March 25, 2023 Saturday

ലോകം@ 2022

Janayugom Webdesk
December 28, 2022 9:47 pm

2022ന്റെ ആരംഭത്തില്‍ ലോകം സാക്ഷ്യം വഹിച്ചത് ഭൗമരാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര നിര്‍വചനങ്ങളെ മാറ്റിമറിച്ച റഷ്യയുടെ ഉക്രെയ്‍നിലെ പ്രത്യേക സെെനിക നടപടിയ്ക്കായിരുന്നു. നാറ്റോയില്‍ അംഗമാകാനുള്ള ഉക്രെയ്‍ന്റെ നീക്കങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഫെബ്രുവരിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഉക്രെയ്‍നില്‍ പ്രത്യേക സെെനിക നടപടി പ്രഖ്യാപിച്ചത്. സെെനിക നടപടിയുടെ പ്രധാന നാള്‍വഴികളിലൂടെ ഫെബ്രുവരി: സെെനിക നടപടി ആരംഭിച്ചതിനു പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ ഉപരോധ സമരം ആരംഭിച്ചു. ഡൊണട്സ്ക്, ലുഹന്‍സ്ക് എന്നീ മേഖലകളുടെ സ്വാതന്ത്ര്യം അംഗീകരിച്ചതായി പുടിന്‍. ഉക്രെയ്ന്‍ യൂറോപ്യൻ യൂണിയനിൽ ചേരാൻ അപേക്ഷ നല്‍കി. മാര്‍ച്ച്: 65 കിലോമീറ്റര്‍ നീളമുള്ള സെെനിക വ്യൂഹത്തെ റഷ്യ ഉക്രെയ്‍നില്‍ വിന്യസിക്കുന്നു. റഷ്യയ്‌ക്കെതിരായ പുതിയ ഉപരോധത്തിന് അമേരിക്ക നേതൃത്വം നൽകുന്നു. മരിയുപോളിലെ തിയേറ്ററിനുള്ളില്‍ നടന്ന ആക്രമണത്തില്‍ 300 പൗരന്മാര്‍ കൊല്ലപ്പെട്ടു.

മാര്‍ച്ച് 29 ന് തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ ആദ്യ സമാധാന ചര്‍ച്ച നടന്നു. ഏപ്രില്‍: ഉക്രെയ്ൻ നഗരമായ ബുച്ചയില്‍ കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തുന്നു. മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്യാൻ യുഎൻ ജനറൽ അസംബ്ലി വോട്ട് ചെയ്തു. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കിക്ക് ചോദ്യാവലി കെെമാറി. മേയ്: മരിയുപോളില്‍ റഷ്യ വിജയം പ്രഖ്യാപിച്ചു. റഷ്യക്കെതിരായ ആറാംഘട്ട ഉപരോധം പ്രഖ്യാപിച്ചു. നാറ്റോ അംഗത്വം തേടുമെന്ന് ഫിൻലാൻഡും സ്വീഡനും അറിയിച്ചു. ജൂണ്‍: യൂറോപ്യൻ യൂണിയൻ അംഗത്വത്തിനുള്ള കാൻഡിഡേറ്റ് രാജ്യമാകാൻ ഉക്രെയ്‍നിനെയും മോൾഡോവയെയും യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി ക്ഷണിക്കുന്നു.‍ ജൂലൈ: ലുഹന്‍സ്ക്, ഡൊണട്സ്ക് എന്നീ രണ്ട് കിഴക്കൻ പ്രദേശങ്ങൾ കൈവശപ്പെടുത്തുക എന്ന ഔദ്യോഗിക ലക്ഷ്യത്തിൽ നിന്ന് പിന്മാറിയതായി ക്രെംലിന്റെ പ്രഖ്യാപനം.

