16 February 2025, Sunday
KSFE Galaxy Chits Banner 2

Related news

February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025
January 1, 2025
December 31, 2024
December 21, 2024
November 14, 2024

സ്ത്രീകൾക്ക് മതിയായ അപസ്മാര ചികിത്സ ലഭിക്കാത്തത് വന്ധ്യതാനിരക്ക് കൂട്ടാനിടയാക്കും: ആരോഗ്യവിദഗ്‍ദ്ധർ

ഗർഭധാരണ ഘട്ടത്തിലെത്തിയ 1.5 ദശലക്ഷത്തോളം സ്ത്രീകൾ അപസ്മാര ബാധിതര്‍
Janayugom Webdesk
കൊച്ചി
February 16, 2024 8:48 am

ഇന്ത്യയിലെ ഗർഭധാരണ ഘട്ടത്തിലെത്തിയ 1.5 ദശലക്ഷത്തോളം സ്ത്രീകൾ അപസ്മാര ബാധിതരെന്ന് വിദഗ്‍ദ്ധർ. ആരോഗ്യമേഖല വികസിച്ചിട്ടും പലവിധ കാരണങ്ങൾ ഇത്തരം സ്ത്രീകൾക്ക് മതിയായ ചികിത്സ ലഭിക്കാത്തത് ആശങ്കയുണ്ടാക്കുന്നതാണെന്നും ഈ രംഗത്തെ വിദഗ്‍ദ്ധർ ചൂണ്ടിക്കാട്ടുന്നു. “തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗം മാത്രമാണ് അപസ്മാരം. മതിയായ മരുന്നും ആവശ്യമെങ്കിൽ നടത്താവുന്ന ശസ്ത്രക്രിയ കൊണ്ടും പൂർണ്ണമായും മാറ്റാമെന്നിരിക്കെ സാംസ്കാരികവും സാമൂഹികവുമായ തെറ്റിദ്ധാരണകൾ കൊണ്ടോ മതിയായ ചികിത്സാസൗകര്യം ലഭ്യമല്ലാത്തതു കൊണ്ടോ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോഴും അനുഭവിക്കുന്നവർ നിരവധിയാണ്.

ലോകത്തിലെ ആകെ അപസ്മാര രോഗികളിൽ ഏറിയ പങ്കും നമ്മുടെ രാജ്യത്താണ്. 10 മുതൽ 12 ദശലക്ഷം അപസ്മാര രോഗികൾ ഇന്ത്യയിലുണ്ട്. അതിൽ 1.5 ദശലക്ഷം രോഗികൾ ഗർഭധാരണ ഘട്ടത്തിലെത്തിയ സ്ത്രീകളാണ്. അവരിൽ രോഗം പെട്ടെന്ന് തിരിച്ചറിയുകയും ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കിൽ ഗർഭിണിയായിരിക്കുമ്പോൾ എടുക്കുന്ന മരുന്നുകൾ ഗർഭസ്ഥ ശിശുവിന് ദോഷമാകുകയോ വന്ധ്യതാനിരക്ക് കൂടുകയോ ചെയ്തേക്കാം. ” അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലപ്സിയിലെ എപ്പിലപ്റ്റോളജിസ്റ്റ് ഡോ. സിബി ഗോപിനാഥ് പറയുന്നു. ആയിരം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തീകരിച്ചത് അന്താരാഷ്ട്ര അപസ്മാര ദിനത്തിൽ ആഘോഷമാക്കി കൊച്ചി അമൃത ഹോസ്പിറ്റലിലെ അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപ്പിലപ്സി (എഎസിഇ). ഒരു കാരണവുമില്ലാതെ മറ്റുമനുഷ്യരെ ദ്രോഹിക്കാൻ സോഷ്യൽമീഡിയയിൽ പോലും ആളുകൾ തയ്യാറായി നിൽക്കുമ്പോഴാണ് അമൃത ആശുപത്രിയും അതിന്റെ ആശയവും ലോകത്തോട് അടുത്തുനിൽക്കാൻ ശ്രമിക്കുന്നതെന്ന് നടനും സംവിധായകനുമായ അനൂപ്മേനോൻ പറഞ്ഞു. കൊച്ചി അമൃത ആശുപത്രി സംഘടിപ്പിച്ച അന്താരാഷ്ട്രാ അപസ്മാര ദിനാചരണവും അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപ്പിലപ്സി ആയിരം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലച്ചോറിലെ കോശങ്ങളുടെ കുസൃതിയാണ് അപസ്മാരമെന്നും രോഗലക്ഷണത്തിന്റെ ബുദ്ധിമുട്ട് അടുത്തുനിന്ന് കണ്ട ആളെന്ന നിലയിൽ അമൃതയിലെ രോഗികളിലും ബന്ധുക്കളിലും കാണുന്ന പോസിറ്റിവിറ്റി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

