21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

October 6, 2024
August 28, 2024
August 3, 2024
July 15, 2024
July 13, 2024
January 27, 2024
November 9, 2023
October 17, 2023
September 9, 2023
September 8, 2023

കാലാവസ്ഥ പ്രവചനം പോലെ… അതങ്ങനെയൊരു പഴമൊഴിയാക്കേണ്ട

ലിജിമോള്‍ ബി
July 6, 2023 4:45 am

കാലാവസ്ഥ പ്രവചനം പോലെ… എന്ന പ്രയോഗം മനസില്‍ തട്ടുന്നത് എത്രയെത്ര ആളുകളെയാണ്. ജനകോടികള്‍ അവശ്യഘട്ടങ്ങളില്‍ അവരെ വിശ്വസിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ ശാസ്ത്രലോകം പ്രതീക്ഷയര്‍പ്പിക്കുന്നവരാണ് നമ്മളീ പഴഞ്ചൊല്ലുപോലെ പറഞ്ഞ് കളിയാക്കുന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗം. ‘മഴ പെയ്യാനും പെയ്യാതിരിക്കാനും ഇടയുണ്ട്…’ എന്ന് കേള്‍ക്കുമ്പോള്‍ അവരെ ഗൗരവത്തില്‍ വീക്ഷിക്കുന്നവരിലും ചിലപ്പോളൊരു ചെറുചിരി വിരിയും എന്നത് വേറെ കാര്യം. എന്തായാലും കാലാവസ്ഥ വിഭാഗത്തിന്റെ സേവനം അത്ര നിസാരമല്ല. കാലാവസ്ഥ മാറ്റങ്ങളും ആഗോളതാപന പ്രതിസന്ധികളും ലോകത്തെ സര്‍വ മേഖലയെയും ബാധിച്ചുവെന്നത് അംഗീകരിക്കാതിരിക്കാനാവില്ല. നിനച്ചിരിക്കാതെയാണ് പ്രകൃതിയുടെ ക്രൂരവിനോദങ്ങള്‍. കാലെ കൂട്ടി ലഭ്യമായ സൂചകങ്ങളെല്ലാം നിമിഷങ്ങള്‍ക്കൊണ്ട് കീഴ്‌മേല്‍ മറിയുന്ന അവസ്ഥയാണ് കാലാവസ്ഥയുടെ കാര്യത്തിലുള്ളത്.

നമ്മള്‍ കാലാവസ്ഥ മുന്നറിയിപ്പുകളെയും അതുവഴി കാലാവസ്ഥ നിരീക്ഷണ വിഭാഗത്തെയും ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയുമൊക്കെ ചെയ്യുമ്പോഴും, അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്നും എങ്ങനെയൊക്കയാണ് കാര്യങ്ങളെന്നും തിരക്കാന്‍ മിനക്കെടാറില്ല. എന്നാല്‍ അതും നമ്മള്‍ അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കാറ്റും മഴയും അടക്കം പ്രകൃതിയിലെ മാറ്റങ്ങള്‍ മുന്‍കൂട്ടി നിരീക്ഷിക്കാന്‍ കേന്ദ്ര ഭരണകൂടത്തിന് കീഴിലും വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലും കാലാവസ്ഥ വകുപ്പുകളുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി നാല്പതിലേറെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളാണ് രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ളത്. ഭാരത മൗസം ജ്ഞാന വിഭാഗം, കേന്ദ്ര വ്യോമയാന കാലാവസ്ഥാ വിഭാഗംസ പ്രാദേശിക പ്രത്യേക കാലാവസ്ഥാ കേന്ദ്രം, വിശാഖപട്ടണത്തെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം എന്നീ പ്രധാന കേന്ദ്രങ്ങള്‍ക്ക് പുറമെ ന്യൂഡല്‍ഹിയിലെ റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്ററും കൊല്‍ക്കത്ത പ്രാദേശിക കാലാവസ്ഥാ കേന്ദ്രവുമാണ് പ്രധാനം. ഇവയല്ലാതെ അഗര്‍ത്തല, ബംഗളൂരു, ചണ്ഡീഗഡ്, ഗോവ, പട്ന, ഷില്ലോങ്, തിരുവനന്തപുരം, പൂനെ, കൊല്‍ക്കത്ത, മുംബൈ, ഗുവാഹത്തി, അഹമ്മദാബാദ്, ഭോപ്പാല്‍, ഡെറാഡൂണ്‍, ഷിംല, ന്യൂഡല്‍ഹി, നാഗ്പുര്‍, ലഖ്നൗ, റാഞ്ചി, അമരാവതി, ശ്രീനഗര്‍, ഇറ്റാനഗര്‍, ഭുവനേശ്വര്‍, ഗാംഗ്ടോക് തുടങ്ങി പ്രധാന ഇടങ്ങളില്‍ കാലാവസ്ഥാ കേന്ദ്രങ്ങളും ഉണ്ട്.

