18 December 2024, Wednesday
KSFE Galaxy Chits Banner 2

വികെഎസ്: ഓർമ്മയും ശാസ്ത്രകലാജാഥയുടെ ഭാവിയും

ഈ ഡി ഡേവിസ്
October 6, 2022 5:15 am

നകീയമായ ചൊൽക്കാഴ്ചയുടെ പാരമ്പര്യം ശാസ്ത്രകലാരംഗത്ത് സൃഷ്ടിക്കുന്നതിന് അക്ഷീണം പ്രയത്നിച്ച ആചാര്യനാണ് വികെഎസ് എന്ന് അറിയപ്പെടുന്ന വി കെ ശശിധരൻ. അദ്ദേഹം വിട പറഞ്ഞിട്ട് ഒരു വർഷം തികയുകയാണ്. 1980 മുതൽ ഒന്നര ദശകക്കാലം കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടത്തിയ ശാസ്ത്രകലാജാഥകളുടെ രൂപകല്പനയിലും അരങ്ങിലും അണിയറയിലും മുൻനിന്ന് പ്രവർത്തിച്ച കലാകാരനും സംഘാടകനുമാണ് വികെഎസ്. കേരളത്തിന്റെ നാനാവിധത്തിലുള്ള ജനകീയബോധനവേദികളിൽ തന്റേതായ ശൈലിയിൽ പാട്ടുകളും കവിതകളും ചൊല്ലിയവതരിപ്പിച്ച് അദ്ദേഹം തന്റെ ജനകീയ കലാസപര്യ തുടർന്നു.
ബർതോൾഡ് ബ്രഹ്തിന്റെ എന്തിന്നധീരത… രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയും ഇടശേരിയുടെ പൂതപ്പാട്ടും മറ്റും അദ്ദേഹം ചൊല്ലി സദസിനെ സാന്ദ്രാനുഭൂതികളിലേക്ക് നയിച്ചു. ഓരോരോ പാട്ടും കവിതയും അരങ്ങിൽനിന്ന് കരചലനങ്ങളിലൂടെയും മുഖഭാവാവിഷ്കാരങ്ങളിലൂടെയും സദസ്യർക്കു പകരുമ്പോൾ അതുണ്ടാക്കിയ അനുരണനങ്ങൾ സാംസ്കാരിക രാഷ്ട്രീയ ഭാവുകത്വത്തിന്റെതായിരുന്നു. അങ്ങനെ ഓരോരോ ചൊൽക്കാഴ്ചയും അതിശക്തമായ ദൃശ്യമാനങ്ങളിലേക്ക് ഉയർത്തിയ ഈ ജനകീയകലാകാരന്റെ സ്മരണാർത്ഥം കൊല്ലത്ത് ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ നടത്തുന്ന ദേശീയ സാംസ്കാരികോത്സവം ജനകീയ ശാസ്ത്രകലാജാഥയെപ്പറ്റിയുള്ള വളരെ ഗൗരവമേറിയ അന്വേഷണങ്ങളുടെ വലിയ പരിണതികൂടിയാണ്.
ശാസ്ത്രീയമായ ചിന്താഗതി വളർത്താൻ പുരോഗമനസാഹിത്യവും കലയും വളർത്തിയെടുക്കേണ്ടത് വളരെ അനിവാര്യമാണെന്ന് 1948ൽ തൃശൂരിൽ ചേർന്ന പുരോഗമനസാഹിത്യസമ്മേളനം ആഹ്വാനം ചെയ്തിരുന്നു. സമ്മേളനം കൈക്കൊണ്ട പ്രമേയത്തിലെ ഈ ഭാഗം ശ്രദ്ധിക്കുക. “പുരോഗമനസാഹിത്യം ഒരിക്കലും അന്ധമായി വളരുകയില്ലെന്ന് ഞങ്ങൾ മനസിലാക്കുന്നു. നിലവിലുള്ള സാമൂഹ്യ‑രാഷ്ട്രീയവ്യവസ്ഥയെ ബഹുജനങ്ങളോടൊപ്പംനിന്ന് പൊളിച്ചുപണിയാൻ ശ്രമിക്കുന്ന പുരോഗമനസാഹിത്യം മനഃപൂർവമാണ്, ബോധപൂർവം തന്നെയാണ് വളരുക. അതുകൊണ്ട് നാട്ടിൽ നിലവിലുള്ള നാനാതരം അന്ധവിശ്വാസങ്ങൾക്കെതിരായി ശാസ്ത്രീയവും നവീനവുമായ ചിന്താഗതികളെയും ജ്ഞാനത്തെയും എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കലും സാമൂഹ്യപുരോഗതിയുടെതന്നെ ശാസ്ത്രമായ മാർക്സിസത്തെ വളർത്തലും കേരളത്തിലെ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ അനുപേക്ഷണീയമായ കടമയായി ഞങ്ങൾ കരുതുന്നു”.


