21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 9, 2024
December 9, 2024
December 4, 2024
November 26, 2024
November 26, 2024
November 26, 2024
November 19, 2024
November 16, 2024

വയനാടിന്റെ ജണ്ടകൾ തേടി

ഹബീബ കുമ്പിടി
April 28, 2024 4:15 am

ആനവണ്ടിയിലൊരു ഉല്ലാസയാത്ര എന്നും ഒരു സ്വപ്നമായിരുന്നു. കുറെ അന്വേഷിച്ചതിനൊടുവിലാണ് പൊന്നാനി ഡിപ്പോയിൽ നിന്നും കെഎസ്ആര്‍ടിസിയിലൊരു യാത്ര ഒത്തുവന്നത്. പുലർച്ചെ നാലുമണിക്കായിരുന്നു വീട്ടിൽ നിന്ന് ഇറങ്ങിയത്. യാത്ര തുടങ്ങുന്ന സ്ഥലം വരെ ഒറ്റക്ക് പോകാനുള്ള വഴി അറിയാത്തതുകൊണ്ടും ഇരുട്ടായതിനാലും കെഎസ്ആര്‍ടിസി ടൂർ ഓപ്പറേറ്റര്‍ മുഹമ്മദ് വളാഞ്ചേരിയെ കാത്ത് തനിച്ച് നിൽക്കുന്ന എനിക്ക് കൂട്ടായി സംഗീത പരിപാടി കഴിഞ്ഞു പോകുന്ന രണ്ടുപേർ നിന്നു. എഎന്‍എസ് മ്യൂസിക് ബാന്‍ഡ് തിരൂര്‍. പാട്ടുകാരന്‍ നിയാസ്. ഹാ ഈ പുലരി എത്ര മനോഹരം.
ഡിപ്പോയിലെത്തിയപ്പോൾ വണ്ടി കഴുകി വൃത്തിയാക്കി കാത്തുനിന്നിരുന്നു. സ്ത്രീകളും കുട്ടികളും എല്ലാം ഉൾപ്പെട്ട 37 പേരടങ്ങുന്ന സംഘം. കുറച്ചുപേർ വഴിയിൽ നിന്നാണ് കയറിയത്. അടിവാരം എത്തിയാണ് രാവിലത്തെ ഭക്ഷണം കഴിച്ചത്. നേരത്തെ ബുക്ക് ചെയ്തിരുന്നതിനാൽ നല്ല ഭക്ഷണം തന്നെ ലഭിച്ചു.

 

 

