25 April 2024, Thursday

യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചു: ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി

Janayugom Webdesk
കൊച്ചി
January 6, 2023 10:59 pm

സംസ്ഥാനത്തെ മൂന്നു സര്‍ക്കാര്‍ ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ(കെഎടി)താണ് ഉത്തരവ്. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി മാനദണ്ഡപ്രകാരമല്ല ഇവരുടെ നിയമനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം ലോ കോളജിലെ പ്രിന്‍സിപ്പല്‍ ബിജുകുമാര്‍, തൃശൂര്‍ ലോ കോളജിലെ പി ആര്‍ ജയദേവന്‍, എറണാകുളം ലോ കോളജിലെ ബിന്ദു എം നമ്പ്യാര്‍ എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്.

മാനദണ്ഡങ്ങള്‍ അനുസരിച്ച് സെലക്ഷന്‍ പാനല്‍ രൂപീകരിച്ച് പുതിയ നിയമനങ്ങള്‍ നടത്താന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ ചോദ്യം ചെയ്ത് എറണാകുളം ലോ കോളജ് അധ്യാപകനായ ഗിരിശങ്കര്‍ നല്‍കിയ പരാതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
അര്‍ഹരായ, യോഗ്യതയുള്ള മുഴുവന്‍ അപേക്ഷകരെയും പരിഗണിച്ചു കൊണ്ട് യോഗ്യതാമാനദണ്ഡങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് സെലക്ഷന്‍ കമ്മിറ്റി പുതിയ നിയമനം നടത്താനാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുള്ളത്. സെലക്ഷൻ കമ്മിറ്റിയെ നിയമിക്കാത്തതും അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷകരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതും യുജിസി മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്നും ട്രൈബ്യൂണല്‍ കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

Eng­lish Sum­ma­ry: Vio­la­tion of UGC norms: Appoint­ment of law col­lege prin­ci­pals cancelled

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.