April 1, 2023 Saturday

എക്സ്ബിബി വ്യാപിക്കുന്നു: പുതുതായി സ്ഥിരീകരിച്ചത് അഞ്ചുപേരില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 4, 2023 8:44 am

മാരക വ്യാപനശേഷിയുള്ള ഒമിക്രോണ്‍ എക്സ്ബിബി.1.5 വകഭേദം കൂടുതല്‍ പേരില്‍ കണ്ടെത്തി. അഞ്ച് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി കോവിഡ് വൈറസിന്റെ ജനിതകശ്രേണീകരണം നടത്തുന്ന ഇന്‍സകോഗ് അറിയിച്ചു. മൂന്ന് കേസുകള്‍ ഗുജറാത്തിലും കര്‍ണാടകയിലും രാജസ്ഥാനിലും ഓരോ കേസുകള്‍ വീതവുമാണ് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഗുജറാത്തില്‍ മൂന്ന് എക്സ്ബിബി വകഭേദങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.
ഒമിക്രോണ്‍ വകഭേദങ്ങളായ ബിഎ.2.10.1, ബിഎ.2.75 വകഭേദങ്ങള്‍ ചേര്‍ന്നാണ് മാരകവ്യാപനശേഷിയുള്ള എക്സ്ബിബി.1.5 രൂപപ്പെട്ടിരിക്കുന്നത്.
സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം എക്സ്ബിബി വകഭേദമാണ്.
അമേരിക്കയിലെ ആകെ കോവിഡ് കേസുകളിലെ 40 ശതമാനം എക്സ്ബിബി.1.5 വകഭേദമാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും മാരകമായ കോവിഡ് വകഭേദമായാണ് എക്സ്ബിബിയെ കണക്കാക്കുന്നത്.

അതേസമയം വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ രണ്ടാം തവണയും സ്വീകരിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എല്ലാവര്‍ക്കും ആദ്യ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.
ചൈനയില്‍ ഉള്‍പ്പെടെ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 

ഇന്നലെ രാജ്യത്ത് 134 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,582 പേരാണ് ചികിത്സയിലുള്ളത്. സിംഗപ്പൂര്‍, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ്, ജപ്പാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഉത്തരവ് പുറത്തിറക്കിയിരുന്നു.

Eng­lish Sum­ma­ry: XBB Expands: Five New­ly Confirmed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.