30 March 2025, Sunday
KSFE Galaxy Chits Banner 2

ലേബർ കോഡിനെതിരെ തൊഴിലാളികള്‍ ദേശീയ പണിമുടക്കിലേക്ക്

Janayugom Webdesk
March 26, 2025 5:00 am

നാല് നിർദിഷ്ട ലേബർ കോഡുകൾ ഏപ്രിൽ ഒന്നിന്, പുതിയ സാമ്പത്തികവർഷം ആരംഭിക്കുന്നതോടെ, നടപ്പാക്കാനുള്ള മോഡി സർക്കാരിന്റെ നീക്കത്തിനെതിരെ ദേശവ്യാപക പ്രചാരവേലയ്ക്കും ദേശീയ പണിമുടക്കിനും 10 കേന്ദ്ര ട്രേഡ്‌ യൂണിയനുകളും വിവിധ മേഖലകളിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളും തയ്യാറെടുക്കുന്നു. മാർച്ച് 18ന് ഡൽഹിയിൽ ചേർന്ന തൊഴിലാളികളുടെ ദേശീയ കൺവെൻഷനാണ് മേയ് 20ന് ദേശീയ പണിമുടക്കിനും അതിന് മുന്നോടിയായി രണ്ടുമാസം നീളുന്ന പ്രചരണ പരിപാടിക്കും ആഹ്വാനം ചെയ്തിട്ടുള്ളത്. എഐടിയുസി, ഐഎൻടിയുസി, സിഐടിയു, എച്ച്എംഎസ്, യുടിയുസി, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ് എന്നീ കേന്ദ്ര ട്രേഡ്‌‌ യൂണിയൻ സംഘടനകളും വിവിധ മേഖലകളിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും സ്വതന്ത്ര ഫെഡറേഷനുകളും അസോസിയേഷനുകളുമാണ് പണിമുടക്കിനും പ്രചരണ പരിപാടികൾക്കും ആഹ്വാനം നൽകിയിട്ടുള്ളത്. വിവാദ ലേബർ കോഡുകൾ നടപ്പാക്കുക എന്നത് സാമാന്യജനങ്ങളുടെയും തൊഴിലാളികളുടെയും അഭിപ്രായസ്വാതന്ത്ര്യം, യോജിച്ച വിലപേശലിനുള്ള അവകാശം എന്നിവ നിഷേധിക്കാനുള്ള കോർപറേറ്റ്പക്ഷ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ), കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ), തുടങ്ങിയ കിരാതനിയമങ്ങളും ഭാരതീയ ന്യായ സന്‍ഹിതയിലെ (ബിഎൻഎസ്) കർക്കശവകുപ്പുകളും ഉപയോഗിച്ച്, ദേശതാല്പര്യങ്ങൾക്ക് വിരുദ്ധവും കോർപറേറ്റ് അനുകൂലവുമായ നയങ്ങൾക്കെതിരെ വളർന്നുവരുന്ന ജനാധിപത്യപരമായ എതിർപ്പുകളെയും ചെറുത്തുനില്പുകളെയും തകർക്കാനും അമർച്ചചെയ്യാനുമാണ് സ്വേച്ഛാധികാര മോഡി സർക്കാരിന്റെ ശ്രമം. സർക്കാരിന്റെ കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരായ യോജിച്ച എതിർപ്പുകളും പരാതി നൽകുന്നതും പോലും ജാമ്യം ലഭിക്കാത്ത സംഘടിത കുറ്റകൃത്യമായാണ് ബിഎൻഎസ് വ്യാഖ്യാനിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പലതും ലേ­ബർ കോഡടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കുന്ന തൊഴിലാളികൾക്കും ട്രേ­ഡ്‌ യൂണിയൻ നേതാക്കൾക്കുമെതിരെ അത്തരം കിരാതനിയമങ്ങൾ ഇതിനകം പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട്. 

