21 December 2024, Saturday
KSFE Galaxy Chits Banner 2

ഇന്ത്യയും കാനഡയും കൊമ്പുകോർക്കുമ്പോൾ

ഹബീബ് റഹ്‌മാന്‍
November 3, 2024 4:30 am

സൗഹൃദ രാജ്യങ്ങളായ ഇന്ത്യയും കാനഡയും തമ്മിൽ ഉടലെടുത്തിരിക്കുന്ന നയതന്ത്ര യുദ്ധം സർവസീമകളും ലംഘിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഇന്ത്യാ വിരുദ്ധരായ ഖലിസ്ഥാൻ അനുകൂല ഉഗ്രവാദ സംഘടനകൾക്ക് കാനഡ പിന്തുണ നൽകുന്നതായി ആരോപിച്ചാണ് കൊമ്പുകോർക്കലുകൾ നടക്കുന്നത്. ഖലിസ്ഥാൻ വിഘടനവാദികളുടെ നേതാവ് ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വര്‍ഷം കാനഡയിൽ കൊല്ലപ്പെട്ടതാണ് പ്രശ്നങ്ങളുടെ മുഖ്യ ഹേതു. എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിൽ സുഖ്ദൂൽ സിങ് എന്ന മറ്റൊരു ഖലിസ്ഥാൻ വാദികൂടി കൊല്ലപ്പെട്ടത് സംഘർഷം കൂടുതൽ രൂക്ഷമാക്കിയിരുന്നു. ആരോപണപ്രത്യാരോപണങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കലുമൊക്കെയായി രംഗം ഗുരുതരമായിക്കൊണ്ടിരിക്കുന്നു. ഇതിങ്ങനെ തുടർന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ താമസിക്കുന്ന, ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ പരസ്പരം അകലാനും അത് ശത്രുക്കൾ ഉപയോഗപ്പെടുത്താനും കാരണമാകും. 

കഴിഞ്ഞ വര്‍ഷം ജൂൺ 18നാണ് കനേഡിയൻ പൗരത്വമുള്ള നിജ്ജർ യുഎസ് — കാനഡ അതിർത്തി സംസ്ഥാനമായ ബ്രിട്ടീഷ് കൊളംബിയയില്‍ വെടിയേറ്റു മരിച്ചത്. വാൻകൂവർ നഗരപ്രാന്തത്തിലുള്ള സർറേ പട്ടണത്തിലെ ഗുരുദ്വാരയ്ക്കുപുറത്ത് വാഹനത്തിലിരിക്കുമ്പോഴായിരുന്നു അജ്ഞാതരായ രണ്ടുപേര്‍ വെടിയുതിര്‍ത്തത്. സർറേ ഗുരുദ്വാരയുടെ മാനേജിങ് കമ്മിറ്റി പ്രസിഡന്റായിരുന്ന നിജ്ജർ, സിഖ് ജനതയ്ക്കുവേണ്ടി സ്വതന്ത്രരാജ്യം രൂപീകരിക്കണമെന്നു വാദിക്കുന്നവരുടെ നേതാവായിരുന്നു.
പഞ്ചാബിലെ ജലന്ധറിൽ ജനിച്ചുവളർന്ന ഹർദീപ് സിങ് നിജ്ജർ 1997ൽ കാനഡയിലേക്കു കുടിയേറി 2007ൽ കനേഡിയൻ പൗരത്വം സ്വീകരിച്ചു. അതേവര്‍ഷം പഞ്ചാബിലെ ഒരു സിനിമാ തിയേറ്ററിലുണ്ടായ ബോംബാക്രമണക്കേസിൽ കുറ്റാരോപിതനായതോടെയാണ് തീവ്രവാദിയായി നിജ്ജർ മുദ്രകുത്തപ്പെട്ടത്. തിയേറ്ററിലെ ബോംബ് സ്ഫോടനത്തിൽ ആറുപേർക്ക് ജീവൻ നഷ്ടമാകുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിജ്ജർ ആസൂത്രണം ചെയ്ത രണ്ടാമത്തെ ആക്രമണം 2009ലായിരുന്നു. 2021ൽ ജലന്ധറിലെ ഒരു ഹിന്ദുപുരോഹിതൻ കൊല്ലപ്പെട്ട സംഭവത്തിനുപിന്നിൽ നിജ്ജർ നേതൃത്വം കൊടുക്കുന്ന ഖലിസ്ഥാൻ ടൈഗർ ഫോഴ്സാണെന്ന് തെളിഞ്ഞതോടെ സംഘടനയെ ഇന്ത്യയിൽ നിരോധിക്കുകയും നിജ്ജറിന്റെ തലയ്ക്കു് പത്തുലക്ഷം രൂപ വിലയിടുകയും ചെയ്തു. പാ‌കിസ്ഥാനിൽ സ്ഫോടകവസ്തു പരിശീലനം നേടിയിട്ടുള്ള നിജ്ജർ, കാനഡയിൽ തീവ്രവാദസംഘം വളർത്തി പഞ്ചാബിലും ഹരിയാനയിലും ഭീകരാക്രമണങ്ങൾക്കു് പദ്ധതിയിട്ടിരുന്നതായും കാനഡയിലുള്ള ഇന്ത്യൻ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു.
ഇരുരാജ്യങ്ങളും നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ നയതന്ത്രതലംവിട്ട് വ്യക്തിപരമായ ആരോപണങ്ങളിലേക്ക് തിരിഞ്ഞത് ഉഭയകക്ഷി ബന്ധത്തെ കൂടുതൽ വഷളാക്കുമെന്നുറപ്പ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 18ന് കാനഡയുടെ പാർലമെന്റിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ‘വിശ്വസനീയ രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാനഡ പൗരനും ഖലിസ്ഥാൻ വിഘടനവാദി നേതാവുമായ ഹർദീപ് സിങ് നിജ്ജറിനെ വധിച്ചതിനുപിന്നിൽ ഇന്ത്യയാണെന്ന് ആരോപിച്ചത്. എന്നാൽ, ആരോപണം തെളിയിക്കാനാവശ്യമായ തെളിവ് ഹാജരാക്കുന്നതിൽ കാനഡ പരാജയപ്പെട്ടു.
എന്നാൽ, ഒരു വർഷംനീണ്ട അന്വേഷണത്തിന്റെ ഫലമായി വ്യക്തവും ആർക്കും നിഷേധിക്കാനാകാത്തതുമായ തെളിവ്’ ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ ഒട്ടാവയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് കുമാർ വർമ്മയടക്കം ആറുപേരെ ചോദ്യം ചെയ്യാനായി, നയതന്ത്ര പ്രതിനിധി എന്ന നിലയിലുള്ള സംരക്ഷണകവചം എടുത്തുകളയണമെന്നും കാനഡ ഇന്ത്യയോട് ആവശ്യപ്പെട്ടതോടെയാണ് പുതിയ നയതന്ത്രയുദ്ധത്തിന് തുടക്കമായത്. ഇതേത്തുടർന്ന് സ്ഥാനപതിയെ തിരിച്ചുവിളിക്കാൻ ഇന്ത്യ തയ്യാറായപ്പോൾ ഇന്ത്യൻ ഹൈക്കമ്മിഷണർ ഉൾപ്പെടെ ആറുപേരെ പുറത്താക്കിയതായി കാനഡ പ്രഖ്യാപിച്ചു. ഇന്ത്യയാകട്ടെ കാനഡയുടെ ഇന്ത്യൻ ഹെഡ് ഓഫ് മിഷൻ സ്റ്റിവാർട്ട് റോസ് വീലർ ഉൾപ്പെടെ ആറുപേരെയും പുറത്താക്കി. കഴിഞ്ഞ സെപ്റ്റംബറിലും ഇതേ രീതിയിൽ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. 

റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസും (ആർസിഎംപി) കനേഡിയൻ വിദേശമന്ത്രാലയവും തെളിവുകളൊന്നും ഹാജരാക്കാതെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്കെതിരെ ഉയർത്തുന്ന ഈ ആരോപണം സാമാന്യയുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ഇന്ത്യൻ വിദേശമന്ത്രാലയത്തിന്റെ വാദം. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഭിപ്രായ വോട്ടെടുപ്പുകളിൽ 26 ശതമാനം ജനങ്ങളുടെ പിന്തുണ മാത്രമുള്ള ജസ്റ്റിൻ ട്രൂഡോ ജനസംഖ്യയിൽ രണ്ടുശതമാനത്തിലധികമുള്ള സിഖുകാരുടെ വോട്ടിൽ കണ്ണുനട്ടാണ് ഇന്ത്യക്കെതിരെ ആരോപണം ചൊരിയുന്നതെന്നാണ് ഇന്ത്യൻ വിദേശമന്ത്രാലയത്തിന്റെ പക്ഷം. തികഞ്ഞ പരാജയമായ ട്രൂഡോ സർക്കാർ മുഖം രക്ഷിക്കാനും തെരഞ്ഞെടുപ്പിൽ തങ്ങളുടെ വിജയ സാധ്യത വർധിപ്പിക്കാനുമുള്ള അടവ് നയത്തിന്റെ ഭാഗമാണിതെന്ന് ചുരുക്കം. മാത്രമല്ല, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ കാനഡയിലെ ലിബറൽ പാർട്ടി സർക്കാർ ഇന്ത്യക്കെതിരായ ഖലിസ്ഥാൻ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന ഇന്ത്യയുടെ ആരോപണവും തള്ളിക്കളയാനാവില്ല.
ഇന്ത്യയിലും കാനഡയിലും ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ലോറൻസ് ബിഷ്ണാേയിയെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിൽ പുതിയ തർക്കം രൂപപ്പെട്ടത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. ബിഷ്ണോയി സംഘത്തിൽപ്പെട്ട കുറ്റവാളികളെ വിട്ടുകിട്ടാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടും കാനഡ വൈമുഖ്യം കാണിക്കുകയായിരുന്നുവെന്ന് വിദേശ മന്ത്രാലയ വക്താവ് രണ്ധീർ ജയ്സ്വാൾ കുറ്റപ്പെടുത്തുന്നു. എന്നാൽ ലോറൻസ് ബിഷ്ണാേയി സംഘം ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നാണ് കാനഡ ആരോപിക്കുന്നത്. കാനഡ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ട കുറ്റവാളികൾ തന്നെ ആ രാജ്യത്ത് കുറ്റകൃത്യം നടത്തുന്നു എന്ന് കനേഡിയൻ പൊലീസ് പറയുന്നതും അതിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്നതും എന്തുമാത്രം വിചിത്രമാണ് എന്നാണ് ഇന്ത്യയുടെ ന്യായം.
ഭീകര കുറ്റം ചാർത്തപ്പെട്ട 26 കുറ്റവാളികളെ വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ ആവശ്യം ഇപ്പോഴും കാനഡ അംഗീകരിച്ചിട്ടില്ല. ഹർദീപ് സിങ് നിജ്ജറിന്റെ വധത്തിൽ, കാനഡ നാടുകടത്തിയ ഇന്ത്യൻ സ്ഥാനപതിക്കും മറ്റ് അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥർക്കും ബന്ധമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യ. അതിനിടെ നിജ്ജറിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കാനഡ കഴിഞ്ഞദിവസം ആരോപിച്ചു. കാനഡയിലെ സിഖ് വിഘടനവാദികളെ ഭയപ്പെടുത്തുന്നതിനോ, കൊല്ലുന്നതിനോ ഉള്ള സംഘടിത പ്രവര്‍ത്തനത്തിന് അമിത് ഷാ നേതൃത്വം നല്‍കിയെന്ന് കനേഡിയന്‍ വിദേശകാര്യ സഹമന്ത്രി ഡേവിഡ് മോറിസണ്‍ പാര്‍ലമെന്ററി സമിതിയോടാണ് പറഞ്ഞത്. അമിത് ഷായാണ് ആസൂത്രണങ്ങള്‍ക്ക് പിന്നിലെന്ന് വാഷിങ്ടണ്‍ പോസ്റ്റിനോടുപറഞ്ഞത് താനാണെന്നും മോറിസണ്‍ സ്ഥിരീകരിച്ചു. 

