19 December 2024, Thursday
KSFE Galaxy Chits Banner 2

ആൻഡമാൻ — ഭാരതീയ ക്ലാസിക്ക് സ്റ്റോറി

വിജിഷ വിജയൻ
ഓർമ്മ
March 16, 2022 7:28 pm

രാജ്യരക്ഷാ ഭൂപടത്തിലും ഇന്ത്യാചരിത്രത്തിലും ഒരുപോലെ പ്രാധാന്യമർഹിക്കുന്ന വെറും 8249 ചതുരശ്ര കിലോമീറ്റർ വീസ്തീർണമുള്ള ഒരു ദ്വീപസമൂഹം എങ്ങനെയാണ് എന്റെ മനസിൽ ഇത്രമേൽ ആഴത്തിൽ പതിഞ്ഞത്? വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിപ്പാർത്തവർക്കിടയിലായിരുന്നു മുബഷിറ. കോളജിലെ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്ങിന്റെ ഇംഗ്ലീഷ് പേപ്പർ എടുത്തു കൊടുക്കാമോ എന്ന് സലാവുദീൻ മാഷ് ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറയാനാറിയാത്ത നാവ് വീണ്ടും ചതിച്ചു. കൈകൾ അറിയാത്തമാതിരി ടെക്സ്റ്റ്‌ബുക്ക്‌ വാങ്ങി. പുതുതായൊരു പിരിയഡ് കൂടിയാലും കുറഞ്ഞാലും ശമ്പളം ഒന്നാണെന്നിരിക്കെ എല്ലാ അധ്യാപകരെയും പോലെ എനിക്ക് മടി തോന്നി. എന്തോ അസംബന്ധം ചെയ്ത മട്ട്.

ആദ്യമായി ആ ക്ലാസിൽ കയറിയപ്പോൾ വല്ലാത്തൊരു വിമ്മിഷ്ടം. രണ്ടും മൂന്നും കുട്ടികൾ ആയ ശേഷം പഠിക്കാൻ വരുന്നവരാണ് പകുതിയിൽ അധികവും. നാട്ടിലെ കുടുംബശ്രീയിൽ പോലും പോയി പരിചയമില്ലാത്ത, അടുക്കളക്കോലായ സംസാരങ്ങളിൽ ഭാഗബാക്കാവാത്ത ഞാൻ എങ്ങനെ അവർക്കു മുൻപിൽ നിൽക്കും! വമ്പൻ വരവേൽപ്പൊക്കെ ആയിരുന്നുവെങ്കിലും എന്റെ മുട്ടിടിച്ചു. എന്റെ മൂന്നിരട്ടി ഉയരവും വണ്ണവുമുള്ള തടിച്ചിചേച്ചിമാരോട്, മിണ്ടാതിരിക്കാൻ പറയുമ്പോൾ, നീ മിണ്ടാണ്ട് പോടീന്ന് തിരിച്ചു പറയുമോ എന്ന് ശങ്കിച്ചു. ആദ്യത്തെ പേജിലെ ഫ്രോസ്റ്റിന്റെ കവിതയോടെ തുടങ്ങി. ഗ്രാമർ പറയുമ്പോൾ മാത്രം ഉറക്കം തൂങ്ങുന്നൊരു വെളുവെളാ വെളുത്ത പെൺകുട്ടിയെ നോക്കി. തട്ടം ശരിയാക്കുക എന്ന പേരുമായി കോട്ടുവാ ഇടുകയായിരുന്നു അവൾ. എനിക്കാണേൽ ഇഷ്ടമില്ലാത്തൊരു കാര്യമാണത്. എന്തേലും പറയുന്നതിനിടക്ക് താല്പര്യമില്ലായ്മ പ്രകടിപ്പിക്കുന്ന പ്രവൃത്തിയായി എനിക്കതിനെ തോന്നും. അമീർഖാൻ എന്ന വിളിപ്പേരുള്ള അമീർ സുഹൈലിനെക്കൊണ്ട് നിന്നനിൽപ്പിന് പതിനഞ്ചു ഇമ്പോസിഷൻ കോട്ടുവാ ഇടീപ്പിച്ച ടീച്ചറെന്നിരിക്കെ ഞാൻ മുബഷിറയെ നിർത്തി. “വാട്ട്‌ ഈസ്‌ കോൺകോഡ്?” എന്ന് ചോദിച്ചു.