ഇതുകൂടി വായിക്കൂ:  പാടാനിവിടെ കരുതിയ ഗാനം


ഇവിടെ ശാസ്ത്രകലാവിഷ്കാരങ്ങൾക്ക് സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ വഹിക്കാനാകുന്ന വലിയ പങ്കിനെക്കുറിച്ച് അന്ന് സൂക്ഷ്മമായി ആലോചിക്കാനായില്ലെങ്കിലും 1980കളിലേക്ക് പ്രവേശിക്കുമ്പോൾ അതേപ്പറ്റിയുള്ള മൂർത്തമായ പ്രയോഗങ്ങൾ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുൻകൈയിൽ ഉണ്ടായി. ശാസ്ത്രത്തിന്റെയും കലയുടെയും മേഖലയിലുള്ളവർ തമ്മിലുള്ള കൊടുക്കൽവാങ്ങലുകൾക്കുള്ള വൻതോതിലുള്ള പരിമിതികളെ മുറിച്ചു കടക്കുകയായിരുന്നു ശാസ്ത്രസാഹിത്യപരിഷത്ത് നിർവഹിച്ച ദൗത്യം. അതോടെ ശാസ്ത്രജ്ഞന്റെ സത്യാന്വേഷണാവിഷ്കാരങ്ങളും കലാകാരന്റെ സർഗഭാവനയും തമ്മിൽ വലിയ ബന്ധമില്ലെന്ന നിരൂപകമതം മ്ലാനമായി തുടങ്ങി.
ഇന്ന്, ശാസ്ത്രപ്രചാരണത്തിന്റെതായ വ്യവഹാരങ്ങളിൽ ശാസ്ത്രത്തിന്റെതായ സത്യാന്വേഷണരീതികളിൽ സർഗഭാവനയ്ക്കും സൗന്ദര്യാവിഷ്കാരത്തിനും ഉള്ള പങ്ക് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അത് ദൃശ്യമാണ്. കലയും ശാസ്ത്രവും മനുഷ്യമനസിനെ വികസ്വരമാക്കുന്ന യുക്തികൾ ഉല്പാദിപ്പിക്കുന്നുണ്ട്. എന്നാൽ, ശാസ്ത്രാവബോധമുള്ള എഴുത്തുകാരും കലാകാരന്മാരും വളരെ ചുരുക്കമാണെന്നതാണ് ഇന്നത്തെയും പ്രതിബന്ധം. മനുഷ്യജീവിതത്തിന്റെ മുന്നോട്ടുപോക്കിന് ആവശ്യമായ ആശയങ്ങൾക്കും യുക്തികൾക്കും സർഗാത്മകമായ ഭാഷയും ഭാവനയും നൽകുന്നതാണ് ശാസ്ത്രകല. ശാസ്ത്രം എന്നത് അനുക്ഷണവികസ്വരമായ മാനവികതയുടെ ഏറ്റവും തെളിമയുള്ള നിലപാടാണ്. അതുകൊണ്ട് സമസൃഷ്ടി സ്നേഹത്തിന്റെതായ ഒരു നിലപാടാണ് കലയും ശാസ്ത്രവും സമന്വയിപ്പിക്കുമ്പോൾ ഉണ്ടായിത്തീരുന്നത്. ശാസ്ത്രകലയുടെ സംവേദനശൈലി തികച്ചും വിമോചനാത്മകമാണ്.
1980കളിലെ ശാസ്ത്രകലാജാഥകളെ പരിശോധിക്കുമ്പോൾ മുഖ്യമായും ദൃശ്യമാകുന്നത് ബ്രഹ്തിയൻ എപ്പിക് തിയേറ്റർ ശൈലിയാണ്. എന്താണതിന്റെ സവിശേഷതകൾ? മനുഷ്യജീവിതത്തിന്റെ സാമൂഹ്യസംഘർഷങ്ങളെയും സങ്കീർണതകളെയുമാണത് അന്വേഷണവിഷയമാക്കുന്നത്. കാഴ്ചക്കാരെ നിരീക്ഷകരാക്കി മാറ്റി അവരുടെ പ്രവർത്തനശേഷി ഉയർത്തുന്നതിന് ശ്രമിക്കുന്നു. സ്വാഭാവികമായും കാഴ്ചക്കാരൻ ചില നിലപാടുകളിലേക്ക് എത്തിച്ചേരുന്നു. സാമൂഹികാസ്തിത്വത്തെ സംബന്ധിച്ച ചിന്തകളിലേക്ക് നയിക്കുന്ന ശബ്ദങ്ങളുടെയും ദൃശ്യങ്ങളുടെയും ആവിഷ്കാരങ്ങളിലൂടെ ബദൽ ചിന്തകളിലേക്ക് നിശ്ചയമായും കാണികൾ എത്തിച്ചേരുന്നതാണ് ശരിയായ എപ്പിക് നാടകാഖ്യാനരീതിയുടെ സവിശേഷത. അത് മിത്തുകളെ ചോദ്യംചെയ്യുന്നു. ഭൂതകാലനിർമ്മിതികളെ സമകാലികസന്ദർഭവുമായി ഇണക്കി നവ്യാനുഭൂതികളോടെ ആവിഷ്കരിക്കുന്നു. എപ്പോഴും യാഥാർത്ഥ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള പ്രേരണകളെ ഉല്പാദിപ്പിക്കുന്നു. ചരിത്രാവബോധത്തോടെ സമകാലാവസ്ഥകളിലേക്ക് കലാത്മകമായി സഞ്ചരിക്കാൻ ഇട നൽകുന്നു.


