ട് പ്രശ്നം പരിഹരിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പ് വിമർശിച്ചു. തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്നും യോഗം വിലയിരുത്തി. പുസ്തക പ്രകാശനത്തിൽ മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ പി ജെ കുര്യനും യോഗത്തിൽ വിമർശനമേൽക്കേണ്ടി വന്നു.

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ലീഗ് മുഖപത്രം

കോഴിക്കോട്: പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ കോൺഗ്രസിന്റെ ദുരന്തത്തിന് കാരണമാകുന്നുവെന്ന് വ്യക്തമാക്കി ലീഗ് മുഖപത്രം. ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്റ് പേജിൽ മോഡി സ്തുതിയിൽ തൂക്കി വിൽക്കപ്പെടുന്ന ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന തലക്കെട്ടിലുള്ള കുറിപ്പിലാണ് പരസ്പരം പഴിചാരലും വെട്ടിനിരത്തലുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുന്നത്. ഗുജറാത്തിൽ നേരിട്ട തിരിച്ചടിയും ഹിമാചലിലെ വിജയവും കോൺഗ്രസിന്റെ ദേശീയ‑സംസ്ഥാന നേതൃത്വം വിലയിരുത്തിയേ മതിയാകൂവെന്നും പ്രതിപക്ഷത്തിരിക്കുമ്പോൾ പോലും പരസ്പര പഴിചാരലും വെട്ടി നിരത്തലുമായി മുന്നോട്ട് പോയാൽ കോൺഗ്രസ് ദുർബലമാകുമെന്നും ജനങ്ങളിൽ നിന്ന് അകലുമെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഘടകകക്ഷികൾ പോലും പല ഘട്ടങ്ങളിലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത് ഈ പശ്ചാത്തലത്തിലാണെന്നും കുറിപ്പിലുണ്ട്. ഏക സിവിൽ കോഡ് സംബന്ധിച്ച ചർച്ചയിൽ കോൺഗ്രസ് എം പിമാർ ജാഗ്രത പുലർത്തിയില്ലെന്ന് ലീഗ് നേരത്തെ വിമർശനമുന്നയിച്ചിരുന്നു.

Eng­lish Sum­ma­ry : VD Satheesan and state pres­i­dent K Sud­hakaran were severe­ly criticized
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.