അവൾക്കെന്ത് കോൺകോഡ് എന്ന് കരുതിയപ്പോഴേക്കും. “സബ്ജെക്ട് വെർബ് എഗ്രിമെന്റ് മിസ്സ്‌ ” “ഇഫ് സബ്ജെക്ട് ഈസ്‌ സിങ്കുലർ, വെർബ് മസ്റ്റ് ബി ഡാഷ്?” “മിസ്സ്‌, ഇറ്റ് മസ്റ്റ്‌ ബി സിങ്കുലർ” എനിക്കാശ്വാസമായി, ബുദ്ധിയുണ്ട്. നഴ്സറി ക്ലാസിൽ ഒരു ദിവസം പോലും ഇരിക്കാത്ത ഞാനാണല്ലോ നഴ്സറി ടീച്ചർമാരെ പഠിപ്പിക്കുന്നത് എന്ന തിരിച്ചറിവുണ്ടാകുമ്പോ ഞാനൊന്ന് മാനംനോക്കി ചിരിക്കും. വളരെ കുറച്ച് ഇംഗ്ലീഷ് മാത്രമേ അവർക്ക് പഠിക്കാനുണ്ടാവൂ. ഓരോ ക്ലാസും രസകരമായി നീങ്ങി. നിഷയും മായയും പ്രായത്തിൽ മൂത്തവരാണെങ്കിലും എന്റെ മുന്നിൽ കുട്ടികളെപ്പോലെ കണ്ണ് മിഴിച്ചിരുന്നു. കൂട്ടുകാരായി. വാഗമൺ യാത്രയിലാണ് കൂടുതൽ അടുത്തത്. ആർത്തുല്ലസിച്ചു.

രാമക്കൽമേട്ടിലെ ട്രക്ക് സവാരിക്കിടെ സ്പീഡ് കുറവുള്ള വണ്ടിയിലേക്ക് പേടിത്തൂറിക്കുട്ടികളും ടീച്ചർമാരും ഓടി. ഞാനും കുറച്ച് കുട്ടികളും യമണ്ടൻ സ്പീഡുള്ള ഒരു കിടിലൻ പയ്യൻ ഡ്രൈവറായ ജീപ്പിൽ കയറി. മുബഷിറ എന്റെ തൊട്ടടുത്താണ് ഇരുന്നത്. “മിസ്സ്‌ ഞങ്ങടെ നാട്ടീ വരണോ?” അവളുടെ മലയാളം ഉച്ചാരണം കേട്ട് ഞാനും വിചാരിച്ചിരുന്നു ഇവള് ഈ നാട്ടുകാരി അല്ലേ എന്ന്. “നിന്റെ നാടേതാ?” ഞാൻ ചോദിച്ചു. “അന്തമാൻ” “അന്തമാനോ?” “ആ, മിസ്സ്‌ കാലാപാനി സിനിമ കണ്ടിട്ടില്ലേ?” “ഉണ്ടല്ലോ” ‘കൂമ്പാളകുമ്പിളിലെ തേൻ തായോ’ എന്ന ഗിരീഷ് പുത്തഞ്ചേരി വരിയിൽ മോഹനരാഗത്തോടെ മോഹൻലാൽ താബുവിന്റെ ജിമിക്കി തൊടുന്നത് കണ്ണിൽ തെളിഞ്ഞു, അത്രമേൽ മനോഹരമായി ആർക്കെങ്കിലും പ്രേമിക്കാനാവുമോ. ഇല്ല, ഇല്ലെന്ന് തോന്നുന്നു. നെറ്റിമുട്ടിക്കുന്നതും കുസൃതിത്തരങ്ങളുമൊക്കെ എന്തോ എന്റെ മനസിലങ്ങനെ പതിഞ്ഞിരിക്കുന്നു. അനുഭവിക്കാത്ത യാഥാർതഥ്യങ്ങളെ ഉള്ളിലിട്ട് ഇടക്കെടുത്ത് ചാർജ് ചെയ്ത് ഉയർന്നു വരുന്ന ആവിയിൽ മുഖം ചേർത്ത് വച്ച് അഞ്ചോ പത്തോ മിനിറ്റ് ചുമ്മാ നിർവൃതി കൊള്ളുന്നത് അല്പസ്വല്പം കിറുക്കുള്ള ഏതൊരു മനുഷ്യന്റെയും ശീലമാണ്.