കരിങ്കടലിലൂടെ ഉക്രെയ്‍നിയൻ ധാന്യം കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന യുഎൻ ഇടനിലക്കാരായ കരാറിൽ റഷ്യയും ഉക്രെയ്‍നും ഒപ്പുവച്ചു. ഓഗസ്റ്റ്: യുഎന്‍ കരാറിനെത്തുടർന്ന് ഉക്രെയ്‍നിയൻ ധാന്യങ്ങൾ കയറ്റിയ ആദ്യത്തെ കപ്പൽ തുറമുഖം വിട്ടു. ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി മേധാവി റാഫേല്‍ ഗ്രേസി സപ്പോരീഷ്യ ആണവ നിലയത്തിലേക്ക് ദൗത്യം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍: റാഫേല്‍ ഗ്രേസിയും സംഘവും പരിശോധനയ്ക്കായി സപ്പോരീഷ്യ ആണവ നിലയത്തിലെത്തി. ഗ്രിഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ഒരു റിസർവ് ലൈൻ മാത്രം പ്രവർത്തനക്ഷമമായ സപ്പോരിജിയ ആണവ നിലയം അതിന്റെ പ്രധാന വൈദ്യുതി ലൈനിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു. ഉക്രെയ്ൻ ‍പ്രദേശങ്ങളില്‍ റഷ്യ ഹിതപരിശോധന ആരംഭിച്ചു. ഒക്ടോബര്‍: റഷ്യ കൂട്ടിച്ചേര്‍ത്ത ഉക്രെയ്‍നിലെ നാല് പ്രദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് യുഎന്‍ പ്രമേയം. ഉക്രെയ്‍നിലെ ആക്രമണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കേണ്ടതില്ലെന്ന് പുടിന്റെ പ്രഖ്യാപനം. നവംബര്‍: റഷ്യ ഭാഗിക സെെനിക സമാഹരണം പ്രഖ്യാപിച്ചു. അധിനിവേശം മൂലം ഉക്രെയ്‌നിലുണ്ടായ എല്ലാ നാശനഷ്ടങ്ങൾക്കും റഷ്യ ഉത്തരവാദിയാണെന്ന് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കി. ഡിസംബര്‍: സെെനിക നടപടിക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുമെന്ന് പുടിന്‍. ക്രിസ്മസ് വെടിനിർത്തൽ ഇല്ലെന്ന് റഷ്യയുടെ പ്രഖ്യാപനം.

മുടി മുറിച്ചും ഹിജാബ് കത്തിച്ചും ആളിക്കത്തിയ ഇറാന്‍

2022 സെപ്റ്റംബര്‍ 17 ന് മഹ്സ ആമിനി എന്ന 22 വയസുകാരി സദാചാര പൊലീസിന്റ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം ശക്തമായത്. ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആമിനിയെ അറസ്റ്റ് ചെയ്തത്. ഹിജാബ് വലിച്ചൂരിയും മുടി മുറിച്ചും സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ടെഹ്‌റാനില്‍നിന്ന് തുടങ്ങിയ പ്രക്ഷോഭം 150 ഇറാനിയന്‍ നഗരങ്ങളിലേക്ക് വ്യാപിച്ചു.

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ഇറാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ 326 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയാകുന്നത്. ഹി‍ജാബ് വിരുദ്ധ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത സിനിമ, കായിക താരങ്ങളെ ഉള്‍പ്പെടെ നിരവധി പേരെ ഇറാന്‍ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേരുടെ വധശിക്ഷ പൊതുജന മധ്യത്തില്‍ നടപ്പിലാക്കി. പ്രതിഷേധങ്ങളെ പിന്തുണച്ച പ്രമുഖ നടിയും ഓസ്കര്‍ പുരസ്കാര ജേതാവുമായ തരാനെ അലിദോസ്തിയെയാണ് ഏറ്റവുമൊടുവില്‍ അറസ്റ്റ് ചെയ്തത്.

ജനകീയ വിജയത്തിന്റെ ശ്രീലങ്ക

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നതിന്റെ സാക്ഷ്യമായിരുന്നു ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം. സാമ്പത്തിക പ്രതിസന്ധി സര്‍വസീമകളും കടന്ന് ജനജീവിതമാകെ അപകടകരമായ അവസ്ഥയിലെത്തിയതിനു പിന്നാലെയാണ് രാജ്യത്ത് ജനതാ അരഗലയ പൊട്ടിപ്പുറപ്പെട്ടത്. രാജപക്സെ കുടുംബത്തിന്റെ അഴിമതിയും സ്വജന പക്ഷപാതവും അധികാര ഗര്‍വുമെല്ലാം ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി. ഗോ ഗോട്ടാ ഹോം മുദ്രാവാക്യങ്ങളുമായി സാമ്പത്തിക പ്രതിസന്ധി കെെകാര്യം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യം ജനങ്ങള്‍ ശക്തമാക്കി.

