26 April 2024, Friday

ചരിത്രം തിരുത്തിക്കുറിച്ച വില്ലുപാട്ട്‌

രാകേഷ് ജി നന്ദനം
December 24, 2022 11:15 pm

തമിഴകത്തും തെക്കന്‍ കേരളത്തിലും ‍ രൂപംകൊണ്ട കഥാകഥന സമ്പ്രദായമാണ് വില്ലടിച്ചാന്‍പാട്ട്. വില്പാട്ട്, വില്ലടിപ്പാട്ട്, വില്ലുകൊട്ടിപ്പാട്ട് എന്നിങ്ങനെയും പേരുമാറ്റമുണ്ട്. തെക്കന്‍ പാട്ടുകളാണ് വില്പാട്ടിന് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. അതിനാലാവാം തെക്കന്‍ പാട്ടുകളെന്നാല്‍ വില്പാട്ടുകളാണെന്ന പണ്ഡിതമതംപോലും ഉണ്ടായത്. കന്യാകുമാരി ജില്ലയടങ്ങുന്ന തമിഴകത്തും തെക്കന്‍ കേരളത്തിലും വില്പാട്ടിന് അനുഷ്ഠാന കലയെന്ന നിലയില്‍ പ്രചാരം ഇന്നുമുണ്ട്. അമ്മന്‍ ക്ഷേത്രങ്ങളിലും യക്ഷിയമ്പലങ്ങളിലും മാടന്‍കോവിലുകളിലും ദേവതയുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ട്. ഏട് വായന എന്നാണിതറിയപ്പെടുന്നത്. ഇതിന്റെ പരിഷ്കൃത രൂപമായാണ് വില്പാട്ട് രൂപപ്പെട്ടത്. എല്ലാ കലകളെയും പോലെ പരിഷ്കാരങ്ങള്‍ക്ക് വിധേയമായി വില്‍ക്കലാമേള എന്ന പേരില്‍ നവീന വില്പാട്ടായി കേരളത്തില്‍ ഉത്സവങ്ങളോടനുബന്ധിച്ച് കലാപരിപാടിയായി അവതരിപ്പിക്കപ്പെട്ടുവരുന്നു. 

വില്ല്, വീശുകോല്‍, ഉടുക്ക്, കുടം, ഝാലര്‍ എന്നീ ഉപകരണങ്ങളാണ് പരമ്പരാഗതങ്ങളായി ഉപയോഗിക്കുന്നത്. പ്രധാന സംഗീതോപകരണമായ വില്ലിന് മൂന്നു മീറ്ററോളം നീളം കാണും. കരിമ്പനത്തടികൊണ്ടാണ് വില്ലുണ്ടാക്കുന്നത്. വില്ലിന്റെ അറ്റങ്ങളില്‍ വ്യാസം കുറവായിരിക്കും. നീളത്തില്‍ തോലോ ചരടോ കൊണ്ടുള്ള ഞാണാണ് ഉപയോഗിക്കുന്നത്. വില്ലിന്‍തണ്ടില്‍ ഓരോ അരയടിക്കും ഓരോ ചിലങ്കമണി കെട്ടിയിട്ടുണ്ടാകും.
വീയല്‍ അഥവാ വീശുകോല്‍ ഞാണിന്മേല്‍ തട്ടിയാണ് പാട്ടവതരണം. വീയലിന്റെ മധ്യത്തിലും മണി കെട്ടിയിരിക്കും. വില്ലിന്റെ രണ്ടുപുറത്തും വീയലടിക്കാന്‍ ആളുണ്ടാകും. ഞാണിന്റെ കമ്പനവും മണികളുടെ കിലുക്കവും ഹൃദ്യമായ സംഗീതാനുഭവം കേള്‍വിക്കാര്‍ക്കുണ്ടാക്കും. പാട്ടിനിടയില്‍ വീയല്‍ കറക്കിയെറിഞ്ഞുപിടിക്കുക തുടങ്ങിയ അഭ്യാസ പ്രകടനങ്ങള്‍ പാട്ടുകാരുടെ സമാര്‍ത്ഥ്യ പ്രകടനത്തിനുള്ള അവസരമാണ്. 

കുടത്തിന്റെ കഴുത്തില്‍ വില്ലിന്റെ അഗ്രഭാഗവും ഞാണ്‍ മുകളിലും‍ വരത്തക്കവിധമാണ് അനുഷ്ഠാന വില്പാട്ടില്‍ കുടത്തിന്റെ സ്ഥാനം. കളിമണ്‍ കുടമാണ് ഉപയോഗിക്കുന്നത്. വൈക്കോല്‍ ചുരുണയില്‍ വച്ച കുടവും വില്ലും ഒരു കൈകൊണ്ട് ചേര്‍ത്തുപിടിക്കുകയും കുടത്തിന്റെ വായില്‍ വട്ടത്തില്‍ വെട്ടിയ കമുകിന്‍ പാളകൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്യുന്നു.
നൃത്തപരിപാടികളില്‍ നടുവാങ്കത്തിന് ഉപയോഗിക്കുന്ന ഝാലര്‍ ചെറിയ ഇലത്താളമാണ്. ഒരെണ്ണം ഇരുമ്പിലും മറ്റേത് ഓടിലുമാണ് നിര്‍മ്മിക്കുക. ഇരുമ്പ് ഇടംകയ്യിലും ഓടുകൊണ്ടുള്ളത് വലംകയ്യിലും പിടിച്ച് ചരിച്ചും കമഴ്ത്തിയും ശബ്ദമുണ്ടാക്കുന്നു.

