15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 8, 2024
July 11, 2024
April 26, 2024
December 15, 2023
December 13, 2023
December 6, 2023
December 3, 2023
October 9, 2023
October 4, 2023
September 28, 2023

രാജ്യത്ത് നിലനില്‍ക്കുന്നത് ആർക്കും എന്തും പറയാവുന്ന സ്ഥിതി: മുഖ്യമന്ത്രി

Janayugom Webdesk
June 11, 2022 6:02 pm

ആർക്കും എന്തും പറയാവുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ് പ്രവാചക നിന്ദയിൽ കാര്യങ്ങൾ എത്തിച്ചത്. ഇത് ലോകരാജ്യങ്ങളുടെ മുന്നിൽ ഇന്ത്യയുടെ മുഖം വികൃതമാക്കി. ഭൂരിപക്ഷ വർഗീയതയുടെ നിലപാടാണ് ഇത്. എന്നാൽ, കേരളത്തിൽ ലൈസൻസില്ലാതെ എന്തും പറയാനാവില്ലെന്നും വ്യക്തമാണ്. നാവിന് ലൈസൻസില്ലെന്നു കരുതി സംസ്ഥാനത്ത് എന്തും വിളിച്ച് പറയാമെന്നു കരുതുന്നവർക്ക് എന്തു സംഭവിക്കുമെന്നു അടുത്ത കാലത്ത് കണ്ടു. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. “രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഹിറ്റ്ലറേയാണ് ആർ.എസ്.എസും ബി.ജെപി.യും മാതൃകയാക്കുന്നത്. അതവര്‍ പച്ചയായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. മതമല്ല ഈ രാജ്യത്തെ പൗരത്വത്തിന്റെ അടിസ്ഥാനം. വര്‍ഗീയതയെ പ്രീണിപ്പിച്ചുകൊണ്ട് മതനിരപേക്ഷതയെ സംരക്ഷിക്കാനാകില്ല. താത്കാലിക ലാഭത്തിന് വേണ്ടി വര്‍ഗീയ ശക്തികളുമായി കൂടാമെന്ന് വിചാരിച്ചാല്‍ അത് നാടിനും രാജ്യത്തിനും ആപത്ത് മാത്രമാണ് ഉണ്ടാക്കുക.
മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്ന ശക്തികള്‍ക്ക് അധികാരമുണ്ടായിരുന്ന സ്ഥലങ്ങള്‍ ഇന്ന് ഇങ്ങനെ വര്‍ഗീയതയുടെ വിളനിലമായി മാറിയെന്ന് പരിശോധിക്കണം,പിണറായി വിശദീകരിച്ചു. “വര്‍ഗീയതയോട് മൃദുവായ സമീപനം, തൊട്ടുംതലോടലും എന്ന സമീപനമാണ് മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് വിനയായത്. ഇപ്പോഴും അതേ നിലയാണ് അവര്‍ തുടരുന്നത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളാണ്. ഒന്ന് വളരുമ്പോള്‍ മറ്റതിനേയും വളര്‍ത്തുകയാണ്. അത് നമ്മുടെ രാജ്യത്തിന്റേയും നാടിന്റേയും അനുഭവമാണ്. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഭാഗമായി മാത്രമേ ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
വര്‍ഗീയ ശക്തികളെ എല്ലാം ഒരുമിച്ച് കൂട്ടാന്‍ മതനിരപേക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ തയ്യാറാകുന്നത് അതിന്റെ ആപത്ത് മനസ്സിലാകാത്തതു മൂലമാണ്. നിറഞ്ഞ് നില്‍ക്കുന്ന ഇടതുപക്ഷം ഉള്ളത് കൊണ്ടാണ് ദുരന്തങ്ങള്‍ അകന്നുനില്‍ക്കുന്നത്. നാട്ടില്‍ വര്‍ഗീയമായ എന്തെങ്കിലും പ്രശ്നം വന്നാലും ഇടതുപക്ഷം ചാടിവീഴും. നാടിന്റെ പൊതുവായ വികാരമാണതെന്നും മുഖ്യമന്ത്രി തുടര്‍ന്നു. നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ്ടായത്. അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ജനം ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയത്. ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ല. ഇതെല്ലാം പറഞ്ഞതുകൊണ്ട് അങ്ങനെ ഇളക്കിക്കിളയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതിനൊക്കെ വേറെ ആളെ നോക്കണം. ഞങ്ങള്‍ക്ക് ജനങ്ങളെ പൂര്‍ണ്ണവിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. പ്രതിപക്ഷ ഈ വിഷയം ഏറ്റെടുക്കുന്നത് മനസിലാക്കാം. എന്നാൽ, പ്രതിപക്ഷ ആരോപണങ്ങൾ മാധ്യമങ്ങൾ 24 മണിക്കൂറും നൽകുകയാണ്. ഇത് ദുരവസ്ഥയാണ്. എന്തും വിളിച്ച് പറയാമെന്ന നിലപാടാണ് ഇത്തരക്കാർ സ്വീകരിക്കുന്നത്. ചില പ്രത്യേക തരം വാർത്തകൾക്ക് മാധ്യമങ്ങൾ എത്ര ശതമാനം സ്ഥലമാണ് മാറ്റി വയ്ക്കുന്നത് എന്ന് നോക്കൂ. എത്ര ദൗർഭാഗ്യകരമായ അവസ്ഥയാണ് ഇത്. ഇത് സാധാരണഗതിയിലുള്ള മാധ്യമ വിശ്വാസ്യതയ്ക്കു ചേർന്നതാണോ എന്ന് പരിശോധിക്കണം. എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത് ഒരു നവകേരളം സൃഷ്ടിക്കുന്നതിനാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നാടായി കേരളത്തെ മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ നാസർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എ.വി റസൽ സ്വാഗതം പറഞ്ഞു. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ.മോഹനചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

Eng­lish Sum­ma­ry: What exists in the coun­try is a sit­u­a­tion where any­one can say any­thing: CM

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.