കേരളത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ലക്കിടി എത്തിയപ്പോൾ വണ്ടി നിന്നു. അവിടെ ഒരു പ്രതീകമെന്ന പോലെ കരിന്തണ്ടൻ മൂപ്പൻ തലയുയർത്തി നിൽക്കുന്നു. കയ്യിൽ ഒരു കത്തിയുമുണ്ട്. ബലിഷ്ടമായ ശരീരമുള്ള കാടിന്റെ പുത്രനെ മരത്തിനു മുകളിൽ നിന്നൊരു ചങ്ങല താഴോട്ട് കാഞ്ഞിരത്തിൽ ആവാഹിച്ച് ബന്ധിച്ചിരിക്കുന്നു. ചതിയുടെയും വഞ്ചനയുടെയും പിടിച്ചടക്കലിന്റെയും കഥ പറയുന്ന കാട്ടുമൂപ്പന്റെ രക്തസാക്ഷിത്വത്തിന്റെ ഇടം.
സുഗന്ധദ്രവ്യങ്ങൾ സമ്പുഷ്ടമായ വയനാട്ടിൽ നിന്നും അവ കടത്തിക്കൊണ്ടുപോവാനുള്ള വഴി നിർമ്മിക്കാൻ ബ്രിട്ടീഷുകാരുടെ പല എൻജിനീയർമാർക്കും കഴിഞ്ഞില്ല. ചെങ്കുത്തായ മലകൾ കയറുന്ന വഴി അപ്രാപ്യമായിരുന്നു. തുടർന്ന് കാട്ടിലെ വഴിയറിയുന്ന പണിയർ ആദിവാസി മൂപ്പനായ കരിന്തണ്ടന്റെ സഹായം തേടുന്നു. കാട് നശിപ്പിക്കാൻ താൻ കൂട്ടുനിൽക്കില്ലെന്ന് പറഞ്ഞതോടെ പാത മാത്രമാണ് ലക്ഷ്യമെന്ന ഉറപ്പിന്മേൽ നടക്കുന്നിടത്തെല്ലാം കടുകുമണികൾ വിതറി
കരിന്തണ്ടൻ മലമ്പാത നടന്നു കയറി. പിന്നെ പെയ്ത മഴയിൽ വയനാട്ടിലെ കോഴിക്കോടും കർണാടകയുമായി ബന്ധിക്കുന്ന അപകടകരമായ ചെരിവുകളിൽ 12 കിലോമീറ്റര്‍ വരുന്ന മലയടി പാതയിൽ കടുക് ചെടികൾ വളർന്നു പൊന്തി. ഈ രഹസ്യം മറ്റുള്ളവർ അറിയാതിരിക്കാൻ വേണ്ടി കൊലചെയ്യപ്പെട്ട കരിന്തണ്ടനെക്കുറിച്ച് ആലോചിച്ചപ്പോൾ എനിക്ക് ഇടുക്കി ഡാം നിർമ്മിച്ച കൊലുമ്പൻ മുപ്പനെ ഓർമ്മ വന്നു. എത്രയെത്ര രക്ത സാക്ഷിത്വങ്ങൾ.
ബസ് മെല്ലെ ചുരം കയറാൻ തുടങ്ങിയിരുന്നു. പഴമയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ കമാനം. ചുരം കയറി കവാടം എത്തുന്നതുവരെ കോഴിക്കോടിന്റെ ഭാഗമാണെന്ന് സുഹൃത്ത് പറഞ്ഞു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിർമ്മിച്ച ചുരം കയറുന്ന ഈ പാത എത്രയോ കേരളീയരെക്കൊണ്ട് അടിമവേല ചെയ്യിച്ചാണ് നിർമ്മിച്ചിരിക്കുക എന്ന് ഓർത്തു. ഉയർന്നുപൊങ്ങിയ പാട്ടുകൾക്കനുസരിച്ച് കുട്ടികൾ താളം പിടിക്കാൻ തുടങ്ങി. ഒമ്പത് ഹെയർപിൻ വളവുകൾ. തോടുകളും ചാലുകളും കാടിന്റെ പാദസരങ്ങളെ പോലെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ പതഞ്ഞൊഴുകി. ചരക്ക് കയറ്റി പോകുന്ന നീണ്ട ലോറികൾ. വാഹനങ്ങൾ ഇടിച്ച് സംരക്ഷണഭിത്തികൾ തകർന്നതിന്റെ കാഴ്ചകൾ നെഞ്ചിടിപ്പോടെ നോക്കാനേ കഴിഞ്ഞുള്ളൂ. പശ്ചിമഘട്ട മലനിരകൾ മഞ്ഞിൽ പുതഞ്ഞു നിൽക്കുന്നു.

 

 

ഞങ്ങൾ ആദ്യം എത്തിയത് ‘എൻ ഊര്’ എന്ന ആദിവാസി ഗോത്ര ഗ്രാമത്തിലായിരുന്നു. സൂര്യൻ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു. വയനാടിന്റെ തണുപ്പ് പ്രതീക്ഷിച്ചുവന്ന ഞങ്ങൾക്ക് വെയിലിന്റെ കാഠിന്യം കനത്തതിനാൽ അസഹനീയമായി തോന്നി. അവിടെയുള്ള ശില്പ ഭംഗി ആസ്വദിച്ചു. പിന്നീട് ഉച്ചഭക്ഷണത്തിനുശേഷം ബാണാസുരസാഗർ ഡാമിൽ എത്തി. മണ്ണുകൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടുമാണിത്. ടിക്കറ്റ് എടുത്ത് അകത്തു കയറിയപ്പോൾ യാത്രക്കാരെ പ്രതീക്ഷിച്ചെന്ന വണ്ണം വാനുകൾ ഒന്നിന് പിറകെ ഒന്നായിവന്നുകൊണ്ടിരുന്നു.

 