 

താപനില, മഴയ്ക്കും മേഘാവൃതത്തിനുമുള്ള സംവേദനാത്മക മാപ്പ്, ജില്ലാതല മഴ നിരീക്ഷണ പദ്ധതിക്കുള്ള സംവേദനാത്മക മാപ്പ്, താപനിലയ്ക്കും ഉഷ്ണതരംഗത്തിനും വേണ്ടിയുള്ള സംവേദനാത്മക മാപ്പ് തുടങ്ങിവയുടെ കൃത്യമായ നിരീക്ഷണമാണ് ഇവിടെ നടക്കുന്നത്. മഞ്ഞ്, ശക്തമായ ഉപരിതല കാറ്റ്, തണുത്ത ദിനങ്ങള്‍, ഇടിമിന്നലും മിന്നലും, ഉഷ്ണതരംഗം, ഗ്രൗണ്ട് ഫ്രോസ്റ്റ്, ആലിപ്പഴം വീഴ്ച, ചൂട് കൂടുന്ന ദിവസം, മൂടല്‍ മഞ്ഞ്, പൊടിക്കാറ്റ്, ചൂട് കൂടിയ രാത്രി, കനത്ത മഴ, പൊടി ഉയര്‍ത്തുന്ന തരം കാറ്റ്, തണുത്ത തരംഗം തുടങ്ങിയ പ്രകൃതിയിലെ മാറ്റങ്ങളെല്ലാം അതത് നിമിഷങ്ങളില്‍ തന്നെ രേഖപ്പെടുത്തുന്നു. ചുഴലിക്കാറ്റുകള്‍, മണ്‍സൂണ്‍, ഉപഗ്രഹ വിവരങ്ങള്‍ ശേഖരിക്കല്‍ എന്നിവയ്ക്ക് പുറമെ, സാധാരണ പൗരന്മാര്‍ മുതല്‍ ഭരണകൂട സംവിധാനങ്ങള്‍ വരെ ഓരോ നിമിഷത്തിലും ആരായുന്ന വിവരങ്ങള്‍ക്കെല്ലാം കൃത്യവും വസ്തുതാപരവുമായ മറുപടി നല്‍കലടക്കം കാലാവസ്ഥാ കേന്ദ്രങ്ങളിലെ ബന്ധപ്പെട്ട ആളുകളുടെ സേവനത്തില്‍ വരുന്നു.

പ്രവര്‍ത്തനങ്ങളെങ്ങനെ?

