27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 22, 2024
July 7, 2024
July 5, 2024
July 3, 2024
June 8, 2024
May 28, 2024
May 19, 2024
May 18, 2024
May 16, 2024
May 16, 2024

പ്രമേഹമുണ്ടോയെന്ന് നോക്കാന്‍ വയസാവേണ്ടതില്ല

അജയകുമാർ കരിവെള്ളൂർ
November 14, 2022 3:18 pm

കേരളത്തിൽ പ്രമേഹ രോഗ ബാധിതരുടെ എണ്ണം ഒരോ വർഷവും കൂടുകയാണ്. 5 ൽ ഒരാൾക്ക് പ്രമേഹ രോഗം കാണപ്പെടുന്നു.
ലോകാരോഗ്യ സംഘടനയുടെയും ഇന്റർനാഷണൽ ഡയബറ്റിക്ക് ഫെഡറേഷന്റെയും നേതൃത്വത്തിൽ എല്ലാവർഷവും ലോക പ്രമേഹരോഗ ദിനമായി ആചരിക്കുന്നു. പ്രമേഹ രോഗ ചികിത്സയ്ക്കുള്ള ഇൻസുലിൻ കണ്ടുപിടിക്കുന്നതിന് നേതൃത്വം നൽകിയ ഫെഡറിക്ക് ബാൻഡിങ്ങിന്റെ ജന്മദിനമായ നവംബർ 14 ആണ് 1991 മുതൽ ലോക പ്രമേഹ രോഗ ദിനമായി ആചരിക്കുന്നത്. ലോകത്തെ 160 ൽ പരം രാജ്യങ്ങളിൽ നവംബര്‍ 14 ലോക പ്രമേഹദിനമായി ആചരിക്കപ്പെടുന്നു . ലോകത്തിൽ 430 മില്യണിലധികം ആളുകൾ പ്രമേഹ ബാധിതരാണ്. ഒരോ എട്ടു സെക്കന്റിലും പ്രമേഹരോഗം കാരണം ഒരാൾ മരണപ്പെടുന്നു. നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹരോഗ ബാധിതരുള്ളത്. പ്രമേഹബാധിതരുടെ തലസ്ഥാനമായി കേരളം അറിയപ്പെടുന്നു. കേരളത്തിൽ അഞ്ചിൽ ഒരാൾ പ്രമേഹം ബാധിച്ചവരാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പ്രമേഹ രോഗികളുടെ ശതമാനം രണ്ട് മടങ്ങ് കൂടുതലാണ്. കോവിഡാനന്തരം ഇന്ത്യയിലും, കേരളത്തിലും ചെറുപ്പക്കാരിൽ അപ്രതീക്ഷിതമായി പ്രമേഹം വർധിച്ചു വരുന്നു എന്ന ഗുരുതര സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. 

എന്താണ് പ്രമേഹം: ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം കഴിക്കുന്ന ആഹാരത്തിൽ നിന്നാണ്. ഭക്ഷണം ദഹനപ്രക്രിയക്ക് വിധേയമാകുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയോഗപ്രദമായ രീതിയിൽ കലകളിലേക്ക് (സെല്‍) എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ ശരിയായ അളവിലോ, ഗുണത്തിലോ കുറവായാൽ ശരീര കലകളിലേക്കുള്ള പഞ്ചാസരയുടെ അളവ് കൂടുന്നു. ഈ രോഗത്തെയാണ് ഡയബറ്റിക്ക് മെലിറ്റസ് അഥവാ പ്രമേഹം എന്നറിയപ്പെടുന്നത്.രക്തത്തിൽ പഞ്ചസാരയുടെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിലും ഗ്ലൂക്കോസ് കാണപ്പെടാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജീവിത ശൈലി രോഗമായ ഇതിനെ ഷുഗർ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. 

