19 May 2024, Sunday

സുഡാന്‍ കത്തിയെരിയുമ്പോള്‍

കെ ദിലീപ്
നമുക്ക് ചുറ്റും
April 26, 2023 4:30 am

ലോക സന്തോഷസൂചിക തുടങ്ങി വിവിധ അന്തര്‍ദേശീയ ജീവിത നിലവാര സൂചികകളില്‍ ഇന്ത്യയുടെ പിന്നില്‍ ബാക്കിയാവുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ് സുഡാനും മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളും. യുഎന്‍ പുറത്തിറക്കിയ 2023ലെ ലോക സന്തോഷ സൂചികയില്‍ ഇന്ത്യക്ക് 136 രാജ്യങ്ങളില്‍ 126-ാം സ്ഥാനമായിരുന്നു. 136-ാമത്തെയും അവസാനത്തെയും സ്ഥാനം താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനാണ്. ഈ പട്ടികയില്‍ ഇടംപോലുമില്ലാത്ത രാജ്യമാണ് വടക്ക് ഭാഗത്ത് മധ്യാഫ്രിക്കന്‍ റിപ്പബ്ലിക്കും പടിഞ്ഞാറ് ഛാഡും വടക്ക് കിഴക്കായി എറിത്രിയയും തെക്കുകിഴക്കായി ലിബിയയും അതിര്‍ത്തി പങ്കിടുന്ന സുഡാന്‍. ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാജ്യം. 2011ല്‍ ദക്ഷിണ സുഡാന്‍ വേര്‍പിരിയും വരെ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം.
ലോകചരിത്രത്തില്‍ ഫറോവമാരുടെ കാലഘട്ടം വരെ പെെതൃകമുള്ള രാജ്യമാണ് സുഡാന്‍. 1500 എഡി വരെ ക്രിസ്തുമതം പ്രചരിച്ചിരുന്ന സുഡാനില്‍ 14, 15 നൂറ്റാണ്ടുകളില്‍ അറബ് നാടോടികള്‍ സ്ഥിരതാമസമാക്കി. 19-ാം നൂറ്റാണ്ടില്‍ ഈജിപ്റ്റിലെ മുഹമ്മദ് അലി രാജവംശം സുഡാന്‍ കീഴടക്കി. എന്നാല്‍ 1881ല്‍ ഈജിപ്റ്റില്‍ രാജഭരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തിന്റെ (ഒറാബി കലാപം) അവസാനം ഈജിപ്റ്റ് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായി. അതോടെ സുഡാന്‍ ഒരു ബ്രിട്ടീഷ് കോളനിയായി മാറി. 1952ലെ ഈജിപ്ഷ്യന്‍ വിപ്ലവം രാജവാഴ്ച ഇല്ലാതാക്കുകയും ഈജിപ്റ്റില്‍ നിന്നും സുഡാനില്‍ നിന്നുമുള്ള ബ്രിട്ടീഷ് പിന്മാറ്റം ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ 1956 ജനുവരി ഒന്നിന് സുഡാന്‍ സ്വതന്ത്രരാഷ്ട്രമായി. ജനാധിപത്യ പാര്‍ലമെന്ററി ഭരണകൂടം നിലവില്‍ വരികയും കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: ലോകം ഉറ്റുനോക്കുന്ന ഇറാൻ സൗദി സൗഹൃദം


1969ല്‍ ജാഫര്‍ നിമേരി, ഒരു സെെനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും സുഡാനീസ് സോഷ്യലിസ്റ്റ് യൂണിയന്‍ എന്ന സ്വന്തം കക്ഷിയുടെ ഭരണം സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ പാന്‍-അറബിക് ഭരണകൂടങ്ങളുമായും ഈജിപ്റ്റിലെ ഗമാല്‍ അബ്ദുള്‍ നാസര്‍, ലിബിയയിലെ മു അമ്മര്‍ ഗദ്ദാഫി എന്നിവരുമായി സഹകരിച്ചുകൊണ്ട് രാജ്യത്ത് ഭരണം നടത്തി. എന്നാല്‍ അവസാന വര്‍ഷങ്ങളില്‍ 1983ല്‍ രാജ്യത്ത് ശരിയത്ത് നിയമം അടിച്ചേല്പിക്കുകയും 1985ല്‍ അധികാരത്തില്‍ നിന്നും പുറത്തായി ഈജിപ്റ്റിലേക്ക് നാട് കടത്തപ്പെടുകയും ചെയ്തു. 1985ല്‍ പ്രതിരോധമന്ത്രിയായിരുന്ന അബ്ദുള്‍ റഹിമാന്‍ അല്‍-ദഹാബ് സെെനിക അട്ടിമറിയിലൂടെ നിമേരിയെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ഇസ്ലാമിസ്റ്റ് നേതാവ് സാദിക്ക് അല്‍ മഹ്ദി പ്രധാനമന്ത്രിയായി.
1999ല്‍ നിമേരി സുഡാനില്‍ മടങ്ങിയെത്തി. വലിയ സ്വീകരണം ലഭിച്ചുവെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 9.6 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ആരോപണമുണ്ടായി. സുഡാനില്‍ വീണ്ടും ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. 2009ല്‍ നിമേരിയുടെ മരണശേഷം മതം, ഭാഷ, രാഷ്ട്രീയ നിലപാടുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച ആഭ്യന്തരയുദ്ധം ഖാര്‍ത്തും ആസ്ഥാനമായ ഇസ്ലാമിക് സ്വാധീനമുള്ള വടക്കന്‍ സുഡാനും ദക്ഷിണ സുഡാനിലെ ക്രിസ്ത്യന്‍, മറ്റ് പ്രാദേശിക മതവിഭാഗങ്ങള്‍ എന്നിവര്‍ തമ്മില്‍ തുടര്‍ന്നു. 2011ല്‍ ദക്ഷിണ സുഡാന്‍ സ്വതന്ത്രമായി.