“ആ സിനിമയിലെ ജയിലൊക്കെ ഞങ്ങളെ നാട്ടിലെയാ” അവൾ തുടർന്നു. വലിയ മലയുടെ കൂർത്ത ശിഖരങ്ങളിൽ ജീപ്പ് കുത്തനെ നിർത്തി ഡ്രൈവർ ചേട്ടൻ ഞങ്ങളോട് ചിരിച്ചു. തമ്മിൽ പിടിച്ചും ചാടിത്തെറിച്ചും ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങി. “താഴേക്ക് നോക്കൂ അതാണ്‌ കമ്പം തേനി” ഞാൻ കുട്ടികളോട് പറഞ്ഞു. മുബഷിറ എന്റെ കൂടെ നടന്നു. “അപ്പൊ നീ ആൻഡമാൻ നിക്കോബാർ ദ്വീപിലാണോ?” “അതെ. ഞങ്ങൾ കുറച്ചു മാസം വെക്കേഷന് വന്നതാണ്. ചുമ്മാ ഒരു ഷോട്ടൈം കോഴ്സിനു ചേർന്നതാണ്. ഞങ്ങടെ നാട് നല്ല രസാ മിസ്സേ” “ഉവ്വോ എന്റെ ഉള്ളിൽ ഒരു നീലക്കടൽ മിന്നി, അവിടെ ഏത് ഭാഷയാ?” എനിക്ക് സംശയം. “എല്ലാം ഉണ്ട് മലയാളവും തമിഴും ബംഗാളും. ഞങ്ങള് വീട്ടിൽ മലയാളമാണ് പറയുന്നത്. നിക്കോബാറീസ്, ഭുട്ടു ഭാഷയൊക്കെ എനിക്കറിയാം. മിസ്സ്‌ വരാണേൽ മ്മക്ക് ഹാവ് ലോക്കിലെ സ്കൂബാ ഡൈവിങ്ങിന് പോകാം. കടലിനടിയിലെ കാഴ്ചകൾ കാണാം”
ആരോടും പെട്ടന്ന് അടുക്കാത്ത ഞാൻ മുബഷിറയോട് കമ്പനിയായി. അല്ല അവൾ ഇങ്ങോട്ട് ഇടിച്ചു കേറി വന്നു. വാഗമണിൽ നിന്നും തിരിച്ചു വരുമ്പോൾ മറ്റൊരു കുട്ടിക്കൂട്ടുകാരിയെക്കൂടി പരിതാപകരമായ എന്റെ വാട്സ്ആപ്പ് ഫീഡ് താങ്ങി. മുബഷിറ എംടിടിസി എന്ന പേരിൽ അവളെങ്ങനെ കിടന്നു.

