22 December 2024, Sunday
KSFE Galaxy Chits Banner 2

വേണുജിയും കപിലയും

ദേവിക
വാതിൽപ്പഴുതിലൂടെ
May 23, 2022 7:00 am

പ്രബുദ്ധകേരളമെന്നും സാംസ്കാരിക കേരളമെന്നും തൊണ്ടപൊട്ടുമാറുച്ചത്തില്‍ വായ്‌ത്താരിമുഴക്കി അഭിമാനരോമാഞ്ചകഞ്ചുകമണിയുന്ന നമ്മളിപ്പോഴും ഒതുങ്ങിക്കൂടുന്നത് ഒരു ഭ്രാന്താലയത്തിലാണോ. ജാതിയുടെയും മതത്തിന്റെയും ഇരുമ്പഴികള്‍ തീര്‍ത്ത ഭ്രാന്താലയത്തില്‍. സ്വാമി വിവേകാനന്ദന്‍ അപലപിച്ച ആ ഭ്രാന്താലയത്തിലെ ഇരുണ്ട അറയുടെ അഴിവാതിലുകള്‍ തുറക്കാനാവാത്ത നാം കലാരൂപങ്ങള്‍ക്കുപോലും അയിത്തം കല്പിക്കുന്ന നാട്. കലാകാരന്മാരെയും കലാകാരികളെയും ജാതി വിലക്കുകളുടെ ചങ്ങലയ്ക്കിട്ട് നാം പ്രാന്തവല്ക്കരിക്കുന്നു. ജാതിയും മതവുമില്ല തനിക്ക് എന്നുപറഞ്ഞ നര്‍ത്തകിയ്ക്കു കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാനാവില്ലെന്നു വിലക്കിയത് കേരളത്തിലാണെന്നു വരുന്നത് എത്രയധികം വേദനാജനകമാണ്. അതേസമയം നടിയുടെ ഭര്‍ത്താവിന് ഹിന്ദുമുദ്ര ചാര്‍ത്തി ചുറ്റമ്പലത്തിനുള്ളില്‍ കലാപരിപാടി നടത്താന്‍ അനുവദിക്കുന്ന അസംബന്ധ മതനിയമം. ഇത്രയും പറയാന്‍ കാരണം കൂടല്‍മാണിക്യം അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ കുലപതി, ഡയറക്ടര്‍ സ്ഥാനങ്ങള്‍ രാജിവച്ച വേണുജിയെക്കുറിച്ചോര്‍ത്തപ്പോഴാണ്. നമ്മുടെ ക്ഷേത്രകലകളായ കൂത്തും കൂടിയാട്ടവും സപ്തസാഗരങ്ങള്‍ക്കപ്പുറമെത്തിച്ച മഹാനാണ് അദ്ദേഹം. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ ജോലി രാജിവച്ച് വേതനം പോലും വാങ്ങാതെ മൂന്നുപതിറ്റാണ്ടോളമായി ഒരു താപസനെപ്പോലെ ക്ഷേത്രകലകളെ ഓമനിച്ചു വളര്‍ത്തുന്ന വേണുജി. അദ്ദേഹത്തോടൊപ്പം പ്രശസ്ത നര്‍ത്തകിയായ മകള്‍ കപിലാവേണുവും രാജിവച്ചിട്ടുണ്ട്. ഈ രണ്ടുരാജികളും ജാതിവ്യവസ്ഥയോട് കലഹിച്ചുകൊണ്ടായിരുന്നു. കേരളത്തിലെ കൂത്തമ്പലങ്ങളിലെ ജാതി വിലക്കിലുള്ള ഈ പ്രതിഷേധം കലാകേരളത്തിന്റെ കണ്ണുതുറപ്പിക്കുമോ? എവിടെ! ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് എന്നിവയില്‍ പഠിച്ചുവരുന്ന പതിനൊന്നു വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിച്ചിറങ്ങിയാല്‍ തങ്ങളുടെ അരങ്ങേറ്റത്തിനുപോലും വേദി ലഭിക്കാത്ത ജാതിവിലക്ക്, ജാതിമതങ്ങളുടെ പേരിലുള്ള ഈ നിരാസങ്ങള്‍ക്കിടയിലാണ് നാം മൈക്കുവച്ച് ആക്രോശിക്കുന്നത്, ഇത് പ്രബുദ്ധകേരളമാണെന്ന്.

കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു. സംഭവം ഗോമാംസ ഭക്ഷണമായതിനാല്‍ സ്വാഭാവികമായും ഉത്തരേന്ത്യയില്‍ നിന്നുള്ള വാര്‍ത്ത. ഗോമാംസം ഭക്ഷിച്ചതിന്റെ പേരില്‍ ഒരു മുസ്‌ലിം യുവാവിനെ പൊലീസ് വീട്ടില്‍ നിന്ന് അറസ്റ്റു ചെയ്തുകൊണ്ടുപോയി. അലമുറയിട്ട മാതാവിനെ പൊലീസുകാര്‍ വെടിവച്ചുകൊന്നു. ബിഹാറില്‍ ഗോമാംസം ഭക്ഷിച്ചതിന് അറസ്റ്റിലായ മകനെ ജാമ്യത്തിലിറക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ മാതാവിനെക്കൊണ്ട് എസ്ഐ ഏമാന്‍ എണ്ണയിട്ട തന്റെ നഗ്നമേനിയില്‍ മസാജ് നടത്തിച്ചു. നമ്മുടെ മോഡിക്കും സംഘ്പരിവാര്‍ പ്രഭൃതികള്‍ക്കും ഗോമാംസ മഹിമയെക്കുറിച്ച് അത്രയ്ക്കങ്ങട്ട് പിടിത്തം കിട്ടിയമട്ടില്ല. സാക്ഷാല്‍ ഇന്ദ്രന്റെ ഇഷ്ടഭോജ്യം ഗോമാംസം ആണെന്നാണ് ഋഗ്വേദം ആറാം അധ്യായത്തില്‍ പറയുന്നത്. ഗോമാംസം മാത്രമല്ല പോത്തിന്റെയും കുതിരയുടെയും ഇറച്ചിയും ഇഷ്ടവിഭവങ്ങള്‍, ഒപ്പം കഴിക്കുന്നത് പൊറോട്ടയോ ചപ്പാത്തിയോ പുട്ടോ അപ്പമോ എന്നേ അറിയേണ്ടതുള്ളു. ബ്രഹ്മാവ് പശുക്കളെ സൃഷ്ടിച്ചത് മനുഷ്യര്‍ക്ക് ഭക്ഷിക്കാനാണെന്ന് മനുസ്മൃതിയുടെ പതിനേഴാം അധ്യായത്തിലെ ഒമ്പതാം ശ്ലോകത്തില്‍ പറയുന്നു. വേദകാലത്ത് ഗോമാംസം കഴിക്കാത്തവരെ ബ്രാഹ്മണരായി കണക്കാക്കില്ലായിരുന്നുവെന്ന് സ്വാമി വിവേകാനന്ദന്റെ സമ്പൂര്‍ണ കൃതികളില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതിനെല്ലാമിടയില്‍ ‘പ്രബുദ്ധ കേരളത്തി‘ലും അങ്ങിങ്ങ് ഹലാല്‍ വിരുദ്ധ ഭക്ഷണത്തിന്റെ പേരില്‍ സംഘികള്‍ സമരത്തിനിറങ്ങി പുറപ്പെട്ടിട്ടുണ്ട്. ഭക്ഷണ കേരളം ജാഗ്രതെെ.