പണ്ടുകാലത്ത് ചില സൂചനകൾ മനസിലാക്കി മനുഷ്യർ ചുഴലിക്കാറ്റിന്റെ വരവും മഴയുടെ സാന്നിധ്യവും മറ്റും പ്രവചിക്കുവാൻ ശ്രമിച്ചിരുന്നു. പുതിയ തലമുറ പരമ്പരാഗത കാര്‍ഷിക വൃത്തിയില്‍ നിന്നും പാരമ്പര്യ തൊഴില്‍ രീതികളില്‍ നിന്നുമെല്ലാം വഴുതിമാറിയതോടെ സ്ഥിതിമാറി. വലിയ മഴപ്പെയ്ത്തുകൾ, ചുഴലിക്കാറ്റുകൾ എന്നിങ്ങനെ പലവിധ ദുരന്തങ്ങൾ മുൻകൂട്ടി അറിയുവാനും അതുവഴി അപകടങ്ങൾ കുറയ്ക്കുന്നതിനും മറ്റും എന്തൊക്ക പഴിച്ചാലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുകളെ തന്നെയാണ് ആശ്രയിക്കുന്നത്. താപനില അളക്കുവാൻ തെർമോമീറ്ററും മർദ്ദം അളക്കുന്നതിനുള്ള ബാരോമീറ്ററും കാറ്റിന്റെ വേഗത നിർണയിക്കാൻ അനിമോമീറ്ററും ഈർപ്പത്തിന്റെ അളവ് കണക്കാക്കാൻ ഹൈഗ്രോമീറ്ററും കണ്ടുപിടിക്കപ്പെട്ടിട്ടും ഗ്രാമങ്ങള്‍ വിശ്വസിച്ചതും അനുഭവിച്ചതും ഇത്തരം കാലാവസ്ഥാ പ്രവചനക്കാരെ തന്നെയാണ്.

ടെലിഗ്രാഫിന്റെ കണ്ടുപിടിത്തത്തോടെ ദൂരെസ്ഥലങ്ങളിൽ നിന്നുള്ള ഡാറ്റ വളരെ പെട്ടന്നുതന്നെ ശേഖരിക്കാം എന്നായി. ഇങ്ങനെ കുറെ സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അടയാളപ്പെടുത്തി വെതർ മാപ്പുകൾ നിർമ്മിച്ചു. വലിയൊരു പ്രദേശത്തെ അന്തരീക്ഷ സവിശേഷതകൾ ഇത്തരം മാപ്പുകളിൽ നിന്ന് എളുപ്പം മനസിലാക്കുവാൻ സാധിക്കുമായിരുന്നു. പതുക്കെ, മഴയ്ക്ക് കാരണമാകുന്നതും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം കാണിക്കുന്നതുമായ പ്രത്യേകമായ പാറ്റേണുകൾ വെതർ മാപ്പുകൾ വിശകലനം ചെയ്ത് മനസിലാക്കാമെന്ന നിലയിലെത്തി. ഏതാനും ദിവസത്തെ മാപ്പുകൾ പരിശോധിച്ചാൽ പല ഘട്ടങ്ങളിലെ കാലാവസ്ഥാ പാറ്റേണുകളുടെയും സഞ്ചാരം കൃത്യമായി മനസിലാക്കാം. 1850 ന് ശേഷം യുകെയിലും അമേരിക്കയിലും കാലാവസ്ഥാ മാപ്പുകൾ ഉപയോഗപ്പെടുത്തിയുള്ള പ്രവചനങ്ങൾ തുടങ്ങിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിലേം ബിയേക്നെസ് എന്ന നോർവീജിയൻ ശാസ്ത്രജ്ഞനാണ് പ്രവചനത്തിന് പുതിയൊരു ആശയം അവതരിപ്പിച്ചത്.

കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കാലാവസ്ഥാ സേവനങ്ങളുടെ മേൽനോട്ടവും ഏകോപനവും നടത്തി കേരള സംസ്ഥാനത്തിന്റെയും ലക്ഷദ്വീപ് ദ്വീപുകളുടെയും കാലാവസ്ഥാ ആവശ്യകതകൾ നിറവേറ്റുന്ന ചുമതലയാണ് തിരുവനന്തപുരത്തെ കാലാവസ്ഥാ കേന്ദ്രത്തിന്റേത്. കൃഷി, ജലസേചനം, വ്യോമയാനം തുടങ്ങിയ കാലാവസ്ഥാ സെൻസിറ്റീവ് പ്രവർത്തനങ്ങളുടെ ഒപ്റ്റിമൽ ഓപറേഷനുള്ള കാലാവസ്ഥാ പ്രവചനം (ഏവിയേഷനും നോൺ‑വിയേഷനും) കനത്ത മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് മുതലായ കടുത്ത കാലാവസ്ഥാ പ്രതിഭാസങ്ങൾ (സംസ്ഥാനത്തും സമീപ കടൽ പ്രദേശത്തും) എതിരെയുള്ള മുന്നറിയിപ്പുകൾ, ജീവനും സ്വത്തിനും നാശം വരുത്തുന്ന കാര്യങ്ങൾ നിര്‍വഹിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിയന്ത്രണത്തില്‍ ഡൽഹിയിലെ റീജിയണൽ സ്പെഷ്യലൈസ്ഡ് മെറ്റീരിയോളജിക്കൽ സെന്ററിന്റെ (സൈക്ലോൺ വാണിംഗ് ഡിവിഷൻ) സാങ്കേതിക ഉപദേശപ്രകാരമാണ് ഈ കേന്ദ്രം പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിമാന പ്രവർത്തനത്തിന്റെ സുരക്ഷയ്ക്കായി എയർ നാവിഗേഷനായി ആവശ്യമായ കാലാവസ്ഥാ സേവനങ്ങൾ നല്‍കുന്ന എയർപോർട്ട് മെറ്റീരിയോളജിക്കൽ ഓഫീസ് എന്ന വ്യോമയാന വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

