Sunday
24 Sep 2017

മതമൈത്രിയുടെ അത്തപ്പൂക്കളം

By: Web Desk | Saturday 2 September 2017 10:41 PM IST

വി. ജയകുമാര്‍

തകാല സ്മരണകളുര്‍ത്തി വീണ്ടുമൊരു ഓണക്കാലം എത്തുമ്പോള്‍ മാവേലി തമ്പുരാനെ വരവേല്‍ക്കാനായി നാടെങ്ങും പൂവിളികളുമായി അത്തപ്പൂക്കളങ്ങള്‍ ഒരുങ്ങുകയായി. അത്തപ്പൂക്കളം ഒരുക്കല്‍ ഒരു പതിവ് കാഴ്ചയാണെങ്കിലും തിരുവനന്തപുരത്ത് പാപ്പനംകോടിന് അടുത്തുള്ള പൂഴിക്കുന്നിലെ അത്തക്കളമൊരുക്കല്‍ മതമൈത്രിയുടെ പ്രതീകമായി വേറിട്ട് നില്‍ക്കുന്നു. ഇവിടത്തെ പൗരസമിതിയുടെ കൂട്ടായ്മയില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി ഇത് പതിവായി നടന്നുവരുന്നു. ജാതിമത അതിര്‍വരമ്പുകളില്ലാതെ ഈ നാട്ടിലെ പ്രായഭേദമന്യേ ഒരു കൂട്ടം ആളുകളുടെ ഉത്സാഹത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണീപ്പൂക്കളം. കരവിരുതിന്റെ നിറച്ചാര്‍ത്തായി ഇവിടെ കൃഷ്ണനും ക്രിസ്തുവും നബിയുമൊക്കെ അത്തക്കളങ്ങളില്‍ നിറയുമ്പോള്‍ നയന മനോഹരമായ വര്‍ണക്കാഴ്ച ഒരുങ്ങുകയാണ്. തുടക്കത്തില്‍ സമീപ പ്രദേശങ്ങളില്‍ നിന്നുംമറ്റും പൂക്കള്‍ ശേഖരിച്ച് ചമച്ചൊരുക്കിയ അത്തക്കളങ്ങള്‍ ഇന്ന് തമിഴ്‌നാട്ടിലെ തോവാളയിലെ പൂക്കളാല്‍ വര്‍ണവിസ്മയം ഒരുക്കുന്നു. ഒരുദിവസം ശരാശരി 10,000 രൂപയോളം ഇതിനായി ചെലവിടുന്നുണ്ട്. പൂക്കളങ്ങളില്‍ അത്തം നാളില്‍ ഒരു കളം, ചിത്തിരയില്‍ രണ്ട് കളം…. ഇങ്ങനെ തിരുവോണമാകുമ്പോള്‍ പത്ത് കളം എന്നത് പരമ്പരാഗത രീതിയായി മാറിയിരിക്കുന്നു.
അത്തക്കളം മുഴുവനായും പൂക്കള്‍ നിറയ്ക്കുകയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. അത്തം ചിത്തിര നാളുകളില്‍ ഓണപ്പൂക്കളില്‍ പെരുമയാര്‍ന്ന തുമ്പപ്പൂവാണ് ഉപയോഗിക്കുന്നത്. തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ കണ്ണാംതളി, കായാമ്പൂ, തെച്ചിപ്പൂ, കാക്കപ്പൂവ് തുടങ്ങിയ വിവിധയിനം പൂക്കളും ഉപയോഗിക്കുന്നു. പൂക്കളിറുക്കുന്നതിനുംമറ്റും സമീപവാസികളായ സ്ത്രീകളും കുട്ടികളുമൊക്കെ പങ്കാളികളാകുന്ന സൗഹൃദ കൂട്ടായ്മയില്‍ മലയാളക്കരയില്‍ നഷ്ടപ്പെട്ടുപോയ പരസ്പര സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും സര്‍വോപരി മതമൈത്രിയുടെയും ഒരു നല്ലകാലത്തിന്റെ ഓര്‍മ്മയിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുകയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആളുകള്‍.