15 November 2024, Friday
KSFE Galaxy Chits Banner 2

കാലാവസ്ഥ ചതിച്ചു; കുട്ടനാട്ടിൽ പുഞ്ചകൃഷി പ്രതിസന്ധിയിൽ

സ്വന്തം ലേഖിക
ആലപ്പുഴ
September 24, 2022 9:40 pm

കാലാവസ്ഥാ വ്യതിയാനംമൂലം കുട്ടനാട്ടിലെ പുഞ്ചക്കൃഷി പ്രതിസന്ധിയിൽ. യഥാസമയം നിലമൊരുക്കി വിതയ്ക്കാൻ സാധിക്കില്ലെന്ന ആശങ്കയിലാണ് കർഷകർ.
സെപ്റ്റംബർ അവസാനവാരം മുതൽ ഒക്ടോബർ വരെയാണ് വിത പൂർത്തിയാക്കേണ്ടത്. ഫെബ്രുവരി പകുതിയോടെ വിളവെടുക്കാനാണ് ഈ സമയക്രമം പാലിക്കുന്നത്. പിന്നെയും വിളവെടുപ്പ് വൈകിയാൽ വേനൽമഴയും ഉപ്പുവെള്ളം കയറുന്ന പ്രശ്നങ്ങളും ഭീഷണിയാകും. പ്രതികൂല കാലാവസ്ഥ കാരണം പലയിടത്തും പാടത്തെ വെള്ളംവറ്റിക്കുന്ന പ്രാരംഭ നടപടിപോലുമായിട്ടില്ല.
കഴിഞ്ഞ സീസണിലും വിതയ്ക്കേണ്ട സമയത്ത് ശക്തമായ മഴയായിരുന്നു. ഒരുമാസത്തോളം താമസിച്ചാണ് കൃഷിയിറക്കാൻ സാധിച്ചത്. ഇതോടെ വിളവെടുപ്പും വൈകി. ഇക്കാരണത്താൽ പല പാടത്തും രണ്ടാംകൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായി. വിതയ്ക്ക് രണ്ടുമാസം മുമ്പ് മുതലേ കുട്ടനാട് മേഖലയിൽ പാടശേഖരസമിതികളുടെ നേതൃത്വത്തിൽ കൃഷിക്ക് മുന്നൊരുക്കം തുടങ്ങും. പാടശേഖരങ്ങളുടെ പുറംമട ചെളിയിറക്കി ബണ്ടുകെട്ടും. തുടർന്ന് വിളവെടുപ്പിന് ശേഷം മാറ്റിവെച്ചിരിക്കുന്ന മോട്ടോറും പെട്ടിയും പിടിപ്പിക്കും. എന്നാലേ പാടങ്ങളിലെ വെള്ളം വറ്റിക്കാൻ സാധിക്കൂ.
പാടശേഖരങ്ങളുടെ പമ്പിങ് ലേലം മാസങ്ങൾക്കുമുമ്പേ പൂർത്തിയായതാണെന്ന് അധികൃതർ പറഞ്ഞു. ചില പാടങ്ങളിൽ ബണ്ടുകൾ സ്ഥാപിച്ച് പമ്പിങ് ജോലികൾ തുടങ്ങുകയും ചെയ്തു. എന്നാൽ, അപ്രതീക്ഷിതമായെത്തിയ മഴയും രണ്ട് വെള്ളപ്പൊക്കവും മുന്നൊരുക്കം അവതാളത്തിലാക്കി. ബലപ്പെടുത്തിയ ബണ്ട് പൊളിച്ചുനീക്കി പെട്ടിമട മാറ്റേണ്ടിവന്നതോടെ കർഷകർ ദുരിതത്തിലായി. വീണ്ടും ബണ്ട് ബലപ്പെടുത്തി വെള്ളം വറ്റിക്കണമെങ്കിൽ ദിവസങ്ങളെടുക്കും.
ആലപ്പുഴ ജില്ലയിൽ ശരാശരി 25,000 ഹെക്ടറിലാണ് പുഞ്ചക്കൃഷിയിറക്കുന്നത്. ഇക്കുറി കനത്തമഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കാരണം പാടങ്ങളിൽനിന്ന് വെള്ളക്കെട്ടൊഴിയാത്തതാണ് നിലമൊരുക്കുന്നതിനും വിതയ്ക്കും തടസമായിരിക്കുന്നത്. ഏതാണ്ട് ഒരേകാലയളവിൽ പുഞ്ച തുടങ്ങുമ്പോൾ കൊയ്ത്തും ഒരേസമയത്തുതന്നെ വരും. എല്ലാ പാടങ്ങളും കൊയ്യാൻ ഒരേസമയം യന്ത്രങ്ങൾ ധാരാളം വേണ്ടിവരും. യന്ത്രക്ഷാമം വരുന്നതോടെ കൊയ്ത്ത് മുടങ്ങും. ചൂട് കൂടുതൽ അനുഭവപ്പെടുന്ന സമയമായതിനാൽ വിളവ് കുറയാനും സാധ്യത ഏറെയാണ്. മണ്ണിന്റെ അമ്ലത്വം വർധിക്കുന്നതാണ് നെൽകൃഷി നേരിടുന്ന മറ്റൊരു പ്രശ്നം. 

Eng­lish Sum­ma­ry: Weath­er changed; Pad­dy Farm­ers in Kut­tanad on crisis

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.