ഡാമിന് മുകളിൽ എത്തിയപ്പോൾ ബോട്ട് യാത്രയുണ്ടായിരുന്നു. അമ്പരചുംബികളായ ബാണാസുര മലകൾക്കിടയിൽ ചെറിയൊരു ആലസ്യത്തോടെ കിടക്കുന്ന കബനി നദിയുടെ മനോഹാരിത ആസ്വദിക്കാൻ ഞങ്ങൾ ബോട്ടിൽ കയറി. ഞങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ സാഹസികമായിരുന്നു അയാളുടെ ബോട്ട് ഡ്രൈവിംഗ്. അതി വിദഗ്ധമായി തന്നെ അയാൾ ആഴങ്ങളും ചുഴികളും തീർത്തു മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ഇടക്ക് ഒരു ദ്വീപിൽ മരങ്ങൾക്കിടയിൽ കേരളത്തിന്റെ പാരമ്പര്യ തച്ചുശാസ്ത്ര രീതിയിലുള്ള റിസോർട്ടുകളുടെ സമുച്ചയം കണ്ടു.
മറ്റൊരു ദ്വീപിൽ മരങ്ങൾക്കിടയിൽ ഗാംഭീര്യത്തോടെതലയുയർത്തി നിൽക്കുന്ന താജ് കണ്ടു. കറുത്ത പാറക്കൂട്ടങ്ങൾ ചുറ്റും കിടക്കുന്ന കബനി നദി. പാമ്പുകളെ സൂക്ഷിക്കുക എന്ന ബോർഡ് കുറച്ചു ഭയപ്പെടുത്തി. ബോട്ടിൽ നിന്ന് പരിചയപ്പെട്ടവരോട് യാത്രപറഞ്ഞ് ഞങ്ങൾ സിപ്പ് ലൈൻ തേടി നടന്നു. ജീവിതത്തിൽ ആദ്യമായായിരുന്നു സിപ്പ് ലൈനിലൂടെ പ്രകൃതി ആസ്വദിച്ച് ഒരു യാത്ര. കണ്ണിൽ ആകാശക്കാഴ്ചകൾ നിറച്ച് യാത്ര ചെയ്യുമ്പോൾ താഴെ നിന്നും കുട്ടികൾ കൈ വീശി കാണിക്കുന്നത് കാണാം. പാർക്കിനു പുറത്ത് കച്ചവടക്കാരുടെ ബഹളം കേൾക്കാം.
അവിടെ കെഎസ്ആർടിസിക്ക് മുന്നിൽ ഞങ്ങൾ എല്ലാരും ഒത്തുചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയെടുത്തു. അടുത്തത് ഉദ്യാനലഹരി പൂക്കുന്ന പൂക്കോട്ട് തടാകത്തിലേക്കായിരുന്നു പോയത്. തടാകത്തിന് ചുറ്റുമുള്ള ഒറ്റയടിപ്പാതയിലൂടെ കാടിനെ ശ്വസിച്ച് ഇളം കാറ്റേറ്റ്, ജണ്ടകളെണ്ണി അങ്ങനെ നടന്നു. ഒരു കൂട്ടം കുട്ടികൾ ഒന്നിച്ച് പാട്ടുപാടി പോകുന്നത് കണ്ടു. തടാകത്തിലെ ബോട്ടിംഗ് അവസാനിക്കാറായി എന്ന് തോന്നുന്നു. എല്ലാവരും വീട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. കാടിനുള്ളിൽ പക്ഷികളുടെ കൂട് ചേക്കേറാനുള്ള കലപില ശബ്ദങ്ങൾ ശ്രവണസുന്ദരമായിരുന്നു.

 

 

ആറര മണിക്ക് പുറത്തേക്കിറങ്ങാൻ ബസ് ഡ്രൈവർ പറഞ്ഞിരുന്നു. ഇന്നത്തെ ദിവസം കഴിഞ്ഞതിലുള്ള വിഷമമാണോ അതോ ഒരു ദിവസം ആസ്വദിച്ചതിലുള്ള സന്തോഷമാണോ എന്ന് വേർതിരിച്ചറിയാൻ ആവാത്ത വിധം ഹൃദയം തുടിച്ചിരുന്നു. പുറത്ത് കാടിന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഷോപ്പുകളിൽ കയറി എല്ലാറ്റിനും വില ചോദിച്ചു. ഹോം മെയ്ഡ് ചോക്ലേറ്റുകൾ, ബാഗുകൾ, കാട്ടുതേൻ അങ്ങനെ പല വില്പനകളും അവിടെ കണ്ടു. ഒരു പാക്കറ്റ് ബിസ്കറ്റ് വാങ്ങി പുറത്തിരിക്കുന്ന കുരങ്ങന്മാർക്ക് നൽകി. ശാന്തവും സുന്ദരവുമായ കാഴ്ചകൾ. ബസ് എത്തിയിട്ടില്ല. ഞങ്ങൾ കൂട്ടമായി റോഡ് സൈഡിലൂടെ നടന്നു. കാനന യാത്രയിൽ പൂത്തുലഞ്ഞു നിൽക്കുന്ന കാപ്പി ചെടികളിൽ നിന്നും മദിപ്പിക്കുന്ന ഗന്ധം കാറ്റിലൂടെ അരിച്ചെത്തുന്നു. തിരിച്ചിറങ്ങുമ്പോൾ ഞാൻ ജണ്ടകൾ വീണ്ടും എണ്ണി തുടങ്ങി. പ്രകൃതി ഭംഗിയാൽ ആവരണം ചെയ്യപ്പെട്ട മലകളും മാമലകളും പച്ച പുതച്ചു കിടക്കുന്നതിനിടയിലൂടെ കെഎസ്ആര്‍ടിസി വളഞ്ഞു പുളഞ്ഞു ഇറങ്ങിക്കൊണ്ടിരുന്നു.
ദൂരെ മൊട്ട കുന്നുകളിൽ തേയിലച്ചെടികൾ വെട്ടി നിർത്തിയിരിക്കുന്നത് കാണാം. ഡ്രൈവർ അനീഷ് എറണാകുളത്തിന്റെ അസാധ്യമായ ഡ്രൈവിങ് പാടവം ഓരോ ഹെയർ പിൻ വളവിലും കണ്ടു.