ചെറിയ ഉരലിന്റെ ആകൃതിയിലുള്ള തുകല്‍ വാദ്യമാണ് ഉടുക്ക്. 25x30 സെന്റീ മീറ്റര്‍ നീളമുള്ളതും തടികൊണ്ടുള്ളതുമായ ഉടുക്കിന്റെ ഇരുവശവും തുകലാവരണം ചെയ്തിരിക്കും. ചരടുകളില്‍ ഇടതുവിരല്‍ അമര്‍ത്തിയാണ് ശബ്ദനിയന്ത്രണം സാധ്യമാക്കുന്നത്. കളിമണ്ണിലും ഉടുക്കു നിര്‍മ്മിക്കുമത്രേ. കേരളത്തില്‍ ശാസ്താംപാട്ടിന് ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ് ഉടുക്ക്. ഒരിഞ്ച് വണ്ണവും മൂന്ന് ഇഞ്ച് വീതിയും ആറ് ഇഞ്ച് നീളവുമുള്ള മരക്കട്ടകളാണ് വില്ലുപാട്ടിന് ഉപയോഗിക്കുന്ന താളക്കട്ടകള്‍. തപ്ലാംകട്ട എന്ന നാട്ടുപേര് ഇതിനുണ്ട്.
അഞ്ചോ ആറോ അംഗങ്ങളാണ് പരമ്പരാഗത വില്ലുപാട്ടിനുണ്ടാവുക. ഉത്സവങ്ങളില്‍ അനുഷ്ഠാനപരമായാണ് ഇതവതരിപ്പിക്കുന്നത്. കന്നിമൂലയില്‍ നിലവിളക്കും നിറനാഴിയും സംഗീതോപകരണങ്ങള്‍ പൂജിച്ച ശേഷം പാട്ട് ആരംഭിക്കുന്നു. അഞ്ച് മിനിട്ടോളം കൂട്ടായ സ്തുതിയോടെ പാട്ടിലേക്ക് കടക്കുകയും ചെയ്യുന്നു. താളമില്ലാത്ത ദേവതാസ്തുതി നടത്തുന്നതിനെയാണ് കാപ്പെന്ന് പറയുന്നത്. കാപ്പിനുശേഷം വില്ലുപാട്ടിന്റെ പേര് അവതരിപ്പിക്കുന്നത്. ചില കലാകാരന്മാര്‍ പദ്യത്തിലും മറ്റുചിലര്‍ ഗദ്യത്തിലുമാണ് ഇതവതരിപ്പിക്കുക.

തലയല്‍ കേശവന്‍നായര്‍

ഗുരുവിന്റെ പേരും പെരുമയും പാട്ടിലൂടെ അവതരിപ്പിച്ചതിനുശേഷം സഭാവന്ദനവും നടത്തി ദേശസ്തുതിയും വര്‍ണനയുമാണ്. മുൻകൂട്ടി തയാറാക്കിയ പാട്ടില്‍ ദേശപേര് ചേര്‍ത്താണ് ദേശസ്തുതി നടത്തുക. മംഗളം പാടിയതിനുശേഷം കഥ പറഞ്ഞു തുടങ്ങുന്നു. വിരുത്തം, പാടല്‍, വചനം ഇങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. വിരുത്തങ്ങള്‍ ശ്ലോകങ്ങളെപ്പോലെ കഥാഗതിയെ സൂചിപ്പിക്കുന്ന വരികളാണ്. വചനം കഥാ വിവരണവും. വില്പാട്ടിനിടയില്‍ ചേരിതിരിഞ്ഞു പാടുന്ന സമ്പ്രദായവും ഇവര്‍ക്കിടയിലുണ്ട്. ആദ്യ കക്ഷി പാടിയതിന്റെ ഹാസ്യാനുകരണമാകും രണ്ടാമത്തെ കൂട്ടര്‍ നടത്തുക. വാഴ്ത്തോടുകൂടി വില്പാട്ട് അവസാനിക്കും.
കാല്‍നൂറ്റാണ്ടിനു മുമ്പ് കന്യാകുമാരി സ്വദേശിയായ തിരുവട്ടാര്‍ ബാലന്‍പിള്ളയാണ് അനുഷ്ഠാനകലയായിരുന്ന വില്പാട്ടിന് നവീനമുഖം നല്കാനുള്ള ആദ്യ ശ്രമം നടത്തിയത്.