ഇതുകൂടി വായിക്കൂ: സോവിയറ്റനന്തര ലോകം ബഹുധ്രുവമാകുന്നു


1989 മുതല്‍ 2019 വരെ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന്റെ നേതൃത്വത്തില്‍ നടന്ന സെെനിക സ്വേച്ഛാധിപത്യ ഭരണം ന്യൂനപക്ഷ പീഡനം, ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം, വംശീയഹത്യകള്‍ എന്നിവയ്ക്ക് കുപ്രസിദ്ധമായിരുന്നു. 40 ലക്ഷത്തിലേറെ മനുഷ്യര്‍ വധിക്കപ്പെട്ടു. 2019 ഏപ്രിലില്‍ ഒരു സെെനിക അട്ടിമറിയിലൂടെ ബഷീര്‍ പുറത്താക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. മാനവ വികസന സൂചികയില്‍ 172-ാം സ്ഥാനത്താണിപ്പോള്‍ സുഡാന്‍.
നിലവില്‍ സുഡാനിലെ ആഭ്യന്തരയുദ്ധം 2021ല്‍ അധികാരം പിടിച്ചെടുത്ത ജനറല്‍ അബ്ദുള്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സെെനിക വിഭാഗം മേധാവി ജനറല്‍ മുഹമ്മദ് ഹംദാനും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ്. 420ലധികം ആളുകള്‍ കൊല്ലപ്പെടുകയും 5000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ ഖാര്‍ത്തുമിലാണ് ഈ രണ്ട് സേനകളും ഏറ്റുമുട്ടുന്നത്. ബ്രിട്ടന്‍, സൗദി അറേബ്യ അടക്കമുള്ള പല രാജ്യങ്ങളും അവരുടെ പൗരന്മാരെ സുരക്ഷിതമായി സുഡാനില്‍ നിന്നും ഒഴിപ്പിച്ചുകഴിഞ്ഞു. ബ്രിട്ടന്‍ ദൗത്യം പൂര്‍ത്തിയാക്കിയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഫ്രാന്‍സും നെതര്‍ലാന്‍ഡ്സും നോര്‍വെയും ജര്‍മ്മനിയും ഇന്ത്യയും അവരുടെ പൗരന്മാരുടെ ഒഴിപ്പിക്കല്‍ തുടരുന്നു. സ്പെയിന്‍, ഈജിപ്റ്റ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ രക്ഷാദൗത്യം തുടങ്ങാന്‍ ശ്രമിക്കുകയാണ്. മൂവായിരത്തോളം ഇന്ത്യക്കാരാണ് സുഡാനിലുള്ളത്. അവരില്‍ പലരും ഭക്ഷണമോ വെള്ളമോ ലഭിക്കാതെ സ്വന്തം ഫ്ലാറ്റുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കലാപകാരികളുടെ വെടിയേറ്റ് മരിച്ച ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ പത്നി സെെബില്ല വീഡിയോ സന്ദേശത്തിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. ഫ്ലാറ്റിലെ മറ്റ് താമസക്കാരെയെല്ലാം അതത് രാജ്യങ്ങള്‍ മടക്കിക്കൊണ്ടുപോയി എന്നും ഇന്ത്യന്‍ എംബസിയില്‍ നിന്നും വിവരമൊന്നുമില്ല എന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു.
‘കറുത്തവരുടെ നാട്’ എന്നര്‍ത്ഥം വരുന്ന സുദാന്‍ എന്ന വാക്കില്‍ നിന്നാണ് സുഡാന്‍ എന്ന പേര് രൂപപ്പെട്ടത്.


ഇതുകൂടി വായിക്കൂ: ലോകാ സമസ്താ സുഖിനോ ഭവന്തു ; ഏതു ലോകം?


ചരിത്ര കാലഘട്ടം മുതല്‍ ജനവാസമുള്ള പ്രദേശം. ഫലഭൂയിഷ്ഠമായ ഭൂമി. ഇതിനെല്ലാമുപരി വലിയ എണ്ണശേഖരം. എന്നാല്‍ 1980കള്‍ മുതല്‍ മതരാഷ്ട്രവാദത്തിന്റെയും പട്ടാളഭരണത്തിന്റെയും കെണിയില്‍പ്പെട്ടുകിടക്കുന്ന സുഡാന്‍ വംശഹത്യകളുടെയും കൊടിയ ദാരിദ്ര്യത്തിന്റെയും നാടായി മാറി. പാഠ്യപദ്ധതിയില്‍ മതം ഇടപെട്ടപ്പോള്‍ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നു. രാജ്യത്തെ 45 ശതമാനം ജനങ്ങളും അതിദരിദ്രരാണ്. സുഡാന്‍ ഒരുദാഹരണമാണ്. പ്രകൃതി കനിഞ്ഞു നല്കിയ എണ്ണപ്പാടങ്ങള്‍ക്ക് പോലും ഭരണസംവിധാനം പ്രാകൃതവല്‍ക്കരിക്കപ്പെട്ട ഒരു രാഷ്ട്രത്തെ രക്ഷിക്കാനാവില്ല എന്നതിന്റെ ഉദാഹരണം. ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിലൊന്നായ സുഡാന്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പട്ടിണി കിടക്കുന്ന രാഷ്ട്രം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.