കാനഡയുടെ ആരോപണത്തില്‍ കടുത്ത പ്രതിഷേധമാണ് ന്യൂഡല്‍ഹി ഉയര്‍ത്തിയിരിക്കുന്നത്. ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കനേഡിയന്‍ ഹെെ­ക്കമ്മിഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.

20 ലക്ഷത്തോളം ഇ­ന്ത്യൻ വംശജരാണ് കാനഡയിലുള്ളത്. മലയാളികളടക്കം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഓരോ വർഷവും കാനഡയിലേക്ക് കുടിയേറുന്നു. കാനഡയുടെ പ­ത്താ­മത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2022 — 23ൽ മാത്രം 816 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടന്നു. കഴിഞ്ഞവർഷം ഇന്ത്യയിൽ 4,500 കോടി ഡോളറിന്റെ നിക്ഷേപവും നടത്തി. നയതന്ത്ര ബന്ധം വഷളാകുന്നത് വ്യാപാര നിക്ഷേപ കരാറുകളെ അവതാളത്തിലാക്കുമെന്നതിനൊപ്പം വിദ്യാർത്ഥികളും ജോലിക്കാരുമായ പതിനായിരക്കണക്കിന് ഇന്ത്യൻ കുടിയേറ്റക്കാരെയും പ്രതികൂലമായി ബാധിക്കും.
ഇന്ത്യൻ സുരക്ഷയെയും അഖണ്ഡതയെയും ദോഷകരമായി ബാധിക്കുന്നതാണ് ഖലിസ്ഥാൻ വിഘടനവാദം എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ വിഘടനവാദം ഏതുകോണിൽ നിന്നുയർന്നാലും അതിനെതിരെ പഴുതടച്ച കാര്യക്ഷമ നടപടികൾ സ്വീകരിക്കണം. എന്നാൽ, കാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖുകാരിൽ ചെറുന്യൂനപക്ഷം മാത്രമാണ് ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നതെന്ന കാര്യം നാം മറന്നുപോകരുത്. നയതന്ത്രരംഗം സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും ലോക രാജ്യങ്ങളുടെ സമീപനം ഇന്ത്യക്കനുകൂലമാക്കുകയും ചെയ്ത് പ്രശ്നപരിഹാരം കണ്ടെത്തിയേ തീരൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.