17 June 2024, Monday

Related news

June 14, 2024
June 11, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024
June 4, 2024

വോട്ടുകണക്ക് പുറത്തുവിട്ടു; ഒളിച്ചുകളി അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍

റെജി കുര്യന്‍
ന്യൂഡല്‍ഹി
May 25, 2024 10:47 pm

ശക്തമായ ജനകീയ സമ്മര്‍ദത്തെ തുടര്‍ന്ന് സുപ്രീം കോടതിയുടെ ഉത്തരവിന് കാത്തുനില്‍ക്കാതെ ഇതുവരെ നടന്ന അഞ്ചുഘട്ട തെരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ (സിഇസി).
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഓരോ ഘട്ടത്തിലും സമ്മതിദാനം വിനിയോഗിച്ചതിന്റെ കണക്കുകള്‍ക്ക് പകരം ശതമാനത്തോത് മാത്രമാണ് ദിവസങ്ങള്‍ വൈകി ഇത്തവണ സിഇസി പ്രസിദ്ധീകരിച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കുകയും നിയമപോരാട്ടത്തിന് വഴിവയ്ക്കുകയും ചെയ്തു. കൂടാതെ നിരവധി സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിയൊരുക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് നടന്ന് 48 മണിക്കൂറിനുള്ളില്‍ ബൂത്ത് തലത്തിലെ വോട്ടിങ് കണക്കുകള്‍ പുറത്തു വിടാന്‍ കമ്മിഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിറക്കാന്‍ സുപ്രീം കോടതി അവധിക്കാല ബെഞ്ച് വിസമ്മതിച്ചതിന് പിന്നാലെയാണ് കമ്മിഷന്റെ സുപ്രധാന നീക്കം. നിലവിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അവധിക്കാല ബെഞ്ച് ഉത്തരവിറക്കാതിരുന്നത്. കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ നിയമപരമായി ബാധ്യതയില്ലെന്നും പരമോന്നത കോടതിയില്‍ സിഇസി നിലപാട് പറഞ്ഞിരുന്നു. ഇതിനുശേഷമാണ് ആറാം ഘട്ട വോട്ടെടുപ്പ് ഇന്നലെ പുരോഗമിക്കുന്നതിനിടെ അഞ്ച് ഘട്ടങ്ങളുടെ കൃത്യമായ കണക്കുകള്‍ പുറത്തു വിട്ടത്. 

ഓരോ ഘട്ടത്തിലും വോട്ടെടുപ്പു നടന്ന സംസ്ഥാനം, പാര്‍ലമെന്റ് മണ്ഡലം, ആകെ സമ്മതിദായകര്‍, വോട്ടിങ് ശതമാനം, പോള്‍ ചെയ്ത വോട്ടുകള്‍ എന്നീ ഇനം തിരിച്ചുള്ള കണക്കുകളാണ് പ്രസിദ്ധീകരിച്ചത്. എല്ലാ പോളിങ് ബൂത്തുകളില്‍ നിന്നും പോളിങ് ഓഫിസര്‍ ഫോം 17 സി റിട്ടേണിങ് ഓഫിസര്‍ക്ക് സമര്‍പ്പിക്കും. ചില ബൂത്തുകളിലേത് അതത് ദിവസം ലഭിക്കണമെന്നില്ല. ഇതിന്റെ കൃത്യത ഉറപ്പു വരുത്തിയ ശേഷമാണ് റിട്ടേണിങ് ഓഫിസര്‍മാര്‍ ഫോമുകള്‍ കമ്മിഷന് നല്‍കുക. അതിനാല്‍ ഒറ്റ രാത്രികൊണ്ട് ഇത് നടപ്പാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കമ്മിഷന്റെ അഭിഭാഷകന്‍ വാദത്തിനിടെ സ്വീകരിച്ചത്. കമ്മിഷന്‍ അഭിഭാഷകന്റെ വാദത്തോട് അനുകൂല നിലപാടല്ല കോടതി അപ്പോള്‍ സ്വീകരിച്ചത് എന്നതും ശ്രദ്ധേയം.

വോട്ടെടുപ്പിന്റെ കണക്കും ബന്ധപ്പെട്ട വിവരങ്ങളും ആര്‍ക്കും തിരുത്താനാകില്ലെന്ന് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഫോം നമ്പര്‍ 17 സി പ്രകാരം പോളിങ് ഏജന്റുമാര്‍ക്കും ഈ കണക്കുകള്‍ ലഭ്യമാണ്. കമ്മിഷന്‍ പുറത്തിറക്കിയ ആപ്പ് മുഖാന്തിരം 24 മണിക്കൂറും ഈ കണക്കുകള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനപ്പെടുത്താന്‍ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നത് കമ്മിഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കമ്മിഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അഞ്ച് ഘട്ടങ്ങളിലെ വോട്ടെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്ന 13 പത്രക്കുറിപ്പുകളാണ് കമ്മിഷന്‍ ഇന്നലെ പുറത്തിറക്കിയത്.
തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത കമ്മിഷന്‍ ഉറപ്പാക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിലവില്‍ കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തിലെ പോളിങ് ശതമാനത്തിലോ രേഖപ്പെടുത്തിയ വോട്ടുകളുടെയോ കാര്യത്തില്‍ മാറ്റങ്ങളില്ല. 

Eng­lish Summary:Vote count released; The Elec­tion Com­mis­sion has end­ed the game of hiding

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.