പ്രമേഹ രോഗം വിവിധ തരം: ടൈപ്പ്-1 പ്രമേഹം ശരീരത്തിൽ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന പാൻക്രിയാസ് ഗ്രന്ഥിയിലെ ബിറ്റാ സെല്ലുകൾ നശിച്ച് പോകുന്നതാണ് പ്രധാന കാരണം. സാധാരണയായി കുട്ടികളിലും, 20 വയസിന് താഴെ പ്രായമുള്ള കൗമാരക്കാരിലും ആണ് കാണപ്പെടുന്നത്. ടൈപ്പ്-2 പ്രമേഹം: ടൈപ്പ് രണ്ട് പ്രമേഹമാണ് സാധാരണമായി 85–90% പേരിലും കാണപ്പെടുന്ന പ്രമേഹം. 30 വയസിൽ കൂടുതലുള്ളവരിൽ കൂടുതൽ കാണുന്നു’. ഇൻസുലിന്റെ ഉല്പാദനം പ്രായമാകുമ്പോൾ കുറഞ്ഞു വരുന്നതും ടൈപ്പ്-2 പ്രമേഹത്തിന് കാരണമാകുന്നു. ടൈപ്പ്-3 പ്രമേഹം: വളരെ ചെറിയ ശതമാനം പേരിൽ കാണപ്പെടുന്നു. പാൻക്രിയാസ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന കേടുപാടുകൾ, രോഗബാധ, ആസ്തമ, വാതരോഗികളും ഉപയോഗിക്കുന്ന കോർട്ടി സോൺ മരുന്ന്, മറ്റ് രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരിൽ ഇത് കാണപ്പെടുന്നു. ടൈപ്പ്-4: പൊതുവെ ഗർഭകാലത്ത് കാണപ്പെടുന്ന പ്രമേഹം ഈ ഗണത്തിൽപ്പെടുന്നു. പൊതുവെ പ്രസവം കഴിഞ്ഞ് ആറാഴ്ചയ്ക്കു ശേഷം ഇത് മാറും. എന്നാൽ പ്രസവ കാലത്ത് പ്രമേഹ രോഗബാധയുള്ളവർക്ക് ഭാവിയിൽ ടൈപ്പ്-2 പ്രമേഹം വരാൻ സാധ്യതയെറേയാണ്. 

ഈ ലക്ഷണങ്ങളെ തിരിച്ചറിയൂ: വിശപ്പ്, അതിയായ ദാഹം, മറ്റ് കാരണങ്ങളില്ലാതെ ശരീരഭാരം കുറയുക, ഇടയ്ക്കിടെ മൂത്രശങ്ക, ക്ഷീണം, കാഴ്ചമങ്ങൽ ഇവയെല്ലാം പ്രമേഹരോഗ ലക്ഷണമാണ്. തുടർച്ചയായി ഉണ്ടാകുന്ന അണുബാധ, പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, സ്ത്രീകളിൽ യൂറിനറി അണുബാധ, വരണ്ട ചർമം, ചൊറിച്ചൽ, കഴുത്തിന്, കക്ഷത്തിന് ചുറ്റും കറുപ്പ് നിറം, വിയർപ്പിനും ശ്വാസത്തിനും പ്രത്യേക ഗന്ധം, കൈകാൽ വേദന, ഛർദ്ദിൽ, പെട്ടെന്ന് ഉണ്ടാകുന്ന ദേഷ്യവും സങ്കടവുമെല്ലാം പ്രമേഹത്തിന്റെ സൂചനകളാണ്.
കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് പ്രമേഹം: കേരളത്തിൽ പ്രമേഹ ബാധിതരുടെ എണ്ണം ഒരോ ദിവസവും കൂടുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പും തിരുവനന്തപുരത്തെ അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സ്റ്റഡീസും നടത്തിയ പഠന റിപ്പോർട്ടുകൾ കേരളത്തിൽ ഗുരുതരമായ സ്ഥിതിയിൽ പ്രമേഹരോഗ ബാധിതരുടെ എണ്ണം വർധിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. പ്രമേഹരോഗബാധ ലോകത്തുള്ള ഒന്‍പത് ശതമാനം ജനങ്ങളിൽ കാണപ്പെടുന്നു. എന്നാൽ കേരളത്തിൽ 20 ശതമാനം പ്രമേഹം ബാധിച്ചവരാണ്. കേരളത്തിൽ മുതിർന്നവരിൽ 30 ശതമാനം പേർ പ്രമേഹ ബാധിതരാണ്. മാത്രവുമല്ല കേരളത്തിൽ 11 ശതമാനം പേർ പ്രീ ഡയബറ്റിക്ക് അവസ്ഥയിലുള്ളവരാണ്. 