തിരുവട്ടാര്‍ ബാലന്‍ പിള്ള

സംഘത്തിലെ എല്ലാപേരും സംഗീതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക, ഹാര്‍മോണിയം, തബല എന്നിവ ഉപയോഗിക്കുക, പശ്ചാത്തലത്തില്‍ നീലയവനിക കൊണ്ടുവരിക എന്നിവയാണ് അദ്ദേഹം വരുത്തിയ പ്രധാന മാറ്റങ്ങള്‍. വില്ലു നിലത്തുവയ്ക്കുന്ന രീതിയും പ്രചാരത്തിലാക്കി. സംഘാംഗങ്ങളില്‍ ആര്‍ക്കും പാടാന്‍ സ്വാതന്ത്ര്യം നല്കുി. കഥ പറച്ചില്‍ ഒരാള്‍ ഏറ്റെടുത്തു. സംഘാംഗങ്ങള്‍ ഏഴുപേരാക്കി നിജപ്പെടുത്തി. ഇത്രയുമാണ് ബാലന്‍പിള്ള കൊണ്ടുവന്ന പരിഷ്കാരങ്ങള്‍.
നെയ്യാറ്റിന്‍കര അ‍ഡ്വ. തലയല്‍ എസ് കേശവന്‍ നായരാണ് വില്പാട്ടിന് മറ്റൊരു മുഖം നല്‍കിയവരില്‍ പ്രധാനി. സംഘാംഗങ്ങളുടെ വേഷവിധാനത്തിലാണ് അദ്ദേഹം മാറ്റം വരുത്തിയത്. കൂടാതെ കിന്നരിക്കുപ്പായം, പട്ടുതലക്കെട്ട്, പവിഴമാല തുടങ്ങിയ ആടയാഭരണങ്ങളിലൂടെ വില്ലുപാട്ടിന് ഒരു ദൃശ്യാനുഭൂതി അദ്ദേഹം സമ്മാനിച്ചു. നെയ്യാറ്റിന്‍കരയില്‍ കേശവന്‍ നായര്‍ സ്ഥാപിച്ച യുഗസന്ധ്യ ഇന്നും ഉത്സവവേദികളില്‍ ശ്രദ്ധേയമായ പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവചരിത്രം പോലുള്ള ചരിത്ര കഥകള്‍ അദ്ദേഹം വില്പാട്ടിലൂടെ അനശ്വരമാക്കിയിട്ടുണ്ട്. 

അടുത്ത കാലത്തായി സ്ത്രീകളും വില്പാട്ടില്‍ കടന്നുവരികയും ട്രൂപ്പുകള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സംഗീതോപകരണങ്ങളും വര്‍ണപ്രകാശ വിന്യാസങ്ങളും കൊണ്ട് വില്പാട്ട് ജനകീയമായി തീര്‍ന്നു. പാട്ട് എന്നതിനേക്കാള്‍ വിവിധ കലകളുടെ ഒരു സമന്വയമായി വില്പാട്ട്. സ്വന്തമായ ഒരു വ്യക്തിത്വം തന്നെ അവകാശപ്പെടുന്ന ഒരു കലാരൂപമായി മാറി. മലയാള സാഹിത്യത്തിലും കവിതയിലും വില്പാട്ടുകളുടെയും ഭദ്രകാളിപ്പാട്ടിന്റെയും സ്വാധീനം തെളിഞ്ഞുകാണാം. കടമ്മനിട്ട കവിതകളിലും പ്രൊഫ. വി മധുസൂദനന്‍ നായരുടെ കവിതകളിലും പാട്ട് സാഹിത്യവുമായുള്ള ആത്മബന്ധം തെളിഞ്ഞുകാണാം. മധുസൂദനന്‍ നായരുടെ ‘യക്ഷി’ വില്പാട്ടിന്റെയും ഭദ്രകാളിപ്പാട്ടിന്റെയും താളക്രമത്തില്‍ എഴുതിയ കവിതയാണ്. ആധുനിക കവികളും ഈ കവിതകളുടെ ഈണം സ്വീകരിച്ചുവരുന്നുണ്ട്. ചരിത്രപുരുഷന്മാരുടെയും വിശ്വസാഹിത്യ കൃതികളുടെയും പ്രമേയങ്ങള്‍ സ്വീകരിച്ച് തനിമലയാളത്തില്‍ അവതരിപ്പിക്കുന്ന നവീന വില്പാട്ട് തമിഴിന്റെ അതിപ്രസരമുള്ള തെക്കന്‍പാട്ട് ശൈലിയില്‍ നിന്നും ഭിന്നമായി ജനമനസുകളില്‍ ആഴ്ന്നിറങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.