23 April 2024, Tuesday

Related news

April 4, 2024
March 31, 2024
March 25, 2024
March 13, 2024
February 29, 2024
February 29, 2024
February 26, 2024
February 24, 2024
February 22, 2024
February 22, 2024

യുവാക്കള്‍ നാടിന്റെ മുഖം, വാടാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 20, 2024 11:15 pm

യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നവകേരള സദസിന്റെ തുടർച്ചയായി യുവജനങ്ങളുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനങ്ങളുടെ അഭിപ്രായങ്ങൾ ഇനിയുള്ള ഘട്ടങ്ങളിൽ സർക്കാർ നയങ്ങളിലും നിലപാടുകളിലും പ്രതിഫലിക്കുക തന്നെ ചെയ്യും. കാലത്തിന് അനുസൃതമായ സാധ്യതകൾ യുവാക്കൾക്ക് ഒരുക്കിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. ഈ ശ്രമത്തിനു കേരളത്തിലെ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രധാനമാണ്. അവ ഉൾക്കൊണ്ടു മുന്നോട്ടുപോകണമെന്നാണ് സർക്കാർ കരുതുന്നത്. 

കേരളത്തിന്റെ നേട്ടങ്ങളെ ശക്തിപ്പെടുത്തണമെങ്കിൽ അതിന് അനുവദിക്കുന്ന സാമൂഹിക സാഹചര്യം ശക്തിപ്പെടണം. കേരളത്തിന്റെ മതനിരപേക്ഷ സമൂഹം രാജ്യത്തിനും ലോകത്തിനാകെയും മാതൃകയാണ്. അത്തരമൊരു സമൂഹത്തിലേ ജനങ്ങൾക്ക് ഒരുപോലെ പ്രാപ്യമാകുന്ന നേട്ടങ്ങളുണ്ടാക്കാനാകൂ. അതുകൊണ്ടു കേരളത്തിന്റെ ഈ സവിശേഷ സാമൂഹ്യ സാഹചര്യത്തെ സംരക്ഷിക്കണം. അതു തകർന്നാൽ ഒന്നും നേടാനാവില്ല. അതുകൊണ്ടു ജാതിരഹിതമായും മതാതീതമായും ചിന്തിക്കാനും പ്രവർത്തിക്കാനും യുവജനങ്ങൾ മുന്നോട്ടുവരണം. നവോത്ഥാന പ്രസ്ഥാനങ്ങളും അവ ഉയർത്തിപ്പിടിച്ച മൂല്യങ്ങളും പകരുന്ന ഊർജം ഉൾക്കൊണ്ട് സമൂഹത്തിന്റെ ഒരുമ നിലനിർത്തുന്നതും ശക്തിപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമായ ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താനുള്ള പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ കേരളത്തിലെ യുവജനങ്ങളുണ്ടാകണം.
ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഉല്പാദക സംസ്ഥാനമാക്കി മാറ്റുകയും അതുവഴി ചെറുപ്പക്കാർക്ക് ആവശ്യമായ തൊഴിലുകൾ ലഭ്യമാക്കി ഉദ്യോഗാർത്ഥി എന്ന തലത്തിൽ നിന്ന് ഉദ്യോഗ ദാതാക്കളായി നമ്മുടെ ചെറുപ്പക്കാരെ മാറ്റിയെടുക്കാനാണ് സർക്കാരിന്റെ ശ്രമം. 

കേരളം ആർജിച്ച നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനും കേരളത്തെ സാമൂഹികമായും സാമ്പത്തികമായും തകർക്കാനും ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇവയെല്ലാം അതിജീവിച്ചുവേണം നമുക്ക് മുന്നേറാൻ. കേരളത്തിന്റെ അതിജീവനത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളാൻ നമ്മുടെ യുവാക്കൾക്കും കഴിയണം. പ്രതിസന്ധികളും വിഷമങ്ങളും ജീവിതത്തിലുണ്ടാകും. അവയെ മുറിച്ചുകടന്ന് മുന്നോട്ടുപോവുക, അതിനുള്ള കരുത്ത് ആർജിക്കുക എന്നതൊക്കെയാണു പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു. 

Eng­lish Summary:Youth are the face of the coun­try, it is the gov­ern­men­t’s respon­si­bil­i­ty to ensure that they do not with­er away: Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.