സംസ്ഥാനത്തുടനീളവും ലക്ഷദ്വീപ് ദ്വീപുകളിലെയും ഏകദേശം 15 ഒബ്സർവേറ്ററികളിലൂടെയും ഏകദേശം 68 റെയിൻഗേജ് സ്റ്റേഷനുകളിലൂടെയും കാലാവസ്ഥാ നിരീക്ഷണങ്ങൾ (ഉപരിതലത്തിലും മുകളിലെ വായുവിലും) നടത്തി കാലാവസ്ഥാ പ്രവചനത്തിന്റെ വെല്ലുവിളി നിറഞ്ഞ ദൗത്യം ഇവിടെ ഫലപ്രദമായി നിർവഹിക്കുന്നുണ്ട്. 10 ഉപരിതല നിരീക്ഷണ കേന്ദ്രങ്ങൾ ഐഎംഡി പരിപാലിക്കുന്നു. പാർട്ട് ടൈം ഒബ്സർവേറ്ററികളും റെയിൻഗേജ് സ്റ്റേഷനുകളും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നു. ജില്ല തിരിച്ചുള്ള റെയിൻഫോൾ മോണിറ്ററിങ് സ്കീമിന് (ഡിആർഎംഎസ്) കീഴിലാണ് റെയിൻഗേജ് സ്റ്റേഷനുകൾ പരിപാലിക്കുന്നത്. ഈ കേന്ദ്രം ഒബ്സർവേറ്ററികളിലും റെയിൻഗേജ് സ്റ്റേഷനുകളിലും ആനുകാലിക പരിശോധന നടത്തി കാലാവസ്ഥാ നിരീക്ഷണങ്ങളുടെ കൃത്യത ഉറപ്പാക്കുന്നു. ഒബ്സർവേറ്ററികളിലെ എല്ലാ ഉപകരണങ്ങളുടെയും കാലിബ്രേഷൻ രണ്ട് വർഷത്തിലൊരിക്കലെങ്കിലും പരിശോധിക്കുന്നു.

കേരളത്തിൽ 15 ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനുകളും ലക്ഷദ്വീപ് ദ്വീപുകളിൽ ഒന്നും പ്രവര്‍ത്തിക്കുന്നു. കേരളത്തിൽ 30 ഓട്ടോമാറ്റിക് റെയിൻഗേജ് സ്റ്റേഷനുകളുണ്ട്. ഇൻസാറ്റ് മുഖേന ഓരോ മണിക്കൂർ തോറും ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്നത് സ്വയമേവ ഈ ഓഫീസ് കൈകാര്യം ചെയ്യുന്നു. 00യുടിസി മുതൽ ആരംഭിക്കുന്ന മൂന്ന് മണിക്കൂർ ഇടവേളയിൽ എട്ട് സിനോപ്റ്റിക് ഉപരിതല നിരീക്ഷണങ്ങളും കാലാവസ്ഥാ സെൻസറുകളുള്ള ഹൈഡ്രജൻ നിറച്ച ബലൂൺ ബൗണ്ട് GPS സോണ്ടെ ഉപയോഗിച്ച് രണ്ട് മുകളിലെ വായു നിരീക്ഷണങ്ങളും (00 & 12 മണിക്കൂർ യുടിസി) രണ്ട് പൈലറ്റ് ബലൂൺ നിരീക്ഷണങ്ങളും (06 & 18 മണിക്കൂർ യുടിസി) എടുക്കുന്നു.

