19 December 2024, Thursday
KSFE Galaxy Chits Banner 2

പനി ജാഗ്രതയില്‍ നാം കൈകോര്‍ക്കണം

Janayugom Webdesk
June 23, 2023 5:00 am

സാധാരണ നിലയില്‍ ജൂണ്‍ ആദ്യം അധ്യയന വര്‍ഷം ആരംഭിക്കുന്നത് ശക്തമായ മഴയോടെയായിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും വേണ്ടത്ര മഴ സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. പക്ഷേ മഴക്കാലത്ത് കണ്ടുവരാറുള്ള വിവിധ പേരുകളിലുള്ള പകര്‍ച്ചപ്പനി വ്യാപകമാണെന്നും അതിനെതിരായുള്ള ജാഗ്രത ശക്തിപ്പെടുത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡെങ്കിപ്പനി, സിക്ക, എലിപ്പനി എന്നിവയ്ക്കെല്ലാമെതിരെ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. വിവിധ പേരുകളിലുള്ള പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടി വരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച 13,258 പേര്‍ പനി ബാധിച്ച് ചികിത്സ തേടിയപ്പോള്‍ 43 ‍ഡെങ്കിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്നലെ അത് യഥാക്രമം 13,409 പനി, 53 ഡെങ്കി പ്പനി എന്ന നിലയിലാണ്. മാലിന്യങ്ങളിലും കെട്ടിക്കിടക്കുന്ന ജലത്തിലും പെറ്റുപെരുകുന്ന കൊതുകുകളും എലി ഉള്‍പ്പെടെയുള്ള ജീവികളുമാണ് ഇത്തരം വിവിധ പേരുകളിലുള്ള പനിയുടെ വാഹകരാകുന്നത്. അതുകൊണ്ട് ഇവയുടെ നിര്‍മ്മാര്‍ജനം പനി പടരാതിരിക്കുന്നതിന് അനിവാര്യമാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഉറവിട നശീകരണവും ആശുപത്രികളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കേണ്ടതുണ്ട്. വെള്ളം കെട്ടിക്കിടക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം. ഉപേക്ഷിക്കപ്പെട്ട ടയറുകള്‍, തുറന്നുകിടക്കുന്ന വസ്തുക്കള്‍, തോട്ടം മേഖല, നിര്‍മ്മാണ സ്ഥലങ്ങള്‍, ആക്രിക്കടകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവയെല്ലാം പ്രത്യേകം ശുചീകരിക്കുന്നതിന് സന്നദ്ധമാകണം. പനി വ്യാപനം മുന്‍കൂട്ടി കണ്ട് സംസ്ഥാന വ്യാപകമായി മഴക്കാല പൂര്‍വ ശുചീകരണം ഇത്തവണയും എല്ലാ വിഭാഗം ജനങ്ങളും കൈകോര്‍ത്ത് നടത്തിയിരുന്നു.


ഇതുകൂടി വായിക്കൂ: കേരളം വീണ്ടും ഇടതുപക്ഷത്തിന്റെ കരുതലിലും കാവലിലും സുരക്ഷിതം


പനി പടരാതിരിക്കുവാനുള്ള മുന്‍കരുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കയ്യില്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പ്രാഥമിക തലം മുതലുള്ള ആശുപത്രികളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആവശ്യമായ മരുന്നുകളും പരിശോധനാ കിറ്റുകളും ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളും കൈക്കൊണ്ടു. വിവിധ തലങ്ങളിലുള്ള യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൈക്കൊള്ളുന്നതിനും നടപടിയെടുത്തു. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍, ആരോഗ്യം — മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍, വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, പ്രോഗ്രാം മാനേജര്‍മാര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍മാര്‍, സൂപ്രണ്ടുമാര്‍, പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ തുടങ്ങിയവരുടെ യോഗങ്ങളും ചേര്‍ന്നു. കൂടാതെ ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ സഹകരണം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിച്ചു. അങ്ങനെ സര്‍ക്കാര്‍ തലത്തിലുള്ള മുന്നൊരുക്കങ്ങളും മുന്‍കരുതല്‍ നടപടികളും എടുത്തിട്ടുണ്ടെങ്കിലും രോഗം പടരാനും ഗുരുതരവുമാകാതിരിക്കാന്‍ ഓരോ വ്യക്തിയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഓരോ ദിവസവും ശുചീകരണം നമ്മുടെ മുഖ്യ അജണ്ടയായി ഉണ്ടാകണമെന്നാണ് സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ ആയി ആചരിക്കണമെന്ന തീരുമാനം മുഴുവനാളുകളും കൈകോര്‍ത്താണ് ഫലപ്രദമാക്കേണ്ടത്. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫിസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെ ഡ്രൈ ഡേ ആചരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. വീട്ടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണം. ചെടിച്ചട്ടികള്‍, ഫ്രിഡ്ജിന്റെ ട്രേ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകള്‍ക്ക് പെറ്റുപെരുകുന്നതിന് അവസരമുണ്ടാകുമെന്നതിനാല്‍ ഒഴിവാക്കണം.


ഇതുകൂടി വായിക്കൂ:  എന്തുകൊണ്ട്; എന്തിനായി ഇടതുപക്ഷം?


ഉണ്ടാകേണ്ട മറ്റൊരു മുന്‍കരുതല്‍ കൃത്യമായി ചികിത്സ തേടുകയെന്നതാണ്. രോഗ ലക്ഷണങ്ങള്‍ കണ്ടയുടന്‍തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ ഒഴിവാക്കുകയും വേണം. ആശുപത്രികളും മറ്റ് ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാണെന്നതുകൊണ്ടുതന്നെ എളുപ്പത്തില്‍ ചികിത്സ ലഭ്യമാകുന്ന സാഹചര്യമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പനി മാരക രോഗമല്ലെങ്കിലും ഗുരുതരമാകുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഡെങ്കിപ്പനി, എലിപ്പനി എന്നിവ ഗുരുതരമാകാതിരിക്കുവാന്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പനി ബാധിച്ച് ഈ കാലയളവില്‍ ഇരുപതിലധികം മരണം നടന്നുവെന്നത് ഗൗരവത്തോടെ കാണണം. കോവിഡിന്റെ കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതാണ് മുഖാവരണം. ഇപ്പോള്‍ കോവിഡ് പൂര്‍ണമായും നിയന്ത്രണ വിധേയമായി എന്നതുകൊണ്ട് മുഖാവരണം ധരിക്കുന്നത് നിര്‍ബന്ധമല്ല. എന്നാല്‍ പനി പകരാന്‍ സാധ്യതയുള്ള രോഗമായതിനാല്‍ തങ്ങള്‍ക്ക് രോഗം വരാതിരിക്കുവാനും മറ്റുള്ളവര്‍ക്ക് പകരാതിരിക്കുവാനും മുഖാവരണം ധരിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. വളരെപ്പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. അതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ പരിപാലന രംഗത്ത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തുന്ന വേളയില്‍ ഇത്തരമാളുകളുടെ വീടുകളില്‍ ഡോക്‌സിസൈക്ലിന്‍ എത്തിക്കുവാന്‍ കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത് നല്ലതാണ്. ഏതായാലും പകർച്ചപ്പനി ഒരു ഭീഷണിയായി വളരാതിരിക്കാൻ എല്ലാവിഭാഗം ജനങ്ങളും സ്ഥാപനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.