ഇതുകൂടി വായിക്കൂ:  അയ്യൻകാളി; കേരള നവോത്ഥാനത്തിന്റെ പ്രയോഗമാതൃക


അതുകൊണ്ട് വർഷംതോറുമുള്ള ശാസ്ത്രകലാജാഥകൾ കേരളീയ സഹൃദയർക്ക് വലിയ ചിന്തകൾ സമ്മാനിച്ചു. അത് വരേണ്യ‑അശാസ്ത്രീയ വിദ്യാഭ്യാസത്തെക്കുറിച്ചും വികസനത്തെപ്പറ്റിയും പരിസ്ഥിതിയെ സംബന്ധിച്ചും സ്ത്രീസമൂഹം അനുഭവിക്കുന്ന ഇരട്ടച്ചൂഷണത്തെപ്പറ്റിയും മതനിരപേക്ഷതയെക്കുറിച്ചും കപടശാസ്ത്രപ്രയോഗങ്ങളെക്കുറിച്ചും ജനകീയ സാമൂഹ്യാരോഗ്യത്തെ സംബന്ധിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തി. ഇന്നതിന്റെ കലാവീര്യത്തിൽ ചോർച്ച വന്നിട്ടുണ്ടെന്നത് പ്രത്യക്ഷവും പരോക്ഷവുമായി ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. അതുകൊണ്ട് അതെങ്ങനെ പരിഷ്കരിക്കണമെന്ന ചിന്തയിലാണ് ശാസ്ത്രപ്രചാരകരും കലാകാരന്മാരും. പക്ഷേ, ശാസ്ത്രകലാജാഥ എന്നും ദരിദ്രജനപക്ഷത്ത് അടിയുറച്ചുനിന്ന ബഹുജനബോധനപരിപാടിയാണ് എന്നത് നിസ്തർക്കമായ വസ്തുതയാണ്. അതോടൊപ്പം അത് നിരന്തരമായി ബദലുകളെക്കുറിച്ച് ചോദ്യങ്ങളും അന്വേഷണങ്ങളും ഉയർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സാമ്രാജ്യത്ത ആഗോളീകരണം ഉണ്ടാക്കിയ സാംസ്കാരികാടിമത്തത്തെ ചെറുക്കുന്നതിനും ശാസ്ത്രകലാജാഥകൾ പ്രേരണയായിട്ടുണ്ട്.
വൈവിധ്യത്തെ ഇല്ലായ്മ ചെയ്യുന്ന കുത്സിതവൃത്തികളിലാണ് അധികാരികളും കുത്തകമൂലധനത്തിന്റെ പ്രയോക്താക്കളും ഏർപ്പെട്ടിരിക്കുന്നത്. എന്നാൽ വൈവിധ്യമാണ് ജീവന്റെ നിലനില്പിനെ സാധ്യമാക്കുന്നത്. അതുകൊണ്ട് വൈവിധ്യത്തെ ആഘോഷിക്കുന്നതാണ് ശാസ്ത്രത്തിന്റെ സംസ്കാരം. മനുഷ്യരെ ഒന്നായ്, നന്നായ്, തുല്യരായ് കാണുന്നതാണ് ശാസ്ത്രത്തിന്റെ സംസ്കാരം. സമത വിളയുന്നിടത്തെല്ലാം ശാസ്ത്രമുണ്ട് എന്നു സാരം. ആഗോളീകരണപ്രക്രിയ മാനവസംസ്കാരത്തിന്റെ നാനാത്വത്തെയും വൈവിധ്യത്തെയും നാട്ടുരീതികളെയും സ്വാഭാവികപ്രകൃതിയെയും ദുർബലമാക്കുന്നതിലും തകർക്കുന്നതിലും വഹിച്ച പങ്ക് വളരെ വലുതാണെന്ന് ഇന്ന് എല്ലാവിധത്തിലും സുവിദിതമാണ്. അതുകൊണ്ട് സയൻസും കലകളും തമ്മിലുള്ള പാരസ്പര്യം കാലഘട്ടത്തിന്റെ ആവശ്യവുമാണ്.