പ്രമേഹവും ഹൃദ്രോഗവും: പ്രമേഹരോഗികൾ ഹൃദയാഘാത സാധ്യത മുൻകൂട്ടി കണേണ്ടതാണ്. 25 ശതമാനം പേരിൽ വേദനയില്ലാതെ സൈലന്റ് അറ്റാക്കിന് സാധ്യതയുണ്ട്. ചിലർ ഇത്തരം അറ്റാക്കിനെ ഗ്യാസ് ട്രബിൾ എന്ന് സംശയിക്കാറുണ്ട്. ഹൃദയപേശിയുടെ പ്രവർത്തനം കുറയ്ക്കുക, ഹാർട്ട് ബ്ലോക്ക് ഇല്ലാതെ നെഞ്ച് വേദനയ്ക്ക് കാരണമാകുന്ന മൈക്രോ വസ്കുലർ അൻജൈന, അമിതമായ നെഞ്ചിടിപ്പ്, രക്ത സമർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി പ്രമേഹ ബാധിതരിൽ ഹൃദയരോഗങ്ങളുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു.
പ്രമേഹവുംകോവിഡും: പ്രമേഹമുള്ളതുകൊണ്ട് കോവിഡ് ബാധിക്കില്ല. എന്നാൽ പ്രമേഹ മുള്ളവരിൽ സമ്പർക്കത്തിലൂടെ കൊറോണ വൈറസ് ബാധയേറ്റാൽ രോഗ തീവ്രത വർധിക്കുവാനുള്ള സാധ്യത ഏറെയാണ്. ടൈപ്പ്-2 പ്രമേഹം ഉള്ളവരിൽ ചിലരുടെ രോഗാവസ്ഥ കോവിഡ് ബാധയേറ്റാൽ വഷളാകാറുണ്ട്. പ്രമേഹത്തിന്റെ തോത് നിയന്ത്രിക്കുന്നതിലൂടെ രോഗിയുടെ നില വഷളാകുന്നത് തടയാൻ സാധിക്കും. നിശബ്ദമായി തുടങ്ങി സാവധാനം സങ്കീർണതകളിലേക്ക് നീങ്ങുന്ന ഒരു രോഗമാണ് പ്രമേഹം. തുടക്കത്തിൽ കാര്യമായ ഒരു ലക്ഷണത്തിലൂടെയും പ്രമേഹ സാന്നിധ്യം ഒട്ടുമിക്ക വ്യക്തികളും അറിയാറില്ല. വളരെ വൈകിയാണ് ഇത് അറിയുന്നത് 

പ്രമേഹവും വൃക്കരോഗങ്ങളും: എല്ലാ പ്രമേഹ രോഗികളിലും വൃക്ക രോഗങ്ങൾ കാണാറില്ല. എന്നാൽ പ്രമേഹ രോഗികളിൽ വൃക്ക പരാജയ സാധ്യത കൂട്ടുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അനിയന്ത്രതമായ പ്രമേഹം വൃക്ക പരാജയത്തിന് സാധ്യത കൂട്ടും. പ്രമേഹ രോഗബാധിതരിൽ ഉയർന്ന രക്തസമർദ്ദവും ഉണ്ടെങ്കിൽ വൃക്കരോഗ സാധ്യത ഏറെയാണ്. പുകവലിക്കാരിലും മദ്യപാനികളിലും വൃക്ക പരാജയസാധ്യത ഏറെയാണ്.

പ്രമേഹവും മറ്റ് രോഗങ്ങളും: ഹൃദ്രോഗം, സ്ട്രോക്ക്, വൃക്കരോഗം, നേത്ര പ്രശ്നങ്ങൾ, ദന്തരോഗങ്ങൾ, നാഡിക്ഷയം, പാദപ്രശ്നങ്ങൾ എന്നിവയാണ് പ്രമേഹ രോഗവുമായി ബന്ധപ്പെട്ട പ്രധാന രോഗങ്ങൾ.