വ്യത്യസ്ത സ്വയം റെക്കോർഡിങ് ഉപരിതല കാലാവസ്ഥാ ഉപകരണങ്ങളിലൂടെയാണ് കാലാവസ്ഥാ സംഭവങ്ങളെ തുടർച്ചയായി നിരീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ച സ്റ്റേഷനുകളുടെ നിരീക്ഷണ ഡാറ്റ ശേഖരിക്കുകയും ഓരോ സിനോപ്റ്റിക് മണിക്കൂറിലും ഈ ഓഫീസിൽ എടുത്ത നിരീക്ഷണങ്ങൾക്കൊപ്പം, വെബ് അധിഷ്ഠിത കാലാവസ്ഥാ ഡാറ്റാ ട്രാൻസ്മിഷൻ ആന്റ് റിട്രീവൽ ആശയവിനിമയ രീതിയിലൂടെ ന്യൂഡൽഹിയിലെ ഞങ്ങളുടെ ആസ്ഥാനത്തേക്ക് കൈമാറുകയും ചെയ്യുന്നു. ഇന്ത്യയെയും അയൽരാജ്യങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങൾ വ്യക്തിഗത നിരീക്ഷണാലയങ്ങളിലേക്ക് ആസ്ഥാനം വീണ്ടും കൈമാറുന്നു. ഈ ഡാറ്റയെ അടിസ്ഥാനമാക്കി, ഉപരിതലത്തിന്റെയും അപ്പർ എയർ ചാർട്ടുകളുടെയും പ്ലോട്ടിങ്ങും നടത്തുന്നു. സൂക്ഷ്മതയേറിയ പ്രവൃത്തികളിലാണ് ഇത്തരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിലെ ഓരോ ഗവേഷകരും അനുബന്ധ ഉദ്യോഗസ്ഥരും ഏര്‍പ്പെട്ടിരിക്കുന്നത്.

ആധുനിക സംവിധാനങ്ങളുടെ സേവനം ഇന്ത്യയിലും ലോകത്തും

കാലം മാറി സര്‍വ ഇടങ്ങളിലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്സ് സംവിധാനങ്ങളും സമ്പ്രദായങ്ങളും വരികയാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്‍ അവയെ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. പൊതു കാലാവസ്ഥാ സേവനങ്ങൾ മെച്ചപ്പെടുത്താൻ അവസരമൊരുക്കുന്ന പുതിയ ആശയവിനിമയ ശൃംഖലകളും പ്രവചന സിസ്റ്റം നവീകരണങ്ങളും സാങ്കേതികവിദ്യയും ഇന്ന് വ്യാപകമാണ്. ഇന്റർനെറ്റ്, വയർലെസ് കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ ഡാറ്റാബേസ് പ്രവചനം, അടുത്ത തലമുറ വർക്ക്സ്റ്റേഷനുകൾ, നൗകാസ്റ്റിങ് സംവിധാനങ്ങൾ എന്നിവയെല്ലാം. പരമ്പരാഗത ടെക്സ്റ്റ് ഉല്പന്നങ്ങൾക്കപ്പുറം ഗ്രാഫിക്, ഡിജിറ്റൽ പോലെ വിവിധ തലത്തില്‍ ഹൈഡ്രോമെറ്റീരിയോളജിക്കൽ പ്രവചനങ്ങളും മുന്നറിയിപ്പുകളും നൽകാൻ നവീകരണ സംവിധാനങ്ങളുണ്ട്. ദേശീയ മെറ്റീരിയോളജിക്കൽ ആന്റ് ഹൈഡ്രോമെറ്റീരിയോളജിക്കൽ സംവിധാനങ്ങള്‍ക്ക് ഇവ ഉപയോഗിക്കാനും കഴിയും.