ഇതുകൂടി വായിക്കൂ: അംബേദ്ക്കറും അയ്യന്‍കാളിയും തിരിച്ചെത്തണം


കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ അറുപതാം വാർഷിക വേളകൂടിയാണിത്. ബഹുജനവിദ്യാഭ്യാസരംഗത്താണ് പരിഷത്ത് മുഖ്യമായും പ്രവർത്തിച്ചത്. അതിലെ ഒരു മാർഗം മാത്രമാണ് ശാസ്ത്രകലാജാഥകൾ. ക്ലാസുകളും സെമിനാറുകളും പഠന പ്രവർത്തനങ്ങളും ലഘുലേഖകളും പുസ്തകങ്ങളും എല്ലാം മറ്റു ബോധനോപകരണങ്ങളാണ്. അടിസ്ഥാനപരമായി, എല്ലാ കലകളും മനുഷ്യരെ കൂട്ടിയിണക്കുന്നു. സാമ്പ്രദായികമായ എല്ലാ ചിന്താരീതികളെയും അത് അട്ടിമറിക്കുകയോ നവീകരിക്കുകയോ ചെയ്യുന്നുണ്ട്. സൗന്ദര്യാനുഭൂതികളാണ്, സഹജീവികളോടുള്ള കാരുണ്യമാണ് സാഹോദര്യത്തെ ഉല്പാദിപ്പിക്കുന്നത്. സൗന്ദര്യത്തിന് നന്മ എന്ന അർത്ഥം പാശ്ചാത്യർ നൽകിയത് ഓർക്കുക. വർഗീയഫാസിസത്തിന്റെ വിപത്തുകളെ ചെറുക്കാൻ, ചൂഷണത്തിന്റെതായ കപടശാസ്ത്രനാട്യങ്ങളെ തുറന്നുകാണിക്കാൻ ആവശ്യമായ പ്രതിരോധ കലാപ്രവർത്തനങ്ങൾക്ക് പുതിയ ഭാഷയും ഭാവനയും ആവശ്യമാണ്. മതവിദ്വേഷത്തിന്റെ രാഷ്ടീയത്തിനെതിരെ സാഹോദര്യത്തിന്റെ നക്ഷത്രങ്ങൾ സൃഷ്ടിക്കാൻ കലാകാരനാകുമോ എന്നാണോ ചോദ്യം. മർദ്ദിതരുടെ അഭിരുചികളെ അരങ്ങിലേക്ക് ആനയിക്കാൻ, അവയോട് സംവദിക്കാൻ പ്രേക്ഷകരെ സന്നദ്ധമാക്കാൻ തയാറുണ്ടോ എന്നതാണ് ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.