പ്രതിരോധിക്കാം പ്രമേഹത്തെ: പ്രമേഹം ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്. ജീവിത ശൈലിയിലെ ചിട്ടപ്പെടുത്തൽ ആണ് പ്രധാന പോംവഴി, ഇതിൽ പ്രധാനം ആരോഗ്യകരമായ ശരീരഭാരം കൈവരിക്കുകയും, നിലനിർത്തുകയും വേണം. വ്യായാമം ശീലമാക്കണം. ശാരീരികമായി സജീവമാവുകയും ദിവസവും അരമണിക്കൂർ വ്യായാമം ശീലമാക്കുകയും വേണം. ഹൃദയമിടിപ്പിന്റെ നിരക്ക് കൂട്ടുന്ന എന്തും വ്യായാമമായി കരുതാം. പുകവലി, മദ്യം, പഞ്ചസാരയുടെ ഉപയോഗം, കൊഴുപ്പ് കൂടിയ ഭക്ഷണം ഇവ പ്രമേഹത്തിന് പ്രധാന കാരണക്കാരാണ്. ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി, മാനസിക പിരിമുറുക്കം, വ്യായാമത്തിന്റെ അഭാവവുമെല്ലാം പ്രമേഹരോഗികളുടെ എണ്ണം കൂട്ടുന്നു. പ്രമേഹസാധ്യത കുറയ്ക്കുന്ന ഭക്ഷണമാണ് പച്ച നിറത്തിലുള്ള ഇലക്കറികൾ, പയറുവർഗം, നട്സ്, ഓട്സ്, ഓറഞ്ച്, ഗ്രീൻ ടീ എന്നിവ.

നേരത്തെ പ്രമേഹ പരിശോധന നടത്താം: ഇന്ത്യയിൽ നിലവിൽ 30 വയസിൽ പ്രമേഹം പരിശോധന നടത്തണം എന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഇനി പ്രമേഹ പരിശോധന 25 വയസ് പ്രായത്തിൽ തന്നെ നടത്തണം എന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധ സമിതി റിപ്പോർട്ട്. കോവിഡാനന്തര ഇന്ത്യയിൽ അപ്രതീക്ഷിതമായി രോഗലക്ഷണമില്ലാതെ പ്രമേഹം വർധിക്കുകയാണ്. 30 വയസിൽ താഴെയുള്ളവരിൽ 80 ശതമാനം പേരിലും അമിതവണ്ണം ഉള്ളവരിലുമാണ് പ്രമേഹം കണ്ടെത്തിയിട്ടുള്ളത്. ശരീരം മെലിഞ്ഞവരായാലും കുടവയറുള്ളവരും, കുടുംബത്തിൽ പാരമ്പര്യമായി പ്രമേഹം ഉള്ളവരും ആറ് മാസത്തിലൊരിക്കൽ പ്രമേഹ പരിശോധന നടത്തേണ്ടതാണ്. നമ്മുടെ ഫാസ്റ്റ് ഫുഡ്, താരതമ്യേന കൊഴുപ്പും, മധുരവും ഉപ്പും കൂടിയ ഭക്ഷണ രീതിയും, വ്യായാമം ഇല്ലായ്മയും ഒരു ജനതയെ ആകെ പ്രമേഹത്തിലേക്ക് തള്ളിവിടുന്നു എന്ന സാമൂഹ്യ യാഥാർത്ഥ്യം ഉൾക്കൊണ്ട് തിരുത്തൽ നടപടി കൈകൊള്ളാൻ ഒരോ വ്യക്തിയും ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതശൈലി രോഗ ബോധവത്കരണത്തിനായി വിപുലമായ ജനകീയ ക്യാമ്പയിനുകൾ ഏറ്റെടുക്കേണ്ടതുമുണ്ട്. പ്രമേഹരോഗ പരിചരണത്തിലേക്കുള്ള പ്രവേശനം ഫലപ്രദമാക്കാമെന്ന വളരെ പ്രസക്തമായ ആപ്തവാക്യം എല്ലാവർക്കും എറ്റെടുക്കാം.

അജയകുമാർ കരിവെള്ളൂർ
പൊതുജനാരോഗ്യ പ്രവർത്തകൻ
സീനിയർ ഡന്റൽ ഹൈജീനിസ്റ്റ്
ആരോഗ്യ വകുപ്പ്
9497045749

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.