ഡിജിറ്റൽ ഡാറ്റാബേസ് പ്രവചനവും അടുത്ത തലമുറ വർക്ക്സ്റ്റേഷനുകളും നവീനവും പ്രചാരം വര്‍ധിച്ചുവരുന്നതുമായ ഇൻഫർമേഷൻ ടെക്നോളജി (ഐടി) സംവിധാനങ്ങളും വിവിധ ആപ്ലിക്കേഷനുകളും പൊതു കാലാവസ്ഥാ സേവനങ്ങളുടെ വ്യാപനവും സേവന വിതരണ പ്രവർത്തനങ്ങളും കൂടുതൽ മെച്ചപ്പെടുത്താന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഡിജിറ്റൽ ഡാറ്റാ പ്രകാരമുള്ള പ്രവചനം, പരമ്പരാഗത പ്രക്രിയകളിലൂന്നിയ പ്രവചനം, സംഖ്യാപരമായ കാലാവസ്ഥാ പ്രവചനം എന്നിവയെല്ലാം ഈ രംഗത്തുണ്ട്. കമ്പ്യൂട്ടർ സാങ്കേതികവിദ്യയും അതിവേഗ വ്യാപന സംവിധാനങ്ങളും വികസിച്ചപ്പോൾ ഉപഭോക്താക്കളും പങ്കാളികളും ഗ്രിഡ്, ഡിജിറ്റൽ, ഗ്രാഫിക് ഫോർമാറ്റുകളിലൂടെയുള്ള വിശദമായ പ്രവചനങ്ങളാണ് ആവശ്യപ്പെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ശാസ്ത്രലോകത്തിന് കൗതുകമുണര്‍ത്തുന്ന അനേകം അത്യാധുനിക സംവിധാനങ്ങളാണ് സാറ്റ്ലെറ്റുകളുടെ സഹായത്തോടെ ഐടി ലോകം കാലാവസ്ഥാ നിരീക്ഷണത്തിനായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയില്‍ ആധുനിക കാലത്തിനനുസരിച്ചുള്ള മാറ്റത്തിനാണ് ശാസ്ത്രലോകം ഒരുങ്ങുന്നതിന്. നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞര്‍ നല്‍കിയ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. ‘അന്തരീക്ഷ കാലാവസ്ഥാ ഗവേഷണം-മോഡലിങ് നീരീക്ഷണ സംവിധാനവും സേവനങ്ങളും എക്രോസ് എന്ന ഒരു കുടയ്ക്കു കീഴിലുള്ള പദ്ധതികളും (അംബ്രലാ സ്‌കീം) അതിന്റെ എട്ട് ഉപപദ്ധതികളും അഞ്ചുവര്‍ഷത്തെ അടുത്ത സാമ്പത്തിക ചക്രത്തിലും തുടരുന്നതിനാണ് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയിരിക്കുന്നത്. 2,135 കോടി രൂപ ചെലവ് കണക്കാക്കിയിട്ടുള്ള പദ്ധതിയാണ് 2021–2026 സാമ്പത്തിക ചക്രത്തിലും തുടരുക. ഭൗമശാസ്ത്ര മന്ത്രാലയം (എംഒഇഎസ്) അതിന്റെ യൂണിറ്റുകളായ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഇന്ത്യന്‍ മീറ്ററോളിജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്-ഐഎംഡി), നാഷണല്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ ഫോര്‍കാസ്റ്റിങ് (ദേശീയ മധ്യതല കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം-എന്‍സിഎംആര്‍ഡബ്ല്യുഎഫ്), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റീരിയോളജി (ദേശീയ ഉഷ്ണമേഖലാ കാലാവസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട്- ഐഐടിഎം), ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (അന്തര്‍ദ്ദേശീയ സമുദ്ര മുന്നറിയിപ്പ് കേന്ദ്രം-ഇന്‍കോസിസ്) എന്നിവ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വേൾഡ് വെതർ റിസർച്ച് പ്രോഗ്രാം(ഡബ്ലിയുഡബ്ലിയുആര്‍പി) എന്ന രീതിയില്‍ അന്താരാഷ്ട്രതലത്തില്‍ ഓരോ രാജ്യങ്ങള്‍ക്കും നല്‍കുന്ന ശാസ്ത്രീയ മാർഗനിർദേശങ്ങളും സാങ്കേതിക ഉപദേശങ്ങളും ഇന്ത്യയും സ്വീകരിക്കുന്നുണ്ട്. അതിർത്തി ഗവേഷണം വികസിപ്പിക്കുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കാൻ രാജ്യങ്ങളെ പ്രാപ്തരാക്കുന്നു എന്നതാണ് വേൾഡ് വെതർ റിസർച്ച് പ്രോഗ്രാം ഇതോടൊപ്പം ചെയ്യുന്ന മറ്റൊരു പ്രധാന കാര്യം. ലോകമെമ്പാടുമുള്ള ദേശീയ ഗവേഷണ ശേഷിയും സേവനങ്ങളും ശക്തിപ്പെടുത്തുന്നതിനും അതുവഴി സുസ്ഥിര വികസന അഭിലാഷങ്ങൾക്ക് സംഭാവന നൽകുന്നതിനും ഡബ്ലിയുഡബ്ലിയുആര്‍പി ഒരു പ്രധാന പങ്കുവഹിക്കുന്നു.