മഞ്ചേരി, മലപ്പുറം, കാലിക്കറ്റ്‌, മണ്ണാർക്കാട് തുടങ്ങിയ സ്‌ഥലങ്ങൾ ആൻഡമാനിലും ഉണ്ടെന്ന് അവള് പറയുമ്പോൾ കുട്ടികൾക്ക് ആവേശമാകും. അടുത്ത ടൂർ അവിടേക്കായാലോ എന്നായി പിന്നെ സംസാരം. മലയഭാഷയിലെ ഹൻദുമാൻ എന്ന വാക്കിൽ നിന്നാണ് ആൻഡമാൻ ഉണ്ടായതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. പുരാണത്തിലെ ഹനുമാനാണ് മലയ ഭാഷയിലെ ഹൻദുമാൻ. നിക്കോബാർ എന്നതും മലയ ഭാഷയാണ്. ‘നഗ്നരുടെ നാട്’. വല്ലപ്പോഴും മുബഷിറ മെസേജ് അയച്ചു. ബിഹാറിൽ നിന്നും ജീവപര്യന്തം തുടവുകാരനായെത്തിയ നാരായണൻ രക്ഷപ്പെടാൻ ശ്രമിച്ചതും ഗാർഡുകൾ വെടി വച്ച് കൊന്നതും നാരായണന്റേത് ദ്വീപുകളിലെ സ്വാതന്ത്ര്യത്തിന് വേണ്ടി വീണ ആദ്യത്തെ രക്തത്തുള്ളിയാണെന്നും അവളാണ് കഥയായി പറഞ്ഞുതന്നത്.
അൻപത് മിനിറ്റ് മാത്രമുള്ള ആഴ്ചയിലെ അവളുടെ ക്ലാസിലെ രണ്ടു പീരിയഡിൽ ദീർഘസംഭാഷണത്തിനുള്ള സമയം കിട്ടിയിരുന്നില്ല. അവളുണ്ടായതിന് ശേഷമാണ് തടവുകാരുടെ ചോരവീണ്‌ കറുത്ത കാലാപാനിയെന്ന നാട്ടിലേക്ക് ഞാൻ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തു തുടങ്ങിയത്.

ചിലപ്പോൾ അതിരാവിലെ അവളുടെ മെസേജ് വരും. ‘നമുക്ക് രാധാനഗർ ബീച്ചിൽ പോണം മിസ്സേ, പടോക്ക് മരങ്ങൾ കാണണം’. ഏഷ്യയിലെ ഏറ്റവും സുന്ദരമായ ബീച്ച്. ‘അതെ, ഹാവ് ലോക്കിലെ എലഫന്റ് ബീച്ച് കണ്ടിട്ടുണ്ടോ?’ ‘ഇല്ലെടാ ഞാൻ കണ്ടിട്ടില്ല’. ‘ഫോട്ടോയിൽപ്പോലും കണ്ടിട്ടില്ലേ?’. ‘ഇല്ല കൊച്ചേ’. ‘മിസ്സ്‌ എഴുത്ത് മാത്രം പോര ട്ടോ കൊറേ യാത്ര ചെയ്യണം’. ‘മ് ’ ‘മിസ്സ് മടിച്ചിയാണ്, ന്നാലും ഞാൻ കൊണ്ടോവാം. ഞങ്ങടെ ദ്വീപിലെ ആരെങ്കിലും ഉണ്ടെങ്കിലേ ദ്വീപ് കാണാൻ പറ്റൂ’. അത്രയേറെ കാഴ്ചകൾ പറഞ്ഞിട്ടും സെല്ലുലാർ ജയിലായിരുന്നു മനസ്. അതൊന്ന് കാണാൻ ഒരു മോഹം.

