22 November 2024, Friday
KSFE Galaxy Chits Banner 2

പച്ചക്കറി വിലനിയന്ത്രണം: കൃഷി വകുപ്പിന്റെ ഇടപെടൽ വിജയം

Janayugom Webdesk
തിരുവനന്തപുരം
November 25, 2021 10:12 pm

കേരളത്തിലെ പച്ചക്കറി വില വർധനവ് നിയന്ത്രിക്കാനുള്ള കൃഷി വകുപ്പിന്റെ ഇടപെടൽ വിജയം. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും 41 മെട്രിക് ടൺ പച്ചക്കറി ഇന്നലെ കേരളത്തിലെത്തി. തെക്കൻ ജില്ലകളിലേക്കുള്ള പച്ചക്കറികൾ തിരുവനന്തപുരത്തും വടക്കൻ ജില്ലകളിലേത് കോഴിക്കോടുമാണ് ഇന്നലെ എത്തിച്ചേർന്നത്. ഇതിൽ 10 ടണ്ണോളം സവാളയും ഉൾപ്പെടും. വരും ദിവസങ്ങളിലും കൂടുതൽ പച്ചക്കറികൾ കേരളത്തിലെത്തും. ഇതോടെ പലതിനും വിപണിയില്‍ വില കുറഞ്ഞുതുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിൽ ആക്കാനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. 

തമിഴ്‌നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളാണ് ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ കേരള വിപണിയിൽ ഇന്നലെ മുതൽ എത്തിത്തുടങ്ങിയത്. സംസ്ഥാന വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തെ തുടർന്ന് കൃഷി മന്ത്രി പി പ്രസാദ് അടിയന്തരമായി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കാർഷിക വിപണന മേഖലയിൽ ഇടപെടൽ നടത്തുന്ന ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും കാലോചിതമായ ഇടപെടൽ വിപണിയിൽ വരുത്തുന്ന തരത്തിലുള്ള സംവിധാനം രൂപകല്പന ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

ഹോർട്ടികോർപ്പിന്റെ പ്രവർത്തനങ്ങളെ കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് നാലംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. നാടൻ പച്ചക്കറിയെ ആശ്രയിച്ച് വിപണിയെ പിടിച്ചുനിർത്താൻ നമുക്കാവണം. അതിനായി പ്രാദേശിക പച്ചക്കറി ഉല്പാദനം ഇനിയും വർധിപ്പിച്ചേ മതിയാകൂ. വീട്ടുവളപ്പിൽ ചെറിയതോതിലുള്ളതാണെങ്കിലും പച്ചക്കറി ഉല്പാദനം വർധിപ്പിക്കണം. അധികമായി ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുമെന്നും അതിലൂടെ സംഭരിക്കുന്ന പച്ചക്കറികൾ ഏകോപിപ്പിച്ച് പൊതുവിപണിയിൽ എത്തിക്കാൻ ഹോർട്ടികോർപ്പിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് പച്ചക്കറി കൃഷി നശിച്ചു പോയവർക്ക് അടിയന്തരമായി പച്ചക്കറി തൈകൾ ലഭ്യമാക്കാനും കൃഷി മന്ത്രി നിർദ്ദേശം നൽകി. 

ENGLISH SUMMARY:Vegetable price con­trol: Inter­ven­tion suc­cess of the Depart­ment of Agriculture
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.