ലോക കാലാവസ്ഥാ സംഘടന

കൃത്യവും സമയബന്ധിതവുമായ കാലാവസ്ഥാ പ്രവചനങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ ലോകമെമ്പാടുമുള്ള ശ്രമങ്ങളെ ഏകോപിപ്പിക്കുന്ന സംവിധാനം കൂടിയാണ് ലോക കാലാവസ്ഥാ സംഘടന അഥവാ ഡബ്ലിയുഎംഒ. ഭൗമ വ്യവസ്ഥ നിരീക്ഷണങ്ങളുടെ ആഗോള ശൃംഖല, സ്വതന്ത്രവും തുറന്നതുമായ ഡാറ്റ കൈമാറ്റം, തുടർച്ചയായ ഗവേഷണം, സംഖ്യാപരമായ കാലാവസ്ഥാ പ്രവചനത്തിനായുള്ള ആഗോള, പ്രാദേശിക, ദേശീയ ഡാറ്റാ പ്രോസസ്സിംഗ് എന്നിവയുടെ ആഗോള ശൃംഖലയെ ഏകോപിപ്പിക്കുന്നതിനും ഡബ്ലിയുഎംഒ മുന്‍കയ്യെടുക്കുന്നു.

ലോകം വിജ്ഞാനദാഹികളുടേതുകൂടിയാണ് എന്നതിനാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് കേവലം മഴയെയും കാറ്റിനെയും മുന്‍കൂട്ടിയറിഞ്ഞ് പുറത്തിറങ്ങാനും ഇറങ്ങാതിരിക്കാനും ഉള്ള ഒന്നല്ല എന്നാണ് ഈ വിവരങ്ങളെല്ലാം തെളിയിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങള്‍ പ്രകൃതിക്ക് കൈവരുന്നതുപോലെ ശാസ്ത്രലോകത്തും അതുണ്ടാകും. അടുത്ത തലമുറയിലെ പ്രവചന കേന്ദ്രങ്ങളില്‍ ത്രിമാന സാങ്കേതിക വിദ്യകൾ ഉൾപ്പെടെയുള്ള പുതിയ അത്യാധുനിക ദൃശ്യവൽക്കരണവും വിവര‑സംസ്കരണ സാങ്കേതിക വിദ്യകളും സജ്ജീകരിച്ചിരിക്കുന്നതിനാണ് ശാസ്ത്രലോകം തയ്യാറെടുക്കുന്നത്. നമ്മളോരുത്തരും ഉത്തരവാദികളായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗതിവിഗതികള്‍ കൃത്യമായി കണക്കാക്കാന്‍ ഇത്തരം ശാത്രസംവിധാനങ്ങള്‍ക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

Eng­lish Sam­mury: Weath­er obser­va­tions and research: Don’t crit­i­cize the weath­er department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.