യൂത്ത്ഫെസ്റ്റിവലിലും മുബഷിറ ആക്റ്റീവ് ആയിരുന്നു. കഷ്ടിച്ച് രണ്ട് തിരുവാതിരയും ബാക്കി പത്തു കോൽക്കളിയും പതിനഞ്ച് ഒപ്പനയും ഉണ്ടാകാറുള്ള മലപ്പുറേനിയൻ കോളജ് കലോത്സവത്തിൽ ജഡ്ജസ് ആയിരിക്കാൻ എനിക്ക് മടിയായിരുന്നു. ജിതിൻ സാർ എല്ലാ വർഷവും വേഗം തന്നെ പ്രോഗ്രാം കൺവീനർ എന്ന തസ്തികയിലേക്ക് എന്റെ പേര് എഴുതിയിടും. ഞാൻ പെടും.
യൂണിയൻ മെമ്പേഴ്സിൽ ഉണ്ടായിരുന്നതിനാൽ മുബഷിറ എല്ലാത്തിനും കൂടെയുണ്ടായിരുന്നു. ഇടക്കവൾ ഒരു പ്രണയത്തിൽപ്പെട്ടു. ആര് കണ്ടാലും ഇഷ്ടപ്പെടുന്നൊരു മുഖം അവൾക്കുള്ളതിനാൽ അവളെ കുറ്റം പറയാൻ എനിക്ക് തോന്നിയില്ല. വീട്ടിൽ പ്രശ്നമായതോടെ കോളജിലും അതൊരു വിഷയമായി. പക്ഷെ മലയാളി പെൺകുട്ടികളുടെ പേടിയോ, പരിഭവമോ ഞാനവളിൽ കണ്ടില്ല. ധൈര്യം എന്നത് ജീവിക്കുന്ന നാടും സാഹചര്യവുമൊക്കെ തരുന്നതാണെന്ന പാഠം ടീച്ചറായിരിക്കെ ഞാൻ ഒരു കുട്ടിയിൽനിന്നും പഠിക്കുകയായിരുന്നു. ഒരു വർഷം പെട്ടന്ന് തീർന്നു. അടിപൊളിയായി അവരുടെ സെന്റ്ഓഫ് കഴിഞ്ഞു. കുറേ സമ്മാനങ്ങളൊക്കെ തന്നാണ് അവർ പടിയിറങ്ങിപ്പോയത്. പോകുമ്പോൾ കൈപിടിച്ച് പറഞ്ഞു, “മിസ്സിന്റെ സുധീഷിനെയും കൂട്ടി അന്തമാനിലേക്ക് വാ.. ഞങ്ങൾ കാത്തിരിക്കും”. വരാമെന്നു വാക്ക് കൊടുത്തു. “നീയെന്നാ തിരിച്ചു പോകുക?” “നെക്സ്റ്റ് മന്ത് ” “ഓക്കേ ഡാ വെക്കേഷനിൽ നോക്കാം” പിന്നെ എല്ലാ കുട്ടികളുടെയും പിരിയൽ നേരത്തെ മൗനത്തിൽ അവളും പങ്കുചേർന്നു. നന്നായി ബോളിവുഡ് ഗാനങ്ങൾ പാടുന്ന അവൾ എന്റെ ഇഷ്ടപ്പെട്ട ‘യേ അജ് നബീ തൂ ഹീ കഭീ’ എന്ന പാട്ട് പാടി, സങ്കടപ്പെട്ടു.

അന്ന് ക്ലാസിലുണ്ടായിരുന്ന പല കുട്ടികളും കാണാൻ വരാറുണ്ട്. “ഞങ്ങളൊക്കെ തള്ളച്ചിമാരായി നിങ്ങളെന്താ ടീച്ചറെ ഇപ്പഴും അതേ പോലെ” എന്നെന്നോട് തമാശ ചോദിക്കും. “നിങ്ങളോടൊപ്പമല്ലേ യാത്ര” എന്ന് തിരിച്ച് ഞാനും തമാശിക്കും. മുബഷിറ പിന്നെ വന്നില്ല. ഓരോ വെക്കേഷനിലും അവൾക്ക് കൊടുത്ത വാക്ക് ഓർക്കും. എന്തോ, യാത്രകളും കെട്ട്യോനേം കുട്ട്യോളേം കിട്ടുന്ന പോലെ നിമിത്തങ്ങളാണെന്ന് തോന്നുന്നു. “എല്ലാത്തിനും ഓരോ സമയമില്ലേ ദാസാ” എന്ന ശ്രീനിവാസൻ ഡയലോഗ് പോലെ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.