ഇതുകൂടി വായിക്കാം; സൗന്ദര്യം നഷ്ടപ്പെടുന്ന മനസുകൾ


ഈ മഹാമാരിക്കാലത്തും നമ്മെ പ്രചോദിപ്പിക്കുന്ന ചില മനോഹര വാര്‍ത്തകള്‍ എത്തുന്നു. കാസര്‍കോട് വിദ്യാനഗര്‍ നെലക്കള പട്ടികജാതി ഗവണ്‍മെന്റ് പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ഉദ്ഘാടകനായും മുഖ്യാതിഥിയായുമൊക്കെ മുമ്പ് എത്തിയിരുന്ന നടന്‍ ഉണ്ണിരാജന്‍ കഴിഞ്ഞ ദിവസം ഈ ഹോസ്റ്റലിലെ കക്കൂസ് ക്ലീനറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. ശുചിമുറി വൃത്തിയാക്കുന്ന ജോലിയില്‍ ചേരാനെത്തി യ ഉണ്ണിരാജനെ ഫ്ലക്സ് ബോര്‍ഡുകള്‍ ഒരുക്കിയും കൊടിതോരണങ്ങ ള്‍ തൂക്കിയുമാണ് ഹോസ്റ്റലില്‍ അന്തേവാസികളും ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് വര വേറ്റത്. സംവിധായകന്‍ പ്രശോഭ്ബാലന്‍, സംഗീത സംവിധായകന്‍ ജയകാര്‍ത്തി എന്നി വര്‍ താമസിച്ചു പഠിച്ച ഇവിടേക്ക് ഉണ്ണിരാജന്‍ എത്തുന്നതും സെലിബ്രിറ്റിയായിത്തന്നെ. നമ്മുടെ തൊഴിലില്ലാപ്പട്ടാളത്തിനു മുന്നില്‍ ഒരു ദീപഗോപുരമാവുന്നു ഉണ്ണിരാജന്‍. “ഒരു ജോലി എന്റെ സ്വപ്നമാണ് സര്‍, എനിക്ക് ഈ ജോലി തരണ“മെന്നാണ് കക്കൂസ് ക്ലീനറെ തെരഞ്ഞെടുത്ത ഇന്റര്‍വ്യൂ ബോര്‍ഡിനോട് ‘മറിമായം’ സീരിയലിലൂടെ മലയാളികളുടെ മനംകവര്‍ന്ന ഉണ്ണിരാജന്‍ അഭ്യര്‍ത്ഥിച്ചത്. “എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിരുന്നില്ലേ സര്‍”‍ എന്ന് വേദാന്തിയെപ്പോലെ ഇന്റര്‍വ്യു ബോര്‍ഡിനോടു പറഞ്ഞ ഉണ്ണിരാജന്‍ മിഥ്യാഭിമാനത്തില്‍ മുങ്ങാംകുഴിയിടുന്ന യുവതയ്ക്കു മുന്നില്‍ സുവര്‍ണലിപികളിലെഴുതിയ പാഠപുസ്തകംപോലെ.

ജോലിക്കു കൂലി എന്നൊക്കെ നാം കേട്ടിട്ടുണ്ട്. പാടത്തെ ജോലിക്ക് വരമ്പത്തു കൂലി എന്നും കേട്ടിട്ടുണ്ട്. ഇതൊക്കെ നമ്മുടെ കെഎസ്ആര്‍ടിസിക്കു ബാധകമല്ല കേട്ടോ! പണ്ടത്തെ മാടമ്പിവാഴ്ചക്കാലത്ത് ജോലിക്കു കൂലി നെല്ലെന്ന നാട്ടാചാരവും ഉണ്ടായിരുന്നു. എന്നാല്‍ ജോലിക്കു ഭൂമി എന്നു കേള്‍ക്കുന്നത് ഇതാദ്യം. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് കേന്ദ്ര റയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ നൂറുകണക്കിനാളുകള്‍ക്കാണ് ജോലി നല്കിയത്. രൊക്കം കാശായി കോഴ നല്കണം. കാശില്ലെങ്കിലോ ജോലി നേടുന്നവന്റെ കിടപ്പാടം തന്റെ പൊണ്ടാട്ടിയായ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവിയുടെയൊ സന്തതികളായ മിസാഭാരതിയുടെയൊ ഹേമയുടെയൊ പേരില്‍ എഴുതിക്കൊടുത്താലും മതി. കിടപ്പാടം കെെക്കൂലിയായി വാങ്ങുന്ന നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത ലാലുജിക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍!

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.