പ്രതിഷേധങ്ങള്‍ കടുത്തതോടെ താല്കാലിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഹിന്ദ രാജപക്സെ പ്രധാനമന്ത്രിസ്ഥാനം രാജിവച്ചതായിരുന്നു സമരക്കാരുടെ ആദ്യവിജയം. മഹിന്ദ രാജിവെച്ച ഒഴിവിൽ, പാർലമെന്റിൽ ഒരു സീറ്റുമാത്രമുള്ള പാർട്ടിയുടെ പ്രതിനിധി റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയാക്കി. ഇതിനിടെ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സെെന്യത്തിന്റെ സഹായത്തോടെ നടത്തിയ ആക്രമണങ്ങളില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ജൂലായ് ഒമ്പതിന് സമരക്കാർ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറി. തുടർന്ന് ഗോതാബയ രാജപക്സെ രാജ്യംവിടുകയും പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ചെയ്തു.

 മൂന്നാമതും ഷി ജിൻപിങ്‌‌   

ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിയും പ്രസിഡന്റായും ഷി ജിൻപിങ്‌‌ തെരഞ്ഞെടുക്കപ്പെട്ടു. ഇത്‌ മൂന്നാം തവണയാണ്‌ ഷി ജിൻപിങ്‌‌ പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറിയാകുന്നത്‌. മാവോയ്‌ക്ക്‌ ശേഷം തുടർച്ചയായി രണ്ടിലധികം തവണ ജനറൽ സെക്രട്ടറിയാകുന്ന ആദ്യ നേതാവെന്ന ചരിത്രനേട്ടവും ഷിയ്‌ക്ക്‌ സ്വന്തം.

നാടകാന്തം ഷഹ്ബാസ് ഷെരീഫ്

പാകിസ്ഥാനില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസയതോടെയാണ് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാന്‍ പുറത്താകുന്നത്. പഴുതുകളെല്ലാം പ്രയോഗിച്ചിട്ടും ഒരു പ്രധാനമന്ത്രിമാരും കാലാവധി തികയ്ക്കില്ലെന്ന പാകിസ്ഥാന്റെ കറുത്ത ചരിത്രം ഇമ്രാനും ആവര്‍ത്തിച്ചു. ദേശീയ അസംബ്ലിയില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാന്റെ 23ാം പ്രധാനമന്ത്രിയായി പാകിസ്ഥാന്‍ മുസ്‍ലിം ലീഗ് നവാസ് പ്രസിഡന്റ് ഷഹബാസ് ഷെരീഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇസ്‍ലാമാബാദില്‍ നടന്ന റാലിക്കിടെ ഇമ്രാനു നേരെ വധശ്രമമുണ്ടായി. വലതുകാലിനാണ് ഇമ്രാന് വെടിയേറ്റത്.

ബ്രിട്ടന്‍ ഭരിക്കാന്‍ റിഷി സുനക് 

ഏറെ നാള്‍ നീണ്ട ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങള്‍ക്കും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ലോക്ഡൗണില്‍ ഔദ്യോഗിക വസതിയില്‍ വച്ച് പാര്‍ട്ടി നടത്തിയതിനു പിന്നാലെ ആരംഭിച്ച വിവാദവും മന്ത്രിസഭയിലെ കൂട്ടരാജിയും ബോറിസ് ജോണ്‍സണിന്റെ രാജിയിലാണ് അവസാനിച്ചത്. ആരോഗ്യമന്ത്രി സാജിദ് ജാവീദാണ് ആദ്യം രാജിവച്ചത്. ധനമന്ത്രിയും ഇന്ത്യന്‍ വംശജനും ബോറിസിന്റെ വിശ്വസ്തനുമായിരുന്ന റിഷി സുനകും പിന്നാലെ സ്ഥാനമൊഴിഞ്ഞു. സുനകിന്റെ നേതൃത്വത്തില്‍ ബോറിസിനെതിരെ വിമതനീക്കം നടക്കുന്നുണ്ടെന്ന പ്രചാരണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മന്ത്രിമാരുടെയും പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ഏറ്റവും അവസാന സ്ഥാനക്കാരിയായിരുന്ന ലിസ് ട്രസ് അന്ത്യഘട്ടത്തില്‍ റിഷി സുനകിനെ പരാജയപ്പെടുത്തി അധികാരം നേടി. എന്നാല്‍ അധികാരത്തിലെത്തി 44-ാം ദിവസം ലിസ് ട്രസിന് രാജിവയ്ക്കേണ്ടി വന്നു. ലിസ് ട്രസ് രാജിവച്ചതോടെ പ്രധാനമന്ത്രിയായി റിഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് റിഷി സുനക്.