ലേബർ കോഡുകൾ ന­ടപ്പാക്കുന്നത് സംബന്ധിച്ച ഉന്നതതലയോഗങ്ങൾ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും തകൃതിയായി നടന്നുവരികയാണ്. കോർപറേറ്റ് അ­നുകൂല തൊഴിലാളിവിരുദ്ധ നയങ്ങൾ നടപ്പാക്കണമെങ്കിൽ തൊഴിലാളികളുടെ സംഘടിക്കാനും കൂ­ട്ടായ വിലപേശലിനുമുള്ള എല്ലാ അവകാശങ്ങളും നിഷേധിച്ചേ മതിയാവൂ. രാജ്യം അപകടകരവും ജനവിരുദ്ധവും തൊഴിലാളി ദ്രോഹകരവുമായ ഒരു ദശാസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തൊഴിലാളികളും സാമാന്യജനങ്ങളും കടുത്ത ദാരിദ്ര്യവല്‍ക്കരണത്തെയാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വ്യാപകമായിരിക്കുന്നു. പട്ടിണിയും പോഷകാഹാരത്തിന്റെ അഭാവവും തൊഴിലെടുക്കുന്നവരുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യത്തെ തകർക്കുന്നതായി സർക്കാരിന്റെ ഔദ്യോഗിക സാമ്പത്തികാവലോകനം തന്നെ സാക്ഷ്യപ്പെടുത്തുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ 2023–24ലെ വേതനത്തിന്റെ മൂല്യം 2017–18ലേതിന് സമാനമാണെന്ന് സാമ്പത്തിക അവലോകനം പറയുന്നു. പുരുഷന്റെ വേതനം 203–242 രൂപയും സ്ത്രീയുടേത് 128–159 രൂപയുമായി തീർത്തും അപര്യാപ്തമായി തുടരുകയാണ്. അതേസമയം അതിസമ്പന്നരുടെയും കോർപറേറ്റുകളുടെയും വരുമാനവും ലാഭവും അതേകാലയളവിൽ 22.3 ശതമാനം കണ്ട് വളർച്ച കൈവരിച്ചു. ജനസംഖ്യയിൽ അഞ്ച് ശതമാനം വരുന്ന അതിസമ്പന്നർ രാഷ്ട്രസമ്പത്തിന്റെ 70 ശതമാനവും കയ്യടക്കുമ്പോൾ താഴെത്തട്ടിലുള്ള 50 ശതമാനത്തിന്റെ പക്കൽ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമാണുള്ളതെന്ന് ഡൽഹിയിൽ ചേർന്ന തൊഴിലാളി സമ്മേളനം അംഗീകരിച്ച പ്രമേയം വിലയിരുത്തുന്നു. ഇന്ത്യയിലെ കോടീശ്വരന്മാർ യൂറോപ്യൻ കോടീശ്വരന്മാരെക്കാൾ സമ്പന്നരും ദരിദ്രർ ആഫ്രിക്കൻ രാഷ്ട്രമായ മഡഗാസ്കറിലെ ദരിദ്രരെക്കാൾ ദരിദ്രരുമാണെന്ന് പഠനങ്ങൾ ഉദ്ധരിച്ച് പ്രമേയം ചൂണ്ടിക്കാട്ടുന്നു. മോഡി സർക്കാരിന്റെ 10വർഷത്തെ ഭരണത്തിൽ ദരിദ്രരുടെ എണ്ണം 17 ശതമാനം വർധിച്ചു. ഇന്ത്യയിലെ 90 ശതമാനം കുടുംബങ്ങളും അന്തരാഷ്ട്ര നിലവാരത്തെക്കാൾ ദാരിദ്ര്യത്തിലാണെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു. അത്തരം സ്ഫോടനാത്മകമായ സാമ്പത്തിക, രാഷ്ട്രീയ കാലാവസ്ഥയിൽ അതിസമ്പന്നരുടെയും കോർപറേറ്റുകളുടെയും ലാഭതാല്പര്യങ്ങൾ സംരക്ഷിക്കണമെങ്കിൽ തൊഴിലാളികളുടെയും സാമാന്യജനങ്ങളുടെയും സംഘടിക്കാനും സമരം ചെയ്യാനും അവകാശങ്ങൾ കണക്കുപറഞ്ഞ് നേടിയെടുക്കാനുമുള്ള ഏതു ശ്രമങ്ങളെയും പ്രതിരോധിച്ചേ മതിയാവൂ എന്ന് മോഡി ഭരണകൂടം കണക്കുകൂട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ തൊഴിലാളിവർഗം മറ്റൊരു പൊതുപണിമുടക്കിനും വ്യാപകമായ പ്രക്ഷോഭ പ്രചരണ പരിപാടികൾക്കും തയ്യാറെടുക്കുന്നത്.
രാജ്യത്തെ കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങൾ മോഡി സർക്കാരിന്റെ കോർപറേറ്റ് പ്രീണന സാമ്പത്തികനയങ്ങളുടെ ഇരകളായി മാറുകയാണ്. കാർഷികോല്പന്നങ്ങൾക്ക് നിയമസാധുതയുള്ള താങ്ങുവിലയ്ക്കും കൃഷി, കൃഷിഭൂമി എന്നിവയെ കോർപറേറ്റുകളിൽനിന്നും സംരക്ഷിക്കാനും വേണ്ടിയുള്ള കർഷകരുടെ സമരം ബിജെപിയുടെ മാത്രമല്ല ഇന്ത്യ മുന്നണിയുടെ ഭാഗമായിരുന്ന എഎപിയുടെ പഞ്ചാബ് സർക്കാരിന്റെപോലും അടിച്ചമര്‍ത്തല്‍ നേരിടേണ്ടിവന്നു. കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ സമാനവും പരസ്പരപൂരകവുമാണ്. കർഷകരുടെയും തൊഴിലാളികളുടെയും സാമ്പത്തികവും രാഷ്ട്രീയവുമായ നിലനില്പ് രാജ്യത്തിന്റെ നിലനില്പുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സമസ്തജനതയുടെയും പിന്തുണ കർഷകരും തൊഴിലാളികളും അർഹിക്കുന്നു. മേയ് 20 ദേശീയ പണിമുടക്ക് ഒരു ചരിത്രസംഭവമാക്കി മാറ്റാൻ മുഴുവൻ ജനവിഭാഗങ്ങളും ഇന്ത്യൻ തൊഴിലാളി, കർഷകജനതകളോട് ഐക്യദാർഢ്യപ്പെടേണ്ടത് ദേശാഭിമാന പ്രചോദിതമായ ദൗത്യമാണ്. 

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.