1999ൽ ആശുപത്രിയിലെ ലൈബ്രറിമുറി ലാബ് ആക്കി തുടങ്ങിയതാണ് ഇന്ന് കാണുന്ന അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപ്പിലപ്സി എന്ന് സെന്ററിന് തുടക്കമിട്ട ഡോ.ആനന്ദ്കുമാർ ഓർത്തെടുത്തു. ആയിരം ശസ്ത്രക്രിയകൾ പൂർത്തീകരിച്ച മൂന്ന് ചികിത്സാകേന്ദ്രങ്ങളേ ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ളൂ. അമൃത വിജയകരമാക്കിയ ആയിരം ശസ്ത്രക്രിയകളിൽ 300 പേർ വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ബാക്കി 700ൽ പകുതിയിലേറെയും കേരളത്തിന് പുറത്തുള്ളവരും. ശസ്ത്രക്രിയ പൂർത്തിയാക്കിയ 85 ശതമാനം പേരും പൂർണ്ണമായും അപസ്മാര ലക്ഷണങ്ങളിൽ നിന്ന് മോചിതരായി. സാധാരണ പരിശോധനകളായ ഇ.ഇ.ജി, എം.ആർ.ഐ, വീഡിയോ ഇ.ഇ.ജി എന്നിവയ്ക്ക് പുറമെ അതിനൂതന പരിശോധനാ മാർഗ്ഗങ്ങളായ പെറ്റ് സ്കാൻ, സ്പെക്റ്റ് സ്കാൻ, ഫങ്ഷണൽ എം.ആർ.ഐ എന്നിവയും അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലപ്സിയിലെ പരിശോധന കുറ്റമറ്റതാക്കുന്നു. അവയിലും എപിലപ്റ്റിക് ഫോക്കസ് കണ്ടെത്തിയില്ലെങ്കിൽ രോഗിയുടെ തലച്ചോറിനുള്ളിൽ പിൻഹോളിലൂടെ ഇലക്ട്രോഡ് നിക്ഷേപിച്ച് പരിശോധിക്കുന്ന സ്റ്റീരിയോ ഇ.ഇ.ജി എന്ന രീതിയും അമൃതയുടെ പ്രത്യേകതയാണ്.

പരിശോധനകൾക്ക് ശേഷം അപസ്മാരത്തിന്റെ തരവും രോഗിയുടെ അവസ്ഥയും അനുസരിച്ച് തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയോ അതല്ലെങ്കിൽ ലേസർ സമാനമായ റേഡിയോ ഫ്രീക്വൻസി കടത്തിവിട്ട് മുഴ, പോറൽ, ദശ തുടങ്ങിയവ കരിച്ചു കളയുന്ന (അബ്ലേറ്റ് ചെയ്യുന്ന) റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ എന്ന ശസ്ത്രക്രിയയോ ആണ് ചെയ്യുന്നത്. പൊതുജനങ്ങൾക്കിടയിൽ അപസ്മാര രോഗത്തെപ്പറ്റി അവബോധം വളർത്താൻ ഡിപ്പാർട്ട്മെന്റ് ഒഫ് ന്യൂറോളജി മുൻകയ്യെടുത്ത് നിർമ്മിച്ച ഹ്രസ്വചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചു. അമൃത അഡ്വാൻസ്ഡ് സെന്റർ ഫോർ എപിലപ്സി പുറത്തിറക്കിയ രോഗികൾക്കുള്ള തിരിച്ചറിയൽ കാർഡിന്റെയും ഫേസ്ബുക്ക് പേജിന്റെയും ഉദ്ഘാടനം നടൻ അനൂപ് മേനോൻ നിർവഹിച്ചു.

അപസ്മാരമോ മറ്റ് ബുദ്ധിമുട്ടുകളോ വന്നാൽ ബന്ധപ്പെട്ടവരെ അറിയിക്കാനും അമൃതയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‍ലൈനിൽ ബന്ധപ്പെടാനും ഉപകാരപ്പെടുന്ന രീതിയിലാണ് കാർഡ് തയ്യാറാക്കിയിട്ടുള്ളത്. അപസ്മാര ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനവും പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. സ്വാമി പൂർണ്ണാമൃതാനന്ദപുരി അധ്യക്ഷനായ ചടങ്ങിൽ എഎസിഇ ന്യൂറോസർജ്ജൻ ഡോ. അശോക് പിള്ള, ഡോ. സിബി ഗോപിനാഥ്, ഡോ. ഗിരീഷ് കുമാർ, ഡോ. വൈശാഖ്, സോനു രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തങ്ങളുടെ അപസ്മാരദിനങ്ങളെ കുറിച്ചും ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും ശേഷം ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള രോഗികളും രക്ഷിതാക്കളും നേരിട്ടും സൂം(ഓൺലൈൻ) വഴിയും അനുഭവങ്ങൾ പങ്കുവച്ചു.

Eng­lish Sum­ma­ry: Women not receiv­ing ade­quate epilep­sy treat­ment may increase infer­til­i­ty rates: health experts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.