ഷീറിന്‍ അബു അഖ്‍ല

പലസ്‌തീൻ വിമോചന പോരാട്ടങ്ങളുടെ ധീരശബ്ദമായിരുന്ന അല്‍ജസീറ മാധ്യമ പ്രവര്‍ത്തക ഷീറിന്‍ അബു അഖ്‍ലയെ ഇസ്രയേല്‍ സെെന്യം വെടിവച്ചു കൊലപ്പെടുത്തി. മേയ് 11 ന് ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേലിന്റെ സൈനിക നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇസ്രയേൽ സൈന്യം ഷിറീനെ അതിദാരുണമായി കൊലപ്പെടുത്തിയത്. പ്രസ് എന്നെഴുതിയ ജാക്കറ്റും ഹെൽമറ്റും ധരിച്ചിട്ടും ഇസ്രയേൽ സൈന്യം ഷീറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ദൃശ്യവിസ്മയത്തിലേക്ക് മിഴിതുറന്ന് ജെയിംസ് വെബ്

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന വികസ്വര രാഷ്‌ട്രങ്ങൾക്കായി നഷ്‌ടപരിഹാരനിധി രൂപീകരിക്കാന്‍ നവംബര്‍ ആറ് മുതല്‍ 18 വരെ ഈജിപ്തില്‍ നടന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയില്‍ ഏകദേശ ധാരണയായി. കാലാവസ്ഥാ സംരക്ഷണത്തിലേക്ക് ലോകത്തിന് വലിയ പ്രതീക്ഷയൊന്നും നല്‍കാതെയാണ് ഉച്ചകോടി സമാപിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

ചന്ദ്രനിലെത്താന്‍ യുഎഇ

യുഎഇയുടെ പ്രഥമ ചാന്ദ്രദൗത്യമായ റാഷിദ് റോവര്‍ വിജയകരമായി വിക്ഷേപിച്ചു. അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് ഫ്ലോറിഡ കേപ് കനാവറല്‍ സ്പെയ്‌സ് ഫോഴ്സ് സെന്ററിൽനിന്ന്‌ ഡിസംബര്‍ 11നാണ് വിക്ഷേപിച്ചത്. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്‌പെയ്‌സ് സെന്ററാണ്‌ റാഷിദ്‌ റോവർ നിർമിച്ചത്‌. മിഷന്‍ 1 ഹകുട്ടോ ആര്‍ എന്ന ലാന്‍ഡര്‍ ഉപയോഗിച്ചാണ്‌ റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുക. അഞ്ചുമാസമെടുത്താകും ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. റോവർ ചന്ദ്ര ഉപരിതലത്തിൽ ഒരു ചാന്ദ്രദിനം (ഭൂമിയിൽ 14.75 ദിവസത്തിന് തുല്യം) ചെലവഴിക്കും.

ദൃശ്യവിസ്മയത്തിലേക്ക് മിഴിതുറന്ന് ജെയിംസ് വെബ്

മനുഷ്യന്‍ ഇന്നേവരെ നിര്‍മ്മിച്ച് വിക്ഷേപിച്ച ബഹിരാകാശ ടെലിസ്കോപ്പുകളിലെ ഭീമനാണ് നാസ, യൂറോപ്യന്‍ യൂണിയന്‍ കനേഡിയന്‍ സ്പേസ് ഏജന്‍സി എന്നിവര്‍ ചേര്‍ന്നൊരുക്കിയ ജെയിംസ് വെബ്. 1960 കളില്‍ നാസയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് വെബ്ബിന്റെ പേരാണ് ടെലിസ്കോപ്പിന് നല്‍കിയത്. ഇൻഫ്രാറെഡ് തരംഗപരിധിയിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും റെസലൂഷനുള്ള പ്രപഞ്ചദൃശ്യമായിരുന്നു ജെംയിസ് വെബ്ബ് നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.