14 May 2024, Tuesday

കൊല്ലം-ചെങ്കോട്ട പാത നവീകരണം: വൈദ്യുതി എത്തിക്കാൻ അനുമതിയായില്ല

Janayugom Webdesk
പുനലൂര്‍
March 29, 2022 8:27 pm

കൊല്ലം-ചെങ്കോട്ട പാതയുടെ വൈദ്യുതീകരണത്തിനായി പുനലൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കുന്ന 110 കെവി സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതിക്ക് ഇനിയും അനുമതി ലഭിച്ചില്ല. കെഎസ്ഇബി യാണ് അനുമതി നൽകേണ്ടത്.

കൊല്ലം-പുനലൂർ പാതയിൽ വൈദ്യുതീകരണം പൂർത്തിയാക്കുകയും വൈദ്യുതി എഞ്ചിൻ പരീക്ഷണയോട്ടം നടത്തുകയും ചെയ്തിട്ടും സബ് സ്റ്റേഷനിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള അനുമതി അനിശ്ചിതമായി നീളുകയാണ്. സമയബന്ധിതമായി അനുമതി ലഭിക്കാതിരുന്നതിനാൽ പരീക്ഷണയോട്ടത്തിന് കൊല്ലം പെരിനാട്ടെ സബ് സ്റ്റേഷനിൽ നിന്നാണ് റെയിൽവേയ്ക്ക് വൈദ്യുതി എത്തിച്ചത്.

പാതയിലേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിനു വേണ്ടിയാണ് പുനലൂർ റെയിൽവേ സ്റ്റേഷനിൽ സബ് സ്റ്റേഷൻ നിർമിക്കുന്നത്. ഇവിടേയ്ക്ക് വൈദ്യുതി എത്തിക്കുന്നതിന് 27.5 കോടിയുടെ അടങ്കൽ തയ്യാറാക്കി സമർപ്പിച്ചത് കഴിഞ്ഞ സെപ്തംബറിലാണ്. കെഎസ്ഇബി യുടെ പുനലൂരിലെ 25 മെഗാവാട്ട് ശേഷിയുള്ള സബ് സ്റ്റേഷനിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരം ഭൂഗർഭ കേബിൾ സ്ഥാപിച്ച് റയിൽവേ സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതാണ് പദ്ധതി. റെയിൽവേയുടേയും കെഎസ്ഇബി യുടേയും അധികൃതർ തമ്മിൽ പല തവണ കൂടിക്കാഴ്ച നടത്തിയിട്ടും അനുമതി ലഭിച്ചില്ല.

പുതുക്കിയ നിരക്കനുസരിച്ച് അടങ്കൽ വീണ്ടും പുതുക്കി ഫിനാൻസ് ഓഫീസറുടെ അനുമതിക്കു സമർപ്പിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി വൃത്തങ്ങൾ പറയുന്നു. പത്തു ദിവസത്തിനുള്ളിൽ അനുമതി ലഭിച്ചേക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

ഇതേസമയം സബ്സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുകയാണ്. രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാവും. ഇവിടെ സ്ഥാപിക്കുന്നതിനുള്ള കൺട്രോൾ പാനൽ അടക്കമുള്ള ഉപകരണങ്ങൾ കഴിഞ്ഞദിവസം എത്തി. ട്രാൻസ്ഫോർമർ അടുത്തമാസം ആദ്യം എത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.