26 July 2024, Friday
KSFE Galaxy Chits Banner 2

വനിതാ സംവരണ ബില്‍: കേന്ദ്രത്തിന് നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2022 10:51 pm

വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭകളിലും വീണ്ടും അവതരിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസയയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത് പ്രധാനപ്പെട്ട വിഷയമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ദേശീയ മഹിളാ ഫെഡറേഷനാണ് (എന്‍എഫ്ഐഡബ്ല്യു) സുപ്രീം കോടതിയെ സമീപിച്ചത്. പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യാനുള്ളതാണ് വനിതാ സംവരണ ബില്‍. 2010ല്‍ രാജ്യസഭ ബില്‍ പാസാക്കിയെങ്കിലും ലോക്‌സഭ പിരിച്ചു വിട്ടതോടെ ബില്‍ അസാധുവാകുകയാണുണ്ടായത്. ബില്ല് വീണ്ടും അവതരിപ്പിക്കാത്തത് വിവേചനപരവും നിയമ വിരുദ്ധവുമാണ്. സ്വാതന്ത്ര്യത്തിന് 75 വര്‍ഷമായിട്ടും സ്ത്രീസമത്വം യാഥാര്‍ത്ഥ്യമായിട്ടില്ല.

രാജ്യത്ത് വനിതകള്‍ ജനസംഖ്യയുടെ പകുതിയോളം വരുമെന്നിരിക്കെ നിയമ നിര്‍മ്മാണ സഭകളില്‍ 14 ശതമാനം മാത്രമാണ് പ്രാതിനിധ്യം. തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയതിലൂടെ വനിതകള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും സമൂഹത്തിന് ക്ഷേമം ഉറപ്പാക്കാനുമായെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് എന്‍എഫ്ഐഡബ്ല്യൂ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചത്. അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായി. 1993ലെ ഭരണഘടനാ ഭേദഗതിയെ തുടര്‍ന്നാണ് തദ്ദേശ സ്ഥാപന തലത്തില്‍ മൂന്നിലൊന്ന് സ്ത്രീസംവരണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കേരളത്തില്‍ ഇത് 50 ശതമാനമായാണ് നിജപ്പെടുത്തിയത്. 2010 മാര്‍ച്ച് ഒമ്പതിനാണ് വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ പാസാക്കുന്നത്. പിന്നീട് ലോക്‌സഭയില്‍ നിയമം പാസാക്കി അംഗീകരിക്കുന്നതിന് സന്നദ്ധമായില്ല. 2014, 19 പൊതു തെരഞ്ഞെടുപ്പുകളില്‍ പ്രമുഖ കക്ഷികളെല്ലാം വനിതാസംവരണം നടപ്പിലാക്കുമെന്ന് വാഗ്ദാനം നല്കിയിരുന്നുവെങ്കിലും അധികാരത്തിലെത്തിയ ബിജെപി തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. ഇതേതുടര്‍ന്നാണ് എന്‍എഫ്ഐഡബ്ല്യു പരമോന്നത കോടതിയെ സമീപിച്ചത്.

Eng­lish Sum­ma­ry: Wom­en’s Reser­va­tion Bill: Notice to Centre
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.