 

 

 

അനേകം ജീവികളുടെ ശബ്ദം കർണ കഠോരമായിരുന്നു. ആധുനികതയുടെ വർണപ്പകിട്ടാർന്ന കെട്ടിടങ്ങൾ ഒന്നും തന്നെ കണ്ടില്ല. പൗരാണികത അതേപോലെ നിലനിർത്തിയിരിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്രം വിളിച്ചോതുന്ന വയനാട്. രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളുടെ അതിർത്തികൾ കൂടി പങ്കുവെക്കുന്ന കേരളത്തിലെ ഏക പീഠഭൂമി.
പണ്ട് പഴശിരാജ വയനാടൻ മല കയറി കുറിച്യർ ഗോത്രക്കാരെ സംഘടിപ്പിച്ച് ബ്രിട്ടീഷുകാരുമായി ഒളിപ്പോരാട്ടം നടത്തിയ കഥ ഓർമ്മ വന്നു. ഞാൻ ചെരിഞ്ഞു വളർന്നു പന്തലിച്ചു കിടക്കുന്ന വടവൃക്ഷങ്ങളിലേക്കും അതിൽ നിന്ന് ഇറങ്ങി വരുന്ന വേടുകളിലേക്കും ഇരുട്ട് പനിച്ചിറങ്ങുന്നതിനിടയിലൂടെ നോക്കി. അടവ് പഠിപ്പിക്കുന്ന പഴശിരാജയുടെ ഒളിയമ്പുകളുടെ ശീൽക്കാരങ്ങൾ എന്റെ ചെവിയിൽ പതിച്ചു. അതോ സ്വന്തം നാടിനു വേണ്ടി ജീവത്യാഗം ചെയ്ത അദ്ദേഹത്തിന്റെ ഹൃദയവേദനയുടെ ശബ്ദംമായിരുന്നോ. ഇടക്കെപ്പോഴോ ടിപ്പുവിന്റെ പട്ടാളത്തിന്റെ ബൂട്ട് ഒരേ താളത്തിലങ്ങനെ കേട്ടു.
ബസ് ഒമ്പതാം വളവിന്റെ നിഗൂഢമായ കാടിന്റെ വന്യതയിലെത്തി. ഞാൻ ശ്വാസം അടക്കിപ്പിടിച്ചു. പണ്ട് ലോറിക്കാർക്ക് വേണ്ടി കാത്തിരുന്ന പെണ്ണുങ്ങൾ ഇവിടെയുണ്ടായിരുന്നു. അവരുടെ ചിരികൾ മരങ്ങളിൽ തട്ടി മുഴങ്ങുന്നു. അതോ, ചതിയിലൂടെയും വഞ്ചനയിലൂടെയും ജീവനെടുത്ത കരിന്തണ്ടന്റെ മൂർച്ചയേറിയ കണ്ണുകൾ ഉറ്റു നോക്കുന്നുണ്ടോ? ബസ് ചുരം ഇറങ്ങുകയാണ്. ഓരോ ഹെയർപിൻ വളവുകളിലും മനോഹാരമായ കാഴ്ചകളാണ് ഞങ്ങളെ കാത്തിരുന്നത്. പൂർണമായ കോഴിക്കോടിന്റെ ആകാശക്കാഴ്ച വിസ്മയം പകർത്തി.
പകലത്തെ ക്ഷീണമാവാം കുട്ടികളെല്ലാം ആലസ്യത്തിലാണ്. ഇടക്ക് ഭക്ഷണത്തിനുവേണ്ടി നിർത്തി. തിരിച്ചുപോരുമ്പോൾ എല്ലാവരും നിശബ്ദരായിരുന്നു. വീടിനു മുന്നിൽ ഓരോരുത്തരെയായി ഇറക്കി വിടുമ്പോൾ കണ്ടക്ടർ ജയതിലകൻ ചേട്ടൻ അവരോട് യാത്രയെക്കുറിച്ച് ചോദിക്കുന്നത് കേട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.