26 July 2024, Friday
KSFE Galaxy Chits Banner 2

Related news

April 3, 2024
March 10, 2024
March 6, 2024
February 28, 2024
February 17, 2024
February 12, 2024
February 11, 2024
February 11, 2024
December 18, 2023
July 1, 2023

കേന്ദ്രനിയമം തിരിച്ചടിയായി , വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടി മലയോരമേഖല

പി ആര്‍ റിസിയ
തൃശൂര്‍
January 15, 2023 9:26 pm

വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടിയ മലയോരമേഖലയ്ക്ക് തിരിച്ചടിയാവുകയാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമം. കൃഷിയിടങ്ങൾ നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന വന്യജീവികളെ ന­ശി­പ്പിക്കാൻ അനുവദിക്കാത്ത കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പ്രദേശത്തെ ജനജീവിതം പ്രതിരോധത്തിലാക്കുന്നു. രാജ്യത്ത് കഴിഞ്ഞ ഡിസംബറിലാണ് കർശനവ്യവസ്ഥകളോടെ വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്തത്. ഇതേതുടര്‍ന്ന് കർഷകരുടെ പരാതിയിൽ ഫലപ്രദമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനും സാധിക്കുന്നില്ല. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ജനങ്ങളെ ആക്രമിക്കുന്നതും പതിവായിരിക്കുകയാണ്. 2008 മുതല്‍ 2021 വരെയുള്ള 13 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 1423 പേരാണ് കൊല്ലപ്പെട്ടത്.

കേരളത്തിലെ ഇരുനൂറോളം പഞ്ചായത്തുകളിലായി മുപ്പത് ലക്ഷത്തിലധികം ജനങ്ങളാണ് വന്യമൃഗ ആക്രമണ ഭീതിയില്‍ കഴിയുന്നത്. ഈ മനുഷ്യരുടെ ജീവിതത്തെക്കൂടി പരിഗണിച്ചുകൊണ്ടുള്ള നിയമപരിഷ്കാരങ്ങള്‍ വേ­ണം. വനമേഖലയോട് ചേര്‍ന്ന് വസിക്കുന്നവരുടെ ജീവന്‍, സ്വത്ത്, ജീവനോപാധി എന്നിവയുടെ നിലനില്‍പ്പ് കൂടി പരിഗണിച്ചുകൊണ്ട് ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട്, വന്യജീവി സംരക്ഷണ നിയമം തുടങ്ങിയവ പരിഷ്കരിക്കേണ്ടതുണ്ട്. തൃശൂര്‍ ജില്ലയില്‍ അതിരിപ്പള്ളിയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അച്ഛനും മുത്തച്ഛനുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചുവയസുകാരി ആഗ്മിയയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. സെപ്റ്റംബറില്‍ പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ വയനാട് സ്വദേശി ഹുസൈനും മരണപ്പെട്ടിരുന്നു.

വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ് ജീവച്ഛവമായി കഴിയുന്നവരും നിരവധിയാണ്. ആന, കടുവ, പന്നി, കുരങ്ങ്‌, മലയണ്ണാൻ, മയിൽ തുടങ്ങിയവയാണ് ജനങ്ങളുടെ സ്വൈരജീവിതം തകർക്കുന്നത്. കാർഷിക വിളകൾ നശിപ്പിക്കുന്നതിനു പുറമേ കുരങ്ങുകളെ ഭയന്ന് വീട്ടിനുള്ളിൽപ്പോലും ഒന്നും സൂക്ഷിക്കാനാകാത്ത അവസ്ഥയാണ്. ഇതിന് അറുതിവരുത്താൻ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ആഗോള കാലാവസ്ഥാ വ്യതിയാനവും മറ്റും വനത്തിന്റെ സ്വാഭാവികതയില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍, വനത്തിനകത്തെ ഭക്ഷ്യ‑ജല ലഭ്യതയിലെ ശോഷണം, വനമേഖലയോട് ചേര്‍ന്നുള്ള കാര്‍ഷിക മേഖലകളിലെ വിളകളുടെ സ്വഭാവത്തിലുണ്ടായ മാറ്റം, യൂക്കാലി, അക്വേഷ്യ, മാഞ്ചിയം തുടങ്ങിയ ഏകവിളത്തോട്ടങ്ങളുടെ വര്‍ധനവ്, കരിമ്പ്, വാഴ, ഈറ്റ തുടങ്ങി ആനയടക്കമുള്ള വന്യജീവികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വിളകള്‍ വ്യാപകമായത്, ആനത്താരകള്‍ കൊട്ടിയടച്ചുകൊണ്ട് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാമാണ് വന്യജീവി സംഘര്‍ഷങ്ങളുടെ പ്രധാന കാരണങ്ങളായി വനംവകുപ്പ് വിലയിരുത്തുന്നത്. അതോടൊപ്പം സംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും വേട്ടനിരോധനങ്ങളുടെയുമെല്ലാം ഫലമായി ആനയും കടുവയുമടക്കമുള്ള വന്യജീവികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതും ഈ സംഘര്‍ഷങ്ങള്‍ കൂടാന്‍ കാരണമായതായി വനംവകുപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ മാര്‍ഗരേഖയില്‍ പറയുന്നു.

Eng­lish Sum­ma­ry: Wild ani­mal attacks increased
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.