February 3, 2023 Friday

Related news

January 26, 2023
January 17, 2023
January 9, 2023
December 20, 2022
December 7, 2022
November 24, 2022
November 21, 2022
November 16, 2022
November 14, 2022
November 14, 2022

വെള്ളപോക്ക് — അപകടം ആകുന്നത് എപ്പോൾ??

ഡോ. ഇന്ദുജ ഐ 
(ഹോമിയോ മെഡിക്കൽ സെന്റർ, മൂന്നുപീടിക)
November 8, 2022 3:13 pm

സ്ത്രീ ആരോഗ്യത്തിൽ ഇന്ന് ചർച്ച ചെയ്യുന്നത് സ്ത്രീകൾ പൊതുവേ പറയാൻ മടിക്കു ന്നതും എന്നാൽ അവർക്ക് അസഹ്യമായ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്ന ഒരു അവസ്ഥയെ കുറിച്ചാണ്. സ്ത്രീകൾ ചികിത്സ തേടാൻ മടിക്കുന്ന രോഗങ്ങളിൽ ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ. അസ്ഥി സ്രാവം എന്നാണ് പേരെങ്കിലും ഇതിൽ എല്ലുകൾ ഉരുകി പോകുന്നില്ല എന്നതാണ് വാസ്തവം.

ഏതു പ്രായക്കാരിലും ഇത് വരാം. 15നും 45നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടുവരുന്നത്.യോനി(vagina) അതിന്റെ രാസ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും യോനിയിലെ ടിഷ്യുവിന്റെ വഴക്കം സംരക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന പ്രകൃതിദത്തമായ ഒരു പ്രതിരോധ സംവിധാനമാണിത്. 

സാധാരണഗതിയിൽ അണ്ഡവിസർജനം നടക്കുന്ന സമയങ്ങളിലും(ovulation peri­od) ആർത്തവസ്രാവത്തിന്(menstruation) മുന്നോടിയായും ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയത്തും ഗർഭകാലത്തും പ്രകടമായ രീതിയിൽ സ്വാഭാവികമായും ഇത്തരത്തിലുള്ള യോനിസ്രാവം(vaginal dis­charge) കാണാം.സാധാരണ യോനീസ്രാവത്തിന് പ്രത്യേക നിറമോ, ഗന്ധമോ ഉണ്ടാവില്ല. എന്നാൽ, ഗർഭാശയത്തിലെ പലതരം രോഗങ്ങൾ,അണുബാധ എന്നിവ ഈ സ്രാവത്തിന് പ്രത്യേക നിറവും ഗന്ധവും ഉണ്ടാക്കും.

എന്ത് കൊണ്ട്??

മിക്കപ്പോഴും അണുബാധ കാരണമാണ് യോനിസ്രാവപ്രശ്‌നങ്ങൾ കാണുന്നത്. ശുചിത്വമില്ലായ്മ, ലൈംഗിക രോഗങ്ങൾ,പോഷകാഹാരക്കുറവ് ‚എന്നിവയെല്ലാം ഈ രോഗത്തിന് കാരണം ആകുന്നു.

ലക്ഷണങ്ങൾ

യോനീ ശ്രാവത്തിൻ്റെ അളവ് ആനുപാതികമായി ഉയർന്നു കാണുക, അതിനു അസഹ്യമായ ഗന്ധവും മഞ്ഞ/പച്ച എന്നിങ്ങനെ നിറവ്യത്യാസം ഉണ്ടാവുക. വെള്ള നിറത്തിൽ തൈര് പോലെയോ മുട്ടയുടെ വെള്ള പോലെയോ രക്തത്തിൻ്റെ അംശം ഉള്ളതായോ കണ്ടു വരിക.യോനി ഭാഗത്ത് അസഹ്യമായ ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുക . ക്ഷീണം, തളർച്ച, തലവേദന, സന്ധിവേദന, എന്നീ പ്രശ്നങ്ങൾ ഇതിനോടൊപ്പം ഉണ്ടാവുക.മുതിർന്നവർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അസഹ്യമായ വേദന അനുഭവപ്പെടുക എന്നതെല്ലാം ഈ അവസ്ഥയെ ശ്രദ്ധിക്കണം എന്നതിൻ്റെ ലക്ഷണങ്ങൾ ആണ്.

പരിഹാര മാർഗങ്ങൾ

Infec­tions /അണുബാധ തടയാൻ വ്യക്തി ശുചിത്വം വലിയൊരു പങ്കു വഹിക്കുന്നു.കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിയ്ക്കുക, നനവില്ലാത്തവ ഉപയോഗിയ്ക്കുക, യോനീഭാഗത്തെ ഈർപ്പം നീക്കുക, അടിവസ്ത്രങ്ങൾ നല്ലതു പോലെ കഴുകിയുണക്കി വെയിലിലിട്ട് ഉണക്കിയെടുക്കുക എന്നിവയെല്ലാം തന്നെ ഏറെ പ്രധാനമാണ്. മൂത്ര വിസർജന ശേഷം യോനീഭാഗം നല്ലതുപോലെ കഴുകുക, കഴുകുമ്പോൾ മുന്നിൽ നിന്നും പുറകിലേയ്‌ക്കെന്നത് പ്രധാനപ്പെട്ടതാണ്.ഈ പ്രശ്‌നമുള്ളവർ കഴിവതും പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്.അമിതമായ പുളി, എരിവ്, മസാല, മുതിര, ഉഴുന്ന്, പാൽ എന്നിവ കഴിവതും ഒഴിവാക്കുക. 

മേൽ പറഞ്ഞ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ വൈകാതെ തന്നെ വൈദ്യ സഹായം തേടുക .ലൈംഗികബന്ധത്തിലൂടെ വന്ന പ്രശ്നമാണെങ്കിൽ പങ്കാളിക്കും ചികിത്സ വേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.